ആരുടെയും മുമ്പിൽ കൈ നീട്ടാതെ ജീവിക്കണം നാണപ്പാ! അതിന് ഞാൻ ഏത് ജോലിയും ചെയ്യും.
വെറുതെ തിരിഞ്ഞു കിടന്നപ്പോഴാണ് രമേശന് തനിക്ക് ഇന്ന് ഇന്റർവ്യൂ ഉണ്ടല്ലോ എന്ന കാര്യം ഓർമ്മ വന്നത്. രാവിലെ എഴുന്നേൽക്കാൻ അയാൾക്ക് കുറച്ചു കാലമായി ഒരു താല്പര്യവും ഇല്ല. കാരണം ജോലി നഷ്ടപ്പെട്ടിട്ട് ആറുമാസമായി കഴിഞ്ഞിരിക്കുന്നു. മനുഷ്യരുടെ മുമ്പിൽ കൈനീട്ടി ജീവിക്കാൻ ഇടവരുത്തരുതേ എന്നായിരുന്നു അയാളുടെ എക്കാലത്തെയും പ്രാർത്ഥന. എന്നാൽ കഴിഞ്ഞ ആറുമാസമായി അയാൾ കേറാത്ത ഓഫീസുകൾ ഇല്ല, മുട്ടാത്ത വാതിലുകൾ ഇല്ല.
പ്രൈവറ്റ് ബസ് അസ്സോസിയേഷന്റെ മുണ്ടക്കയത്തുള്ള ഓഫീസിലേക്കുള്ള ഇന്റർവ്യൂ ആയിരുന്നു അത്. ബസിന്റെ പുറപ്പെടേണ്ട സമയം കൃത്യമായി വിളിച്ചു പറയുക എന്നതായിരുന്നു ജോലി. അസ്സോസിയേഷൻ സെക്രട്ടറി നാണപ്പൻ പറഞ്ഞു തുടങ്ങി
“രമേശാ... ഈ അമ്പത്തിയേഴാമത്തെ വയസ്സിൽ തനിക്ക് ഈ ജോലി എടുക്കേണ്ട വല്ല ആവശ്യവും ഉണ്ടോ? തന്റെ ഭാര്യയ്ക്ക് നല്ല ശമ്പളം ഉണ്ട്. മക്കളെല്ലാം സെറ്റിലായി. പിന്നെ എന്തിന്?”
“ഞാൻ നാളെ തൊട്ട് വന്നോട്ടെ?”
“ഇന്നേ തുടങ്ങിക്കോ! ഒരു കാര്യം ഓർത്തോണം, രാവിലെ ആറു മണിതൊട്ട് വൈകിട്ട് ഏഴുമണി വരെയാണ് ഡ്യൂട്ടി. ഒരു ബസും ഓടാത്ത സമയം കാപ്പി കുടിക്കുകയോ വിശ്രമിക്കുകയോ ചെയ്യാം!”
“ഞാൻ റെഡി!”
പണി കിട്ടി രണ്ടാഴ്ച കഴിഞ്ഞപ്പോഴാണ് രമേശന് ഒരു കാര്യം ബോധ്യമായത്, ഓരോ ഡ്രൈവറും കണ്ടക്ടറും ചിന്തിക്കുന്നത് രണ്ടു മിനിറ്റുകൂടി സ്റ്റാൻഡിൽ കിടന്നാൽ രണ്ടായിരം രൂപ കിട്ടുമെന്നാണ്. അതിനാൽ അവർ മനപ്പൂർവ്വം താമസിച്ച് ഇറങ്ങുന്നു. സ്പീഡിൽ പറക്കുന്നു. പരസ്പരം ചീത്ത വിളിക്കുന്നു, അടിയുണ്ടാക്കുന്നു. ചെറിയ അത്യാഗ്രഹങ്ങൾ വലിയ വീഴ്ചയ്ക്ക് കാരണമാകുന്നു.
“രമേശാ... തന്റെ അനൗൺസ്മെന്റിന്റെ ശബ്ദം സ്ത്രീകളുടെ ശബ്ദം പോലെയാ തോന്നുന്നത് !”
“സ്ത്രീകളുടെ ശബ്ദമല്ലേ എല്ലാവർക്കും ഇഷ്ടം !”
“ഉം.... കെട്ടിയോളുടെ ശബ്ദം ഒഴിച്ച്.”
