കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍
പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായ നാലുവര്‍ഷ ഓണേഴ്‌സ് ബിരുദം എന്നത് പലരും വളരെ പര്‍വതീകരിച്ച് വിവാദമാക്കിയിട്ടുണ്ട്. ബിരുദ കോഴ്‌സ് നാലുവര്‍ഷത്തേക്ക് വിപുലീകരിക്കുകയാണ് ചെയ്തത്. ബിരുദം മാത്രം മതി എന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മൂന്നാം വര്‍ഷം പഠനം നിര്‍ത്തി ബിരുദധാരിയായി പോകാം. നാലാം വര്‍ഷം ഐച്ഛികമാണ്. ഒരു വര്‍ഷം കൂടി പഠിച്ചാല്‍ ബിരുദാനന്തര ബിരുദത്തിനു തുല്യമായ ഓണേഴ്‌സ് ബിരുദം ലഭിക്കുന്നു. കേരളത്തില്‍ ഇതുവരെ ഓണേഴ്‌സ് ബിരുദം നല്‍കുന്ന സ്ഥാപനങ്ങള്‍ വളരെ കുറവായിരുന്നു. കേരളത്തിനു പുറത്തു കുറച്ചു പ്രമുഖ സ്ഥാപനങ്ങളില്‍ മാത്രം ഉണ്ടായിരുന്ന ഓണേഴ്‌സ് ബിരുദം ഇപ്പോള്‍ എല്ലാവര്‍ക്കും ലഭ്യമാക്കി എന്നതാണ് പുതിയ വിദ്യാഭ്യാസ നയത്തിന്റെ ഒരു സവിശേഷത. ബിരുദ പഠനം നാലു വര്‍ഷത്തേക്ക് ദീര്‍ഘിപ്പിച്ചു എന്ന പരാതിക്കടിസ്ഥാനമില്ല. കാരണം മൂന്നുവര്‍ഷ ബിരുദവും രണ്ടുവര്‍ഷ ബിദാനന്തര ബിരുദവും ഇനിയും നിലനില്‍ക്കും.

നാലു വര്‍ഷത്തെ ഓണേഴ്‌സ് ബിരുദ പഠനം വിദ്യാര്‍ത്ഥിക്ക് നിരവധി സാധ്യതകള്‍ നല്‍കുന്നുണ്ട്. ആവശ്യമെങ്കില്‍ ഓണേഴ്‌സ് ബിരുദം നേടി പഠനം അവസാനിപ്പിക്കാം. അല്ലെങ്കില്‍ അതിന്റെ കൂടെ ഗവേഷണം കൂടി ചേര്‍ത്ത്, ഓണേഴ്‌സ് വിത്ത് റിസര്‍ച്ച് എന്ന യോഗ്യത നേടാം. അതോടെ നേരെ ഗവേഷണത്തിന് ചേരാനുള്ള സാധ്യത തെളിയുന്നു. ഇത്രയും കാലം ബിരുദാനന്തര ബിരുദം കഴിഞ്ഞ് യൂണിവേഴ്‌സിറ്റിയുടെ പ്രവേശന യോഗ്യതകള്‍ സമ്പാദിച്ചാല്‍ മാത്രമേ ഗവേഷകരാകാന്‍ കഴിഞ്ഞിരുന്നുള്ളൂ. ഉന്നത വിദ്യാഭ്യാസത്തിന്റെ ഉയര്‍ന്ന തലങ്ങളിലേക്ക് പോകേണ്ടവര്‍ക്ക് ഒരു വര്‍ഷം ലാഭിക്കാന്‍ കഴിയുകയാണ് ഇതിലൂടെ. അതേസമയം ബിരുദത്തോടെ പഠനം നിര്‍ത്തണം എന്നുള്ളവര്‍ക്കോ എം ബി എ പോലെ മറ്റേതെങ്കിലും വിഷയങ്ങളില്‍ ബിരുദാനന്തര പഠനത്തിന് പോകണമെന്നുള്ളവര്‍ക്കോ മൂന്നാം വര്‍ഷം ബിരുദ പഠനം അവസാനിപ്പിക്കാം.

