

നാളെയെ ക്കുറിച്ചുള്ള ബഹുമുഖ പദ്ധതികൾ ക്കിടയിൽ, ഇന്നു ജീവിക്കുന്ന നിമിഷത്തിന്റെ മൂല്യം നാം പലപ്പോഴും മറന്നു പോകുന്നു. മാറ്റിവയ്ക്കുന്നു. ഒരു നല്ല വാക്ക്, ഒരു ക്ഷമ, വൈകരുത്.
ആ പുരോഹിതന്റെ മരണം കുരിശു തലയിൽ വീണാണ്. അൾത്താരയിൽ ചുംബിച്ചു തുടങ്ങിയ ബലി ക്രിസ്തുവിന്റെ കുരിശിലെ രക്തത്തിൽ ചാലിച്ച് അദ്ദേഹം അവസാന ശ്വാസം വലിച്ചു.
ഫാ. പട്രീഷ്യോ സാഞ്ചെസ് (Fr. Patricio Sanchez Molinari). ഇക്വഡോറിൽ ഗ്വയാക്വിൻ അതിരൂപതയിൽ നിത്യസഹായ മാതാപള്ളിയിലെ വികാരി. ബലി തുടങ്ങി, അതാണ് അവസാനബലിയെന്ന് അദ്ദേഹം അറിഞ്ഞോ എന്തോ? കുർബാന മധ്യേ തന്റെ പിന്നിൽ സ്ഥാപിച്ചിരുന്ന വമ്പൻ കുരിശ് ഒന്നാകെ പിഴുതു വീണു. തന്റെ തലയിൽ അടിച്ചു. മരണപ്പെട്ടു. ആ ബലി പൂർത്തിയായി. പ്രാർത്ഥനയിൽ മുഴുകിയിരുന്ന വിശ്വാസികൾ അന്തംവിട്ടു നിലവിളിച്ചു. തത്സമയം ദൃശ്യങ്ങ ളിലൂടെ കണ്ടവരും അവിശ്വസ നീയമായ വേദനയിൽ കുടുങ്ങി.
അതൊരു മഹാദുരന്തമാണ്. എന്റെ അനുഭവങ്ങളിലെ ചില അൾത്താരമരണങ്ങളെ ഞാൻ ഓർമ്മിച്ചു. എന്നാൽ കുരിശു വീണൊരു ബലിയർപ്പണം കുരിശിലെ ബലിയുടെ മറ്റൊരു പൂർത്തീകരണമല്ലേ? നശ്വരത യെക്കുറിച്ചു സംസാരിക്കു മ്പോൾ മരണം തേടിയെത്തുന്ന വിരോധാഭാസം. മരണം എപ്പോൾ? എങ്ങനെ? എവിടെ വച്ച്? ഏതു രൂപത്തിൽ? ആർക്കും അറിവില്ല. നാളെയെ ക്കുറിച്ചുള്ള ബഹുമുഖ പദ്ധതികൾക്കിടയിൽ, ഇന്നു ജീവിക്കുന്ന നിമിഷത്തിന്റെ മൂല്യം നാം പലപ്പോഴും മറന്നുപോകുന്നു. മാറ്റിവയ്ക്കുന്നു. ഒരു നല്ല വാക്ക്, ഒരു ക്ഷമ, വൈകരുത്. പ്രിയപ്പെട്ടവരോ ടൊത്തു ചെലവഴിക്കേണ്ട സമയം മൊബൈൽ ഫോൺ വിഴുങ്ങുന്നു. അനാവശ്യ തർക്കങ്ങളിൽ നഷ്ടപ്പെടു ത്തുന്നു. ഒന്ന് ഓർമ്മിക്കുക. ജീവിതം നമുക്ക് ഉറപ്പു നൽകിയിട്ടുള്ളത് നാളയെ അല്ല; ഈ നിമിഷം മാത്രമാണ്.
