![കൊച്ചിയിലെ കപ്പലൊച്ചകള്‍ [20]](http://media.assettype.com/sathyadeepam%2F2026-01-01%2Fyzyooxzc%2Fnovel20-kochiyile-kapplochakal.jpg?w=480&auto=format%2Ccompress&fit=max)
![കൊച്ചിയിലെ കപ്പലൊച്ചകള്‍ [20]](http://media.assettype.com/sathyadeepam%2F2026-01-01%2Fyzyooxzc%2Fnovel20-kochiyile-kapplochakal.jpg?w=480&auto=format%2Ccompress&fit=max)
നോവലിസ്റ്റ്: എൻ ഹാലിയ
ചിത്രീകരണം : ബാവുൽ
മുറിവേല്‍ക്കാത്തതും വേദനിക്കാത്തതുമായ മനുഷ്യര്‍ ഭൂമിയിലുണ്ടാകണമെന്നില്ല. സത്യത്തില്‍, മുറിയപ്പെടുക പോറലേല്‍ക്കുകയെന്നതിനേക്കാള്‍ വേദനാജനകമാണ് കടന്നുപോകുന്ന കദനങ്ങളെക്കുറിച്ച് ചോദിക്കാനും പറയാനുമൊന്നും ആരുമില്ലാതിരിക്കുകയെന്നത്. അതിലും അതിഭീതിതമായിരിക്കും പ്രിയപ്പെട്ട ചിലര്‍ അതറിയാതെ പോകുന്നതും 'ആരുടെയൊക്കെയോ കരങ്ങളാല്‍ എനിക്ക് ക്ഷതമേറ്റിട്ടുണ്ട്' എന്നവരോടേറ്റു പറയാന്‍ ഭയം തോന്നുന്നതും. കൊച്ചിയിലെ ചില അടുക്കളകളെങ്കിലും കരിപിടിച്ച് മാത്രമല്ല കറുത്തുപോയത്, ആരോടും പറയാതെ മറച്ചും മൂടിയും വച്ച കദനങ്ങളുടെ കറ പിടിച്ചതുകൊണ്ടു കൂടിയാണ്.
അധ്യായം 20
ശവം ജോണി
അപമാനിക്കപ്പെട്ട ഒരു സ്ത്രീക്ക് അഭിമുഖീകരിക്കാന്‍ പ്രയാസമുള്ളത് ഭൂമിയില്‍ വച്ച് അവരെ ഏറ്റവും കൂടുതല്‍ സ്‌നേഹിക്കുന്ന മനുഷ്യരെ ആയിരിക്കും. കാരണം, അവര്‍ക്കറിയാം താന്‍ അപമാനിക്കപ്പെട്ടെന്ന് അറിഞ്ഞാല്‍ താന്‍ സ്‌നേഹിക്കുന്നവരുടെയും തന്നെ സ്‌നേഹിക്കുന്നവരുടെയും നെഞ്ച് ഒരേ ചൂടില്‍ പൊള്ളുമെന്നും ഒരേ പകയാല്‍ നീറുമെന്നും. സ്‌നേഹം അങ്ങനെയാണ്, ആ ഉടമ്പടിയില്‍ ഒപ്പു വച്ചവര്‍ക്ക് ഒരേ ആനന്ദവും ഒരേ സങ്കടവുമാണ്. അമ്മ നൊന്തിരിക്കുന്നത് കാണുമ്പോള്‍ പറക്കമുറ്റാത്ത കുഞ്ഞിന്റെ കണ്ണിലേക്കും ഖല്‍ബിലേക്കും അതേ നോവ് പടര്‍ന്നു കയറുന്നത് പ്രപഞ്ചം കണ്ടുകൊണ്ടിരുന്നു. തന്നെ ആശ്വസിപ്പിക്കാന്‍ വാക്കുകള്‍ തേടിയിട്ടും കിട്ടാതെ ഒരു കുഞ്ഞ് നെഞ്ച് കലങ്ങി മറിയുന്നത് കണ്ടുനില്‍ക്കാന്‍ ആകാതെ സ്വയം പോറലേറ്റ റീത്ത എന്ന ആ സ്ത്രീ കെവിനെന്ന ആണ്‍കുട്ടിയെ അമര്‍ത്തി ആലിംഗനം ചെയ്തു.