ഇനിമുതല്‍ എല്ലാവരുടെയും ബിരുദം വ്യത്യസ്തമായിരിക്കും. വിദ്യാര്‍ത്ഥി കേന്ദ്രീകൃതം എന്നു പറയുന്നത് അതുകൊണ്ടാണ്. ഉദാഹരണത്തിന് മേജര്‍ ബിരുദം കോമേഴ്‌സില്‍ ആണെങ്കില്‍ വേറെ വിഷയങ്ങളിലുള്ള മൈനര്‍ കോഴ്‌സുകള്‍ തിരഞ്ഞെടുക്കാന്‍ പറ്റും. സ്റ്റാറ്റിസ്റ്റിക്‌സില്‍ താല്പര്യമുള്ള ഒരു കോമേഴ്‌സ് വിദ്യാര്‍ത്ഥി സ്റ്റാറ്റിസ്റ്റിക്‌സില്‍ ഏതാനും കോഴ്‌സുകള്‍ പഠിച്ചാല്‍ അയാള്‍ക്ക് കിട്ടുന്ന ബിരുദം 'മേജര്‍ കോമേഴ്‌സി'നൊപ്പം 'മൈനര്‍ സ്റ്റാറ്റിസ്റ്റിക്‌സ്' ആയിരിക്കും. പില്‍ക്കാലത്ത് സ്റ്റാറ്റിസ്റ്റിക്‌സില്‍ ബിരുദാനന്തര ബിരുദം നേടാനാണ് അയാള്‍ക്ക് താല്പര്യമെങ്കില്‍ അതിനും പോകാനാവും. വിദ്യാര്‍ത്ഥിയുടെ തിരഞ്ഞെടുപ്പിനുള്ള വാതായനങ്ങള്‍ വളരെ വിശാലമായിരിക്കുന്നു എന്നതാണ് ഇതിനര്‍ത്ഥം. ബി എസ് സി കെമിസ്ട്രിക്ക് പഠിച്ച ഒരാള്‍ക്ക് എം എസ് സി ഫിസിക്‌സിന് പോകാന്‍ പറ്റുമായിരുന്നില്ല. എന്നാല്‍ ഇനി ബി എസ് സി കെമിസ്ട്രിക്കൊപ്പം മൈനര്‍ ആയി ഫിസിക്‌സ് പഠിച്ചിട്ടുണ്ടെങ്കില്‍ ഫിസിക്‌സ് ബിരുദാനന്തര ബിരുദത്തിന് ചേരാം.

ഒരേ ക്ലാസില്‍ പലതരത്തിലുള്ള ബിരുദങ്ങള്‍ക്ക് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഉണ്ടാകും. ഓരോരുത്തരുടെയും അഭിരുചികളും അഭീഷ്ടങ്ങളും ആയിരിക്കും അതിന് അടിസ്ഥാനം. തനിക്കുവേണ്ട ബിരുദം രൂപകല്പന ചെയ്യാവുന്ന ഒരു സാഹചര്യം സൃഷ്ടിക്കപ്പെടുന്നു.

ന്യൂജനറേഷന്‍ കോഴ്‌സുകള്‍ പഠിക്കാന്‍ ധാരാളം പേര്‍ ഇപ്പോള്‍ കേരളത്തിനു പുറത്തേക്കു പോകുന്നുണ്ട്. അവര്‍ക്ക് കേരളത്തില്‍ തന്നെ ഇത്തരം കോഴ്‌സുകള്‍ പഠിക്കാനുള്ള സാധ്യതയും ഈ നയം മൂലം സംജാതമാകുന്നു. ഓള്‍ഡ് ജനറേഷന്‍ കോഴ്‌സുകളെ മൈനറുകളും ഇലക്ടീവുകളും കൂട്ടിച്ചേര്‍ത്ത് ആകര്‍ഷകമാക്കാന്‍ നമ്മുടെ കോളജുകള്‍ക്കു സാധിക്കും.

മറ്റൊരുദാഹരണം പറയാം. വിദേശരാജ്യങ്ങളില്‍ ചിത്രകല (പെയിന്റിംഗ്) പഠിക്കുന്നവര്‍ക്ക് പോളിമര്‍ കെമിസ്ട്രി മൈനര്‍ ആയി പഠിക്കാന്‍ അവസരമുണ്ട്. ഇവിടെ അത് ചിന്തിക്കാന്‍ പറ്റില്ല. പക്ഷേ വാസ്തവത്തില്‍ ഒരു പെയിന്റര്‍ പോളിമര്‍ കെമിസ്ട്രി പഠിക്കുന്നത് നല്ലതാണ്. പെയിന്റുകളുടെ ഘടനയും ഉള്ളടക്കവും അറിഞ്ഞിരിക്കുന്നത് തന്റെ കലാരംഗത്ത് അയാള്‍ക്ക് ഗുണം ചെയ്യും. പക്ഷേ അങ്ങനെയൊരു ഘടന ഇന്ത്യന്‍ യൂണിവേഴ്‌സിറ്റികളില്‍ ലഭ്യമായിരുന്നില്ല. ആര്‍ട്‌സ് വിഭാഗത്തില്‍ സയന്‍സുകാര്‍ക്ക് പഠിക്കാനോ പഠിപ്പിക്കാനോ ഇവിടെ അവസരം ഉണ്ടായിരുന്നില്ല. ആ ഒരു മതിലാണ് പുതിയ നയത്തില്‍ പൊളിഞ്ഞു വീണിരിക്കുന്നത്. ഇത്രയും കാലം അടച്ചുവച്ചിരുന്ന പല സാധ്യതകളും ഇപ്പോള്‍ തുറന്നു വന്നിരിക്കുന്നു.