അത് കേട്ട് രമേശൻ ചിരിച്ചു. താൻ എത്ര കാലം കൂടിയാണ് ചിരിക്കുന്നത് എന്ന് അയാൾ പെട്ടെന്ന് ഓർത്തു.
“ബസുകാരൊക്കെ നിന്റെ സേവനത്തെപ്പറ്റി വളരെ നല്ല അഭിപ്രായമാ പറയുന്നത് ! സാധാരണ ഇങ്ങനെയൊരു വ്യക്തി ഇവിടെയുണ്ട് എന്ന് ആരും ചിന്തിക്കാറില്ല.”
“അനുസരിക്കാത്ത ഒന്നു രണ്ടു പേരൊഴിച്ച് ബാക്കിയെല്ലാവരും നല്ലതു പറയും സാറെ !”
“ആ രണ്ട് പേർ എവിടെയും കാണും.” നാണപ്പൻ കൂടിച്ചേർത്തു.
“അതല്ലേ ലോകത്തിന്റെ സൗന്ദര്യശാസ്ത്രം !” രമേശൻ ചിരിച്ചോണ്ടു പറഞ്ഞു.
ഒരുമാതിരിപ്പെട്ട പ്രശ്നങ്ങൾ പറഞ്ഞു തീർക്കാൻ അയാൾക്ക് സാധിച്ചു. എന്നിട്ടും ഒരു ദിവസം സ്റ്റാൻഡിൽ നിന്ന് ഇറങ്ങുന്നതിനെപ്പറ്റി രണ്ടു കണ്ടക്ടർമാർ തമ്മിൽ അടിയായപ്പോൾ അയാൾ ഇടപെട്ടു പിടിച്ച് മാറ്റാൻ ശ്രമിച്ചു.
“ഞങ്ങളെ തടയാൻ നീയാരാടാ” എന്നും പറഞ്ഞ് ഒരുത്തൻ രമേശനെ കാനയിലേക്ക് തള്ളിയിട്ടു. ഓടിക്കൂടിയ യാത്രക്കാർ അയാളെ അയാൾ ആശുപത്രിയിൽ ആക്കി.
ഭാര്യ ആശുപത്രിയിൽ കൂട്ടിന് നിന്നു. നാണപ്പൻ മാത്രമേ സഹായത്തിന് ഉണ്ടായിരുന്നുള്ളൂ.
“മക്കൾ എവിടെ രമേശാ?”
“മക്കള് ഇപ്പോൾ വെളിയിൽ പോയി നല്ല കാശായില്ലേ? അതുകൊണ്ട് ഞാൻ ഇപ്പോൾ അവരുടെ അപ്പൻ ആണെന്ന് പറയുന്നത് കുറച്ചിലാണ്. അതു കൊണ്ട് എന്നോട് അടങ്ങിയൊതുങ്ങി വീട്ടിൽ ഇരിക്കാൻ പറഞ്ഞേക്കുവാ ! ബസ് സ്റ്റാൻഡിന്റെ തിണ്ണ നിരങ്ങേണ്ട കാര്യം ഉണ്ടോ എന്നാ നല്ല അമ്മയ്ക്ക് പിറന്ന മക്കള് ചോദിക്കുന്നത് ?”
“ആ ചോദ്യം ശരിയല്ലേ?”
“ആരുടെയും മുമ്പിൽ കൈ നീട്ടാതെ ജീവിക്കണം നാണപ്പാ! അതിന് ഞാൻ ഏത് ജോലിയും ചെയ്യും. അല്ലേ, സൗദാമിനി?”
“ചെയ്യണം ചേട്ടാ ! ചെയ്യണം ! നേരത്തെ കുട്ടിക്കാനം - പൊള്ളാച്ചി ബസോടിച്ച് ഓവർസ്പീഡിൽ പോയി വണ്ടി മറിഞ്ഞു മൂന്നാലു പേരെ പരിക്കേല്പിച്ചതിന് രണ്ടു വർഷം ജയിൽ കിടന്നിട്ട് തിരിച്ചു വന്നു മറ്റ് ഡ്രൈവർമാരെ ഉപദേശിച്ചാൽ അവര് വെറുതെ വിടുമോ ?”
