

കേരളത്തിലെ ഞങ്ങളുടെ ആദ്യത്തെ ആശ്രമമാണിത്, കൊല്ലത്ത് തില്ലേരിയിൽ. 1932-ൽ ഫ്രെഞ്ച് കപ്പൂച്ചിൻസ് പണി കഴിപ്പിച്ചത്. പീരങ്കിപ്പട എന്നർഥം വരുന്ന artillery എന്ന വാക്കിൽ നിന്നാണ് തില്ലേരിയുണ്ടായത്. കൊല്ലം, എസ് എൻ കോളേജിന് അഭിമുഖമായി നിൽക്കുന്ന സ്ഥലമാണ്. ബ്രിട്ടീഷ് പട്ടാളക്കാരുടെ കന്റോൺമെന്റ് മേഖലയായിരുന്നു ഒരിക്കൽ ഇത്.
പീരങ്കിമൈതാനമൊക്കെ ഇതിനടുത്താണ്. വേലുതമ്പി ദളവയുടെ സൈന്യം, Colonel Chalmers നോട് ഏറ്റുമുട്ടിയത് അവിടെയാണ്. ആറേ ആറു മണിക്കൂർ മാത്രം ദൈർഘ്യമുള്ള ആ പോരാട്ടം കേരള ചരിത്രത്തിലുണ്ടാക്കിയ മുഴക്കം ചെറുതല്ല. എഴുന്നൂറു പേരുടെ ആൾനാശത്തി ലാണ് അതവസാനിക്കുന്നത്. ഒറ്റുകാരെന്ന് കരുതിയവരെ കോർട്ട് മാർഷലിനുശേഷം മൈതാനത്തു തന്നെ തൂക്കിലേറ്റി. പട്ടാളക്കാരുടെ ദൈനംദിന ജീവിതത്തെ സഹായിക്കേണ്ട ദരിദ്രരായ മനുഷ്യരായിരുന്നു മുള്ളുവേലികളുടെ അതിരിൽ വിന്യസിക്കപ്പെട്ടത്. അവരിൽ അലക്കുകാരുടെ കമ്യൂണിറ്റി ഇപ്പോഴും ഉണ്ട്.
ഇവിടെയാണ് തീരെ ചെറുപ്പത്തിൽ വന്നു ചേർന്നത്. ഒരു ജൂൺ മഴയിലായിരുന്നു. ബോർമ്മയിൽ ബ്രെഡ് മൊരിയുന്ന മണമാണ് ആദ്യം ശ്രദ്ധിച്ചത്. എല്ലാ രണ്ടാം ദിനത്തിലും ബേക്കിംഗ് ഉണ്ട്. വെളുപ്പിനെ മൂന്നു മണിക്ക് ഊഴമെടുത്ത് മാവ് കുഴക്കാൻ (kneading) പോണം. നല്ല ആരോഗ്യം വേണ്ട പണിയാണ്. നിർത്താതെ നിന്ന് ഇടിയോടിയിടിയാണ്. മാവിൽ ചേർക്കാൻ വെച്ച മുട്ടകളിൽ ഒന്നോ രണ്ടോ പൊട്ടിച്ചു കുടിച്ചാലും ആരും മുഷിയില്ല. കുറച്ച് ഹാർഡായ ഒരു തരം ബ്രെഡാണ്. നമുക്ക് കുറച്ച് മടുക്കും. ചിലപ്പ അമ്മയെ ഓർക്കും.
ആവശ്യമുള്ളതിനെക്കാൾ കൂടുതൽ ചുടും. അത് പോകുന്നത് സന്ദർശകരെ അറ്റൻഡ് ചെയ്യുന്ന ആ കുടുസ്സുമുറിയിലേക്കാണ്. ഒരു വലിയ കെറ്റിലിൽ നന്നായി കുറുകിയ പാൽ ചായയുണ്ടാവും.
ഒരു വെട്ടു ഗ്ലാസിൽ അതും ബ്രഡുമായി പുറത്തേക്ക് നീട്ടി കൊടുത്തു കൊണ്ടിരിക്കും. കിളിവാതിലിനപ്പുറം നിൽക്കുന്ന മനുഷ്യരുടെ മുഖം കാണില്ല. കണ്ടാലും കുഴപ്പമില്ല. ഒരിക്കലതു കൊടുത്തു കൊണ്ടിരുന്നത് കാഴ്ചയില്ലാത്ത ജോൺ ബാപ്റ്റിസ്റ്റ് എന്ന വൃദ്ധ സന്യാസിയായിരുന്നു. അതോർക്കുമ്പോൾ രാവിലത്തെ ഉറക്കം പോയതൊന്നും സാരമില്ല. അവനവനുവേണ്ടി മാത്രം അടുപ്പ് കൂട്ടുന്നതിനെ ക്കാൾ ബോറൻ പരിപാടി വേറെന്തുണ്ട്?
