വചനമനസ്‌കാരം

വചനമനസ്‌കാരം: No.217

എസ്. പാറേക്കാട്ടില്‍
ദൈവകൽപനകളുടെ പുസ്തകവും ശാശ്വതമായ നിയമവും അവളാണ്. അവളോടു ചേർന്നു നിൽക്കുന്നവൻ ജീവിക്കും. അവളെ ഉപേക്ഷിക്കുന്നവൻ മരിക്കും.
ബാറൂക്ക് 4 : 1

നാട്ടിലെ ഏക ഗ്രന്ഥശാലയാണ് ജവഹർലാൽ ലൈബ്രറി & റീഡിംഗ് റൂം. 1954-ലാണ് ഈ ഗ്രന്ഥശാല പ്രവർത്തനമാരംഭിച്ചത്. സാക്ഷാൽ നെഹ്‌റു അന്ന് ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്! നാനൂറിലേറെ അംഗങ്ങളുള്ള ഗ്രന്ഥശാലയിൽ നിലവിൽ പതിമൂവായിരത്തോളം പുസ്തകങ്ങളുണ്ട്. ഈ പുസ്‌തകശാലയോട് വൈകാരികമായ അടുപ്പമുണ്ട്. നേഴ്‌സറി മുതൽ നാലാം ക്ലാസ് വരെ പഠിച്ച വിദ്യാലയത്തിലേക്കുള്ള വഴി ജവഹർലാലിന്റെ മുന്നിലൂടെയാണ്. ബാല്യത്തിലെ ആദിമവിശുദ്ധിയിലേക്ക് പുസ്തകവും വായനയുമൊക്കെ അനായാസേന പ്രവേശിക്കാൻ വായനശാലയുടെ ചിരപരിചിതത്വവും പരോക്ഷമായി കാരണമായിട്ടുണ്ട്. കഴിഞ്ഞ ദിവസം വായനശാലയുടെ വാർഷിക പൊതുയോഗത്തിൽ സംബന്ധിച്ചു. മഹാനായ ഒരു മനുഷ്യന്റെ പേരിൽ സ്ഥാപിതമായതും പ്ലാറ്റിനം ജൂബിലിക്കൊരുങ്ങുന്നതുമായ ഒരു ഗ്രന്‌ഥശാലയുടെ വാർഷികയോഗത്തിൽ കഷ്ടിച്ച് നാൽപതിൽ താഴെ ആളുകൾ മാത്രമാണ് സംബന്ധിച്ചത്. സംഘാടകരുടെയോ സംഘാടനത്തിന്റെയോ കുഴപ്പമല്ല കാരണം. അതാണ് കാലം!

ആത്മകഥ എഴുതേണ്ടി വരും എന്നറിഞ്ഞിരുന്നെങ്കിൽ എന്റെ ജീവിതം ഞാൻ കൂടുതൽ സംഭവബഹുലമാക്കിയേനെ എന്ന് പറഞ്ഞത് മലയാള സിനിമയിലെ ചിന്തയുള്ള ചിരിയുടെ മുഖമായിരുന്ന ശ്രീനിവാസനാണ്. ജീവിതത്തെ സംഭവബഹുലമാക്കുന്നത് അനുഭവങ്ങളാണ്. ഹൃദയദ്രവീകരണ ശക്തിയുള്ള; പൊള്ളിക്കുന്ന അനുഭവങ്ങൾ. അതുപക്ഷേ, എല്ലാവർക്കും ഉണ്ടാകണമെന്നില്ല. എന്നാൽ, അതുള്ളവരെ വായിച്ചാൽ ആ അഗ്നിയുടെ ചെറിയ ഒരോഹരി അനുഭവവേദ്യമാകും. അതാണ് വായനയുടെ മഹത്വം. മറ്റൊരു ഭാവപ്രപഞ്ചത്തിലേക്ക് വായന നമ്മെ കൊണ്ടുപോകുന്നു.

