എന്നാല്‍, എന്റെ നാമത്തില്‍ പിതാവ് അയയ്ക്കുന്ന സഹായകനായ പരിശുദ്ധാത്മാവ് എല്ലാക്കാര്യങ്ങളും നിങ്ങളെ പഠിപ്പിക്കുകയും ഞാന്‍ നിങ്ങളോട് പറഞ്ഞിട്ടുള്ളതെല്ലാം നിങ്ങളെ അനുസ്മരിപ്പിക്കുകയും ചെയ്യും.യോഹന്നാന്‍ 14 : 26
'ആരിലാണോ യേശു തന്റെ ദൗത്യത്തിന്റെ പ്രചോദനം ആരോപിച്ചിരിക്കുന്നത്, ആ പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനത്താല്‍ ക്രിസ്തുവിന്റെ ഹൃദയം സജീവമാണ് (cf. ലൂക്കാ 4:18, ഏശ. 61:1). പരിശുദ്ധാത്മാവിനെ അയയ്ക്കുമെന്ന് അന്ത്യഅത്താഴ വേളയില്‍ അവന്‍ വാഗ്ദാനം നല്‍കുകയും ചെയ്തിരുന്നു. ക്രിസ്തുവിന്റെ വിലാപ്പുറത്തെ മുറിവിന്റെ സമ്പന്നത ഗ്രഹിക്കാന്‍ നമ്മെ പ്രാപ്തരാക്കുന്നത് പരിശുദ്ധാത്മാവാണ്. അതില്‍ നിന്നാണ് സഭ ഉടലെടുത്തത്.'
1999 ജൂണ്‍ 11-ാം തീയതി, യേശുവിന്റെ തിരുഹൃദയത്തിരുനാള്‍ ദിനത്തില്‍, മനുഷ്യവംശത്തെ യേശുവിന്റെ തിരുഹൃദയത്തിന് പ്രതിഷ്ഠിച്ചതിന്റെ ശതാബ്ദി ആഘോഷവേളയില്‍, വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ നല്‍കിയ സന്ദേശത്തില്‍ നിന്നുള്ള ഈ ഭാഗം 'അവിടുന്ന് നമ്മെ സ്‌നേഹിച്ചു' (DILEXIT NOS) എന്ന ചാക്രിക ലേഖനത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഉദ്ധരിക്കുന്നുണ്ട്.
അതേ ഖണ്ഡികയില്‍ (75), ക്രിസ്തുവിന്റെ ഹൃദയം 'പരിശുദ്ധാത്മാവിന്റെ ശ്രേഷ്ഠ സൃഷ്ടിയാണ്' എന്ന് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ പഠിപ്പിച്ച കാര്യവും ഫ്രാന്‍സിസ് മാര്‍പാപ്പ അനുസ്മരിക്കുന്നുണ്ട്. ആ പ്രബോധനത്തിലെ ദൈവശാസ്ത്രസമസ്യകള്‍ ദൈവശാസ്ത്രജ്ഞര്‍ക്ക് വിടാം ! ഇപ്പോള്‍ ഇതെല്ലാം ഓര്‍മ്മിക്കുന്നത് ജൂണ്‍ മാസമായതിനാലാണ്. ജൂണ്‍ സവിശേഷമായ ഒരു മാസമാണ്.
മഴയും സ്‌കൂളും ഒരുമിച്ചു തുറക്കുന്നതല്ല ജൂണിന്റെ സവിശേഷത. (ഇത്തവണ മഴയുടെ സ്‌കൂള്‍ നേരത്തെ തുറന്നു !) പന്തക്കുസ്താ തിരുനാള്‍, പരിശുദ്ധ കുര്‍ബാനയുടെ തിരുനാള്‍, പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാള്‍, യേശുവിന്റെ തിരുഹൃദയത്തിരുനാള്‍ എന്നിവ സംഗമിക്കുന്നു എന്നതാണ് കത്തോലിക്ക ക്രിസ്ത്യാനികളെ സംബന്ധിച്ച് ജൂണ്‍ മാസത്തെ അനുപമമാക്കുന്നത്.
