

ആര്‍ച്ചുബിഷപ് പ്രിന്‍സ് ആന്റണി പാണേങ്ങാടന്‍
ഈ ക്രിസ്മസ് സീസണില്‍ ഇന്ത്യയില്‍ ഒരു ഷോക്കിംഗ് വീഡിയോ വൈറലായിരിക്കുകയാണ്. സന്യാസിയെപ്പോലെ തോന്നിക്കുന്ന ഒരാളുടെ നേതൃത്വത്തിലുള്ള ഒരു സംഘം ആളുകള്‍ പള്ളിയില്‍ പ്രാര്‍ത്ഥന നടക്കുമ്പോള്‍ അതിക്രമിച്ചു കയറുകയും പാസ്റ്ററെ ഭീഷണിപ്പെടുത്തുകയും പ്രാര്‍ത്ഥന തടസ്സപ്പെടുത്തുകയും ചെയ്യുന്നത് നമുക്ക് ഈ വീഡിയോയില്‍ കാണാം. കൂടാതെ അവര്‍ മുദ്രാവാക്യങ്ങള്‍ മുഴക്കുകയും യേശുക്രിസ്തുവിനും മാതാവിനുമെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്യുന്നു. ഇതൊരു ഞെട്ടിക്കുന്ന സംഭവമാണ്.
ആരാണിതെന്ന് അറിയാനുള്ള ആകാംക്ഷയോടെ ഞാന്‍ ഇന്റര്‍നെറ്റില്‍ തിരഞ്ഞു. ഇന്റര്‍നെറ്റില്‍ ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് ഈ വ്യക്തിയുടെ പേര് സത്യനിഷ്ഠ ആര്യ എന്നാണ്. ബംഗ്ലാദേശില്‍ നിന്നു വരികയും ഹിന്ദുമതത്തിലേക്ക് മതപരിവര്‍ത്തനം ചെയ്യപ്പെടുകയും ചെയ്ത വ്യക്തി. ഇന്ന് അദ്ദേഹം നമ്മുടെ രാജ്യത്തിന്റെ മതേതര ജനാധിപത്യ മൂല്യങ്ങളെ വെല്ലുവിളിക്കുന്നു. ഒരു തരത്തില്‍ പറഞ്ഞാല്‍, അദ്ദേഹം അന്താരാഷ്ട്ര സമൂഹത്തിന് മുന്നില്‍ നമ്മുടെ രാജ്യത്തെ അപമാനിക്കുകയാണ്.
ഈ അവസരത്തില്‍ എനിക്ക് ഈ വ്യക്തിയോട് മൂന്ന് ചോദ്യങ്ങള്‍ ചോദിക്കാനുണ്ട്. ഒന്നാമതായി, പള്ളിയില്‍ ആളുകള്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമ്പോള്‍ നിങ്ങള്‍ക്ക് എങ്ങനെ അകത്ത് കയറി അവരെ തടസ്സപ്പെടുത്താന്‍ കഴിഞ്ഞു? ഒരു വിശുദ്ധ സ്ഥലത്ത് നിങ്ങള്‍ക്ക് എങ്ങനെ ഇത്ര മോശമായി സംസാരിക്കാന്‍ കഴിഞ്ഞു? അവിടേക്ക് പോകാന്‍ നിങ്ങള്‍ക്ക് ആരാണ് അനുമതി നല്‍കിയത്? പള്ളിയിലെ കാര്യങ്ങളില്‍ ഇടപെടാന്‍ നിങ്ങള്‍ക്ക് ആരാണ് അധികാരം നല്‍കിയത്? അവിടെ നിയമവിരുദ്ധമായി എന്തെങ്കിലും നടക്കുന്നുണ്ടെന്ന് നിങ്ങള്‍ക്ക് തോന്നിയാല്‍ അത് നിയമത്തിന് മുന്നില്‍ കൊണ്ടുവരാനുള്ള മര്യാദ നിങ്ങള്‍ കാണിക്കണമായിരുന്നു. അല്ലാതെ അവിടേക്ക് പോയി അവരെ വെല്ലുവിളിക്കാന്‍ നിങ്ങള്‍ക്ക് അവകാശമില്ല. പ്രാര്‍ത്ഥന നടത്തിക്കൊണ്ടിരുന്ന പാസ്റ്ററെ ഭീഷണിപ്പെടുത്താന്‍ ആരാണ് നിങ്ങളെ ചുമതലപ്പെടുത്തിയത്? ഇത് എങ്ങനെ അംഗീകരിക്കാനാകും? ഇത് പൂര്‍ണ്ണമായും തെറ്റാണ്. ആ പള്ളിയില്‍ നിങ്ങള്‍ ചെയ്തതിനെ ഞങ്ങള്‍ അപലപിക്കുന്നു.
