CATplus

വാഴ്ത്ത. രാമപുരത്ത് കുഞ്ഞച്ചന്‍

Sathyadeepam

നല്ല പ്രസംഗകനോ സംഭാഷകനോ ആയിരുന്നില്ല, അല്പം വിക്കലുണ്ടായിരുന്നു ആ ഇടയന്. ഏറെ ബുദ്ധിമാനൊന്നുമായിരുന്നില്ല, എന്നാല്‍ ദൈവീകജ്ഞാനത്തിന് കുറവുമില്ലായിരുന്നു. സമൂഹത്തില്‍ ഏറ്റം അവഗണിക്കപ്പെട്ടവരും അശരണരും വിലയില്ലാത്തവരുമായ ഹരിജനങ്ങള്‍ക്കായി അദ്ദേഹം ജീവിതം മാറ്റിവച്ചു. ദൈവത്തിന് തന്നെക്കുറിച്ചുള്ള പദ്ധതിയെപ്പറ്റി വ്യക്തമായ അവബോധം ഉണ്ടായിരുന്നു ആ ഇടയന്. ഏറ്റം എളിയവരോടും തികഞ്ഞ ആദരവോടെയല്ലാതെ അദ്ദേഹം പെരുമാറിയിട്ടില്ല. അയ്യായിരത്തോളം ഹരിജനങ്ങളെ അദ്ദേഹം മാനസാന്തരത്തിലേയ്ക്കു നയിച്ചു. സ്വന്തം കൈകൊണ്ടു തന്നെ 2500-ല്‍ പരം ആളുകള്‍ക്കു ജ്ഞാനസ്നാനം നല്കി. താന്‍ ശുശ്രൂഷ ചെയ്തിരുന്ന വലിയ ഇടവകയിലെ ഓരോ അംഗത്തെയും പേരുചൊല്ലി വിളിച്ചിരുന്നു ആ ഇടയന്‍. ഓഫീസില്‍ മാത്രമല്ല, ഹൃദയത്തിലും തന്‍റെ ജനത്തിന്‍റെ ആത്മസ്ഥിതി വിവരങ്ങള്‍ സൂക്ഷിച്ചുപ്രാര്‍ത്ഥിച്ചിരുന്നു അദ്ദേഹം.

സ്വന്തമായി ഒന്നും കരുതിവയ്ക്കാത്ത ഇടയന്‍! മുറിയില്‍ ഷെല്‍ഫില്ല, കിടക്കയില്ല, ഒരു പായയില്‍ കിടന്നുറങ്ങും. ആകെയുള്ളത് ഒരു ക്രൂശിതരൂപം, ഒരു ടൈംപീസ്, പിന്നെ കുറെ മരുന്നുകളും. തനിക്കു കിട്ടിയിരുന്ന റേഷന്‍ പഞ്ചസാരപോലും വിറ്റ് ദാനധര്‍മ്മം ചെയ്തിരുന്നു. തന്‍റെ അവസാനകുറിപ്പില്‍ ഇങ്ങനെ, മരണപത്രത്തിലെന്നോണം, അഭിലാഷങ്ങള്‍ കുറിച്ചുവച്ചു. "മരണവാര്‍ത്ത പത്രങ്ങളില്‍ പ്രസിദ്ധീകരിക്കരുത്, തൊട്ടടുത്ത ഇടവകയിലെ വൈദികരെമാത്രം അറിയിച്ചാല്‍ മതി. മൃതശരീരം ഹരിജനങ്ങളെ സംസ്ക്കരിക്കുന്നിടത്തു സംസ്കരിക്കണം." അദ്ദേഹത്തിന്‍റെ മൃതസംസ്കാരച്ചടങ്ങില്‍ അനുശോചനപ്രസംഗം നടത്തിയ ഫാ. വലേരിയന്‍ ഇങ്ങനെ പ്രസംഗം ഉപസംഹരിച്ചു: "നമ്മള്‍ ഒരു വിശുദ്ധന്‍റെ മൃതസംസ്കാര ശുശ്രൂഷയില്‍ പങ്കെടുക്കുകയാണ്. നമുക്ക് സ്വര്‍ഗ്ഗത്തില്‍ ഒരു മദ്ധ്യസ്ഥനെക്കൂടി കിട്ടിയിരിക്കുന്നു." അദ്ദേഹത്തിന്‍റെ ശവകുടീരത്തില്‍ ഇങ്ങനെ എഴുതിവച്ചിരിക്കുന്നു: "ദൈവത്തിനും മനുഷ്യര്‍ക്കും പ്രിയപ്പെട്ടവന്‍, അദ്ദേഹത്തിന്‍റെ നാമം അനുഗ്രഹിക്കപ്പെട്ടതാണ്." 1891 ഏപ്രില്‍ 1-ന് രാമപുരത്ത് ഏലിശ്വ, ഐപ്പ് ദമ്പതികളുടെ മകനായി ജനിച്ച് വൈദികനായി ജീവിതം സമര്‍പ്പിച്ച, വാഴ്ത്തപ്പെട്ട കുഞ്ഞച്ചനാണ് ആ ഇടയന്‍. ആടുകള്‍ക്കുവേണ്ടി ജീവിച്ച ഇടയന്‍, ആടുകളെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്ത ഇടയന്‍, ഏറ്റം നിസ്സാരരായവരെ തേടിയലഞ്ഞ ഇടയന്‍. ഈശോ എന്ന നല്ല ഇടയന്‍റെ പ്രതിരൂപം.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം