Baladeepam

കുട്ടികളിലെ ആഹാരരീതി

Sathyadeepam

ഡോ. ഹിമ മാത്യു പി.
ശിശുരോഗ വിദഗ്ദ്ധ, ലിസി ഹോസ്പിറ്റല്‍

ഒരു കുഞ്ഞ് ജനിച്ചു വീഴുമ്പോള്‍ അതിന് നല്‍കുന്ന ഏറ്റവും വലിയ സമ്മാനമാണ് മുലപ്പാല്‍. കുഞ്ഞ് ജീവിതം തുടങ്ങുന്നത് മുലപ്പാലില്‍ നിന്നാണ്.
എത്രനാള്‍ കുഞ്ഞിന് മുലപ്പാല്‍ നല്‍കണം?
കുഞ്ഞ് ജനിച്ച് 6 മാസം വരെ മുലപ്പാല്‍ മാത്രമേ കുഞ്ഞിന് നല്‍കാവൂ. അതിനുശേഷം 2 വയസ്സുവരെ മറ്റു ഭക്ഷണങ്ങളോടൊപ്പം മുലപ്പാലും തുടരേണ്ടതാണ്.
കുഞ്ഞിന് പൊടിപ്പാല്‍ നല്‍കേണ്ടതുണ്ടോ?
ആരോഗ്യപരമായ പ്രശ്‌നങ്ങളുള്ള കുഞ്ഞാണെങ്കില്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രം മറ്റുപാലുകള്‍ നല്‍കുക. വയറിളക്കം, അലര്‍ജി സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവ ഉണ്ടാകാനിടയുള്ളതിനാല്‍ പൊടിപ്പാല്‍ പരമാവധി ഒഴിവാക്കുക. കുഞ്ഞുങ്ങളുടെ പ്രതിരോധശക്തി നിര്‍ണ്ണയിക്കുന്നതിലും മുലപ്പാലിനു വലിയ പങ്കുണ്ട്.
മറ്റു ഭക്ഷണസാധനങ്ങള്‍ എപ്പോള്‍ കൊടുത്തു തുടങ്ങണം?
6 മാസത്തിനു ശേഷം കുഞ്ഞുങ്ങളുടെ ആരോ ഗ്യം നിലനിര്‍ത്തുന്നതിനുള്ള എല്ലാ പോഷകഘടകങ്ങളും നല്‍കാന്‍ മുലപ്പാല്‍ മതിയാകുകയില്ല, അതിനാല്‍ അര്‍ദ്ധ ഖര (Semi solid) രൂപത്തിലുള്ള ഭക്ഷണം നല്‍കാന്‍ തുടങ്ങേണ്ടതാണ്. ഇതിന് Complementary Feeding എന്നു പറയുന്നു.
ഏത് തരത്തിലുളള ഭക്ഷണപദാര്‍ത്ഥങ്ങളാണ് ആദ്യം കൊടുത്തു തുടങ്ങേണ്ടത്?
റാഗി (പഞ്ഞപ്പുല്ല്), കായ പൊടിച്ചത് തുടങ്ങി യ കുറുക്കുകളില്‍ നിന്നാരംഭിയ്ക്കാം. സാവധാനം വേവിച്ചുടച്ച പച്ചക്കറികള്‍, ചോറ്, പഴവര്‍ഗ്ഗങ്ങള്‍ എന്നിവകൂടി ആഹാരത്തില്‍ ഉള്‍പ്പെടുത്താം.
എത്ര തവണ കുഞ്ഞിന് ഭക്ഷണം കൊടുക്കണം?
6-8 Months þ 2-3 Meals
9-11 Months þ 3 Meals +
1-2 Additional Snacks
1-2 Years þ 3-4 Meals + 1-2 Additional Snacks
കഴിഞ്ഞലക്കത്തില്‍ വി ശദീകരിച്ചിരുന്നത് പോലെ ആഹാരം കുഞ്ഞിന്റെ ആവശ്യാനുസരണം ബലപ്രയോഗ മില്ലാതെ നല്‍കാന്‍ ശ്രദ്ധിക്കുക.
മാര്‍ക്കറ്റില്‍ ലഭ്യമായ പൊടികള്‍ കുഞ്ഞിനു നല്‍കേണ്ടതുണ്ടോ?
2 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് പരമാവധി വീട്ടില്‍ ഉണ്ടാക്കിയ ഭക്ഷണം നല്‍കാന്‍ ശ്രദ്ധിക്കുക. അവരുടെ ആരോഗ്യത്തിന് പ്രിസര്‍വേറ്റീവ് ഇല്ലാതെ വീടുകളില്‍ നമ്മള്‍ ഉണ്ടാക്കുന്ന ഭക്ഷണമാണ് ഉത്തമം.
കുട്ടികള്‍ക്കുവേണ്ടി പ്രത്യേകം ആഹാരം ഉണ്ടാക്കേണ്ടതുണ്ടോ?
ഒരു വയസ്സു കഴിഞ്ഞ കുട്ടികള്‍ക്ക് വീട്ടില്‍ ഉണ്ടാക്കുന്ന എല്ലാ ഭക്ഷണവും നല്‍കാവുന്നതാണ്. അതിനായി പ്രത്യേകം ആഹാരം ഉണ്ടാക്കുന്നത്, ജോലിഭാരം വര്‍ദ്ധിപ്പിക്കുകയും കുട്ടികളെ കൂടുതല്‍ നിര്‍ബന്ധിപ്പിച്ച് കഴിപ്പിക്കുന്നതിന് ഇടവരുത്തുകയും ചെയ്യുന്നു.
എങ്ങനെയാണ് ഭക്ഷണം കൂടുതല്‍ പോഷകസമൃദ്ധമാക്കുന്നത്?
ഉദാഹരണമായി ഉപ്പുമാവ് ഉണ്ടാക്കുമ്പോള്‍ അതില്‍ അല്‍പം കടല, കപ്പലണ്ടി എന്നിവ പൊടിച്ചു ചേര്‍ക്കുകയും ക്യാരറ്റ്, ഗ്രീന്‍ പീസ് എന്നിവ ചേര്‍ക്കുകയും നെയ്യ് ഒഴിക്കുകയും ചെയ്യുകയാണെങ്കില്‍ അത് കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍, കൊഴുപ്പ്, മിനറല്‍സ് എന്നിങ്ങനെ എല്ലാം അടങ്ങിയ ഭക്ഷണമായിത്തീരുന്നു. ഇതുപോലെ ദൈനംദിന ആഹാരം പോഷകസമ്പന്നമാക്കി കുട്ടികള്‍ക്കു നല്‍കുക. ഭക്ഷണത്തിന്റെ അളവ് കൂട്ടുന്നതിനു പകരം ഗുണം വര്‍ദ്ധിപ്പിക്കാന്‍ പരിശ്രമിക്കുക.
ഏത് ഭക്ഷണങ്ങള്‍ക്കാണ് കൂടുതല്‍ അലര്‍ജി കണ്ടുവരുന്നത്?
പാല്‍, മുട്ട, ഗോതമ്പ്, ചെമ്മീന്‍, കടല്‍ വിഭവങ്ങള്‍, നട്ട്‌സ് എന്നീ ഭക്ഷണങ്ങള്‍ നല്‍കുമ്പോള്‍ അലര്‍ജി സംബന്ധമായ എന്തെങ്കിലും ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ വൈദ്യസഹായം തേടുക.

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം

കുര്‍ബാന മുടക്കുന്നവര്‍