വചനമനസ്‌കാരം: No.201

വചനമനസ്‌കാരം: No.201
Published on

സംവത്സരത്തെ അവിടുന്ന് സമൃദ്ധികൊണ്ട് മകുടം ചാര്‍ത്തുന്നു; അങ്ങയുടെ രഥത്തിന്റെ ചാലുകള്‍ പുഷ്ടി പൊഴിക്കുന്നു.

സങ്കീര്‍ത്തനങ്ങള്‍ 65 : 11

വര്‍ഷമേ വരൂ!പുതു വര്‍ഷമേ വരൂ!രോമ-

ഹര്‍ഷരായല്ലോ നിന്നെ കാത്തു നില്‍ക്കുന്നു ഞങ്ങള്‍!

ആര്‍ഷഭാരതഭൂവില്‍ പിറന്ന മക്കള്‍ ഞങ്ങള്‍

വര്‍ഷിക്ക നീണാള്‍ സമാധാനവും പ്രശാന്തിയും!

കന്മഷം ലവലേശമേശാതെ നിരന്തരം

നന്മകള്‍ വര്‍ഷിക്കുന്ന വര്‍ഷമായിരിക്കട്ടെ!

നമ്മളേവരും കാത്തിരുന്നൊരീ പുതുവര്‍ഷം

നമ്മളില്‍ സൗഹാര്‍ദ്ദവും സ്‌നേഹവും വളര്‍ത്തട്ടെ!

ആശകള്‍ പെരുകുമ്പോള്‍ പെരുകും പ്രതീക്ഷകള്‍

ആശ്വസിക്കുന്നു; നാളെയണിയും പൂവും കായും!

സ്വപ്ന സൗധങ്ങള്‍ തീര്‍പ്പൂ സര്‍വ്വരും സര്‍വ്വസ്വവും

സ്വന്തമാക്കീടാമെന്ന വ്യാമോഹം വളര്‍ത്തുന്നു!

ജീവിതം ക്ഷണികമാണതുപോല്‍ ദുര്‍ല്ലഭവും

ജീവിക്കാനറിയാതെ വ്യര്‍ഥമാക്കിയ നാളും,

ഓരോരോ നിമിഷവും ശ്രേഷ്ഠമാണമൂല്യവും

ഒട്ടുമേ പാഴാക്കാതെ ജീവിക്കാം സുലഭമായ്!

എന്തിനും മറ്റാരെയും പഴിക്കാതിടയ്ക്കിടെ

എത്തിനോക്കണം നമ്മള്‍, എവിടെ പിശകെന്നു

കാണുവാന്‍, കണ്ടാലുടന്‍ തിരുത്താനതു പേര്‍ത്തും

കാണുവാനിടവരാതിരിക്കാന്‍ ശ്രദ്ധിക്കുവാന്‍!

വര്‍ഷത്തിനല്ല ദോഷം; വര്‍ഷത്തെ നിര്‍ദ്ദാക്ഷിണ്യം

വഷളാക്കുമീ മര്‍ത്ത്യ വംശത്തിനല്ലോ ദോഷം!

ഭക്തിയും, പരസ്പര സ്‌നേഹവും വിവേചന

ശക്തിയും വളര്‍ത്തണേ! മര്‍ത്ത്യരില്‍ ജഗല്‍പതേ!

- തൊടുപുഴ കെ. ശങ്കര്‍

പുതിയ വര്‍ഷത്തിന്റെ ആദ്യദിനങ്ങളിലാണ് നാം. കടന്നുപോയത് ഒരു വര്‍ഷം മാത്രമല്ല; കാല്‍ നൂറ്റാണ്ട് കൂടിയാണ്. മനുഷ്യന്‍ എന്ന ജീവിയുടെ ഈ ഭൂമിയിലെ ജീവിതത്തെ മാറ്റിമറിച്ച 25 വര്‍ഷങ്ങളാണ് കടന്നുപോയത്. സ്മാര്‍ട്ട് ഫോണും നിര്‍മ്മിത ബുദ്ധിയും നാനോ മെഡിസിനുമെല്ലാം ചേര്‍ന്ന് മനുഷ്യജീവിതത്തില്‍ digital sunrise സാധ്യമാക്കിയ 25 വര്‍ഷങ്ങള്‍! ജെന്‍ സീ, ആല്‍ഫ തലമുറകള്‍ ചേര്‍ന്ന് ജീവിതത്തെ നിര്‍വചിക്കുകയും നിര്‍ണ്ണയിക്കുകയും ചെയ്യുമെന്ന് പഠിപ്പിച്ച 25 വര്‍ഷങ്ങള്‍!