രണ്ടാമതായി, ബംഗ്ലാദേശില്‍ നിന്ന് വന്ന് എങ്ങനെയാണ് നിങ്ങള്‍ ഇന്ത്യന്‍ ക്രിസ്ത്യാനി കളെ ഇന്ത്യന്‍ ദേശീയതയെക്കുറിച്ചും രാജ്യസ്‌നേഹത്തെക്കുറിച്ചും പഠിപ്പിക്കുന്നത്? ഈ രാജ്യത്തെ സ്‌നേഹിക്കാന്‍ ഞങ്ങള്‍ക്ക് നിങ്ങളുടെ ഉപദേശം ആവശ്യമില്ല. ഞങ്ങള്‍ ഇന്ത്യക്കാരാണ്, ഞങ്ങള്‍ ക്രിസ്ത്യാനികളുമാണ്. ഞങ്ങള്‍ ഈ രാജ്യത്തെ സ്‌നേഹിക്കുന്നു, ഈ രാജ്യത്തെ ബഹുമാനിക്കാനും ഞങ്ങള്‍ പഠിച്ചിട്ടുണ്ട്. ഞങ്ങളെ അത് പഠിപ്പിക്കാന്‍ ആരും വരേണ്ടതില്ല. നിങ്ങള്‍ പെട്ടെന്ന് ക്രിസ്ത്യാനികളെ വിദേശികളുമായി ബന്ധിപ്പിക്കുന്നു. ക്രിസ്തുമതം ഒന്നാം നൂറ്റാണ്ട് മുതല്‍ ഇന്ത്യയില്‍ നിലവിലുണ്ട്.
നിങ്ങള്‍ ഞങ്ങളെ വെറുക്കാന്‍ ശ്രമിച്ചാലും ഞങ്ങള്‍ നിങ്ങളെ തിരിച്ച് വെറുക്കില്ല. ഞങ്ങളുടെ ജീവിതവസാനം വരെ ക്രിസ്തീയ മൂല്യങ്ങള്‍ മുറുകെപ്പിടിച്ച് ഈ രാജ്യത്ത് ജീവിക്കാന്‍ ഞങ്ങള്‍ ശ്രമിക്കും. ഇതാണ് നിങ്ങള്‍ക്ക് നല്‍കാനുള്ള സന്ദേശം.
എന്റെ ഗ്രാമത്തില്‍ 1,125 വര്‍ഷം പഴക്കമുള്ള ഒരു പള്ളിയുണ്ട്. എഡി 900 ലാണ് ഈ പള്ളി സ്ഥാപിതമായത്. ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ വരുന്നതിന് മുമ്പ് തന്നെ എന്റെ ഗ്രാമത്തില്‍ ഒരു പള്ളിയുണ്ടായിരുന്നു. പിന്നെ എങ്ങനെയാണ് ഞങ്ങള്‍ വിദേശികളാണെന്നും വിദേശികളാണ് ഈ രാജ്യത്തേക്ക് ക്രിസ്തുമതം കൊണ്ടുവന്നതെന്നും നിങ്ങള്‍ക്ക് പറയാന്‍ കഴിയുക? പാശ്ചാത്യ രാജ്യങ്ങളില്‍ പലതും ക്രിസ്തുമതം സ്വീകരിക്കുന്നതിന് മുമ്പ് തന്നെ ഇന്ത്യയില്‍ ക്രിസ്തുമതം എത്തിയിരുന്നു. ക്രിസ്തുമതം ഇന്ത്യന്‍ സംസ്‌കാര ത്തിന്റെയും ദേശീയതയുടെയും ഭാഗമായി മാറിയിരിക്കുന്നു.
ഈ രാജ്യത്തെ സ്‌നേഹിക്കാന്‍ ഞങ്ങളെ പഠിപ്പിക്കാന്‍ നിങ്ങള്‍ക്ക് അവകാശമില്ല. ഇന്ത്യക്കാരായ ഞങ്ങള്‍ ഈ രാജ്യത്തെ സ്‌നേഹിക്കുന്നു, വിശ്വസ്തരായി തുടരുന്നു. ഞങ്ങളുടെ രാജ്യസ്‌നേഹ ത്തെ ചോദ്യം ചെയ്യാന്‍ നിങ്ങള്‍ക്ക് അധികാരമില്ല. രാജ്യത്തെ എങ്ങനെ സ്‌നേഹിക്കണമെന്നും രാജ്യത്തോട് എങ്ങനെ വിശ്വസ്തത കാണിക്കണ മെന്നും ഞങ്ങള്‍ക്ക് നന്നായി അറിയാം.
അവസാനമായി എനിക്ക് ഈ വ്യക്തിയോട് ഒരു ചോദ്യം കൂടി ചോദിക്കാനുണ്ട്. ഇന്റര്‍നെറ്റില്‍ ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച്, അദ്ദേഹം ബംഗ്ലാദേശില്‍ നിന്നുള്ള സുനോര്‍ റഹ്മാന്‍ എന്ന വ്യക്തിയായിരുന്നു. അദ്ദേഹം ഇന്ത്യയില്‍ വന്ന് മതപരിവര്‍ത്തനം നടത്തുകയും സത്യനിഷ്ഠ ആര്യ ആയി മാറുകയും ചെയ്തു. പ്രിയ സത്യനിഷ്ഠ ജി, താങ്കള്‍ മതം മാറിയപ്പോള്‍ അത് നിയമപരമായിരുന്നോ? അത് അംഗീകരിക്കപ്പെട്ടതാണോ?