നാലുവര്‍ഷ ബിരുദ പ്രോഗ്രാം എന്ന പേരാണ് പലരെയും തെറ്റിധരിപ്പിച്ചത്. പേരിട്ടപ്പോള്‍ തെറ്റിപ്പോയി എന്നേ പറയേണ്ടതുള്ളൂ. നാലുവര്‍ഷ ഓണേഴ്‌സ് ബിരുദ കോഴ്‌സുകളിലേക്കാണ് വിദ്യാര്‍ത്ഥികള്‍ക്ക് അഡ്മിഷന്‍ കൊടുക്കുന്നതെങ്കിലും മൂന്നു വര്‍ഷം കഴിയുമ്പോള്‍ ബിരുദത്തിനുള്ള ക്രെഡിറ്റുകള്‍ നേടിയവര്‍ക്ക് ബിരുദം സ്വന്തമാക്കി പോകാം. ഇത്രയും കാലം വിദ്യാര്‍ത്ഥിക്ക് യൂണിവേഴ്‌സിറ്റികള്‍ ബിരുദം അവാർഡ് ചെയ്യുകയായിരുന്നു. എങ്കില്‍ ഇനി മുതല്‍ വിദ്യാര്‍ത്ഥി യൂണിവേഴ്‌സിറ്റികളില്‍ നിന്ന് തന്റെ ക്രെഡിറ്റുകളുടെ അടിസ്ഥാനത്തില്‍ ബിരുദം കരസ്ഥമാക്കുകയാണ് ചെയ്യുന്നത്. 'തന്റെ അക്കാദമിക് ക്രെഡിറ്റ് ബാങ്കില്‍ 133 ക്രെഡിറ്റുകള്‍ ഉണ്ട്. അതുകൊണ്ട് യൂണിവേഴ്‌സിറ്റി തനിക്ക് ബിരുദം നല്‍കണം'' എന്നു വിദ്യാര്‍ത്ഥി യൂണിവേഴ്‌സിറ്റിയോട് ആവശ്യപ്പെടുന്ന സാഹചര്യം.

തനിക്ക് ആവശ്യമുള്ള കോഴ്‌സുകള്‍ നല്ല രീതിയില്‍ പഠിപ്പിക്കുന്ന സ്ഥാപനങ്ങളിലേക്ക് മാറ്റം വാങ്ങാന്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമതിയാണ് മറ്റൊരു ഘടകം. ഇത്തരത്തിലുള്ള മാറ്റങ്ങള്‍ക്ക് നമ്മുടെ യൂണിവേഴ്‌സിറ്റികളും കോളജുകളും സജ്ജമായിട്ടുണ്ടോ എന്ന ചോദ്യമുണ്ട്. സജ്ജമായി തുടങ്ങി എന്നുള്ളതാണ് ഉത്തരം. അതിനുള്ള പ്രവര്‍ത്തനങ്ങള്‍ യൂണിവേഴ്‌സിറ്റികളും സര്‍ക്കാരും ഫലപ്രദമായ രീതിയില്‍ മുന്നോട്ടു കൊണ്ടുപോകുന്നുണ്ട്. അടുത്തവര്‍ഷം കേരളത്തിലെ എല്ലാ കോളജുകളിലും ബിരുദ പഠനം ഒരേ ദിവസം ആരംഭിക്കുന്നതിനുള്ള ആസൂത്രണങ്ങളും നടക്കുന്നു. കോഴ്‌സുകളുടെ പേരുകളും ഒന്നായിരിക്കും.

പഠനം തുടങ്ങിയ ശേഷം യൂണിവേഴ്‌സിറ്റികളും കോളജുകളും മാറുന്നതിനുള്ള സൗകര്യവും വിദ്യാര്‍ത്ഥികള്‍ക്ക് ഉണ്ടായിരിക്കും. കാരണം യൂണിവേഴ്‌സിറ്റിയോ കോളജോ ആയിട്ടല്ല; തന്റെ അക്കാഡമിക് ക്രെഡിറ്റ് ബാങ്കുമായിട്ടാണ് വിദ്യാര്‍ത്ഥിയുടെ ബന്ധം. ഈ ക്രെഡിറ്റ് ബാങ്ക് ആണ് തന്റെ ബിരുദത്തിന് ആധാരമായി വിദ്യാര്‍ത്ഥി മുന്നോട്ടുവയ്ക്കാന്‍ പോകുന്നത്. ഏഴു വര്‍ഷമാണ് ഈ ക്രെഡിറ്റ് ബാങ്കിന്റെ സാധുത. അതുകഴിഞ്ഞാല്‍ ഈ ക്രെഡിറ്റുകള്‍ നഷ്ടപ്പെടും. അതായത് കോഴ്‌സ് തുടങ്ങി ഏഴു വര്‍ഷത്തിനുള്ളില്‍ അത് പൂര്‍ത്തിയാക്കുകയും വേണം. അനന്തകാലത്തേക്ക് നീട്ടിക്കൊണ്ടുപോകാന്‍ സാധിക്കില്ല.

പുതിയൊരു നയം നടപ്പാക്കുമ്പോള്‍ വലിയ ജാഗ്രതയും അധ്വാനവും ആവ ശ്യമാണ്. പ്ലസ് ടു ആരംഭിച്ചപ്പോള്‍ ഇതേ പോലുള്ള ആശങ്കകള്‍ ഉണ്ടായിരുന്നത് ഓര്‍ക്കുമല്ലോ. ഇവിടെയും മാറ്റം കുറെ അസ്വസ്ഥതകള്‍ സൃഷ്ടിക്കും. അതിനെ മറികടന്നു പോരാന്‍ നമുക്ക് സാധിക്കണം.

