സഭയും രാഷ്ട്രവും എട്ടാം നൂറ്റാണ്ടിൽ

Church and State in the Eighth Century
Published on

നാം കഴിഞ്ഞ രണ്ട് ലക്കങ്ങളിലായി ചാൾസ് രാജാവും മാർപ്പാപ്പമാരും തമ്മിലുള്ള ബന്ധത്തെ മനസ്സിലാക്കുക യായിരുന്നു. മാർപാപ്പയ്ക്ക് തന്റെ ഭൗതിക അധികാരങ്ങൾ സംരക്ഷിക്കുന്നതിന് ശക്തനായ ഒരു രാജാവിനെ ആവശ്യമായിരുന്നു. പടിഞ്ഞാറൻ റോമാ സാമ്രാജ്യത്തിന്റെ നാശവും കിഴക്കൻ റോമാസാമ്രാജ്യവു മായുള്ള ദൂരവുമാണ് ഒരു പുതിയ സംരക്ഷകനെ കണ്ടെത്താനുള്ള മാർപാപ്പയുടെ പരിശ്രമങ്ങൾക്ക് കാരണമായത്. അങ്ങനെ ലൊമ്പാർഡുകളുടെ കരോളിഞ്ചൻ രാജവംശവുമായി മാർപാപ്പമാർ നയതന്ത്ര ബന്ധം ആരംഭിച്ചു. ഇത് ഏറ്റവും ശക്തമായത് എട്ടാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ചാൾസ് രാജാവിന്റെ കാലത്താണ്. നവീനമായ പടിഞ്ഞാറൻ റോമാസാമ്രാജ്യത്തിന്റെ ചക്രവർത്തിയായി ചാൾസ് രാജാവ് അവരോധിക്കപ്പെട്ടു. ഇത് സഭയും രാഷ്ട്രവും തമ്മിലുള്ള ബന്ധത്തിനും പരസ്പരമുള്ള ഇടപെടലുകൾക്കും കാരണമായി.

മാർപാപ്പയ്ക്ക് നൽകപ്പെട്ടിട്ടുള്ളത് ആത്മീയ അധികാരമാണെന്നും സഭയുടെ ഭൗതിക അധികാരം രാജാവിനാണെന്നും കണക്കാക്കപ്പെട്ടു. ഇതോടൊപ്പം നൽകിയിട്ടുള്ള രണ്ട് ചിത്രങ്ങളിലൂടെ ഇത് വ്യക്തമാക്കാം.

റോമിലെ ലാറ്ററൻ കൊട്ടാരത്തിൽ സ്ഥാപിക്കപ്പെട്ടിട്ടുള്ള മൊസൈക് ചിത്രമാണിത്. ഈശോ ശിഷ്യന്മാരെ അപ്പസ്തോലിക ദൗത്യം ഏൽപ്പിച്ച് ലോകമെങ്ങും അയക്കുന്നതാണ് നടുവിൽ ചിത്രീകരിച്ചിരിക്കുന്നത്. അതിന് രണ്ടു വശങ്ങളിൽ സമാനമായ രണ്ടു ചിത്രങ്ങളുണ്ട്. ഒന്നിൽ ഈശോ സിംഹാസനത്തിൽ ഇരിക്കുകയും ഒരുവശത്ത് മുട്ടിന്മേൽ നിൽക്കുന്ന പത്രോസ് ശ്ലീഹായെ സഭയുടെ താക്കോൽ ഏൽപ്പിക്കുകയും ചെയ്യുന്നു.

ആത്മീയ അധികാരത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. മറുവശത്ത് മുട്ടുകുത്തി നിൽക്കുന്നത് കോൺസ്റ്റന്റൈൻ ചക്രവർത്തിയാണ്. ഈശോ ചക്രവർത്തിക്ക് പതാക നൽകിക്കൊണ്ട് രാഷ്ട്രത്തിന്റെ അധികാരവും നൽകുന്നു. രണ്ടാമത്തെ ചിത്രത്തിൽ പത്രോസ് ശ്ലീഹാ ലിയോ മാർപാപ്പയ്ക്ക് പാലിയവും ചാൾസ് രാജാവിന് പതാകയും നൽകുന്നു. ചാൾസ് രാജാവിന്റെ ജീവിത കാലഘട്ടത്തിൽ തന്നെയാണ് ഈ ചിത്രങ്ങൾ തയ്യാറാക്കിയതെന്ന് കണക്കാക്കപ്പെടുന്നു. ദൈവികമായി മാർപ്പാപ്പയ്ക്ക് ആത്മീയ അധികാരവും രാജാവിന് ഭൗതിക അധികാരവും നൽകപ്പെടുന്നു എന്നതാണ് ഈ ചിത്രത്തിലൂടെ അടയാളപ്പെടുത്തുന്നത്.

ഈ ചിന്തയുടെ അടിസ്ഥാനത്തിൽ രാജാക്കന്മാർ സഭയുടെ ഭരണകാര്യങ്ങളിൽ ഇടപെടുവാൻ ആരംഭിച്ചു. ഇത് കാലാകാലങ്ങളിലെ മാർപാപ്പമാർക്കോ മെത്രാന്മാർക്കോ സ്വീകാര്യമായിരുന്നില്ല. അതിനാൽ രാഷ്ട്രവും സഭയും തമ്മിലുള്ള ചില അഭിപ്രായ ഭിന്നതകളും ഉടലെടുത്തു. തുടർന്നുള്ള സഭാചരിത്രത്തിൽ പലപ്പോഴും തങ്ങളിൽ ആരാണ് വലിയവൻ എന്ന അധികാരചിന്ത മാർപാപ്പമാർക്കും രാജാക്കന്മാർക്കും ഇടയിൽ ഉണ്ടായി. ഇത് പല പ്രതിസന്ധികൾക്കും കാരണമായി.

logo
Sathyadeepam Online
www.sathyadeepam.org