ഫാ. പട്രീഷ്യോയുടെ അവസാന ബലിസന്ദേശം വേദനയോടെ ഓർമ്മിപ്പിക്കു ന്നത് ഈ സത്യമാണ്. ജീവിച്ചിരിക്കുന്ന സമയം ദൈവത്തോടും മനുഷ്യരോടും അർത്ഥപൂർണ്ണമായ ബന്ധം പുലർത്തുക എന്ന ആഹ്വാന മാണ്. തന്റെ മരണം വാക്കു കൾക്ക് അർത്ഥം നൽകിയതല്ല. മറിച്ച്, അദ്ദേഹം പറഞ്ഞ സത്യത്തിന്റെ ഗൗരവം നമ്മുടെ മനസ്സിൽ കൂടുതൽ ദൃഢമായി പതിപ്പിക്കുകയാണു ചെയ്തത്.
കുരിശ് വെറും ഒരു പ്രതീകം മാത്രമല്ല, സ്നേഹത്തിന്റെ അട യാളമാണ്. ത്യാഗത്തിന്റെയും വേദനയുടെയും പ്രത്യാശയു ടെയും പ്രതീകമാണ്. മനുഷ്യ രക്ഷയ്ക്കായി ക്രിസ്തു സഹിച്ച പീഡാനുഭവത്തെയും മരണത്തെയും ഉയിർപ്പിനെയും അത് ഓർമ്മിപ്പിക്കുന്നു. എന്നാൽ ഇവിടെ ഒരു വലിയ തടി - ആ കുരിശ് ഒരു പുരോഹിതന്റെ ജീവനെടുക്കുന്ന ദുരന്തത്തിന്റെ കാരണമായി. ഈ സംഭവം കുരിശിന്റെ അന്തസ്സിനെക്കുറിച്ചും ആത്മീയ അർത്ഥത്തെക്കുറിച്ചും ചിന്തിക്കുവാൻ നമ്മെ പ്രേരിപ്പിക്കുന്നു.
കുരിശ് ഭിത്തിയിൽ ഉറപ്പിച്ചു വയ്ക്കുന്ന ഒരു വസ്തു മാത്ര മാണോ? കഴുത്തിൽ ധരിക്കുന്ന ഒരു ‘ഷോ’ ആഭരണമോ? ദൈവാലയത്തിലുള്ള ഒരു പ്രതീകമോ? അതോ അന്യന്റെ വേദന തിരിച്ചറിയാനുള്ളതോ? അവരെ സ്നേഹിക്കുവാനും, സ്വന്തം സൗകര്യങ്ങൾ ത്യജിക്കാനും നമ്മെ പ്രേരിപ്പിക്കുന്ന ഒരു ജീവിതദർശനമോ?
ക്രിസ്തുവിന്റെ കുരിശിന്റെ യാഥാർത്ഥ അർത്ഥം അതിന്റെ ഭൗതിക രൂപത്തിലല്ല; അതു നമ്മിൽ ഉണർത്തേണ്ട സ്നേഹത്തിലും കരുണയിലുമാണ്. കുരിശ് ക്രിസ്തുവിന്റെ പീഡാനുഭവത്തിലേക്കു മാത്രമല്ല, മനുഷ്യന്റെ വേദനയിലേക്കും നമ്മെ നയിക്കണം. കുരിശിന്റെ മുന്നിൽ തലകുനിക്കുന്നു; വേദനിക്കുന്ന മനുഷ്യന്റെ മുന്നിലും തലകുനിക്കാൻ നാം പഠിക്കണം.
അതേസമയം ഈ ദുരന്തത്തെ ദൈവശിക്ഷയായി കാണരുത്. ദൈവം മനഃപൂർവ്വം ഒരുക്കിയ ഒരു സന്ദേശമായി വ്യാഖ്യാനിക്കരുത് (Lk. 13:1-4). കുരിശ് എങ്ങനെ ഇളകി വീണു? കാരണം? സാഹചര്യം പരിശോധിക്കാം. വിശ്വാസം എന്നത് ദുരന്തത്തിനു പിന്നിൽ നാം അറിയാത്ത ദൈവിക ഉദ്ദേശ്യങ്ങൾ സങ്കല്പിക്കുന്നതിൽ മാത്രം ഒതുങ്ങുന്നില്ല. ദുരന്തത്തെ യാഥാർത്ഥ്യ ബോധത്തിൽ നേരിടാനും ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കാനും, ദുഃഖിതരെ ആശ്വസിപ്പിക്കുവാനും സഹായിക്കുവാനും നമ്മെ പ്രാപ്തരാക്കണം. അതും വിശ്വാസത്തിന്റെ ഭാഗമാണ്.
