റാണി ചുണങ്ങംവേലി
ഞാന്‍ ഫറവോയുടെ പുത്രി, പേരില്ലാത്തവള്‍!
ഇസ്രയേലേ, നന്ദികെട്ട ജനമേ-
നിന്റെ രക്ഷാകര ചരിത്രത്തില്‍
നീ മറച്ചു കളഞ്ഞ പേര്!!
ഞാങ്ങണച്ചെടികള്ക്കിടയില്
ഒരു ജനതയുടെ രക്ഷകനെ കണ്ടെത്തിയവള്, ഞാന്‍
ജലത്തില്‍ നിന്നെടുത്തവനെ-
'മോശ' എന്നു പേരിട്ടു വളിച്ചവള്
ഫറവോയുടെ അന്തക വിത്തിന്
അവന്റെ കൊട്ടാരത്തില്‍, വേരുപാകിയവള്
കുലസ്നേഹവും കൂറും-
അവന്റെ സിരകളില്‍ പടര്‍ത്തിയവള്‍
ഞാന്‍ ഫറവോയുടെ പുത്രി, പേരില്ലാത്തവള്‍-
ഇസ്രയേലേ, നന്ദികെട്ട ജനമേ-
നിന്റെ രക്ഷാകര ചരിത്രത്തില്‍
നീ മറച്ചു കളഞ്ഞ പേര്!!
വാക്കില്‍ തടസമുള്ളവനെ
കൈക്കരുത്തില്‍ വളര്‍ത്തിയവള്‍
അനീതിയെ തച്ച് മണലില്‍ താഴ്ത്താനവന്
നീതിബോധം പകര്‍ന്നവള്‍
ഹോറെബില്‍ കത്തുന്ന മുള്‍പ്പടര്‍പ്പിന്റെ പരിശുദ്ധിയിലും
രണ്ടായിപ്പിളര്‍ന്ന കടലിന്റെ ഭീകരതയിലും
പതറിപ്പോകാത്തത്ര-
ആത്മധൈര്യമവനില് നിറച്ചവള്‍.
ഞാന്‍ ഫറവോയുടെ പുത്രി, പേരില്ലത്തവള്,
ഇസ്രയേലേ, നന്ദികെട്ട ജനമേ-
നിന്റെ രക്ഷാകര ചരിത്രത്തില്‍
നീ മറച്ചു കളഞ്ഞ പേര്!!!
റവുവേലിന്റെ പുത്രി – സിപ്പോറ
അമ്മീനാദാബിന്റെ പുത്രി – എലിഷേബ
അഹറോന്റെ സോദരി – മിരിയാം
ഫറവോയുടെ പുത്രി – പേരില്ലാത്തവള്‍!!!
ഇസ്രേയേലെ, നന്ദികെട്ട ജനമേ-
നിന്റെ രക്ഷാകര ചരിത്രത്തില്‍
നീ മറച്ചു കളഞ്ഞ പേര്!!!