കഥകള്‍ / കവിതകള്‍

കൊറോണ

Sathyadeepam

മേഴ്‌സി പി.വി., അദ്ധ്യാപിക

വന്‍മതിലിന്‍ നാട്ടില്‍നിന്നും അവളെത്തി
നവപൂതനയായീ അവതാര ജന്മങ്ങള്‍ക്കായി
സൂര്യാംശുവിന്‍ കിരീടധാരിയായെത്തിയവള്‍
രാജ്യങ്ങള്‍തോറും അശ്വമേധം നടത്തി മുന്നേറി.

കശക്കിയെറിഞ്ഞവള്‍ ഉത്തുംഗങ്ങളാം,
മൃതസഞ്ജീവനി മാതൃകകളും വഴക്കങ്ങളും
വിജനതീരമണഞ്ഞു ലോകോത്തരമാം,
വീഥികളും വിഷ്ടപ പത്തനസുന്ദരികളും.

കൊടികുത്തിവാണരുളീടിനവിത്തപ്രതാപങ്ങള്‍
തകര്‍ന്നടിഞ്ഞുപോയി കീടാണുവിന്‍
താണ്ഡവനടനം അരങ്ങേറുകില്‍
മരവിപ്പൂ മരുപ്പച്ചതേടിയലഞ്ഞ മാനസം.

ഭയമോടെ അകംപുക്കും മാനവനും,
ഭയമെന്യേപുറംപൂകും കാടരും,
കാഴ്ചവൈരുദ്ധ്യമേകീ പ്രകൃതീശ്വരിയും
അര്‍ത്ഥഗര്‍ഭമാം മൂകപാഠമേകിടുന്നൂ.

കാളീയകാളിമയാല്‍ കെട്ടിനീരിനെ,
ശുദ്ധീകരിക്കുവാനായീ കാളീയമര്‍ദ്ദനം?
വിഷമയമാം ഹരിയെ ഹരിക്കുന്നോരീ,
വിദ്യയും നിനക്കപ്രാപ്യമല്ലല്ലോ തായേ!!

തെറ്റിപ്പോയവര്‍ ഞങ്ങള്‍ മാനവര്‍
വെറിമൂത്തു പായും കൃമികീടങ്ങള്‍
അഹന്ത വളര്‍ത്തി കൈപ്പിടിയിലൊതുക്കി,
സര്‍വ്വവും തനിക്കാക്കി വെടക്കാക്കിയവര്‍.

പ്രളയം പകര്‍ന്ന പാഠങ്ങള്‍ കൈവിട്ടു
ഹുങ്കോടെ മുന്നേറുംനേരം കൊറോണയും
കൊഞ്ഞനംകുത്തി ഓര്‍മ്മിപ്പിപ്പൂ,
തിരിച്ചറിവുകള്‍ തിരിച്ചിറക്കങ്ങളാകണം

കൈവിട്ടുപോം അമൂല്യമുത്തുകള്‍ വേദന,
വളര്‍ത്തിപെരുകി പിടയുംപ്രാണനെ,
ചേര്‍ത്തണയ്ക്കും വെള്ളരിപ്രാക്കളാം
മനുഷ്യപുത്രര്‍ ഉയിരിന്‍കൂട്ടുണ്ടല്ലോ!

സേവനബലിവേദിയില്‍ രാപകല്‍
അര്‍ച്ചനയായി ശോഭിച്ചിടും നിയമപാലകരും
ഏവരുമേവരും, മനക്കൂടിലുണ്ട്;
ഏകിടുന്നൂ അഹംവെടിഞ്ഞൊരു പ്രണാമം.

കൊളുത്താം നമുക്കതിജീവനത്തിന്റെ ദീപം,
വിടര്‍ത്താം നമുക്കതിജീവനത്തിന്‍ പൂക്കള്‍,
രാഗമേകിടാം നമുക്കതിജീവനത്തിന്‍ ഉണര്‍ത്തുപാട്ടിന്‍,
അതിജീവനമന്ത്രം നമ്മള്‍ കൈരളിതനയര്‍.

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്