സോഷ്യോളജി

സോഷ്യോളജി
ബിരുദ തലത്തിലും ബിരുദാനന്തര ബിരുദ തലത്തിലും സോഷ്യോളജി (സമൂഹശാസ്ത്രം) പഠിക്കാത്തവരും സിവില്‍ സര്‍വീസ് പരീക്ഷ എഴുതുമ്പോള്‍ ഐച്ഛിക വിഷയമായി സോഷ്യോളജി തെരഞ്ഞെടുക്കാറുണ്ട്, പ്രത്യേകിച്ചും എന്‍ജിനീയറിങ് മെഡിസിന്‍ തുടങ്ങിയ മേഖലകളില്‍ നിന്ന് വരുന്നവര്‍. ചുരുങ്ങിയ സമയം കൊണ്ട് വിഷയത്തിന്റെ സമഗ്ര വശങ്ങളും മനസ്സിലാക്കുവാന്‍ കഴിയും എന്ന ധാരണയിലാണ് വിദ്യാര്‍ത്ഥികള്‍ ഇങ്ങനെ ചെയ്യുന്നത്. ഈ ധാരണ ഒട്ടൊക്കെ ശരിയുമാണ്. എന്നാല്‍ സോഷ്യോളജി എന്ന പഠനശാഖയെ ശരിയായ വിധത്തില്‍ മനസ്സിലാക്കാതെയും അത് തന്റെ പഠന താല്‍പര്യങ്ങള്‍ക്ക് അനുയോജ്യമാണോ എന്ന് മനസ്സിലാക്കാതെയും സോഷ്യോളജി പഠനം തുടങ്ങുന്നവര്‍ക്ക് വിപരീത ഫലം ഉണ്ടായേക്കാം.

സിവില്‍ സര്‍വീസ് പരീക്ഷയുടെ ഐച്ഛികവിഷയം എന്നതിനപ്പുറം സോഷ്യോളജി പഠനം സ്വതന്ത്രമായ കരിയര്‍ സാധ്യതകള്‍ തുറക്കുന്ന പഠന മേഖല തന്നെയാണ്.

  • എന്താണ് സോഷ്യോളജി?

ഒരു സമൂഹത്തില്‍ വ്യക്തിയുടെ സ്ഥാനം, പങ്ക് എന്നിവയും സമൂഹം വ്യക്തിയില്‍ ചെലുത്തുന്ന സ്വാധീനം, നിയന്ത്രണം എന്നിവയും പഠിക്കുക എന്നതാണ് സോഷ്യോളജിയുടെ (സമൂഹശാസ്ത്രത്തിന്റെ) മുഖ്യ ലക്ഷ്യം.

നമ്മുടെ വ്യക്തിജീവിതത്തിലെയും സമൂഹങ്ങളിലെയും ലോകത്തെയും പ്രധാനപ്പെട്ട കാര്യങ്ങള്‍ വിശകലനം ചെയ്യുകയും വിശദീകരിക്കുകയും ചെയ്യുന്ന പഠനമേഖലയാണ് സോഷ്യോളജി. വ്യക്തിതലത്തില്‍ കുടുംബം, ബന്ധങ്ങള്‍, പ്രണയം, വംശീയലിംഗ സ്വത്വം, വാര്‍ധക്യം, മതവിശ്വാസം തുടങ്ങിയ കാര്യങ്ങളുടെ സാമൂഹിക കാരണങ്ങളും അനന്തരഫലങ്ങളും സോഷ്യോളജിയുടെ വിഷയങ്ങളാണ്. സാമൂഹിക തലത്തില്‍ കുറ്റകൃത്യവും നിയമവും, ദാരിദ്ര്യവും സമ്പത്തും, മുന്‍വിധിയും വിവേചനവും, സ്‌കൂളുകളും വിദ്യാഭ്യാസവും, ബിസിനസ്സ് സ്ഥാപനങ്ങള്‍, നഗര സമൂഹം, സാമൂഹിക പ്രസ്ഥാനങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കുകയും വിശദീകരിക്കുകയും ചെയ്യുന്നു. ആഗോളതലത്തില്‍ ജനസംഖ്യാ വളര്‍ച്ചയും കുടിയേറ്റവും, യുദ്ധവും സമാധാനവും, സാമ്പത്തിക വികസനവും തുടങ്ങിയ പ്രതിഭാസങ്ങളെ സാമൂഹ്യശാസ്ത്രം പഠിക്കുന്നു.

  • പഠനം

+2 മുതല്‍ തന്നെ സോഷ്യോളജി പഠിക്കാന്‍ അവസരമുണ്ട്. എന്നാല്‍ ഒട്ടുമിക്ക പേരും അവരുടെ സോഷ്യോളജി പഠനം തുടങ്ങുന്നത് ബിരുദ തലത്തിലാണ്. ബിരുദത്തിനുശേഷം ബിരുദാനന്തര ബിരുദം നേടാം തുടര്‍ന്ന് ഗവേഷണ ബിരുദങ്ങളായ MPhil/PhD നേടുവാനും ശ്രമിക്കാവുന്നതാണ്.

ജവഹര്‍ലാല്‍ നെഹ്‌റു, ഡല്‍ഹി, ഹൈദരാബാദ്, പോണ്ടിച്ചേരി എന്നീ യൂണിവേഴ്‌സിറ്റികള്‍, അലിഗഡ് സര്‍വകലാശാല, ജാമിയ മിലിയ ഇസ്ലാമിയ യൂണിവേഴ്‌സിറ്റി, ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി തുടങ്ങിയവയില്‍ സോഷ്യോളജിക്ക് മികച്ച പഠന കേന്ദ്രങ്ങള്‍ ഉണ്ട്. മേല്‍പ്പറഞ്ഞവ ഉള്‍പ്പെടെയുള്ള കേന്ദ്ര സര്‍വകലാശാലകളിലേക്ക് പൊതുപ്രവേശന പരീക്ഷയിലൂടെയാണ് ബിരുദതലത്തിലും ബിരുദാനന്തര തലത്തിലും പ്രവേശനം നടത്തുന്നത്.

ഇവയ്ക്കു പുറമേ കേരളത്തിലെ വിവിധ സര്‍വകലാശാലകളിലും കോളജുകളിലും ബെംഗളൂരു ക്രൈസ്റ്റ്, ഭാരതിയാര്‍ സര്‍വകലാശാല, ചെന്നൈ ലയോള, മണിപ്പാല്‍, മുംബൈ സര്‍വകലാശാല തുടങ്ങി കേരളത്തിനു പുറത്തുള്ള ഒട്ടേറെ സ്ഥാപനങ്ങളിലും പഠന സൗകര്യങ്ങളുണ്ട്.

  • ഉപരിപഠനം

സോഷ്യോളജിയിലെ ബിരുദാനന്തര ബിരുദ പഠനങ്ങളും ഗവേഷണ പഠനങ്ങളും കൂടാതെ ക്രിമിനോളജി, സോഷ്യല്‍ വര്‍ക്ക്, ഫിലോസഫി, ഹിസ്റ്ററി, സൈക്കോളജി, മാനേജ്‌മെന്റ്, നിയമം തുടങ്ങിയ വിഷയങ്ങളിലും സോഷ്യോളജി ബിരുദധാരികള്‍ക്ക് ഉപരിപഠനം നടത്താവുന്നതാണ്. ഐഐ ടി ഗാന്ധി നഗറിലെ എം എ സൊസൈറ്റി & കള്‍ച്ചര്‍, ഐ ഐ ടി ജോധ്പൂരിലെ എം എസ് സി ഡിജിറ്റല്‍ ഹ്യൂമാനിറ്റിസ്, ഐ ഐ ടി മുംബൈയിലെ എം എ സോഷ്യോളജി, മുംബൈയിലെ ടാറ്റ ഇന്‍സ്റ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സിലെ എം എ സോഷ്യല്‍ ഓണ്‍ട്രപ്രണര്‍ഷിപ്, ഡല്‍ഹി സര്‍വകലാശാലയിലെ എംഎ ഡവലപ്‌മെന്റ് കമ്യൂണിക്കേഷന്‍ & എക്സ്റ്റന്‍ഷന്‍, ഡല്‍ഹിയിലെ ജാമിയ മിലിയ യൂണിവേഴ്‌സിറ്റിയിലെ എം എ സോഷ്യല്‍ എക്‌സ്‌ക്ലൂഷന്‍ & ഇന്‍ക്ലൂസീവ് പോളിസി, ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ എം എ ലേബര്‍ ആന്‍ഡ് ഡെവലപ്‌മെന്റ് സ്റ്റഡീസ്, ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയിലെ എം എ ഡിജിറ്റല്‍ സൊസൈറ്റി എന്നിവയൊക്കെ ഇത്തരത്തില്‍ ശ്രദ്ധേയമായ കോഴ്‌സുകളാണ്.

