
തൃശ്ശൂര്‍: സെന്റ് തോമസ് കോളേജ് മലയാള വിഭാഗവും തൃശൂര്‍ സഹൃദയവേദിയുമായി സഹകരിച്ച് മുന്‍ ഇംഗ്ലീഷ് പ്രൊഫസറും പ്രമുഖ സാഹിത്യകാരനുമായിരുന്ന പ്രൊഫ. എം പി പോളിന്റെ 73-ാം ചരമവാര്‍ഷികാചരണം സെന്റ് തോമസ് കോളേജ് മേനാച്ചേരി ഹാളില്‍ നടത്തി.
ഡോ. എസ് കെ വസന്തന്‍ ഉദ്ഘാടനം ചെയ്തു.
''മലയാള സാഹിത്യത്തെ ആധുനികതയിലേക്ക് നയിച്ച ക്രാന്തദര്‍ശിയും നിരൂപകനും പ്രമുഖ അധ്യാപകനും വിപ്ലവകാരിയുമായിരുന്ന എം പി പോള്‍ സമുദായധികാരികളായി അഭിപ്രായ വ്യത്യാസമുണ്ടായിരുന്നപ്പോഴും
അവരുമായി സഹകരിക്കാന്‍ തയ്യാറായ മാനുഷികതയുടെ പ്രതീകമായിരുന്നെന്നും അദ്ദേഹത്തിന്റെ 'സൗന്ദര്യ നിരീക്ഷണം' എന്ന ഒറ്റ ഗ്രന്ഥം കൊണ്ടുതന്നെ മലയാള സാഹിത്യത്തില്‍ സ്ഥിരപ്രതിഷ്ഠനേടിയ വ്യക്തിയായിരുന്നെന്നും ഡോ. വസന്തന്‍ അഭിപ്രായപ്പെട്ടു.''
പ്രിന്‍സിപ്പല്‍ ഡോ. ഫാ. കെ എ മാര്‍ട്ടിന്‍ അധ്യക്ഷത വഹിച്ചു. സഹൃദയവേദി പ്രസിഡന്റ് ഡോ. പി എന്‍ വിജയകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ഡോ. ജോര്‍ജ് മേനാച്ചേരി, പ്രൊഫ. വി എ വര്‍ഗീസ്, ബേബി മൂക്കന്‍, ഡോ. മിജോയ് ജോസ്, നന്ദകുമാര്‍ ആലത്ത് എന്നിവര്‍ പ്രസംഗിച്ചു.
സെബി ഇരിമ്പന്‍, ജോയ് പോള്‍, ജോണ്‍സണ്‍ കാഞ്ഞിരത്തിങ്കല്‍, ഉണ്ണികൃഷ്ണന്‍ പുലരി, ഫ്രാന്‍സിസ് പൊറുത്തൂര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.