അജ്ഞാതമായ ലോകങ്ങൾ നമ്മുടെ മുന്നിൽ അനാവരണം ചെയ്യുന്നു. നാം നേരിട്ടനുഭവിക്കാത്തതും അനുഭവിക്കാൻ ഇടയില്ലാത്തതുമായ ജീവിതാനുഭവങ്ങളും അനുഭൂതികളും കൊണ്ട് നമ്മെ നിറയ്ക്കുന്നു. ജ്ഞാനതൃഷ്ണ മനുഷ്യന്റെ ഒരു അടിസ്ഥാന ചോദനയാണ് (basic instinct). ശരീരത്തിന് ഭക്ഷണവും ഹൃദയത്തിന് സ്‌നേഹവും പോലെ; ബുദ്ധി, മനസ്സ്, ചിന്ത എന്നിവയ്ക്ക് ജ്ഞാനത്തിന്റെ സ്‌നേഹഭോജനം ആവശ്യമുണ്ട്. അതു നൽകാൻ വായനയ്ക്ക് കഴിയും. ജൈവികമായി എല്ലാവർക്കും അച്ഛൻ ഒന്നേയുള്ളൂ. എന്നാൽ , സർഗാത്മകമായി ഓരോരുത്തർക്കും പഞ്ചപിതാക്കളുണ്ട്. ജനിപ്പിച്ചവൻ, ഉപനയിച്ചവൻ, വിദ്യ പഠിപ്പിച്ചവൻ, ചോറു തന്നു വളർത്തിയവൻ, അത്യാപത്തിൽ നിന്നു രക്ഷിച്ചവൻ - ഇവരാണ് പഞ്ചപിതാക്കൾ. പുസ്‌തകങ്ങൾക്ക് വിദ്യ പകരുന്ന ഗുരുക്കൻമാരുടെ സ്ഥാനമുണ്ട്. അതുവഴി പിതാവിന്റെ സ്ഥാനവും!

കടലിലെ യാനങ്ങൾക്ക് ദിശാസൂചന നൽകുന്ന ലൈറ്റ് ഹൗസ് പോലെയാണ് ഗ്രന്ഥശാലകൾ. ഒരു ദേശത്തിനാകെ വഴികാട്ടാനും വെളിച്ചമേകാനും അതിനു കഴിയും. സ്‌നേഹത്തിന്റെയും നന്മയുടെയും വിളക്കുമാടങ്ങളെല്ലാം അണയുകയും ദുർബലമാവുകയും ചെയ്യുന്ന ഒരു കാലസന്ധിയിലാണ് നാം. അതിനാൽ, പുസ്തകശാലകൾ എന്ന വിളക്കുമരങ്ങൾക്ക് ബലമേകേണ്ടതുണ്ട്. അക്ഷരസ്നേഹികൾ സഹജമായി മനുഷ്യസ്‌നേഹികളുമായിരിക്കും. കാരണം, അക്ഷരം പോലെ തന്നെ ക്ഷരം അഥവാ നാശമില്ലാത്തതാണ് സ്‌നേഹവുമെന്ന് അക്ഷരസ്‌നേഹികളോളം തിരിച്ചറിയുന്ന മറ്റാരുമുണ്ടാകില്ല.

മതം, ജാതി , സമുദായം, രാഷ്ട്രീയം, വർണ്ണം , വർഗം എന്നിങ്ങനെ എല്ലാ ഭേദങ്ങൾക്കും അതീതമായി, മനുഷ്യനെ ഉപാധികളില്ലാതെ സമീപിക്കാനും ഹൃദയപൂർവം സ്‌നേഹിക്കാനും വായനയുടെ വെളിച്ചമുള്ളവർക്ക് കഴിയും. കത്തിച്ച റാന്തലുമായി, മനുഷ്യനെ തേടി പട്ടാപ്പകൽ തെരുവിൽ അലഞ്ഞ പുരാതന മനുഷ്യന്റെ പിൻമുറക്കാരാകാൻ അക്ഷരസ്നേഹത്തിന്റെ റാന്തൽ കൈവശമുള്ളവർക്ക് കഴിയും. എല്ലാറ്റിലുമപരിയും എല്ലായ്പ്പോഴും മനുഷ്യനെ തേടാനും കണ്ടെത്താനും ഉള്ളിലെ വെളിച്ചം അവരെ സഹായിക്കും.

ആമുഖവചനത്തിലെ ‘അവൾ’ അറിവാണ്. ഏദൻ തോട്ടത്തിലെ ജീവന്റെ വൃക്ഷത്തിനും അറിവിന്റെ വൃക്ഷത്തിനും ജീവന്റെ പുസ്തകമെന്നും അറിവിന്റെ പുസ്തകമെന്നും ഒരു പുനർവായന സാധ്യമാണ്. ദൈവിക ജീവൻ തുടിക്കുന്ന വിശുദ്ധ ഗ്രന്ഥങ്ങളും മനുഷ്യസ്‌നേഹം തുളുമ്പുന്ന സദ്ഗ്രന്ഥങ്ങളും ചേർന്നാണ്, മനുഷ്യൻ എന്ന ശക്തിയുടെ ഇതിഹാസത്തെ; ദുർബലപ്രതിഭാസത്തെ വിമോചിപ്പിക്കുന്നത്.

നിലാവിന്റെ വീട് - 06

വൈക്കം സ്വദേശി സജീഷ് ടോം ബേസിംഗ്‌സ്‌റ്റോക്ക് ഡെപ്യൂട്ടി മേയർ

ടെക്നോക്രാറ്റിക് വെട്രി കഴകം ?

“കാര്യം മറന്ന വെറും കളിക്കാരനായ്...”

ഫലം വന്നിട്ടും മത്സരം തീർന്നില്ല