  • തൊഴിലവസരങ്ങള്‍

വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഗവേഷണ സ്ഥാപനങ്ങളിലുമാണ് തൊഴിലവസരങ്ങള്‍ മുഖ്യമായും ഉള്ളത്. സര്‍ക്കാര്‍ ഏജന്‍സികള്‍, സന്നദ്ധ സംഘടനകള്‍, രാജ്യാന്തര ഏജന്‍സികള്‍, വന്‍കിട ബിസിനസ് സ്ഥാപനങ്ങള്‍ എന്നിവയിലും അവസരങ്ങളുണ്ട്. സോഷ്യോളജിയില്‍ ബിരുദം നേടിയ ശേഷം സോഷ്യല്‍ വര്‍ക്ക് പോലുള്ള പ്രൊഫഷണല്‍ പ്രോഗ്രാമുകള്‍ ചെയ്യാനും മെഡിക്കല്‍/ഇന്‍ഡസ്ട്രിയല്‍ സോഷ്യല്‍ വര്‍ക്കര്‍ ആകാനും കഴിയും. വ്യാവസായിക/കോര്‍പ്പറേറ്റ് രംഗത്ത് കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റിയിലും (സി എസ് ആര്‍), മാര്‍ക്കറ്റിംഗ് ഡിവിഷനുകളിലും അവസരങ്ങള്‍ ഉണ്ട്. ഗ്രീന്‍പീസ്, ഓക്‌സ്ഫാം, യു എന്‍ ബോഡികള്‍, വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്ചര്‍ എന്നിവയുള്‍പ്പെടെയുള്ള സര്‍ക്കാരിതര സംഘടനകളില്‍ ജോലി ലഭിക്കുന്ന സോഷ്യോളജി ബിരുദധാരികളുടെ എണ്ണവും നിരവധിയാണ്. ഡേറ്റാ സയന്‍സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തുടങ്ങിയ ടൂളുകള്‍ സാമൂഹ്യ പഠനത്തിന് ഉപയോഗിക്കുമ്പോള്‍ സോഷ്യോളജി ഉള്‍പ്പെടെയുള്ള സാമൂഹ്യശാസ്ത്ര വിദഗ്ധര്‍ കൂടി ചേര്‍ന്നുള്ള ടീമാണ് അത് നിര്‍വഹിക്കുന്നത്. അതിനാല്‍ ഈ മേഖലയിലും സോഷ്യോളജി പഠിച്ചവര്‍ക്ക് തൊഴിലവസരങ്ങള്‍ ലഭിക്കാവുന്നതാണ്.

  • സിവില്‍ സര്‍വീസ് പഠനവും സോഷ്യോളജിയും

തുടക്കത്തില്‍ സൂചിപ്പിച്ചതുപോലെ മുമ്പ് പഠിക്കാതെ തന്നെ സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് സോഷ്യോളജി ഐച്ഛിക വിഷയമായി എടുക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. ഇങ്ങനെയുള്ളവര്‍ പഠനത്തില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഇനി പറയുന്നവയാണ്.

സിലബസിലെ ഓരോ വിഷയവും ഉപവിഷയവും കൃത്യമായി മനസ്സിലാക്കുക. ഒരു ഭാഗവും പഠിക്കാതെ പോകുന്നില്ലെന്ന് ഉറപ്പാക്കുക. വിഷയത്തില്‍ പൊതുധാരണ ഉണ്ടായാല്‍ പോരാ എന്നും മറിച്ച് ആഴത്തിലുള്ള അറിവാണ് ഉണ്ടാകേണ്ടത് എന്നും പ്രത്യേകം ഓര്‍ക്കുക. അതിനാല്‍ ഓരോ പാഠ്യഭാഗത്തിനും അനുയോജ്യമായ പഠന സാമഗ്രികള്‍ ഉറപ്പാക്കുക തന്നെ വേണം.