പുരോഹിതൻ നമ്മെ ഓർമ്മപ്പെടുത്തുന്ന ഒരു ജീവിതമുണ്ട്. അദ്ദേഹം അൾത്താരയിൽ നിൽക്കുന്നു. വിശുദ്ധ കുർബാന അർപ്പിക്കുന്നു. അതുമാത്രമല്ല, പറയാതെ പറയുന്ന ഒരു ജീവിതമുണ്ട്. സഹനത്തിന്റെ വശം. വിശ്വാസികളുടെ സന്തോഷത്തിലും ദുഃഖത്തിലും പങ്കുചേരുന്നു, നിരാശരായവർക്ക് പ്രത്യാശ നൽകുന്നു, തെറ്റിപ്പോയവരെ തിരികെ സ്വീകരിക്കുന്നു, മരണത്തിന്റെ മുന്നിൽ വിറയ്ക്കുന്നവരെ ആശ്വസിപ്പിക്കുന്നു. ഇവയെല്ലാം കത്തോലിക്ക പുരോഹിത ശുശ്രൂഷയുടെ ഭാഗമാണ്. വിശുദ്ധ കുർബാനയിൽ ക്രിസ്തുവിന്റെ പീഡാനുഭവവും മരണവും ഉയിർപ്പും അനുസ്മരിക്കുന്നു. അപ്പവും വീഞ്ഞും സമർപ്പിക്കപ്പെടുന്നതിൽ, ക്രിസ്തുവിന്റെ ആത്മസമർപ്പണത്തിന്റെ ഓർമ്മയുണ്ട്. എന്നാൽ ആ ഓർമ്മ ദൈവാലയത്തിലെ ചടങ്ങിൽ അവസാനിക്കുന്നില്ല. അതു നമ്മുടെ ജീവിതത്തിലേക്കു പകരണം. വേദനയിൽ പങ്കുചേരുമ്പോൾ മറ്റൊരു കുർബാനയാണത്. ക്ഷമിക്കുമ്പോൾ, സ്വാർത്ഥത ഉപേക്ഷിക്കുമ്പോൾ, പ്രതിഫലം പ്രതീക്ഷിക്കാതെ സ്നേഹിക്കുമ്പോൾ, ആ കുർബാനയുടെ അർത്ഥം നമ്മുടെ ജീവിതത്തിൽ യാഥാർത്ഥ്യമാകുന്നു.
ഈ അർത്ഥത്തിൽ, അൾത്താരയ്ക്കു സമീപം സംഭവിച്ച ആ ദുരന്തം നമ്മെ അസ്വസ്ഥമാക്കുന്ന ചോദ്യത്തിനു മുന്നിൽ നിറുത്തുന്നു: നമുക്ക് ഇതിൽ വിശ്വാസമുണ്ടോ? കുർബാനയിൽ നാം പങ്കെടുക്കുന്നത് ക്രിസ്തുവിന്റെ മരണവും ഉയിർപ്പും അനുസ്മരിക്കുവാൻ മാത്രമാണോ. അതോ, അതേ ക്രിസ്തുവിന്റെ സ്നേഹവും ത്യാഗവും നമ്മുടെ ജീവിതത്തിൽ പകർത്തുവാനുമാണോ? പുറത്തിറങ്ങുമ്പോൾ നമ്മുടെ മനോഭാവത്തിൽ എന്തെങ്കിലും മാറ്റമുണ്ടാകുന്നുണ്ടോ? വീട്ടിൽ കാത്തിരിക്കുന്നവരോട് കൂടുതൽ ക്ഷമയോടെ പെരുമാറുന്നുണ്ടോ? നമ്മെ വേദനിപ്പിച്ചവരോടുള്ള വിദ്വേഷം കുറയുന്നുണ്ടോ? ഇത്തരം ചോദ്യങ്ങൾ വിശുദ്ധ കുർബാനയുടെ ഫലപ്രാപ്തിയെക്കുറിച്ചുള്ള ആത്മശോധനയിലേക്ക് നമ്മെ നയിക്കണം.
