കാര്‍ഡിനല്‍മാരുടെ അസാധാരണ സമ്മേളനം ജനുവരി 7, 8 തീയതികളില്‍

കാര്‍ഡിനല്‍മാരുടെ അസാധാരണ സമ്മേളനം ജനുവരി 7, 8 തീയതികളില്‍
Published on

ലിയോ പതിനാലാമന്‍ പാപ്പാ അധികാരത്തിലെത്തിയതിനു ശേഷം ആദ്യമായി കാര്‍ഡിനല്‍മാരുടെ 'അസാധാരണ കണ്‍സിസ്റ്ററി' വിളിച്ചുകൂട്ടുന്നു. ലോകമെമ്പാടുമുള്ള കര്‍ദ്ദിനാള്‍മാര്‍ പങ്കെടുക്കുന്ന ഈ സമ്മേളനം ജൂബിലിവര്‍ഷത്തിന്റെ സമാപനത്തെത്തുടര്‍ന്ന് ജനുവരി 7, 8 തീയതികളിലായിരിക്കും നടക്കുക. ഇത്തരമൊരു കണ്‍സിസ്റ്ററി വിളിച്ചുകൂട്ടുന്നതിനെപ്പറ്റി കഴിഞ്ഞ നവംബറില്‍ സഭ അറിയിച്ചിരുന്നു.

രണ്ടു ദിനങ്ങളിലായി നടക്കുന്ന ഈ സമ്മേളനത്തില്‍, കൂട്ടായ്മയ്ക്കും സാഹോദര്യത്തിനും പങ്കുവയ്ക്കലിനും ധ്യാനത്തിനും പ്രാര്‍ത്ഥനയ്ക്കുമായിരിക്കും പ്രാധാന്യം നല്‍കുകയെന്ന് പരിശുദ്ധ സിംഹാസനം പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി. സാര്‍വത്രിക സഭയെ ഭരിക്കാനും നയിക്കാനുമുള്ള ശ്രേഷ്ഠവും ഭാരച്ചതുമായ ഉത്തരവാദിത്തം നിര്‍വഹിക്കുന്നതില്‍ പരിശുദ്ധ പിതാവിന് പിന്തുണയും ഉപദേശവും നല്‍കുന്നതിനും, ഒരുമിച്ചുള്ള വിചിന്തനങ്ങള്‍ക്കുമായിരിക്കും കണ്‍സിസ്റ്ററിയുടെ പ്രവര്‍ത്തങ്ങള്‍ സഹായിക്കുകയെന്ന് പ്രെസ് ഓഫീസ് വിശദീകരിച്ചു.

വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസലിക്കയിലെ വിശുദ്ധ വാതില്‍ അടയ്ക്കുന്ന കര്‍മ്മം നടക്കുന്ന ദനഹാ തിരുനാളായ ജനുവരി ആറാം തീയതിയുടെ പിറ്റേന്ന് ആരംഭിക്കുന്ന ഈ കണ്‍സിസ്റ്ററിയുടെ കൃത്യമായ അജണ്ട ഇനിയും വ്യക്തമാക്കപ്പെട്ടിട്ടില്ല.

റോമില്‍ താമസിക്കുന്ന കര്‍ദ്ദിനാള്‍മാര്‍ മാത്രം പങ്കെടുക്കുന്നതും, ആചാരപരമായ സ്വഭാവമുള്ളതും, സുപ്രധാനതീരുമാനങ്ങള്‍ക്ക് വേണ്ടിയല്ലാത്തതുമായ 'സാധാരണ' കണ്‍സിസ്റ്ററി, സഭാപരമായ സുപ്രധാന തീരുമാനങ്ങള്‍ എടുക്കുന്നതിനുവേണ്ടി, ലോകമെങ്ങുമുള്ള കര്‍ദ്ദിനാള്‍സംഘത്തിന്റെ അഭിപ്രായം സ്വീകരിക്കുന്നതിനുവേണ്ടി, അവരുടെ സാന്നിദ്ധ്യത്തില്‍ നടക്കുന്ന 'അസാധാരണ' കണ്‍സിസ്റ്ററി എന്നിങ്ങനെ രണ്ടു വിധത്തിലുള്ള കണ്‍സിസ്റ്ററികള്‍ സഭയിലുണ്ട്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org