വിശുദ്ധ ജോണ്‍ ഗാള്‍ബര്‍ട്ട്  (985-1073) : ജൂലൈ 12

വിശുദ്ധ ജോണ്‍ ഗാള്‍ബര്‍ട്ട്  (985-1073) : ജൂലൈ 12

ഇറ്റലിയിലെ ഫ്‌ളോറന്‍സിലാണ് ധനികരും കുലീനരുമായ മാതാപിതാക്കന്മാരില്‍നിന്നും ജോണ്‍ ജനിച്ചത്. ചെറുപ്പത്തിന്റെ ആവേശത്തില്‍, ഒരു പ്രതികാരത്തിനു തുനിഞ്ഞതാണ് ജോണിന്റെ ജീവിതത്തില്‍ വഴിത്തിരിവായത്. ജോണിന്റെ ഒരു അകന്ന ബന്ധു വധിക്കപ്പെട്ടു. 1013-ലെ ദുഃഖവെള്ളിയാഴ്ച ഒരു ഇടവഴിയില്‍വച്ച് ബന്ധുവിന്റെ ഘാതകനെ കണ്ടുമുട്ടി. അവനോടു പ്രതികാരം ചെയ്യാനുള്ള ആവേശത്തില്‍ ജോണ്‍ ഊരിയ വാളുമായി ഘാതകന്റെ നേരെ പാഞ്ഞടുത്തു. ഘാതകന്‍ ജോണിന്റെ കാല്‍ക്കല്‍ വീണ്, ആ ദുഃഖവെള്ളിയാഴ്ച ആരെ സ്മരിക്കുന്നുവോ, ആ ക്രിസ്തുവിനെപ്രതി തന്നോടു ക്ഷമിക്കണമെന്ന് കേണപേക്ഷിച്ചു. ക്രിസ്തു വിനെപ്പറ്റിയുള്ള ഓര്‍മ്മ ജോണിനെ ഉലച്ചു. ഘാതകനോട് ക്ഷമിച്ച് അവനെ കെട്ടിപ്പിടിച്ചു കരഞ്ഞു.

കുറ്റബോധംകൊണ്ട് അസ്വസ്ഥനായ ജോണ്‍ അടുത്തുള്ള ബനഡിക്‌ടൈന്‍ ദൈവാലയത്തില്‍ പോയി കണ്ണീരൊഴുക്കി ദൈവത്തോടു ക്ഷമ ചോദിച്ചു. ആ ദൈവാലയത്തിലെ വലിയ ക്രൂശിതരൂപത്തില്‍ നിന്നു ക്രിസ്തു ജോണിന്റെ അപേക്ഷ സ്വീകരിച്ച് തലകുനിച്ചു. അനുതാപപൂര്‍ണനായ ജോണ്‍ സാന്‍ മിനിയാട്ടോയിലെ ആശ്രമത്തില്‍ ചേരാന്‍ അനുവാദം ചോദിച്ചു. ജോണിന്റെ മുന്‍കോപത്തെപ്പറ്റിയും അലസജീവിതത്തെപ്പറ്റിയും അറിയാമായിരുന്ന ആബട്ട് ആദ്യം ഒന്നു മടിച്ചെങ്കിലും പിന്നീട് ജോണിനു സഭാവസ്ത്രം നല്‍കി. ഈ സംഭവം അറിഞ്ഞ് കോപിഷ്ഠനായ പിതാവ് ഓടിയെത്തിയെങ്കിലും, കഥകള്‍ മുഴുവന്‍ കേട്ടപ്പോള്‍ തണുത്തു.