“തിരിച്ചു വരാൻ എന്നെ അനുവദിക്കൂ ലോകമേ.” എന്ന് രമേശൻ മനസിൽ പറഞ്ഞു കൊണ്ടിരുന്നപ്പോൾ നാണപ്പൻ ഒരു എഴുത്ത് അയാൾക്ക് കൊടുത്തിട്ട് പറഞ്ഞു.
“പരാതിയൊന്നും ഇല്ലെന്ന് രമേശൻ എഴുതി ഒപ്പിട്ട് തരണം. ഇല്ലെങ്കിൽ അസ്സോസിയേഷന് പ്രശ്നമാകും.”
“അസ്സോസിയേഷന് പ്രശ്നമാകുന്നത് എനിക്കൊരു പ്രശ്നമേയല്ല. പക്ഷേ എന്റെ ഇപ്പോഴത്തെ ഇമേജുമായി മരിക്കാൻ എനിക്ക് ഇഷ്ടമില്ല. എന്റെ ഇമേജ് ഒന്നു മാറ്റിപ്പിടിക്കണം.”
“എന്റെ രമേശാ! ഇമേജ് മാറ്റാൻ ഭയങ്കര എളുപ്പമല്ലേ ? എല്ലാവരും വെറുത്ത കെ എസ് ആർ ടി സി എങ്ങനെയാണ് ഇമേജ് മാറ്റി സ്ത്രീകളുടെ ഇഷ്ടവണ്ടിയായത് ? അതുപോലെ ചില ചെറിയ മാറ്റങ്ങൾ നീയും വരുത്തിയാൽ പോരേ ?”
“പക്ഷേ ഞാൻ എന്ത് മാറ്റം വരുത്തും ?”
“അതിന് ഉത്തരം നീ കണ്ടുപിടിക്കണം.”
ഒന്നു രണ്ടു മാസം വീട്ടിൽ റെസ്റ്റ് എടുത്തപ്പോഴേക്കും മുറിവുകൾ ഭേദമായി. അസ്സോസിയേഷന്റെ ജീവനക്കാർക്ക് എതിരെ പരാതിപ്പെട്ടതുകൊണ്ട് ആ പണി അയാൾ ഉപേക്ഷിച്ചിരുന്നു. ഇനിയെന്തു ചെയ്യും എന്ന ചിന്ത അയാളിൽ തളിരിട്ടു വന്നപ്പോൾ ആണ് ഗൾഫിൽനിന്ന് ജോലി നഷ്ടപ്പെട്ടു വന്ന മൂത്ത മകൾ ഇതിഹാസ അപ്പനോടു ചോദിച്ചത്.
“ഞാൻ ഒരു ഡ്രൈവിംഗ് സ്കൂൾ തുടങ്ങാൻ ആലോചിക്കുകയാണ്... അപ്പനൊന്ന് സഹായിക്കാമോ?”
സ്വന്തം മകൾ വർഷങ്ങൾക്ക് ശേഷം ഒരു സഹായം ചോദിച്ചപ്പോൾ ദൈവം മക്കളുടെ രൂപത്തിലും ചിലപ്പോൾ വരുമെന്ന് അയാൾക്ക് ബോധ്യമായി. അങ്ങനെ “ഇതിഹാസ” ഡ്രൈവിംഗ് സ്കൂൾ തുടങ്ങി. തനിക്ക് നന്നായി അറിയാവുന്ന പണിയിൽ അയാൾ ശോഭിച്ചു. ഇത്രയും കാലം ഈ ആശയം എവിടെയായിരുന്നു എന്ന് അയാൾ വണ്ടറടിച്ചു.
മൂന്നു മാസം പിന്നിട്ട ഒരു സായന്തനത്തിൽ പയ്യെ പയ്യെ തന്റെ ഇമേജും മാറിയെന്ന് രമേശന് മനസിലായത് കാറിന്റെ പിൻസീറ്റിലിരുന്ന രണ്ട് ചെറുപ്പക്കാരുടെ സംഭാഷണം വഴിയാണ്.
“ഈ ആശാൻ എന്ത് സൗമ്യമായിട്ടാ നമ്മളെ പഠിപ്പിക്കുന്നത്.”
“ആശാൻ” ആ വാക്ക് ആവർത്തിച്ച് ആവർത്തിച്ച് പറഞ്ഞ് അയാൾ ഊറിയൂറിച്ചിരിച്ചു കൊണ്ടേയിരുന്നു.