നിലാവിന്റെ വീട് - 28

novel - nilavinte-veedu-28
Published on: 
  • ടോം കെ. ജോസ്

  • അധ്യായം : ഇരുപത്തിയെട്ട്

“അച്ചനെ തന്നെ ഒന്നു കാണണാരുന്നു.”

കുടുംബകൂട്ടായ്മയുടെ പ്രാർത്ഥന കഴിഞ്ഞ് സിസ്റ്റർമാർക്കൊപ്പം യാത്ര പറഞ്ഞിറങ്ങാൻ നേരം പൈലൻ ചേട്ടൻ സ്വകാര്യം പോലെ പറഞ്ഞു.

“എന്താ പറഞ്ഞോ.”

“രഹസ്യാ. പിന്നെ പറയാം.”

“ഞാൻ പള്ളിമുറിയിൽ കാണും. ചേട്ടൻ സൗകര്യം പോലെ പോര്.”

ഭവനസന്ദർശനം നടത്തുന്നതിനിടയിലാണ് അയാൾ പൈലൻ ചേട്ടന്റെ വീട്ടിലെത്തിയത്. ഇടവകയുടെ അതിർത്തി യിൽ ഏറ്റവും ഉയർന്ന മലയുടെ മുകളിലായിരുന്നു പൈലൻ ചേട്ടന്റെ വീട്.

“മരത്തേക്കേറുമ്പോലെ കേറണം. നിന്നു നിന്ന് കേറാം.” കുത്തനെയുള്ള കയറ്റം ആരംഭിച്ചപ്പോൾ പാപ്പൻ നിർദ്ദേശിച്ചു. ഇത്തവണ പാപ്പൻ പറഞ്ഞതിൽ അതിശയോക്തി തീരെ കുറവായിരുന്നെന്ന് അയാൾക്കും തോന്നി.

“ചുമ്മാതല്ല ആ കൊച്ചിനെ ദൈവം നേരത്തേ അങ്ങുവിളിച്ചത്.”

“ആരുടെ കാര്യമാ പാപ്പാ.” അയാൾ തിരിഞ്ഞുനിന്നുകൊണ്ട് ചോദിച്ചു.

“അതൊക്കെ നേരിട്ട് കേക്കാൻ പോകുവല്ലേ.”

പൈലൻ ചേട്ടനും സാലി ചേച്ചിയും കാത്തിരിക്കുകയായിരുന്നു.

“കേറി വാ അച്ചോ. ഈ കുറുക്കൻ മൂലേ മനുഷമ്മാരാരേലും കേറി വരുവോ...” പൈലൻ ചേട്ടൻ അവരെ സ്വാഗതം ചെയ്തു.

“നാട്ടിൽ പട്ടിണിയും പരിവട്ടവും പെരുകിയ പ്പോൾ ഉള്ളതെല്ലാം വിറ്റു പെറുക്കി കുടിയേറ്റക്കാരനായ അളിയനെ വിശ്വസിച്ചാണ് ഇവിടെയെത്തിയത്.”

“അളിയൻ ശെരിക്ക് ഊമ്പിച്ചു. കാശ് മൊത്തം മേടിച്ച് മുങ്ങി. തോക്കാൻ മനസ്സില്ലാത്തോണ്ട് ഈ കുറുക്കൻമൂലേ കേറി. ഇവിടെ ആരും അവകാശോം പറഞ്ഞു വരികേലല്ലോ. ആങ്ങള ചെയ്ത ചെയ്ത്തായോണ്ട് ഇവക്ക് മിണ്ടത്തില്ലല്ലോ. പട്ടയമില്ലാത്തോണ്ട് വീട്ടിന് നമ്പറ് കിട്ടൂല. കരണ്ടുംകിട്ടൂല.” പൈലൻ ചേട്ടൻ ഓർമ്മകളിൽ മുഴുകി.

രണ്ടാൺ മക്കളായിരുന്നു അവർക്ക്. മൂത്തവൻ ബെന്നി. ഇളയവൻ ജോബി. ജോബി കുഞ്ഞായിരിക്കുമ്പോൾ പോളിയോ ബാധിച്ച് കാലുകൾ തളർന്നുപോയി. പോളിയോ രോഗമെന്താണെന്നോ അതിനുള്ള ചികിത്സ എന്താണെന്നോ അറിയാതെ ആ മാതാപിതാക്കൾ പക്ഷി പീഡയാണെന്നും വിശ്വസിച്ച് മന്ത്രവാദ കേന്ദ്രങ്ങളും ആരാധനാലയങ്ങളും കയറിയിറങ്ങി.

“കാല് മേലേലും രണ്ടു കാലിലെഴഞ്ഞ് കൊച്ചല്ലാടത്തും എത്തുവാരുന്നു. അവന്റെ ചിരി കണ്ടാ നെലത്തുവെക്കാൻ തോന്നുകേലാരുന്നു.” പൈലൻ ചേട്ടൻ ഓർമ്മകളിൽ മുഴുകി.

“ഇടവകയിൽ ഹോം മിഷനു വന്ന സിസ്റ്റർമാരാണ് ജോബിക്ക് വികലാംഗകുട്ടികളെ സംരക്ഷിച്ച് പഠിപ്പിക്കുന്ന അവരുടെ സ്ഥാപനത്തിൽ അഡ്‌മിഷൻ നേടിക്കൊടുത്തത്. പ്രീഡിഗ്രി കഴിഞ്ഞ ജോബി പഠനം അവസാനിപ്പിച്ച് ടൗണിൽ ഒരു ഫോൺ ബൂത്ത് തുടങ്ങി. മൊബൈൽ ഫോൺ പ്രചാരത്തിലാകാത്ത കാലമായതിനാൽ STD/ISD കോളുകൾക്ക് ആളുകൾ പ്രധാനമായും ആശ്രയിച്ചിരുന്നത് ടൗണിലെ ഫോൺ ബൂത്തുകളെയായിരുന്നു. വികലാംഗനാണെങ്കിലും സരസമായി സംസാരിക്കാനും ആളുകളുമായി ഇടപെടാനും സമർത്ഥനായിരുന്നു ജോബി. അതുകൊണ്ടുതന്നെ ജോബി ആരംഭിച്ച മാസക്കുറിയിലേക്ക് ടൗണിലെ വ്യാപാരികളും മറ്റ് ആളുകളും ഉത്സാഹത്തോടെ ചേർന്നു. ഫോൺ ബൂത്തിന് തൊട്ടടുത്തുള്ള വാടകലൈനിലാണ് ജോബി താമസിച്ചിരുന്നത്. അതുകൊണ്ടു തന്നെ തന്റെ ഇടപാടുകാർക്ക് ഇരുപത്തിനാലു മണിക്കൂറും ജോബി സംലഭ്യനായിരുന്നു. അവന്റെ ഇപാടുകാർ തന്നെയാണ് ജന്മനാ കൈശോഷിച്ച ഒരു പെൺകുട്ടിയെ അവനായി കണ്ടെത്തിയത്.”

“ആ ആലോചന ഒറപ്പിച്ചപ്പോ അവന്റെ സന്തോഷമൊന്ന് കാണണാരുന്നു.” പൈലൻ ചേട്ടൻ നെടുവീർപ്പിട്ടു.

“എന്നിട്ട്...” അയാൾക്ക് ആകാംക്ഷ അടക്കാനായില്ല.

“ഒത്തുകല്യാണത്തിന് രണ്ടു ദെവസി മുന്ന് കൊച്ചിനെ കാണാതെ പോയി. എല്ലാ കുറീം വട്ടമെത്തിച്ച് കല്യാണചെലവിനുള്ള പൈസ ശെരിയാക്കി വീട്ടിലേക്ക് പോരാൻ തൊടങ്ങുവാരുന്നു അവൻ.”