ദാരിദ്ര്യവും വേദനയും അറപ്പും അശ്ലീലവും തളംകെട്ടിക്കിടന്ന അടുക്കള മുറിയില്‍ വച്ച് ഒരമ്മയും മകനും ആശ്ലേഷിതരായിരിക്കുക യാണ്. അവരുടെ ആത്മാവുകള്‍ സുഖപ്പെടാന്‍ പരിശ്രമിക്കുകയാണ്. അരുതാത്തതും അശ്ലീലവുമായ ഒരു കടന്ന് കയറ്റത്തില്‍ തീ പൊള്ളലേറ്റ ഹൃദയം കൊണ്ട്, റീത്ത മകന്റെ മുഖത്തെയും മനസ്സിലെയും സങ്കടക്കടല്‍ ഉണക്കുകയാണ്. ഒരാള്‍ക്ക് മാത്രം കേള്‍ക്കാന്‍ പാകത്തിന് മുഴങ്ങിയിരുന്ന കെവിന്റെ ഏങ്ങലുകളെ റീത്ത ഏറ്റെടുത്തിട്ട് പറഞ്ഞു, ''മോന്‍ കരയേണ്ടട്ടാ... അമ്മയ്‌ക്കൊന്നൂല്ലാ... അയാള് കള്ളുകുടിച്ച് ബോധമില്ലാതെ എന്തോ ചെയ്യാന്‍ നോക്കിയതാണ്... മോന്‍ പേടിച്ചു പോയോ... സാരൂല്ലടാ... ആരോടും ഒന്നും പറയാന്‍ നിക്കണ്ടട്ടാ... അപ്പന്‍ അറിഞ്ഞാല്‍ അറിയാല്ലോ... വല്യ പ്രശ്‌നമാകും. അയാളാണെങ്കില്‍ ഒരു ദുഷ്ടനാണ്... ''മോന്‍ വിഷമിക്കണ്ടട്ടാ.''
ഓരോ പ്രാവശ്യവും 'മോന്‍ വിഷമിക്കണ്ടട്ടാ' എന്ന് റീത്ത പറഞ്ഞ നേരത്തൊക്കെയായിരുന്നു കെവിന്റെ ചങ്ക് നീറി പുകഞ്ഞത്. 'വിഷമിക്കണ്ടെ'ന്ന് പറഞ്ഞു കൊണ്ടിരിക്കുന്ന സ്വന്തം അമ്മയുടെ ഉള്ളില്‍ എത്ര നീറ്റലുണ്ടെന്ന് കൃത്യമായ ധാരണയുണ്ടായിരുന്ന ആ മകന്‍ രണ്ട് കൈകൊണ്ടും മുഖം അമര്‍ത്തി സങ്കടം തുടച്ചു മാറ്റി. തന്റെ അരികില്‍ നിന്നും അടുക്കളവിട്ട് അപ്പുറത്തേക്ക് നീങ്ങിയ കെവിന്റെ ഉള്ളിലെ വികാരം എന്തെന്ന് റീത്തയ്ക്ക് പൂര്‍ണ്ണമായും പിടികിട്ടിയിരുന്നില്ല.
അകത്തെ ഇരുണ്ട വെളിച്ചത്തില്‍ തന്റെ ചോരയില്‍ പിറന്ന മകനും, അവന് ജന്മം നല്‍കിയ അമ്മയും പീഡിപ്പിക്കപ്പെടുകയായിരുന്നു എന്നറിയാതെ ജോണിയും കൂട്ടുകാരും 'അല്ലിയാമ്പല്‍ കടവില്‍' നനഞ്ഞും കുതിര്‍ന്നും ആനന്ദിക്കുകയായിരുന്നു. റീത്തയെ കയറിപ്പിടിച്ചിട്ടും കലിയടങ്ങാതിരുന്ന ആന്റപ്പന്‍ ജോണിയുടെ ഗ്ലാസിലേക്ക് ചാരായം നിറച്ചു കൊണ്ടേയിരുന്നു. അടുക്കളയില്‍ നിന്നും വാതിക്കല്‍ വന്ന് തന്നെ തുറിച്ചു നോക്കി കൊണ്ടിരുന്ന കെവിനെ കണ്ടപ്പോള്‍ അയാള്‍ക്ക് ആദ്യമായി ഭയം തോന്നി. 'അമ്മയെ തൊട്ടവന്റെ കയ്യറത്ത് മാറ്റാന്‍' കെവിന്‍ കത്തിയോ വാളോ കയ്യില്‍ കരുതിയിട്ടുണ്ടോ എന്ന് ആന്റപ്പന്‍ പാളി നോക്കി. ശൂന്യമായ ആ കരങ്ങള്‍ ആന്റപ്പനെ ആ ഭയത്തില്‍ നിന്നും മുക്തനാക്കി. തുറിച്ച് നോക്കുന്ന കെവിനെ ചൂണ്ടിക്കൊണ്ട് ആന്റപ്പന്‍ ജോണിയോട് ചോദിച്ചു, ''നിന്റെ മോനെന്താടാ ഒരുമാതിരി തുറിച്ച് നോക്കണത്... നമ്മയിങ്ങനെ അടിക്കണതും പിടിക്കണതുമൊന്നും നിന്റെ ചെക്കനിഷ്ടപ്പെടുന്നില്ലെന്നാ തോന്നണത്...''