മഹാദുരന്തങ്ങളും മഹാമാരികളും ഒരുമിപ്പിക്കുമ്പോഴും ജാതി, മതം, വര്‍ഗം, വര്‍ണ്ണം, അധികാരം, പണം, പദവി എന്നിവ ഇന്നും മനുഷ്യരെ വിഘടിപ്പിക്കുകയും വിഭജിപ്പിക്കുകയും ചെയ്യുമെന്ന് പഠിപ്പിച്ച 25 വര്‍ഷങ്ങള്‍. ഇനിയും നിലയ്ക്കാത്ത യുദ്ധങ്ങളും ഉയരുന്ന നിലവിളികളും മനുഷ്യവംശത്തിന്റെ പരാജയമാണെന്ന് ഓര്‍മ്മിപ്പിക്കുന്ന 25 വര്‍ഷങ്ങള്‍. ശുദ്ധജലത്തിനും ശുദ്ധവായുവിനും മനുഷ്യന്‍ സാവധാനത്തിലുള്ള മരണം വിധിച്ച 25 വര്‍ഷങ്ങള്‍. ആഹാരത്തിന്റെ രൂപത്തില്‍ ദൈവം മുമ്പില്‍ പ്രത്യക്ഷപ്പെടാത്ത അനേകര്‍ ഇപ്പോഴും ചുറ്റിലുമുണ്ടെന്ന് ഓര്‍മ്മിപ്പിച്ച 25 വര്‍ഷങ്ങള്‍.

2050-ല്‍ ലോകം എങ്ങനെയായിരിക്കും എന്ന് ഭാവന ചെയ്യുന്നതിനേക്കാള്‍ അഭികാമ്യമായിരിക്കുന്നത് ഇപ്പോള്‍ ഈ ലോകം എങ്ങനെയാണ് എന്ന് പര്യാലോചിക്കുന്നതാണ്. ഡിജിറ്റല്‍ സൂര്യോദയം നല്ലതു തന്നെ. എന്നാല്‍, അമൂല്യ മെന്ന് കരുതി തലമുറകള്‍ തോറും നാം കൈമാറിയിരുന്ന പല നന്മകളും അതോടെ അസ്തമിച്ചില്ലേ? സാങ്കേതികവിദ്യ ജീവിതം അനായാസമാക്കി എന്നത് സത്യം തന്നെ; എന്നാല്‍, അതോടെ നാം കൂടുതല്‍ ആനന്ദമുള്ളവരായോ? ഡ്രൈവറില്ലാത്ത വാഹനങ്ങള്‍ നല്ലതുതന്നെ. എന്നാല്‍, ശരിയായ പാതയിലൂടെ, ശരിയായ രീതിയില്‍, ശരിയായ ലക്ഷ്യത്തിലേക്ക് നമ്മുടെ ജീവിതയാനത്തെ നയിക്കാന്‍ നമുക്ക് കഴിയുന്നുണ്ടോ?

വാര്‍ധക്യത്തെ വൈകിപ്പിക്കാനും തടയാനും പുനര്‍ജന്മം പോലും സാധ്യമാക്കാനും ലക്ഷ്യമിടുന്നത് കൗതുകകരം തന്നെ! എന്നാല്‍, ബാല്യവും കൗമാരവും യൗവനവും മധ്യപ്രായവും വാര്‍ധക്യവുമെല്ലാം സഫലതയോടെ ജീവിക്കാന്‍ നമുക്ക് കഴിയുന്നുണ്ടോ? നന്മയും കരുണയും മനുഷ്യത്വവുമുള്ള മനുഷ്യനായി ഈ ജന്മം തന്നെ, 'മാനവനും മാധവനും' ഉതകുംവിധം ജീവിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അമരത്വവും പുനര്‍ജന്മവും കാംക്ഷിക്കുന്നതിന്റെ യുക്തിയും അര്‍ത്ഥവുമെന്താണ് ? ചോദ്യങ്ങള്‍ ഇനിയുമുണ്ട്. എങ്കിലും ശുഭപ്രതീക്ഷയോടെ പുതുവത്സരത്തിലേക്ക് പ്രവേശിക്കാം. കൃപാസമൃദ്ധികൊണ്ട് നവവര്‍ഷത്തെ അവിടുന്ന് മകുടം ചാര്‍ത്തട്ടെ.

ശുഭാശംസകള്‍!

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org