സോഷ്യോളജി ഒരു ജനപ്രിയ ഓപ്ഷണല്‍ ആയതിനാല്‍, ധാരാളം പുസ്തകങ്ങളും പഠന സാമഗ്രികളും ഓണ്‍ലൈനിലും ഓഫ്‌ലൈനിലും ലഭ്യമാണ്. ഏത് പുസ്തകങ്ങള്‍ വായിക്കണം, എത്രത്തോളം വായിക്കണം എന്നതിനെക്കുറിച്ച് പലപ്പോഴും ആശയക്കുഴപ്പമുണ്ടാകാം. എസന്‍ഷ്യല്‍ സോഷ്യോളജി, ഇഗ്‌നോയില്‍ നിന്നുള്ള ബാച്ചിലേഴ്‌സ്, മാസ്റ്റേഴ്‌സ് കോഴ്‌സ് ബുക്കുകള്‍, Haralambos, Holborn എന്നിവ പോലുള്ള ഉറവിടങ്ങള്‍ തിരഞ്ഞെടുക്കുക. പുസ്തകങ്ങളുടെ എണ്ണം പരിമിതപ്പെടുത്തി വിഷയാടിസ്ഥാനത്തിലുള്ള കുറിപ്പുകള്‍ സ്വയം തയ്യാറാക്കുക.

സോഷ്യോളജിയുമായി ബന്ധപ്പെട്ട നിരവധി വാര്‍ത്തകള്‍ ദിനപത്രത്തില്‍ കാണാം. നിങ്ങളുടെ ഉത്തരങ്ങളില്‍ ഇവയെക്കുറിച്ച് പരാമര്‍ശിക്കുകയും സാധ്യമാകുന്നിടത്തെല്ലാം അവ ഉദ്ധരിക്കുകയും ചെയ്യുക. ഉദാഹരണത്തിന്, പുരുഷാധിപത്യത്തെക്കുറിച്ച് എഴുതുമ്പോള്‍ വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ വാര്‍ഷിക ഗ്ലോബല്‍ ജെന്‍ഡര്‍ ഗ്യാപ്പ് റിപ്പോര്‍ട്ട് ഉദ്ധരിക്കാം. മതനിരപേക്ഷത, അല്ലെങ്കില്‍ നിയമവും സാമൂഹിക മാറ്റവും എന്ന വിഷയത്തില്‍ ഉത്തരം എഴുതുമ്പോള്‍ സമീപകാല സംഭവങ്ങള്‍ പരാമര്‍ശിക്കാം. നിങ്ങള്‍ സിലബസ് അനുസരിച്ച് വിഷയം പഠിച്ചിട്ടുണ്ടെന്ന് മാത്രമല്ല, നിങ്ങളുടെ ചുറ്റുമുള്ള സംഭവവികാസങ്ങളുമായി അവയെ ബന്ധിപ്പിക്കാനും നിങ്ങള്‍ക്ക് കഴിയുമെന്നത് മൂല്യനിര്‍ണ്ണയം നടത്തുന്നയാളിന് ബോധ്യപ്പെടുത്തുവാന്‍ ഇതിലൂടെ സാധ്യമാവും. കൃത്യവും നിരന്തരവുമായ റിവിഷനുകളും ഉത്തരങ്ങള്‍ എഴുതി പരിശീലിക്കലും സിവില്‍ സര്‍വീസ് വിജയത്തിന് അത്യന്താപേക്ഷിതമാണ്.

  • വ്യക്തി ഗുണങ്ങള്‍

നല്ല വായനയും എഴുത്തും, ഒന്നിലധികം ഭാഷകളിലുളള പരിജ്ഞാനം, വിശകലനപരവും വ്യാഖ്യാനപരവുമായ കഴിവുകള്‍, നിരീക്ഷണ പാടവം, വാദങ്ങള്‍ മികച്ച രീതിയില്‍ അവതരിപ്പിക്കാനുള്ള കഴിവ്, ഒരു ടീമില്‍ പ്രവര്‍ത്തിക്കാനുള്ള കഴിവ് എന്നിവയെല്ലാം സോഷ്യോളജി കരിയറിന് ആവശ്യമായ വ്യക്തി ഗുണങ്ങളാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org