

യാക്കോബിന്റെ ഭവനത്തിൻമേൽ അവൻ എന്നേക്കും ഭരണം നടത്തും. അവന്റെ രാജ്യത്തിന് അവസാനം ഉണ്ടാകയില്ല.
ലൂക്കാ 1 : 33
ഗൊൽഗൊഥായിൽ കണ്ടുമുട്ടുന്ന മറിയവും മുഖ്യദൂതനായ ഗബ്രിയേലും തമ്മിലുള്ള സാങ്കല്പിക സംഭാഷണം എഴുതുക എന്ന പഠനപ്രവർത്തനത്തിന് പത്താം ക്ലാസിലെ വിശ്വാസപരിശീലന വിദ്യാർത്ഥികൾ നൽകിയ കുറിപ്പുകളായിരുന്നു കഴിഞ്ഞ ലക്കത്തിലെ പ്രതിപാദ്യ വിഷയം. മറിയത്തിന്റെ വിശ്വാസസമ്പുഷ്ടവും സ്നേഹലോലുപവുമായ ഹൃദയത്തിന്റെ അഗാധതയും സൗന്ദര്യവും എത്ര സ്പഷ്ടമായാണ് കുട്ടികൾ ആവിഷ്കരിച്ചത്. a representation of the Virgin Mary with the dead Christ across Her knees - മരിച്ച യേശുക്രിസ്തുവിനെ മടിയിലിരുത്തിയ കന്യകാമറിയത്തിന്റെ ചിത്രം, രൂപം എന്നാണ് pieta എന്ന വാക്കിന് നിഘണ്ടു നൽകുന്ന അർത്ഥം. കുരിശിന്റെ വഴിയിലെ ആ ധ്യാനബിന്ദുവിന് സുവിശേഷങ്ങളിൽ സാധൂകരണമില്ല. എങ്കിലും, നമ്മുടെ വിശ്വാസനിക്ഷേപത്തിൽ (depositum fidei) ദൈവവചനം പോലെ പ്രധാനപ്പെട്ടതാണ് സഭയുടെ പാരമ്പര്യങ്ങളും എന്നതിനാൽ ആ രൂപവും ചിത്രവും നമ്മുടെ ആത്മായനത്തിന്റെ ഭാഗമായി. എത്ര സമചിത്തതയോടും ധൈര്യത്തോടും കൂടിയാണ് ശിമയോൻ പണ്ട് പറഞ്ഞ വാളിനാൽ പിളർക്കപ്പെടാൻ സ്വഹൃദയത്തെ അവൾ സജ്ജമാക്കിയത് ! അങ്ങനെയാണ് പിയ്റ്റായിലെ മറിയം ആത്മധൈര്യത്തിന്റെയും അചഞ്ചലസ്നേഹത്തിന്റെയും അനശ്വരപ്രതീകമായത്.
ഗൊൽഗൊഥായിലെ നായകൻ യേശുക്രിസ്തുവാണ്. ഗൊൽഗൊഥായിലെ മാത്രമല്ല; രക്ഷാകരപ്രക്രിയയുടെ മുഴുവൻ നായകൻ യേശുവാണ്. എന്നാൽ, അതിന്റെ നാൾവഴികളിലെല്ലാം ഒരു നായികയുടെ നിശ്ശബ്ദസാന്നിധ്യമുണ്ട് - മറിയം ! ഗൊൽഗൊഥായിലെ ക്ലൈമാക്സ് രംഗത്തും വിറയ്ക്കാത്ത പാദങ്ങളും ഇടറാത്ത ഹൃദയവുമായി ആ നായിക തന്റെ മകൻ ജീവൻ വെടിയുന്നതിന് നേർസാക്ഷിയായി. ദൈവപുത്രൻ മരിച്ചു മടിയിൽ കിടക്കുമ്പോഴും അവളുടെ ഉള്ളിലെ ദൈവം മരിച്ചില്ല. ദൈവപുത്രന്റെ കണ്ണടഞ്ഞെങ്കിലും ദൈവത്തെ കാണാനുളള അവളുടെ ആന്തരികനേത്രങ്ങൾ ഇമ പൂട്ടിയിരുന്നില്ല. ആ തെളിമയാണ്, ദുരന്തനായികയായി പര്യവസാനിക്കാൻ എല്ലാ സാധ്യതകളുമുണ്ടായിരുന്ന ഒരു വേഷത്തെ ധീരതയോടും ചാരുതയോടും കൂടെ പരിസമാപ്തിയിലെത്തിക്കാൻ അവളെ തുണച്ചത്. ഗൊൽഗൊഥായിലെ ആ ബലികുടീരത്തിൽ നിന്ന് മറിയം ഉയർത്തിപ്പിടിച്ച വിശ്വാസദീപത്തിന്റെ പ്രഭയും സ്നേഹദീപത്തിന്റെ വശ്യതയും ഏതു കൂരിരുട്ടിനെയും മറികടക്കാൻ ക്രിസ്തുവിശ്വാസികളെ സഹായിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യും.