  • ഉണ്ടാകാനിടയുള്ള മാറ്റങ്ങള്‍:

വിദ്യാര്‍ത്ഥികള്‍ ബഹു വിഷയ കോഴ്‌സുകള്‍ പഠിക്കാന്‍ തുടങ്ങും. ഗവേഷണങ്ങള്‍ ഏതെങ്കിലും ഒരു പ്രത്യേക വിഷയത്തില്‍ മാത്രം ഒതുങ്ങിയാല്‍ ഗവേഷണഫലങ്ങള്‍ പ്രയോഗതലത്തിലെത്തിക്കുന്നതിനു തടസ്സങ്ങള്‍ ഉണ്ടാകും. തന്റെ ഗവേഷണ വിഷയത്തിന്റെ പ്രയോഗവത്കരണത്തിനു മറ്റൊരു വിഷയം പഠിക്കേണ്ടതുണ്ടെങ്കില്‍ അതിന് ഈ നയം വിദ്യാര്‍ത്ഥിക്കു സാധ്യത നല്‍കുന്നു.

മറ്റൊന്ന്, പഠനമാരംഭിച്ചശേഷം വിഷയം മാറാനുളള സാധ്യതയാണ്. പ്ലസ് ടു കഴിഞ്ഞ് ഒരു വിദ്യാര്‍ത്ഥി താന്‍ പഠനത്തിനായി തിരഞ്ഞെടുത്തിരിക്കുന്ന വിഷയം തെറ്റിപ്പോയി എന്നു മനസ്സിലാക്കുകയാണെന്നു കരുതുക. ആ തെറ്റായ വിഷയത്തില്‍ തന്നെ പഠനം പൂര്‍ത്തിയാക്കേണ്ട ഒരു അവസ്ഥയാണ് ഇപ്പോള്‍ ഉള്ളത്. പുതിയ പദ്ധതിയില്‍ ആകട്ടെ വിഷയം മാറാന്‍ വിദ്യാര്‍ത്ഥിക്ക് അവസരം ഉണ്ടായിരിക്കും. വേറൊരു വിഷയത്തിലാണ് തനിക്ക് മികവു തെളിയിക്കാന്‍ കഴിയുക എന്നുണ്ടെങ്കില്‍ അതിലേക്ക് മാറാന്‍ സാധിക്കും. ഇത് വലിയ പരിവര്‍ത്തനം ഉന്നത വിദ്യാഭ്യാസരംഗത്ത് ഉണ്ടാക്കും. കാരണം കുട്ടികള്‍ അവരുടെ കഴിവുകളും സാധ്യതകളും തിരിച്ചറിയുന്നത് മിക്കവാറും കോളജില്‍ വച്ചായിരിക്കും. തിരിച്ചറിഞ്ഞു കഴിഞ്ഞാലും അതിലേക്ക് മാറാന്‍ പറ്റാത്ത നിരവധി വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്നു. അവര്‍ക്കെല്ലാം ഇത് ഗുണം ചെയ്യും.

നന്നായി മികവ് പ്രകടിപ്പിക്കുന്നവര്‍ക്ക് ഒരു സെമസ്റ്ററിന് മുമ്പേ ബിരുദം പൂര്‍ത്തിയാക്കാന്‍ സാധിക്കും എന്ന അവസരവും പുതിയ രീതിയില്‍ ഉണ്ട്. അവധിക്കാലത്തോ മറ്റോ ഇതര അംഗീകൃത കോഴ്‌സുകള്‍ പഠിച്ച് ആവശ്യമായ ക്രെഡിറ്റുകള്‍ സമ്പാദിച്ചാല്‍ അഞ്ചാം സെമസ്റ്ററില്‍ തന്നെ ബിരുദം നേടി അടുത്ത പരിപാടികളുമായി മുന്നോട്ടു പോകാന്‍ സാധിക്കും.

അന്താരാഷ്ട്ര സ്‌കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷിച്ച് വിദേശ സര്‍വകലാശാലകളില്‍ ഉപരിപഠനത്തിനു പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്, നേരത്തെ ബിരുദം പൂര്‍ത്തിയാക്കി അപേക്ഷകള്‍ അയയ്ക്കാനും പ്രവേശനം നേടാനും സാധിക്കും. അതിനായി ഒരു വര്‍ഷം നഷ്ടപ്പെടുത്തി കാത്തിരിക്കേണ്ടതായി വരില്ല.

മിടുക്കര്‍ക്ക് വേഗത്തില്‍ പഠിക്കുകയും അഞ്ചു സെമസ്റ്ററില്‍ ബിരുദം തീര്‍ക്കുകയും അത്രയും മിടുക്കില്ലാത്തവര്‍ക്ക് സമയമെടുത്ത് ക്രെഡിറ്റുകള്‍ സമ്പാദിച്ച് ബിരുദം എടുക്കുകയും ചെയ്യാം.