ഈസ്റ്ററിന്റെ ഏപ്രിലും ക്രിസ്മസിന്റെ ഡിസംബറും കഴിഞ്ഞാല്‍ നമ്മുടെ ആത്മാവിന്റെ നാളാഗമത്തില്‍ ജൂണ്‍ പോലെ, സുപ്രധാനമായ തിരുനാളുകള്‍ ഒന്നിച്ചു വരുന്ന മറ്റൊരു മാസമില്ല. മറ്റൊരു വാക്കില്‍, ജൂണ്‍ ആത്മാവിലും സ്‌കൂളും മഴയും തുറക്കുന്ന മാസമാണ്. പന്തക്കുസ്ത തിരുനാള്‍ പരിശുദ്ധാത്മാവ് എന്ന അധ്യാപകന്‍ അധ്യാപനം ആരംഭിക്കുന്ന ദിവസമാണ്.
തിരുഹൃദയത്തിരുനാളാകട്ടെ നമ്മുടെ ആത്മാവില്‍ സ്‌നേഹമഴയുടെ ഒരു പുതിയ ജലവര്‍ഷത്തിന് തുടക്കമിടുന്നു. ചുരുക്കത്തില്‍, മറ്റൊരു സന്ദര്‍ഭത്തിലും ഇല്ലാത്തതു പോലെ പിതാവും പുത്രനും പരിശുദ്ധാത്മാവും ചേര്‍ന്ന് നമ്മുടെ ഹൃദയവും ആത്മാവും പങ്കിട്ടെടുക്കുന്ന മാസമാണ് ജൂണ്‍.
പരിശുദ്ധ കത്തോലിക്കാ തിരുസഭ എന്ന സ്‌കൂള്‍ ഔപചാരികമായി തുറന്നത് പന്തക്കുസ്താദിനത്തിലാണ്.
പ്രധാനാധ്യാപകന്റെ അദ്ഭുതകരമായ ആദ്യപ്രസംഗം ശ്രവിച്ച മാത്രയില്‍ 'ഹൃദയം നുറുങ്ങി' സ്‌നാനം സ്വീകരിച്ച മൂവായിരത്തോളം വിദ്യാര്‍ഥികളാണ് ആദ്യദിനം തന്നെ സ്‌കൂളില്‍ പ്രവേശിച്ചത്. എന്നാല്‍, സ്‌കൂളിന്റെ ഉടമസ്ഥന് പാര്‍ശ്വത്തില്‍ കുത്തേറ്റ നിമിഷത്തില്‍; ആ മുറിവില്‍ നിന്ന് രക്തവും വെള്ളവും പുറപ്പെട്ട നിമിഷത്തില്‍ സഭ എന്ന സ്‌കൂള്‍ യഥാര്‍ഥത്തില്‍ പ്രവര്‍ത്തനമാരംഭിച്ചിരുന്നു.
'തങ്ങള്‍ കുത്തി മുറിവേല്‍പിച്ചവനെ അവര്‍ നോക്കിനില്‍ക്കും' എന്ന് നൂറ്റാണ്ടുകള്‍ക്കു മുമ്പേ സ്‌കൂളിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് ദീര്‍ഘദര്‍ശനം ഉണ്ടായിരുന്നു (സഖറിയാ 12:10). താന്‍ ജീവന്‍ കൊടുത്ത് സ്ഥാപിച്ച സ്‌കൂളിലെ കരിക്കുലവും സിലബസുമെല്ലാം നിശ്ചയിച്ചത് ഉടമസ്ഥനാണ്. എന്നാല്‍, അതില്‍ പഠിപ്പിക്കുന്നതും പരിശീലിപ്പിക്കുന്നതും പരിശുദ്ധാത്മാവാണ്.
പണ്ടത്തെ ആശാന്‍ കളരിയിലെന്നപോലെ, ക്രിസ്തീയതയുടെ അക്ഷരമാല അഭ്യസിപ്പിക്കുന്നതും വിശ്വോത്തര സര്‍വകലാശാലയിലെന്നപോലെ പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ് നല്‍കുന്നതും പരിശുദ്ധാത്മാവാണ്. പഠിപ്പിച്ച് പഠിപ്പിച്ച് പഠിതാക്കളുടെ ഹൃദയങ്ങളെ ഉടമസ്ഥന്റെ ഹൃദയം പോലെയാക്കുന്നതില്‍ നിപുണനായ ആ അധ്യാപകനെ ഹൃദയപൂര്‍വം പിഞ്ചെല്ലുക മാത്രമാണ് പഠിതാക്കള്‍ക്ക് ചെയ്യാനുള്ളത്.