വിഖ്യാതമാം അസ്ഥിക്കൂട്ടില്‍ ത്രസിക്കുന്ന
വിജ്ഞാനഹൃദയമാം പൊന്‍മയിലേ
പീലിവിടര്‍ത്തി നിന്നാടുവാന്‍ മോഹമായ്
പിടയുന്നുവോ സ്വപ്നരാവിലെന്നും!
നീലവിഹായസ്സിന്‍ ചക്രവാളം നീളേ
കാര്‍മുകില്‍ പാളി വിടര്‍ന്നങ്ങു നില്‌ക്കേ
ചിരകാല മോഹം മനതാരിലെത്രേ
കാല്‍ച്ചിലങ്കകള്‍ കെട്ടിനൃത്തമാടാന്‍
മഴവില്ലുപോലേഴു വര്‍ണ്ണങ്ങളാല്‍ നിന്റെ
അന്തരംഗത്തിലുദിച്ച മോഹങ്ങള്‍
കാറ്റുവിതച്ചു കാര്‍മേഘം പൊലിഞ്ഞപോല്‍
കദനഭാരം പേറിപോയ്മറഞ്ഞു.
മനമേ മയൂരമായ് പീലിവടര്‍ത്തിനീ
മനമതില്‍ കൊട്ടാരമുറ്റം നിറയ്ക്കാന്‍
മിന്നാമിനുങ്ങുപോല്‍ കൂരിരുള്‍പ്പാതയില്‍
മിന്നിത്തിളങ്ങിനീയെത്ര ശോഭിച്ചിടാന്‍
നിന്‍വര്‍ണ്ണപീലിനറുക്കിപൈശാചികം
നിറമാര്‍ന്ന വിശറിയൊന്നായ് ചമയ്ക്കാന്‍
സങ്കല്പ ലോകത്തിലിത്ര ദുര്‍മോഹമായ്
സഹചാരിയായെത്ര കോമരങ്ങള്‍.
ജന്മസിദ്ധാന്തങ്ങള്‍ പൂവണിഞ്ഞീടുവാന്‍
നിന്നെയൊരിക്കല്‍ നയിക്കില്ല ദുര്‍ജ്ജനം
കാരാഗൃഹത്തിലൊതുക്കി നിരന്തരം
കിങ്കരവൃന്ദത്താല്‍ പീഡനം ചാര്‍ത്തിടും.