മിടുക്കര്‍ക്ക് വേഗത്തില്‍ പഠിക്കുകയും അഞ്ചു സെമസ്റ്ററില്‍ ബിരുദം തീര്‍ക്കുകയും അത്രയും മിടുക്കില്ലാത്തവര്‍ക്ക് സമയമെടുത്ത് ക്രെഡിറ്റുകള്‍ സമ്പാദിച്ച് ബിരുദം എടുക്കുകയും ചെയ്യാം. പെ ണ്‍കുട്ടികള്‍ക്ക് ഇത് ഗുണകരമാകും. നേരത്തെയുള്ള വിവാഹവും മറ്റും മൂലം പഠനം മുടങ്ങി പോകുന്ന അനേകരുണ്ട്. അവര്‍ക്ക് പിന്നീട് തുടര്‍ന്നു പഠിച്ച് ബിരുദം നേടാന്‍ ഇത് അവസരം നല്‍കുന്നു.

ന്യൂജനറേഷന്‍ കോഴ്‌സുകള്‍ പഠിക്കാന്‍ ധാരാളം പേര്‍ ഇപ്പോള്‍ കേരളത്തിന് പുറത്തേക്കു പോകുന്നുണ്ട്. അവര്‍ക്ക് കേരളത്തില്‍ തന്നെ ഇത്തരം കോഴ്‌സുകള്‍ പഠിക്കാനുള്ള സാധ്യതയും ഈ നയം മൂലം സംജാതമാകുന്നു. ഓള്‍ഡ് ജനറേഷന്‍ കോഴ്‌സുകളെ മൈനറുകളും ഇലക്ടീവുകളും കൂട്ടിച്ചേര്‍ത്ത് ആകര്‍ഷകമാക്കാന്‍ നമ്മുടെ കോളജുകള്‍ക്കു സാധിക്കും. സ്ഥാപനങ്ങള്‍ തമ്മിലുള്ള ആരോഗ്യകരമായ മത്സരം വര്‍ധിപ്പിക്കാനും പുതിയ നയം കാരണമാകും. യൂണിവേഴ്‌സിറ്റിയുടെ സിലബസ് മോശമായതു കൊണ്ടാണ് തങ്ങളുടെ കോഴ്‌സ് മോശമാകുന്നത് എന്ന് ഒരു കോളജിനും ഇനി പറയാന്‍ കഴിയില്ല. കോളജുകള്‍ക്ക് കൂടുതല്‍ ഉത്തരവാദിത്വം വരുന്നു. സ്വന്തം കോഴ്‌സുകള്‍ ആകര്‍ഷകമായ വിധത്തില്‍ രൂപകല്പന ചെയ്യാനുള്ള അവസരം അവര്‍ക്ക് ലഭ്യമാകുന്നു. നഗര മധ്യത്തിലുള്ള ഒരു കോളജിലെ കോഴ്‌സുകളാവില്ല ഒരുപക്ഷേ ഗ്രാമപ്രദേശത്തുള്ള ഒരു കോളജില്‍ ആവശ്യമുള്ളത്. അത്തരത്തില്‍ ഓരോ കോളജിലും ആവശ്യമുള്ള തരത്തില്‍ കോഴ്‌സുകളെ ക്രമീകരിക്കാന്‍ സാധിക്കും. ഉദാഹരണത്തിന് തീരപ്രദേശത്തുള്ള ഒരു കോളജിന് ബി കോമിനോടൊപ്പം വേണമെങ്കില്‍ മീനുകളെക്കുറിച്ചുള്ള ഒരു ജീവശാസ്ത്ര കോഴ്‌സ് മൈനര്‍ ആയി കൂട്ടിച്ചേര്‍ക്കാന്‍ പറ്റും. ഈ സാധ്യതകള്‍ കോളജുകളും വിദ്യാര്‍ത്ഥികളും വേണ്ടത്ര പ്രയോജനപ്പെടുത്തുമോ എന്നുള്ളതാണ് ഇതിലെ ചോദ്യം.