നാലുവര്‍ഷത്തിനുശേഷം, കര്‍ശനമായ തത്ത്വദീക്ഷയുള്ള ഏതാനും സന്ന്യാസിമാരോടൊപ്പം ജോണ്‍ കമല്‍ഡോളിയിലേക്ക് പുറപ്പെട്ടു. ആദ്ധ്യാത്മികാധികാരത്തിന്റെ വില്പന പോലുള്ള അധികാര ദുര്‍വിനിയോഗത്തിന്റെ പേരില്‍ ആബട്ട് ഹെര്‍ബര്‍ട്ടിനെതിരെ പ്രതിഷേധം രേഖപ്പെടുത്താനാണ് അവര്‍ പോയത്. ഇരുപത്തൊന്നുവര്‍ഷം ജോണ്‍ അവിടെത്തന്നെ തങ്ങി. 1038-ല്‍ വല്ലമ്പ്രോസയില്‍ അദ്ദേഹം പുതിയ ഒരു മൊണാസ്റ്ററി പടുത്തുയര്‍ത്തി. തന്നെപ്പോലെ അസാധാരണമായ ഏകാന്തതയും കഠിനമായ പ്രായശ്ചിത്തവുമൊക്കെ ആഗ്രഹിക്കുന്നവര്‍ക്കു വേണ്ടിയായിരുന്നു ആ പുതിയ ആശ്രമം. അവിടെ ആജീവനാന്ത മൗനം നിയമമായിരുന്നു. കഠിനമായ ആവൃതിയും ദാരിദ്ര്യവ്രതവും കര്‍ശനമായിരുന്നു. സന്ന്യാസികളെല്ലാം ധ്യാനനിരതരായിരുന്നു. നിലവിലുള്ള ബനഡിക്‌ടൈന്‍ നിയമങ്ങളില്‍നിന്ന് കായികാദ്ധ്വാനം അവര്‍ നീക്കിക്കളഞ്ഞു. കായികമായി ഒരു തൊഴിലും അവര്‍ ചെയ്തിരുന്നില്ല. അതു ചെയ്തിരുന്നത് അധികം വിദ്യാഭ്യാസം ലഭിക്കാത്ത അത്മായ സഹോദരങ്ങളായിരുന്നു. ജോണ്‍ ഏര്‍പ്പെടുത്തിയ ഈ പുതിയ സംവിധാനം പെട്ടെന്ന് മറ്റു സന്ന്യാസസഭകളിലും പ്രാവര്‍ത്തികമായി. പില്ക്കാലങ്ങളില്‍ ഈ സംവിധാനത്തിന് വലിയ പ്രാധാന്യം ലഭിച്ചു.

പുതിയ "വല്ലമ്പ്രോസന്‍ സഭ" സ്ഥാപിച്ച് മൂന്നുവര്‍ഷം കഴിഞ്ഞപ്പോള്‍ ജോണ്‍ ദിവംഗതനായി. എങ്കിലും അദ്ദേഹത്തിന്റെ മരണശേഷം പുതിയ സഭ പെട്ടെന്ന് പ്രചരിച്ചു. 12-ാം നൂറ്റാണ്ടിന്റെ അന്ത്യത്തോടെ ഇറ്റലിയില്‍ത്തന്നെ 60 പുതിയ ആശ്രമങ്ങള്‍ ആരംഭിച്ചു. ജോണിന്റെ കര്‍ശ നമായ നിയമാവലി അല്പം മയപ്പെടുത്തി പരിഷ്‌കരിച്ചിരുന്നു. വൈദികരുടെ ആദ്ധ്യാത്മികാധികാര വില്പന, വെപ്പാട്ടികളെ കൂടെ പാര്‍പ്പിക്കല്‍ തുടങ്ങിയ വഴിപിഴച്ച പോക്കിനെതിരെ കര്‍ശനമായ നിലപാടെടുത്തുകൊണ്ട് ആഞ്ഞടിച്ചു എന്നതാണ് സഭയില്‍ വി. ജോണിനുള്ള പ്രസക്തി.

1073 ജൂലൈ 12-ന് വി. ജോണ്‍ ഗാള്‍ബര്‍ട്ട് നിര്യാതനായി. 1193-ല്‍ പോപ്പ് സെലസ്റ്റിന്‍ III അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു.

ശ്രീബുദ്ധന്‍ അഹിംസ പ്രചരിപ്പിച്ചു. എന്നാല്‍ ശത്രുവിനെപ്പോലും സ്‌നേഹിക്കാന്‍ പറഞ്ഞ ക്രിസ്തുവാണ് അഹിംസയ്ക്കു വിശ്വത്തോളം മാനം നല്‍കിയത്. ഗാന്ധിജിയെ നയിച്ചതും ക്രിസ്തുവിന്റെ ദര്‍ശനമാണ്. തൊഴിച്ച കാലില്‍ തൂത്തുകൊണ്ട് ക്ഷമിക്കാന്‍ ഗാന്ധിജിക്കു കരുത്തു നല്കിയതും ക്രിസ്തുവിന്റെ സ്‌നേഹമാണല്ലോ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org