“താമസിച്ചേ വരത്തൊള്ളൂ. കഞ്ഞി വെച്ചേക്കണംന്ന് അയലോക്കംകാരോട് വിളിച്ചും കൂടി പറഞ്ഞാരുന്നു.” സാലി ചേച്ചി കൂട്ടിച്ചേർത്തു.

അയാൾക്ക് തൊണ്ടയിൽ എന്തോ തടയുന്നതുപോലെ തോന്നി.

“കൊച്ചിന്റെ കൈയ്യിൽ എമ്പിടി പൈസാ ഒണ്ടെന്നറിയാവുന്ന ആരോ ചതിച്ചതാന്നാ നാട്ടുകാര് പറയുന്നേ...”

“നിങ്ങളെവിടെയും അന്വേഷിച്ചില്ലേ...” അയാൾ ചോദിച്ചു.

“എഴുത്തും വായനയും പഠിക്കാത്ത ഞാൻ ഈ നാട്ടിക്കെടന്ന് എന്തന്വേഷിക്കാനാ. നാട്ടുകാര് ആക്ഷൻ കമ്മറ്റിയൊക്കെ ഒണ്ടാക്കി. ആ വഴിക്ക് കടം കേറിയതുമാത്രം മിച്ചം.”

“അവൻ പോയ വെഷമത്തിനാ ബെന്നി നാടുവിട്ടേ. അവനത്ര കാര്യമാരുന്നു കൊച്ചിനെ.”

“ഇപ്പം അവനുണ്ടാരുന്നേ അച്ചന്റെ അതേ പ്രായം കണ്ടേനെ...” അയാൾ കണ്ണുകൾ തുടച്ചുകൊണ്ട് പറഞ്ഞു.

സാലി ചേച്ചി ചക്രവാളത്തിൽ വെറുതേ നോക്കിയിരിക്കുകയാണ്. കഴിഞ്ഞുപോയ വർഷങ്ങൾ ആ കണ്ണുകളിലെ അവസാന തുള്ളി കണ്ണീരും അപഹരിച്ചിട്ടുണ്ടാകണം.

“അതേ എനിക്കൊരു വല്ല്യപണി കിട്ടി. അതൊന്ന് ഒഴിവാക്കിത്തരണം. അതിനാ ഒന്നു കാണണംന്ന് പറഞ്ഞേ.” വൈകുന്നേരം പള്ളിമേടയിലെത്തിയ പൈലൻ ചേട്ടൻ പറഞ്ഞു.

“എന്ത് പണിയാ കിട്ടിയത്. ആരും പറഞ്ഞു കേട്ടില്ലല്ലോ...” അയാൾ പുഞ്ചിരിയോടെ ചോദിച്ചു.

“അതേ. എന്റെ തോക്കൊന്ന് വെഞ്ചിരിച്ചുതരണം.” അയാൾക്കരികിലേക്ക് ചേർന്നു നിന്നുകൊണ്ട് പൈലൻ ചേട്ടൻ സ്വകാര്യം പോലെ പറഞ്ഞു.

“തോക്ക് വെഞ്ചിരിക്കാനോ...” പൈലൻ ചേട്ടൻ എന്താണീപ്പറയുന്നത്.

“അച്ചാ പതുക്കെ... നാട്ടുകാരെ മൊത്തം അറിയിക്കാതെ.” പൈലൻ ചേട്ടൻ ചുണ്ടിൽമേൽ വിരൽ വെച്ചുകൊണ്ട് പറഞ്ഞു.

“പിന്നെ... കൊല്ലാനുപയോഗിക്കുന്ന സാധനം വെഞ്ചിരിക്കാനോ.”

“അച്ചൻ തോക്ക് വെഞ്ചിരിക്കണ്ട. ഇതൊന്ന് വെള്ളം തളിച്ച് തരാവോ.” പൈലൻ ചേട്ടൻ സൂക്ഷ്മതയോടെ ഷർട്ടിന്റെ കീശയിൽ നിന്ന് ഒരു ചെറിയ കടലാസുപൊതി എടുത്തു. ഭക്തിപൂർവ്വം അതിൽ നിന്നൊരു കാശുരൂപം എടുത്ത് അയാൾക്ക് നേരെ നീട്ടി. അയാൾ ചോദ്യഭാവത്തിൽ കാശുരൂപത്തേയും പൈലൻ ചേട്ടനേയും മാറി മാറി നോക്കി.