രണ്ടാം വര്‍ഷം എല്ലാ വിദ്യാര്‍ത്ഥികളും ഏതെങ്കിലും സ്ഥാപനങ്ങളില്‍ പ്രായോഗിക പരിശീലനം നേടേണ്ടത് അനിവാര്യമാണ്. കോഴ്‌സിന്റെ ഘടനയുടെ ഭാഗമാണത്. വ്യവസായ തൊഴില്‍ മേഖലയില്‍ നിന്നും മാറിനിന്ന് ഒരു വിദ്യാര്‍ത്ഥിക്കും ബിരുദം നേടാന്‍ സാധിക്കില്ല. ഭാഷ പഠിക്കുന്നവരും എന്തെങ്കിലും ഒരു തൊഴില്‍ പരിശീലനം നേടേണ്ടതുണ്ട്. സ്ഥാപനങ്ങള്‍ പ്രായോഗിക പരിശീലനത്തിന് വിദ്യാര്‍ത്ഥികളെ എടുക്കണമെങ്കില്‍ ഈ വിദ്യാര്‍ത്ഥികള്‍ക്ക് ഏതെങ്കിലും തൊഴില്‍ നൈപുണ്യം ഉണ്ടാകേണ്ടതുണ്ട്. നൈപുണ്യം വര്‍ധിപ്പിക്കുന്നതിനുള്ള കോഴ്‌സും ബിരുദ പാഠ്യപദ്ധതിയുടെ ഭാഗമാണ്. ഓരോ ഡിപ്പാര്‍ട്ട്‌മെന്റുകളും നൈപുണ്യ വികസന കോഴ്‌സുകള്‍ നല്‍കേണ്ടിവരും. ഈ നൈപുണ്യ വികസന കോഴ്‌സുകള്‍ ദേശീയ നൈപുണ്യ ചട്ടക്കൂടിന്റെ നിലവാര മാനദണ്ഡങ്ങള്‍ പാലിക്കുന്നതും ആകണം. ഇത്തരത്തിലുള്ള മൂന്നു കോഴ്‌സുകള്‍ ഒരു വിദ്യാര്‍ത്ഥി പഠിച്ചെങ്കില്‍ മാത്രമേ ബിരുദം നേടാനാവു. അതുകൊണ്ട് തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ടു തന്നെയാണ് ബിരുദ പഠനം പൂര്‍ത്തിയാവുക. തുടക്കത്തില്‍ ഇക്കാര്യങ്ങളില്‍ ചില പോരായ്മകള്‍ വന്നേക്കാം കാരണം ഇന്ത്യയില്‍ ഇപ്പോഴും വിദ്യാഭ്യാസ രംഗവും വ്യവസായ രംഗവും തമ്മിലുള്ള ബന്ധം പരിമിതമാണ്. അത് വര്‍ധിക്കണം. വര്‍ധിക്കണമെങ്കില്‍ വ്യവസായ ലോകം വിദ്യാഭ്യാസ രംഗത്തെയും വിദ്യാഭ്യാസ രംഗം വ്യവസായ ലോകത്തെയും വിശ്വസിക്കണം. പ്രായോഗിക പരിശീലനം നിര്‍ബന്ധമാക്കുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ വ്യവസായ സ്ഥാപനങ്ങളിലേക്ക് പോകുകയും പരസ്പരമുള്ള ഇടപെടല്‍ വര്‍ധിക്കുകയും ചെയ്യും. ഇത് ഇരുമേഖലകളുടെയും പരസ്പര വിശ്വാസം വര്‍ധിപ്പിക്കും.

നന്നായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കു മാത്രമേ ഈ പുതിയ വിദ്യാഭ്യാസ നയം മൂലം ഉണ്ടാകുന്ന അന്തരീക്ഷത്തില്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കുകയുള്ളൂ. അപ്പോള്‍ സ്വന്തം മികവ് വര്‍ധിപ്പിക്കാന്‍ എല്ലാവരും നിര്‍ബന്ധിതരാകും.

ഇന്ത്യയില്‍ പ്ലസ് ടു പഠിക്കുന്ന നൂറു കുട്ടികളില്‍ ഏകദേശം 30 പേര്‍ മാത്രമേ കോളജ് വിദ്യാഭ്യാസത്തിന് പോകുന്നുള്ളൂ. 70 പേര്‍ ഉന്നത വിദ്യാഭ്യാസം പലവിധ കാരണങ്ങളാല്‍ ഒഴിവാക്കുന്നു. ഈയൊരു പശ്ചാത്തലത്തിലാണ് പുതിയ ദേശീയ വിദ്യാഭ്യാസ നയം വരുന്നത്. ഉന്നത വിദ്യാഭ്യാസത്തിനു ചേരുന്ന കുട്ടികളുടെ എണ്ണം വര്‍ധിപ്പിക്കുക എന്നത് ഇതിന്റെ ഒരു ലക്ഷ്യമാണ്. അതുകൊണ്ടാണ് ബിരുദത്തിന്റെ ഒന്നാം വര്‍ഷവും രണ്ടാം വര്‍ഷവും പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഡിപ്ലോമകള്‍ വാങ്ങി പഠനം നിര്‍ത്താനുള്ള അവസരം ഈ നയം വിഭാവനം ചെയ്യുന്നത്. എന്നാല്‍ കേരളം ഇപ്പോള്‍ ചട്ടങ്ങള്‍ ഉപയോഗിച്ച് ഈ സൗകര്യം ഒഴിവാക്കിയിരിക്കുകയാണ്. കാരണം ദേശീയ ശരാശരിയുമായി ബന്ധപ്പെടുത്തി നോക്കുമ്പോള്‍ കേരളത്തില്‍ പ്ലസ്ടുവിനുശേഷം കോളജില്‍ പോകുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. ദേശീയ ശരാശരിയുടെ ഏതാണ്ട് ഇരട്ടിയാണ് അത്. അതിനാല്‍ കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ ഒരു ബിരുദമെങ്കിലും നേടാതെ കോളജ് വിദ്യാഭ്യാസം അവസാനിപ്പിക്കേണ്ടതില്ല എന്നതാണ് കേരളത്തിന്റെ നിലപാട്. ഇതിനു ഭാവിയില്‍ മാറ്റങ്ങള്‍ വന്നേക്കാം.