വീണ്ടും ഒരു ഒക്ടോബർ മാസം കടന്നുപോകുകയാണ്. ദേവാലയങ്ങളിൽ ദശദിന ആഘോഷങ്ങൾക്ക് ആഹ്ലാദത്തോടെ ജനം ഒരുമിച്ചു കൂടി. നല്ല ഒരുക്കത്തോടും ഭക്തിയോടും കൂടെ വീടുകളിൽ അഖണ്ഡ ജപമാലകൾ നടന്നു. ധ്യാനകേന്ദ്രങ്ങളുടെ നേതൃത്വത്തിൽ നടന്ന ജപമാല റാലികളിൽ ജനസഹസ്രങ്ങൾ അണിനിരന്നു. എല്ലാം നല്ലതു തന്നെ. എന്നാൽ, എല്ലാറ്റിന്റെയും ലക്ഷ്യം എന്താണ്? സത്യത്തിൽ മറിയത്തോട് എന്താണ് നാം പ്രാർത്ഥിക്കുന്നത്? അഥവാ, മറിയത്തോട് എന്താണ് നാം പ്രാർത്ഥിക്കേണ്ടത്? കാലങ്ങളായി ആഗ്രഹിച്ചു കാത്തിരിക്കുന്ന അനുഗ്രഹങ്ങളുടെ സാക്ഷാത്കാരത്തിനാണോ? കടബാധ്യത മാറാനാണോ? വിദേശത്ത് പോകാനുള്ള പ്രക്രിയ സുഗമമാകാനാണോ? നല്ല ജോലി ലഭിക്കാനും വിവാഹം നടക്കാനുമാണോ? മാറാരോഗങ്ങളിൽ നിന്നുള്ള സൗഖ്യത്തിനുവേണ്ടിയാണോ? നിശ്ചയമായും ഇതിനെല്ലാം വേണ്ടി പ്രാർത്ഥിക്കേണ്ടതാണ്. എന്നാൽ, ഇതിനെല്ലാം മാത്രമായി മറിയത്തിന്റെ മാധ്യസ്ഥ്യവും സഹായവും തേടുന്നത് അനുചിതമാണ്.
എപ്പോഴും ദൈവത്തെ ദർശിക്കാൻ കഴിയുംവിധം തെളിമയുള്ള ആന്തരികനയനങ്ങൾക്കായി മറിയത്തിന്റെ സഹായം നാം തേടാറുണ്ടോ? എപ്പോഴും ദൈവസ്വരം കേൾക്കാനാകും വിധം തുറവിയുള്ള അകക്കാതുകൾക്കായി മറിയത്തിന്റെ മാധ്യസ്ഥ്യം നാം തേടാറുണ്ടോ? സദാ ദൈവഹിതം തിരിച്ചറിയാനും നിറവേറ്റാനും കഴിയുന്ന ഒരു ‘ഓപ്പറേറ്റിംഗ് സിസ്റ്റം’ അകതാരിൽ സ്ഥാപിക്കാൻ സഹായിക്കണമെന്ന് അവളോട് യാചിക്കാറുണ്ടോ? കളങ്കമേശാത്ത സമ്മാനങ്ങൾ ഉണ്ടെന്ന് ബോധ്യപ്പെടാനും അവയ്ക്കായി നല്ല ഓട്ടം ഓടുവാനും ആത്മരക്ഷയ്ക്കായി നന്നായി അധ്വാനിക്കാനും സ്വദേശമായ സ്വർഗത്തിൽ മടങ്ങിയെത്തി ദൈവത്തെ മുഖാമുഖം ദർശിക്കാനും സഹായിക്കണമെന്ന് അപേക്ഷിക്കാറുണ്ടോ? ‘ഞങ്ങളുടെ ഈ പ്രവാസത്തിനു ശേഷം അങ്ങയുടെ ഉദരത്തിന്റെ അനുഗ്രഹീതഫലമായ ഈശോയെ ഞങ്ങൾക്കു കാണിച്ചു തരണമേ’ എന്ന് അർത്ഥമറിഞ്ഞ് നാം ഉരുവിടാറുണ്ടോ? മറ്റെല്ലാറ്റിലും ഉപരിയായി, ‘ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട് അപേക്ഷിക്കണമേ’ എന്ന് ആത്മാർത്ഥമായി മറിയത്തോടു അപേക്ഷിക്കാറുണ്ടോ? ഇല്ലെങ്കിൽ അത്തരം പ്രാർത്ഥനകളാണ് നാം ഉടനെ ആരംഭിക്കേണ്ടത്. റോജാജപം (rosary) എന്ന പ്രാർത്ഥനാശില്പം തയ്യാറാക്കപ്പെട്ടിരിക്കുന്നതും അത്തരം ശ്രേഷ്ഠമായ നിയോഗങ്ങൾക്കുവേണ്ടിയാണ്.