“എന്റെ അച്ചാ അവനിപ്പം കൈയ്യീ നിക്കുന്നില്ല. തോക്കിനേ ക്കുറിച്ചാണ് പറയുന്നത്.”

“അവന് എന്തു പറ്റി...”

“അതേ...” പൈലൻ ചേട്ടൻ രഹസ്യം പറയും പോലെ പറഞ്ഞു. കഴിഞ്ഞയാഴ്ച രാത്രീ വെടിക്ക് പോയപ്പോ ഒരബദ്ധം പറ്റി. ഏതോ വരത്തുപോക്കുണ്ടായിരു ന്നോടത്താ ഞാൻ നിന്നേ. നോക്കുമ്പം അതാ എന്തോ ഒരൈറ്റം. കണ്ണറിയാൻ മേലാത്ത ഇരുട്ടല്ലേ. ഒരു മലാന്റത്ര വെലിപ്പംകാണും. രണ്ട് കണ്ണേ ഞാൻ ശെരിക്ക് കണ്ടൊള്ളു. ഒന്നും നോക്കാതെ ഒരെണ്ണം അങ്ങ് പൊട്ടിച്ചു. എന്റെ അച്ചാ കർണ്ണം പൊട്ടുന്ന ഒരു അലർച്ച കേട്ടു. എന്റെ കൈയ്യീന്ന് തോക്ക് തെറിച്ചുപോയി. ഇന്നുവരെ മണ്ണുപറ്റാതെ ഞാൻ കൊണ്ടുനടന്ന സാതനാ. എന്നട്ടോ. ആ പ്രദേശം മുഴുവൻ തല തട്ടിപ്പോകുന്ന കെട്ടനാറ്റം. ലൈറ്റടിച്ച് നോക്കീട്ട് ഉരൂന്റെ പൊടിപോലുമില്ല. ഒരു തൊള്ളി ചോരപോലും നെലത്തില്ല. വെടി കൊണ്ടൂന്ന് എനിക്കൊറപ്പാ. രണ്ട് മിഴീന്റം നടുനോക്കിയാ ഞാൻ പൊട്ടിച്ചേ. അപ്ലാ കാര്യം പിടി കിട്ടിയേ.”

“എന്ത് കാര്യം...” അയാൾ കൗതുകത്തോടെ ചോദിച്ചു.

“ഞാമ്പറഞ്ഞില്ലേ. വരത്തുപോക്കിന്റെ കാര്യം.” പൈലൻ ചേട്ടൻ ഓർമ്മിപ്പിച്ചു.

“എന്ന് വെച്ചാൽ...”

“ഈ അച്ചന് ഒന്നും അറിയാമ്പാടില്ലേ.” പൈലൻ ചേട്ടന് ശുണ്ഠികയറി.

“അതേ. ഈ മറുതേം ചാത്തനുമൊക്കെ പോകു ന്ന വഴിയാരുന്നു അത്.”

“നാട്ടിൽ നടക്കാൻ ഇത്രയും വഴിയുള്ളപ്പോ ളാണോ പാവം മറുതയും ചാത്തനും കാട്ടിൽ കൂടി നടക്കുന്നത്.”

“അച്ചൻ എന്നാ വേണേലും പറഞ്ഞോ. സാതനം മറ്റേതാന്ന് എനിക്കൊറപ്പാ. നെലത്തൂടെ നടക്കുന്ന എല്ലാത്തിന്റെയും സ്വരം ഈ പൈലനറിയാം. അതു കഴിഞ്ഞേപ്പിന്നെ വെച്ച ഒറ്റ വെടിപോലും ഏറ്റട്ടില്ല.”

“അതിനാണോ തോക്ക് വെഞ്ചരിക്കുന്നത്?”