വിശ്വാസത്തിന്റെ മുന്നിൽ ഒരു ചോദ്യം ഉയർത്താം - ജീവിതവും മരണവും സത്യമാണ്. ദൈവാലയത്തിനുള്ളിൽ നിൽക്കുന്നവരായാലും ദൈവത്തെക്കുറിച്ചു സംസാരിക്കുന്നവരായാലും, മനുഷ്യജീവിതത്തിന്റെ അനിശ്ചിതത്വത്തിന് ആരും അതീതരല്ല. വിശ്വാസം മരണത്തിൽ നിന്നുള്ള ഒരു ഇൻഷുറൻസല്ല. ഉള്ളിൽ സംഭവിച്ച ദുരന്തം വിശ്വാസത്തെ പരിഹസിക്കുന്നതല്ല; അതുപോലെ ദുരന്തം വിശ്വാസത്തിന്റെ മഹത്വം തെളിയിക്കുന്ന അദ്ഭുതമായി ചിത്രീകരിക്കേണ്ടതുമില്ല. ജീവിതത്തിൽ സംഭവിക്കുന്ന എല്ലാ കാര്യങ്ങൾക്കും ഉടനടി ഉത്തരം കാണുകയില്ല.
മരണം സംഭവിക്കുകയില്ല എന്ന ഉറപ്പല്ല ക്രൈസ്തവപ്രത്യാശ. മരണമാണ് ജീവിതത്തിന്റെ അവസാന വാക്ക് എന്ന നിഗമനത്തിലും എത്തരുത്. ക്രിസ്തുവിന്റെ ഉയിർപ്പിലുള്ള വിശ്വാസം മരണത്തിന്റെ യാഥാർത്ഥ്യത്തെ നിഷേധിക്കുന്നില്ല. മറിച്ച് മരണത്തിനും നഷ്ടത്തിനും നടുവിൽ, സ്നേഹത്തിനും പ്രത്യാശയ്ക്കും അർത്ഥമുണ്ടെന്നു നമ്മെ ഓർമ്മിപ്പിക്കുന്നു.
എന്നാൽ ആ പ്രത്യാശ ദുഃഖിക്കാനുള്ള അവകാശം നമ്മിൽ നിന്നും എടുത്തുകളയുന്നില്ല. ഒരു കത്തോലിക്ക പുരോഹിതനെ നഷ്ടപ്പെട്ട വിശ്വാസികൾക്കു കരയാം. അദ്ദേഹത്തെ സ്നേഹിച്ചവർക്കു കരയാം. ചോദ്യങ്ങൾ ചോദിക്കാം. ആ നഷ്ടം അംഗീകരിക്കാൻ സമയം എടുക്കാം. വിശ്വാസം കണ്ണീരില്ലാത്ത അവസ്ഥയല്ല. കണ്ണീരിനിടയിലും മനുഷ്യനോടുള്ള സ്നേഹവും, ജീവിതത്തോടുള്ള പ്രത്യാശയും കൈവിടാതിരിക്കാനുള്ള കരുത്താണ്.