കാറ്റിനും നിലാവിനും ഒക്കെ വേണ്ടി തുറന്നിട്ട വീടുകൾ എന്ന കാവ്യ സങ്കല്പത്തിൽ നിന്ന് പിന്നെയും മുന്നോട്ട് പോയി, ആയാസമില്ലാതെ കള്ളൻമാർക്ക് പ്രവേശിക്കാനുതകുന്ന വിധത്തി ലായിരുന്നു കാരണവൻമാർ സാമാന്യം വലുപ്പമുള്ള ഈ ആശ്രമത്തെ ഭാവന ചെയ്തത്.
താഴും താക്കോലും ഒക്കെ ഒരു മോശം വാക്കായിരുന്നു അവർക്ക്. കാര്യമായ ഒന്നും നഷ്ടപ്പെടാനില്ല എന്ന ധൈര്യം മാത്രമായിരുന്നില്ല അത്. അവരുടെ ബോധത്തിൽ മയങ്ങിക്കിടന്നിരുന്ന കഥകളുടെ ഗുരുത്തമായിരുന്നു അത്.
ഫ്രാൻസീസിന്റെ കാലത്താണ്. ആശ്രമത്തിൽ കള്ളൻ കയറി. എല്ലാവരും കൂടി അയാളെ ഉപദ്രവിച്ചു. അത്താഴത്തിനിരിക്കു മ്പോൾ ഫ്രാൻസീസതറിഞ്ഞു. അയാൾ അപ്പോൾ നിലവിളിച്ചു.
സഹോദരൻ കള്ളനോട് നിങ്ങൾ എന്താണ് ചെയ്തത്?
സഹോദരൻ കള്ളൻ! ആ പദം ഉള്ളിൽ അങ്ങ് അനങ്ങി.
അവർ മുഴക്കിയ പദങ്ങൾ ഏറ്റവും പുരാതനവും അതുപോലെ സദാ നൂതനവുമായ വിചാരമായിരുന്നു: സമത്വം സാഹോദര്യം സ്വാതന്ത്ര്യം.
ഇടതുപക്ഷ ഭാവന ലോക ത്തിന് സമ്മാനിച്ച സഖാവ്, Comrade എന്ന പദം പോലെ ക്രിസ്റ്റ്യാനിറ്റി കണ്ടെത്തി, കൈമാറണം എന്ന് ആഗ്രഹിച്ച വാക്ക് അതായിരുന്നു ബ്രദർ / സിസ്റ്റർ. ഫ്രാൻസിസ് ആ പദത്തിന്റെ അഴകിൽ അടിമുടി മുഗ്ദ്ധനായി. കാലം കൊണ്ട് ക്ലാവ് പിടിച്ച ആ വാക്കിനെ അയാൾ രാകി മിനുക്കി. എവിടെ നിന്റെ സഹോദരൻ എന്ന വേദപുസ്തക ത്തിലെ ചോദ്യത്തിന് അയാൾക്ക് ഉത്തരമെഴുതി മതിയാവുന്നില്ല. തന്റെ സന്യാസസമൂഹത്തിന് Order of Friars Minor (Latin: Ordo Fratrum Minorum) നിസ്സാര സഹോദരൻമാരുടെ ഗണം എന്നു പേരിട്ടു. പല കാരണങ്ങൾ കൊണ്ട് പലയിടങ്ങളിലേക്ക് ചിതറിപ്പോയ ഉടപ്പിറന്നവരായി അയാൾക്ക് ലോകത്തെ ചുമ്മാ അങ്ങ് പിടുത്തം കിട്ടി. ആയാളുടെ biological brother, ആഞ്ചലോ അയാളോട് ഒരിക്കലും ഫെയർ ആകാതിരുന്നിട്ടു പോലും ആ പദമായിരുന്നു ഏറ്റവും പ്രിയപ്പെട്ടത്.
ഓരോരുത്തർക്കായി പിഞ്ഞാണത്തിൽ വിളമ്പിവച്ച ഭക്ഷണമുണ്ട്. അതു കൈയിലെടുത്ത് പുറത്തെ തണുപ്പിലേക്കും ഇരുട്ടിലേക്കും അവർ നടന്നു; പൈൻ വൃക്ഷങ്ങൾ ക്കിടയിലൂടെ “സഹോദരൻ കള്ളാ, വന്നു കഴിച്ചിട്ടു പോ” എന്നുറക്കെ വിളിച്ച്. ഏതോ മരങ്ങൾക്കിടയിൽ പമ്മിയൊതുങ്ങി നിന്ന അയാൾ തന്റെ കരച്ചിൽ പുറത്തേക്കു വരാതിരിക്കാൻ സ്വന്തം വിരലുകളെ കടിച്ചുമുറിച്ചു, എന്തൊക്കെയാണ് ഈ മനുഷ്യർ വിളിച്ചു പറയുന്നത്.
നമ്മുടെ ആശ്രമത്തിനുവേണ്ടി മാത്രം ഒരു കള്ളൻ ഉണ്ടായിരുന്നു.
മരിച്ചു പോയി.
അയാൾ പോലീസിനോട് ഒരിക്കൽ പറഞ്ഞത്: വളരെ സേഫാണ് സാറേ, മതിലിനടുത്ത് കുപ്പി ചില്ലുണ്ട് എന്ന് വാൺ ചെയ്ത് ജനാലയിലുടെ ടോർച്ച് അടിച്ചു തരുന്ന സാധുക്കളാണ്.