ഇതുവരെ ഒരു ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് ഒരു വാതില്‍ മാത്രമേ തുറന്നു നല്‍കിയിരുന്നുള്ളൂ. ഇനിയുള്ള ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ അവര്‍ക്ക് പല വാതിലുകള്‍ തുറന്നു നല്‍കും. വിദ്യാര്‍ത്ഥികളുടെ സാധ്യതകള്‍ വര്‍ധിച്ചു. ഈ നയം ഒരു വശത്ത് വിദ്യാര്‍ത്ഥികളുടെ തൊഴില്‍ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നുവെങ്കില്‍ മറുവശത്ത് മികവുറ്റ വിദ്യാര്‍ത്ഥികള്‍ക്ക് ഗവേഷണം പോലെ ഉയര്‍ന്ന തലങ്ങളിലേക്ക് പോകുന്നതിനുള്ള സാധ്യതയും വര്‍ധിപ്പിക്കുന്നു. അതായത് ഉന്നത വിദ്യാഭ്യാസരംഗത്ത് ഇതുവരെ ഇല്ലാതിരുന്നവരെ ഉള്‍ക്കൊള്ളിക്കുന്നതിനൊപ്പം, മികവുള്ളവര്‍ക്ക് കൂടുതല്‍ ഉയരങ്ങള്‍ തേടാനും അവസരം നല്‍കുന്നതാണ് ഈ സംവിധാനം.

  • വെല്ലുവിളികള്‍

കോളജുകളും യൂണിവേഴ്‌സിറ്റികളും അവയുടെ പ്രാപ്തി വര്‍ധിപ്പിക്കണം. കൂടാതെ, ഇതിനെ രാഷ്ട്രീയവത്കരിക്കാനും ശാസ്ത്ര വിരുദ്ധതയും വര്‍ഗീയതയും കലര്‍ത്താനും ശ്രമിക്കുന്നത് ദോഷം ചെയ്യും.

നിലവിലുള്ള അധ്യാപകരുടെ തൊഴില്‍ സുരക്ഷ പോലെയുള്ള കാര്യങ്ങളിലും വ്യക്തത ഉണ്ടാകണം. ബിരുദാനന്തര ബിരുദ ക്ലാസുകളില്‍ പഠിപ്പിക്കുന്ന അധ്യാപകര്‍, ഭാഷ അധ്യാപകര്‍ എന്നിവര്‍ക്കെല്ലാം ചില ആശങ്കകളുണ്ട്. അധ്യാപകര്‍ക്ക് ഉണ്ടായ ഇത്തരം ഭയപ്പാടുകള്‍ പുതിയ നയത്തെക്കുറിച്ച് നിഷേധാത്മക പ്രചാരണങ്ങള്‍ വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്. അധ്യാപകരെ വിശ്വാസത്തിലെടുത്തു വേണം ഇക്കാര്യങ്ങളില്‍ സര്‍ക്കാര്‍ മുന്നോട്ടുപോകുവാന്‍. കേരളത്തില്‍ അതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ട്.

പുതിയൊരു നയം നടപ്പാക്കുമ്പോള്‍ വലിയ ജാഗ്രതയും അധ്വാനവും ആവശ്യമാണ്. പ്ലസ് ടു ആരംഭിച്ചപ്പോള്‍ ഇതേപോലുള്ള ആശങ്കകള്‍ ഉണ്ടായിരുന്നത് ഓര്‍ക്കുമല്ലോ. ഇവിടെയും മാറ്റം കുറെ അസ്വസ്ഥതകള്‍ സൃഷ്ടിക്കും. അതിനെ മറികടന്നു പോരാന്‍ നമുക്ക് സാധിക്കണം.

ഇതര സംസ്ഥാനങ്ങള്‍ ഈ നയം ഒന്നു രണ്ടു വര്‍ഷം മുമ്പേ നടപ്പാക്കി. കേരളം ഇപ്പോള്‍ തന്നെ വൈകിയിരിക്കുകയാണ്. വൈകിയതുകൊണ്ട് ചില നേട്ടങ്ങളും നമുക്കുണ്ടായി. പെട്ടെന്നു നടപ്പാക്കിയ സ്ഥലങ്ങളില്‍ അതുമൂലമുള്ള ആശയക്കുഴപ്പങ്ങളും കൂടുതലാണ്. എന്നാല്‍ നമുക്ക് സമയം കിട്ടിയതുകൊണ്ട് പല കാര്യങ്ങളിലും വ്യക്തത വരുത്താനും സംവിധാനങ്ങള്‍ ഒരുക്കാനും സാധിച്ചിട്ടുണ്ട്.