ഒരു കാര്യം പഠിക്കേണ്ടതുണ്ട്. ഇന്ന് തത്സമയ സംപ്രേക്ഷണത്തിന്റെ കാലമാണ്. ഈ ദുരന്തവും തത്സമയം ലോകം മുഴുവൻ കണ്ടു. നേരിൽ കാണുന്നതുപോലെ ഞെട്ടൽ ഉണ്ടായി. എന്നാൽ ആവർത്തിച്ചാവർത്തിച്ച് ആ ദൃശ്യം കാണുന്നതിനെ വികാരഭരിത വാർത്തയായി കാണരുത്. ആദ്യം വാർത്തയായി ഞാൻ വേണം പങ്കുവയ്ക്കുവാൻ എന്ന ചിന്തയിൽ ഒതുങ്ങരുത്. മരിച്ച വ്യക്തിയുടെ അന്തസ്സു പാലിക്കണം. ദുഃഖിക്കുന്നവരുടെ സ്വകാര്യത മാനിക്കണം. അത് നമ്മുടെ ധാർമ്മിക ഉത്തരവാദിത്വമാണ്.
ദൃശ്യം നമ്മെ ഉണർത്തുന്നുവെങ്കിൽ, ആ ഉണർവ് നമ്മുടെ ജീവിതത്തിൽ എന്തെങ്കിലും നന്മയായി മാറട്ടെ. ഒരു സ്നേഹവാക്ക് ഇന്നു പറയാം. ഏറെ നാളായി സംസാരിക്കാത്ത ഒരാളെ വിളിക്കാം. തെറ്റിദ്ധാരണ തീർക്കാം. കുടുംബാംഗങ്ങൾക്കായി സമയം കണ്ടെത്താം. ദുഃഖം കേൾക്കാം. കാരണം എത്രകാലം ജീവിക്കുന്നു എന്നതിലല്ല മൂല്യം, ആ കാലത്തിൽ എത്രമാത്രം സ്നേഹിക്കുന്നു എന്നതിലും കൂടിയാണ്. ഫാമിലി പട്രീഷ്യോ ആൽഫ്രെഡോ സാഞ്ചെസ് മൊളിനാരിയുടെ മരണം ഒരു ദാരുണ അപകടമാണ്. അദ്ദേഹത്തിന്റെ അവസാന നിമിഷങ്ങളുമായി ബന്ധപ്പെട്ട ഒരു സന്ദേശമുണ്ട്; അത് ഒരു സത്യത്തിലേക്ക് തിരികെ വിളിക്കുന്നു: നമുക്ക് മരണത്തെ നിയന്ത്രിക്കുവാൻ ആകുകയില്ല. ജീവിച്ചിരിക്കുന്ന ഓരോ ദിവസവും എങ്ങനെ വിനിയോഗിക്കണമെന്നു തീരുമാനിക്കുവാൻ കഴിയും.
ഒരിക്കൽ നാം നിത്യജീവന്റെ അൾത്താരയ്ക്കു മുന്നിൽ നിൽക്കേണ്ടിവരും, അപ്പോൾ കൈവശം അവശേഷിപ്പിക്കേണ്ടത്, പദവികളോ, സമ്പത്തോ, പ്രശസ്തിയോ മാത്രമല്ല; നാം സ്നേഹിച്ച മനുഷ്യരും, പങ്കുവച്ച കരുണയും, അപരന്റെ ജീവിതത്തിൽ അവശേഷിപ്പിച്ച നന്മയുമായിരിക്കണം.
കുരിശ് ക്രിസ്തുവിന്റെ മരണത്തിന്റെ ഓർമ്മ. ഉയിർപ്പ് പ്രത്യാശയുടെ ഓർമ്മ. ഈ രണ്ടിനും ഇടയിലാണ് നമ്മുടെ ജീവിതം - വേദനയും സ്നേഹവും നഷ്ടവും പ്രത്യാശയും ചേർന്ന ഒരു യാത്ര.
ഫാദർ പട്രീഷ്യോയുടെ ഓർമ്മയ്ക്കു മുന്നിൽ ആദരവോടെ തലകുനിക്കുന്നു, ആത്മശാന്തി നേരുന്നു. ദുഃഖിക്കുന്ന ഏവർക്കും ആശ്വാസം ലഭിക്കട്ടെ. കുർബാനയിൽ കണ്ടുമുട്ടുന്ന ക്രിസ്തുവിന്റെ സ്നേഹം, ദേവാലയ ചുവരുകൾക്കപ്പുറം, നമ്മുടെ വീടുകളിൽ ജീവിക്കട്ടെ.