ഇരുന്നിരുന്ന കസേരയില്‍ നിന്നും പിന്നിലേക്ക് നോക്കിക്കൊണ്ട് ജോണി പറഞ്ഞു, ''അവനെന്തിനാ പിടിക്കാതിരിക്കണേ... അവന്റെ അപ്പന്റെ സന്തോഷാണ് അവന്റെ സന്തോഷം. എന്റെ മൂത്തവനല്ലേടാ ആന്റപ്പാ അവന്‍... അവന്‍ നമ്മുടെ മുത്താണ്.'' ജോണി മേശപ്പുറത്തിരുന്ന ഒരു ബീഡിയെടുത്ത് കത്തിച്ചു ചുണ്ടില്‍ വച്ചു.
''അത്രയ്ക്ക് സന്തോഷൊന്നും ചെക്കനില്ലെന്നാ തോന്നുണേ... ജോണി, നീ ഇങ്ങനെ കൂട്ടുകാരെയൊക്കെ വിളിച്ച് വീട്ടില്‍ കേറ്റി കള്ളുകുടിച്ചിരിക്കുന്നത് ഏത് മക്കള്‍ക്ക് ഇഷ്ടപ്പെടാനാടാ... അവനും അത്രേയുള്ളൂ... അതാണീ കലിപ്പ്...''
ആന്റപ്പന് മറുപടിയൊന്നും കൊടുക്കാതെ ജോണി, ''കെവിനേ...'' എന്ന് ഉറക്കെ വിളിച്ചു.
തിരികെ മറുപടിയൊന്നും കൊടുക്കാതെ കെവിന്‍ വാതില്‍ക്കല്‍ തന്നെ നിന്നതേയുള്ളൂ. ജോണി ഒന്നൂടെ വിളിച്ചപ്പോഴാണ് അവന്‍ ചെറിയ സ്വരത്തില്‍ ഒരു മൂളല്‍ നല്‍കിയത്. ''നീ ഇങ്ങോട്ട് വന്നേടാ... ആന്റപ്പന്‍ ചേട്ടന്‍ പറയുന്നത് കേട്ടില്ലേ... അപ്പനിവിടിരുന്ന് രണ്ടെണ്ണം അടിക്കണത് കണ്ടിട്ട്, നിനക്ക് എന്നോട് കലിപ്പാണെന്ന്... ആണോടാ?''
കെവിന്‍ ഒന്നും മിണ്ടാതെ ജോണിയുടെ അരികില്‍ നിന്നു.
''അപ്പനോട് ദേഷ്യമാണോടാ?'' എന്ന അയാളുടെ ആവര്‍ത്തന ചോദ്യത്തില്‍ ദേഷ്യം ഇരച്ചെത്തിയത് കെവിന് പിടികിട്ടി. അതുകൊണ്ടുതന്നെ ജോണിയെ ഭ്രാന്ത് പിടിപ്പിക്കാതിരിക്കാന്‍ 'ഇല്ല' എന്ന് അവന്‍ മറുപടി നല്‍കി.
''കണ്ടാടാ ആന്റപ്പാ... ഞാന്‍ പറഞ്ഞില്ലേ... ഇവനേ, അറക്കപ്പറമ്പില്‍ ജോണീടെ മോനാണ്...'' ചാരായവും മീന്‍കറിയുടെ ചാറും പറ്റിപ്പിടിച്ചിരുന്ന കറുത്ത ചുണ്ടുകൊണ്ട് ജോണി കെവിനെ കെട്ടിപ്പിടിച്ച് കവിളത്ത് തുരുതുരെ ഉമ്മവച്ചു.