നന്നായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കു മാത്രമേ ഈ പുതിയ വിദ്യാഭ്യാസ നയം മൂലം ഉണ്ടാകുന്ന അന്തരീക്ഷത്തില്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കുകയുള്ളൂ. അപ്പോള്‍ സ്വന്തം മികവ് വര്‍ധിപ്പിക്കാന്‍ എല്ലാവരും നിര്‍ബന്ധിതരാകും. വന്‍നഗരങ്ങളിലെ കോളജുകള്‍ക്ക് ഗ്രാമീണപ്രദേശങ്ങളിലെ കോളജുകളേക്കാള്‍ മേല്‍ക്കൈയുണ്ടാകുക തുടങ്ങിയ വെല്ലുവിളികളും ഉണ്ടായേക്കും. ഉദാഹരണത്തിന് എറണാകുളത്തുള്ള ഒരു കോളജിന് പ്രായോഗിക പരിശീലനത്തിന് ആവശ്യമായ സ്ഥാപനങ്ങളെ കിട്ടുന്നത്ര എളുപ്പത്തില്‍ ഹൈറേഞ്ചിലെ കോളജിന് കിട്ടണമെന്നില്ല. അതുപോലെ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ സ്ഥാപനങ്ങളേക്കാള്‍ നേട്ടം ഈ നയം മൂലം ഉണ്ടായേക്കാം. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് പുതിയ കോഴ്‌സുകള്‍ തുടങ്ങുന്നതിനു പരിമിതികള്‍ ഉണ്ടാകും. ഉദാഹരണത്തിന് ഒരു സര്‍ക്കാര്‍/എയ്ഡഡ് കോളജിന് ജര്‍മ്മന്‍ ഭാഷയില്‍ കോഴ്‌സ് തുടങ്ങാന്‍ എളുപ്പമായിരിക്കില്ല. അധ്യാപകരുണ്ടാകില്ലല്ലോ. എന്നാല്‍ ഒരു സ്വകാര്യ സ്ഥാപനത്തിന് അത് സാധിക്കും. ഇത്തരത്തില്‍ നഗരകോളജുകളെ അപേക്ഷിച്ചു ഗ്രാമീണ കോളജുകളോ സ്വകാര്യസ്ഥാപനങ്ങളെ അപേക്ഷിച്ച് സര്‍ക്കാര്‍ കോളജുകളോ നേരിടാന്‍ പോകുന്ന പ്രതിസന്ധികള്‍ പരിഹരിക്കുന്നതിനു സര്‍ക്കാര്‍ ഇടപെടലുകള്‍ ആവശ്യമാണ്.

മൂല്യനിര്‍ണ്ണയരീതികളിലും മാറ്റം വരുന്നു. 30 ശതമാനം മാര്‍ക്ക് അധ്യാപകരുടെ നിരന്തരമൂല്യനിര്‍ണ്ണയത്തിലൂടെയും 70 ശതമാനം പരീക്ഷകളിലൂടെയുമാണ് ഈ നയത്തില്‍ നല്‍കുന്നത്. 50 മാര്‍ക്ക് ഇന്റേണല്‍ അസെസ്‌മെന്റിലൂടെ നല്‍കണമെന്നതായിരുന്നു നയം വിഭാവനം ചെയ്തിരുന്നത്. എന്നാല്‍, അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും ആശങ്കകള്‍ പരിഗണിച്ച് 30:70 എന്ന അനുപാതത്തിലാണ് മൂല്യനിര്‍ണ്ണയം നിശ്ചയിച്ചിരിക്കുന്നത്. ക്രമത്തില്‍ മാത്രമേ ഇക്കാര്യത്തില്‍ മാറ്റങ്ങള്‍ വരുത്താനാകുകയുള്ളൂ.

ഏതായാലും ഇക്കാര്യത്തില്‍ കേരളം ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്ന മാതൃക വളരെ നല്ലതാണ്. മറ്റു സ്ഥാപിതതാല്പര്യങ്ങള്‍ കലര്‍ത്താതെ വിദ്യാര്‍ത്ഥികളുടെ ക്ഷേമം മാത്രം പരിഗണിച്ച് നടപ്പാക്കുകയാണെങ്കില്‍ കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസരംഗത്ത് ഇതു നല്ല മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്നാണു ഞാന്‍ കരുതുന്നത്. തന്റെ ബിരുദം എങ്ങനെ വേണമെന്ന് വിദ്യാര്‍ത്ഥി തീരുമാനിക്കുന്ന വിദ്യാര്‍ത്ഥി കേന്ദ്രീകൃതമായ ഒരു വിദ്യാഭ്യാസ സമ്പ്രദായം അവര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങളും തൊഴില്‍ മേഖലയ്ക്കു നൈപുണ്യമുള്ള തൊഴില്‍ ശേഷിയെയും സമ്മാനിക്കും.

  • (തൃക്കാക്കര ഭാരതമാതാ (ഓട്ടോണമസ്) കോളജിലെ ഐ ക്യു എ സി കോഡിനേറ്ററും, കോമേഴ്‌സ് വിഭാഗം അധ്യാപകനുമാണു ലേഖകന്‍)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org