നിങ്ങളുടെ മതപരിവര്‍ത്തനം അംഗീകരിക്കപ്പെട്ടതാണെങ്കില്‍ ഈ രാജ്യത്തെ മറ്റ് ആളുകള്‍ക്ക് എന്തുകൊണ്ട് മതം മാറിക്കൂടാ? അത് അവരുടെ ഇഷ്ടമാണ്, അവരുടെ സ്വാതന്ത്ര്യമാണ്. ബംഗ്ലാദേശില്‍ നിന്ന് വന്ന് നിങ്ങള്‍ക്ക് മതം മാറാന്‍ സ്വാതന്ത്ര്യമുണ്ടെങ്കില്‍ ഈ രാജ്യത്ത് ജനിച്ചവര്‍ക്കും അതേ അവകാശമുണ്ട്. ആര്‍ക്കും അത് ചോദ്യം ചെയ്യാനാവില്ല. ആ പള്ളിയില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നവര്‍ സ്വന്തം ഇഷ്ടപ്രകാരമാണ് അവിടെ വന്നത്. ആരുടെയും നിര്‍ബന്ധമില്ലാതെയാണ് അവര്‍ പ്രാര്‍ത്ഥിച്ചിരുന്നത്. അവരെ തടസ്സപ്പെടുത്താന്‍ നിങ്ങള്‍ക്ക് ഒരു അവകാശവുമില്ല. നിങ്ങള്‍ ചെയ്തത് പൂര്‍ണ്ണമായും തെറ്റാണ്. നിങ്ങളുടെ പ്രവര്‍ത്തികളെ ഞങ്ങള്‍ അപലപിക്കുന്നു.
ഇതൊരു പ്രശസ്തിക്ക് വേണ്ടിയുള്ള ശ്രമമാണെന്ന് ഞങ്ങള്‍ക്കറിയാം, പക്ഷേ അതിരുകടന്നുപോയി. നിങ്ങളുടെ അനാവശ്യമായ ഇടപെടലിനോട് ആ പാസ്റ്റര്‍ എങ്ങനെയാണ് പ്രതികരിച്ചതെന്ന് നിങ്ങള്‍ ശ്രദ്ധിച്ചോ? അതാണ് ക്രിസ്തീയ സന്ദേശത്തിന്റെ കരുത്ത്. അദ്ദേഹം അത്രയും ശാന്തനായിരുന്നു. നിങ്ങള്‍ അദ്ദേഹത്തെ ഭീഷണിപ്പെടുത്താന്‍ നോക്കിയെങ്കിലും അദ്ദേഹം ആത്മസംയമനം പാലിക്കുകയും മാന്യമായി മറുപടി നല്‍കുകയും ചെയ്തു. അതാണ് ക്രിസ്തീയതയുടെ ശക്തി. നിങ്ങള്‍ പ്രകോപിപ്പിച്ചാലും ഞങ്ങള്‍ പ്രകോപിത രാകില്ല, ഞങ്ങള്‍ ഇത് തന്നെ തുടരും. നിങ്ങള്‍ ഞങ്ങളെ വെറുക്കാന്‍ ശ്രമിച്ചാലും ഞങ്ങള്‍ നിങ്ങളെ തിരിച്ച് വെറുക്കില്ല. ഞങ്ങളുടെ ജീവിതവസാനം വരെ ക്രിസ്തീയ മൂല്യങ്ങള്‍ മുറുകെപ്പിടിച്ച് ഈ രാജ്യത്ത് ജീവിക്കാന്‍ ഞങ്ങള്‍ ശ്രമിക്കും.
ഇതാണ് നിങ്ങള്‍ക്ക് നല്‍കാനുള്ള സന്ദേശം. നിങ്ങള്‍ ആ പാസ്റ്ററെ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം വലിയ വിവേകം കാണിച്ചു. അദ്ദേഹ ത്തിന്റെ മൗനവും സമാധാനപരമായ പ്രതികരണവു മാണ് ക്രിസ്തുമതത്തിന്റെ ഏറ്റവും വലിയ സന്ദേശം. ലോകം മുഴുവന്‍ ഞങ്ങള്‍ക്ക് എതിരാണെങ്കിലും ഞങ്ങളുടെ കര്‍ത്താവായ യേശുക്രിസ്തു നല്‍കുന്ന ആന്തരിക സമാധാനം ഞങ്ങള്‍ക്കുണ്ട്. ഈ സമാധാ നമാണ് ഞങ്ങള്‍ ലോകവുമായി പങ്കുവെക്കാന്‍ ആഗ്രഹിക്കുന്നത്. ഈ സമാധാനം നിങ്ങള്‍ക്ക് ലഭിച്ചിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു, എങ്കില്‍ ഇത്തരം അനാവശ്യ ഇടപെടലുകളില്‍ നിന്ന് നിങ്ങള്‍ വിട്ടുനില്‍ക്കുമായിരുന്നു.