ലഹരി കോപ്പയില്‍ മുങ്ങി ചുവന്ന കണ്ണുകളും, പട്ട ചാരായത്തിന്റെ ദുര്‍ഗന്ധം വമിക്കുന്ന വായയുമായി ജോണി നടത്തിയ വികൃത സ്‌നേഹപ്രകടനം കണ്ട് കൂട്ടുകാര്‍ ആര്‍ത്തു ചിരിക്കുകയും കെവിന്‍ ഓക്കാനിക്കുകയും ചെയ്തു. ജോണിയുടെ കെട്ടിപ്പിടുത്തത്തിലും ഉമ്മ വയ്ക്കലിലും നിന്ന് കെവിന്‍ ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചിട്ടും അവന് കഴിഞ്ഞില്ല. തലയ്ക്ക് ലഹരി കയറിയ ജോണി 'എന്റെ മൂത്തമോനാണ്, അപ്പന്റെ പുന്നാരയാണെന്ന്' പറഞ്ഞ് കെവിനെ എടുത്തുയര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ പാതി അഴിഞ്ഞു തുടങ്ങിയ കൈലി മുണ്ട് പൂര്‍ണ്ണമായും ഊര്‍ന്ന് പോയി. അടിവസ്ത്രം മാത്രം ധരിച്ച് സ്വന്തം അപ്പന്‍ പട്ട ചാരായത്തിന്റെ ലഹരിയില്‍ പിതൃവാത്സല്യം കാണിക്കാന്‍ ഒരുമ്പെടുന്നതു കണ്ട കെവിന്‍ മേശപ്പുറത്തിരുന്ന വെള്ളം നിറഞ്ഞ ജഗ്ഗെടുത്ത് ജോണിയുടെ മുഖം നോക്കി ആഞ്ഞടിച്ചു.
ആമാശയത്തിലും അന്നനാളത്തിലും ഞരമ്പിലും ചോരയിലും തളംകെട്ടിക്കിടന്ന പട്ട ചാരായത്തിന്റെ അലയടികളില്‍ സമനില നഷ്ടമായിരുന്ന ജോണിയുടെ അവശേഷിച്ച നിലകൂടി ഇളക്കി മറിച്ച അടിയായിരുന്നു കെവിന്റേത്. പുരപ്പുറത്തേക്ക് വളഞ്ഞ് പൊങ്ങി നിന്നിരുന്ന ചില്ലിത്തെങ്ങ് കടയോടെ പിഴുത് മാറ്റിയ ആ വലിയ കുഴിയിലേക്ക് അറക്കപ്പറമ്പില്‍ ജോണി ആടിയാടി ഉലഞ്ഞുവീണു. പ്ലാസ്റ്റിക് കവറുകളും ചാരായ കുപ്പികളും മീന്‍ മുള്ളുകളും എല്ലിന്‍ കഷണങ്ങളും കുടിച്ച് ലെക്കുകെട്ടവന്മാരുടെ ഛര്‍ദ്ദിലുകളും കൊണ്ട് പാതി നിറഞ്ഞിരുന്ന ആ ഉച്ഛിഷ്ട ചതുപ്പില്‍ അറക്കപ്പറമ്പില്‍ ജോണി അടിവസ്ത്രം മാത്രം ധരിച്ച് മലര്‍ന്നു കിടക്കുന്നതു കണ്ട് കൂട്ടുകാരുടെ ചിരി ആകാശത്തോളം ഉയര്‍ന്നു. ഉയര്‍ന്നുയര്‍ന്നു വന്ന ആ പരിഹാസ ചിരി നിലച്ചു എന്ന തോന്നലില്‍ ആരുടെയോ ശബ്ദം അവിടെ വ്യക്തമായി കേട്ടു.
''ഇപ്പഴാടാ ജോണി, നീ ശവം ജോണിയായത്.''
നിലയ്ക്കാന്‍ തുടങ്ങിയ ആ പരിഹാസച്ചിരി പൂര്‍വാധികം ശക്തിയോടെ വീണ്ടും ആകാശത്തേക്ക് ഉയര്‍ന്നു. അടിവസ്ത്രം മാത്രം ധരിച്ച് പടുകുഴിയില്‍ കിടക്കുന്ന ജോണി തിരിഞ്ഞും മറിഞ്ഞും എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നത് രംഗം കൂടുതല്‍ വഷളാക്കി. അകത്തുനിന്നും പാഞ്ഞെത്തിയ റീത്ത കാണുന്നത് അര്‍ദ്ധനഗ്‌നനായ തന്റെ ഭര്‍ത്താവിനെയും, ഒരുവശം ചളങ്ങിപ്പോയ സ്റ്റീല്‍ ജഗും പിടിച്ച് അരിശംപൂണ്ട് നില്‍ക്കുന്ന കെവിനെയും, ആര്‍ത്തട്ടഹസിക്കുന്ന ഒരു കൂട്ടം മനുഷ്യരെയുമാണ്.
(തുടരും)