ഇരുപതാം നൂറ്റാണ്ടിന്റെ വി. ആഗ്നസ് എന്ന് അറിയപ്പെടുന്ന വി. മരിയ ഗൊരേത്തി 'ശുദ്ധത' എന്ന പുണ്യത്തിന്റെ ആധുനിക രക്തസാക്ഷിയാണ്. ഇറ്റലിയില്‍ കൊറിനാള്‍ഡോ എന്ന ഗ്രാമത്തില്‍ ഒരു ദരിദ്രകര്‍ഷകത്തൊഴിലാളിയുടെ ഏഴുമക്കളില്‍ മൂന്നാമത്തവളായി മരിയ ജനിച്ചു. സ്‌കൂള്‍ വിദ്യാഭ്യാസംപോലും ലഭിച്ചില്ല. അവളുടെ അമ്മ അസൂന്ത വിദ്യാസമ്പന്നയല്ലെങ്കിലും, ക്രിസ്തീയ നന്മകളില്‍ വളരാനുള്ള അടിസ്ഥാനം മകള്‍ക്ക് പറഞ്ഞുകൊടുത്തു.
മരിയയ്ക്ക് ഒമ്പതുവയസ്സുള്ളപ്പോള്‍ റോമിനടുത്തുള്ള നെറ്റുണോയിലേക്ക് അവളുടെ കുടുംബം താമസം മാറ്റി. കുടുംബം പുലര്‍ത്താനുള്ള ജോലി തേടി പോയതായിരുന്നു. അടുത്തവര്‍ഷം മരിയയുടെ പിതാവ് ലൂയിജി മരണമടഞ്ഞു. അതോടെ കുടുംബഭാരം മുഴുവന്‍ തന്നെ മരിയയുടെ ചുമലിലായി. ഇളയ കുട്ടികള്‍ക്കെല്ലാം അവള്‍ അമ്മയായി. കാരണം, പകല്‍ മുഴുവന്‍ അമ്മ ജോലിസ്ഥലത്തായിരുന്നു.
പതിനൊന്നാമത്തെ വയസ്സില്‍ മരിയ പ്രതീക്ഷയോടെ കാത്തിരുന്ന സുദിനം എത്തി. പ്രഥമ ദിവ്യകാരുണ്യസ്വീകരണദിനം. അതിനുള്ള പ്രത്യേക ഒരുക്കങ്ങളും മരിയ നടത്തിയിരുന്നു. അവയൊക്കെ അവളുടെ ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തി, മരിയ എന്നും അനുസരണയുടെ ഒരു മാതൃകയായിരുന്നു; അനാര്‍ഭാടതയുടെയും വിശുദ്ധിയുടെയും മാതൃകയായിരുന്നു. പാപം മൂലം ഈശോയെ വേദനിപ്പിക്കുന്ന കാര്യം അവള്‍ക്കു ചിന്തിക്കാന്‍പോലും കഴിഞ്ഞിരുന്നില്ല. ഈശോയെ പ്രസാദിപ്പിക്കാനുള്ള മാര്‍ഗ്ഗങ്ങളെപ്പറ്റിയായിരുന്നു എപ്പോഴും അവളുടെ ചിന്ത. മറ്റുള്ളവര്‍ക്കെല്ലാം മരിയ എപ്പോഴും ഒരു സഹായി ആയിരുന്നു. കുമ്പസാരിക്കാന്‍ ഏഴുമൈല്‍ ദൂരം നടന്നുപോകേണ്ടിയിരുന്നു. തന്റെ ഒരു ആദ്ധ്യാത്മിക കടമ നിര്‍വ്വഹിക്കാനായിരുന്നതുകൊണ്ട് ഒന്നും അവള്‍ക്കു ബുദ്ധിമുട്ടായി തോന്നിയില്ല.
മരിയ താമസിച്ചിരുന്ന കെട്ടിടത്തില്‍ തന്നെ ഒരു കര്‍ഷകകുടുംബവും താമസിച്ചിരുന്നു. ആ കുടുംബത്തിലെ ഒരു യുവാവ് മൂന്നു പ്രാവശ്യം മരിയയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. മൂന്നുപ്രാവശ്യവും അവള്‍ ധീരമായി ചെറുത്തുനിന്നു. പക്ഷേ, യുവാവ് നൈരാശ്യത്തോടെ, കൈയില്‍ കരുതി യിരുന്ന കഠാര മരിയയുടെ നെഞ്ചില്‍ അനേകം പ്രാവശ്യം കുത്തിയിറക്കി. പിറ്റേന്ന്, 1902 ജൂലൈ 6-ന് മരിയയുടെ ഈലോകജീവിതം അവസാനിച്ചു. മരണത്തിനുമുമ്പ് മരിയ തന്റെ ആദ്ധ്യാത്മിക ഗുരുവിന്റെ നിര്‍ദ്ദേശപ്രകാരം തന്നെ ആക്രമിച്ച യുവാവിനോടു ക്ഷമിക്കുകയും അവന്റെ മാനസാന്തരത്തിനായി പ്രാര്‍ത്ഥിക്കുകയും ചെയ്തു. പക്ഷേ, ആ യുവാവു പിടിക്കപ്പെടുകയും 29 വര്‍ഷത്തെ തടവുശിക്ഷയ്ക്കു വിധിക്കപ്പെടുകയും ചെയ്തു. എങ്കിലും ജയില്‍മോചനത്തിനുമുമ്പ് ആ യുവാവ് മാനസാന്തരപ്പെട്ടു.
1950 ജൂണ്‍ 25-ന് മരിയയെ വിശുദ്ധയായി പ്രഖ്യാപിച്ച നിമിഷം വത്തിക്കാനിലെ സെ. പീറ്റേഴ്‌സ് സ്‌ക്വയറില്‍ മരിയയുടെ വൃദ്ധയും ഒരു വശം തളര്‍ന്നവളുമായ അമ്മയും ഘാതകനും വലിയ ജനാവലിക്കൊപ്പം സന്നിഹിതരായിരുന്നു. ചരിത്രത്തിലാദ്യമായി വത്തിക്കാനിലെ ചടങ്ങുകള്‍ അന്ന് സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിനു മുമ്പിലുള്ള തുറന്ന സ്ഥലത്തു വച്ചാണു നടത്തപ്പെട്ടത്.