“അച്ചൻ ഈ കാശുരൂപം ഒന്ന് വെള്ളം തളിച്ച് തന്നാ മതി. അത് തോക്കേ പിടിപ്പിച്ചാ ആ ദോഷമങ്ങ് മാറിക്കോളും.”

“പൈലൻ ചേട്ടാ. അത് മുമ്പ് മുറിവേറ്റ ഏതെങ്കിലും മൃഗമായിരിക്കും. ഇരുട്ടത്ത് നല്ലതുപോലെ കാണാതെ പൊട്ടിച്ചാൽ വെടി കൊള്ളുമോ.”

“അച്ചനിത് വെഞ്ചിരി ക്കുന്നുണ്ടോ ഇല്ലയോ. ചുമ്മാ ആളെ കളിയാക്കുവാ.” പൈലൻ ചേട്ടൻ നീരസം മറച്ചുവെച്ചില്ല.

പൈലൻ ചേട്ടൻ യാത്ര പറഞ്ഞ് ഇറങ്ങിയപ്പോഴാ ണ് പാപ്പൻ പ്രത്യക്ഷപ്പെ ട്ടത്. ധൂപക്കുറ്റിക്കുള്ള ചിരട്ടക്കരി തയ്യാറാക്കാ നുള്ള തയ്യാറെടുപ്പോടെ യാണ് വരവ്. തിരുനാളി നുള്ള ഒരുക്കം പാപ്പൻ പണ്ടേ ആരംഭിച്ചുകഴിഞ്ഞു. കഴിഞ്ഞ ദിവസം കുരിശുമണിയടിക്കാൻ വന്നപ്പോൾ കൈയ്യിലൊരു സഞ്ചി. ഭാരമുള്ള എന്തോ ഒന്ന് സഞ്ചിയിലുണ്ട്. ഒന്നു നോക്കിയതേ ഉള്ളൂ. സഞ്ചി യിൽ നിന്ന് രണ്ട് കതിനാ ക്കുറ്റികൾ പുറത്തെടുത്തു. “ടൗണീപ്പോയപ്പോ ആക്രിക്കടേ കേറി. ദാണ്ടെ മൂലേ ഇവമ്മാരിരിക്കുന്നു. പാണ്ടിയെപ്പറ്റിച്ച് ഒതുക്കത്തീ മേടിച്ചോണ്ടു പോന്നു.” പാപ്പൻ അഭിമാന ത്തോടെ പറഞ്ഞു.

“എന്നാ കേസ്...” നടന്നകലുന്ന പൈലൻ ചേട്ടനെ കൗതുകത്തോടെ നോക്കിക്കൊണ്ട് പാപ്പൻ ചോദിച്ചു.

“ചുമ്മാ... വെറുതേ സംസാരിക്കാൻ വന്നതാ.” അയാൾ തൽപ്പര്യമില്ലാത്ത ഭാവത്തിൽ പറഞ്ഞു.

“വെറുതേ മിണ്ടാൻ വരുന്ന ഒരാളേ.” പാപ്പൻ പരിഹാസസ്വരത്തിൽ പറഞ്ഞു.

“പിന്നെയേ. ആ പോയ ആളിനെ ശെരിക്കറിയാ വോ?” പാപ്പൻ ചോദിച്ചു.

“അതെന്താ...”

“ഇന്നാട്ടിലെ ഏറ്റോം വെല്ല്യ വേട്ടക്കാരനാ. ഒടുക്കത്തെ ഉന്നമാ. ഒറ്റവെടിക്ക് രണ്ടെണ്ണ ത്തിനെ വീഴ്ത്തുംന്നാ.”

“ആരാ പാപ്പാ വേട്ടക്കാരനല്ലാത്തത്. ഏറ്റവും വലിയ വേട്ടക്കാരനായിരിക്കും ഏറ്റവും വലിയ ഇരയും.”

ഒന്നും മനസ്സിലാകാത്ത മട്ടിൽ പാപ്പൻ സങ്കീർത്തിയിലേക്ക് നടന്നു.

  • (തുടരും)