കഥകള്‍ / കവിതകള്‍

സ്നാപകൻ

Sathyadeepam

സജീവ് പാറേക്കാട്ടില്‍
എറണാകുളം

ശിരോലിഖിതങ്ങളൊക്കെയും
വെളിപ്പെട്ടു കിട്ടിയാല്‍
ആര്‍ക്കുമായിത്തീരാവുന്ന
സാദ്ധ്യതയുടെ പേരല്ല സ്നാപകന്‍
ആടയാഭരണങ്ങളൊക്കെയുണ്ടെങ്കിലും
നാണം മറയാത്തവര്‍ക്കുള്ളതല്ല
തോല്‍വാറിന്‍റെ വിശുദ്ധിയും ശക്തിയും
വെട്ടുക്കിളികളുടെ ചടുലതയും
കാട്ടുതേനിന്‍റെ മധുരവുമുള്ള മനുഷ്യര്‍
ഇക്കാലത്ത് പിറക്കുന്നേയില്ല.
കടല്‍ത്തീരത്തെ മണലില്‍ തല പൂഴ്ത്തി
ഇര തേടുന്ന പക്ഷികളെപ്പോലെയാണ്
ഇക്കാലത്തെ മനുഷ്യരും
'തല തലയ്ക്കുവേണ്ടി'
എന്ന തത്ത്വത്തില്‍ ജ്ഞാനികളായതിനാല്‍
തരംപോലെ തലയാട്ടാനും തിരിക്കാനും
ഉയര്‍ത്താനും പൂഴ്ത്താനുമൊക്കെ അവര്‍ക്കറിയാം.
'സത്യം വദ, ധര്‍മം ചര' എന്നു
നിര്‍ബന്ധമുണ്ടായിരുന്നതിനാല്‍
കഴുത്തിനുമേല്‍ തലയുണ്ടാവണമെന്നു
നിര്‍ബന്ധമില്ലാതിരുന്നതിനാല്‍
തെരുവോരങ്ങളിലും രാജസദസ്സിലും
അയാള്‍ മേഘനാദങ്ങളുതിര്‍ത്തു
അങ്ങനെയാണ്
അയാളുടെ തല താലത്തിലെത്തിയത്
'തലത്താലം' ഒരു കലയും
പ്രതിഷ്ഠാപനവുമാണ്.
ദിനേന മരിച്ചു ജീവിക്കുന്നവര്‍ക്ക്
അതു പറഞ്ഞിട്ടില്ല
പ്രവാചകന്‍,
വെടിപ്പായി ജീവിക്കുകയും
വെടിപ്പായി മരിക്കുകയും ചെയ്യുന്നവന്‍!
'അവന്‍ വളരണം, ഞാന്‍ കുറയണം'
എന്ന ഒറ്റവാക്യത്തിന്‍റെ വിഗ്രഹഭഞ്ജകന്‍!
സ്ത്രീകളില്‍ നിന്നു ജനിച്ചവരില്‍
സ്നാപകനേക്കാള്‍ വലിയവന്‍' ഇല്ലത്രെ
മനുഷ്യന് ഒരേയൊരു ക്രിസ്തു
ക്രിസ്തുവിന് ഒരൊറ്റ സ്നാപകന്‍
സ്നാനം നല്കുന്നവന്‍ മാത്രമല്ല
സ്വന്തം ചോരയില്‍ സ്നാനമേല്‍ക്കുന്നവനും
സ്നാപകനത്രെ.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം