ഭയപ്പെടുകയില്ല

ഭയപ്പെടുകയില്ല
Published on

ഭാരതസഭ ചരിത്രപരമായ ഒരു ദശാസന്ധിക്കു നേര്‍ക്കുനേര്‍ നില്‍ക്കുകയാണ് ഇപ്പോള്‍. ആളുകൊണ്ടും അര്‍ഥം കൊണ്ടും ഭാരതക്രൈസ്തവസമൂഹത്തിനു നടുനായകത്വം വഹിക്കുന്ന കേരളസഭ, ഈ സന്ദര്‍ഭത്തില്‍ സ്വീകരിക്കുന്ന നിലപാടുകള്‍ ഇന്ത്യയിലെ ക്രൈസ്തവദൗത്യത്തിന്റെ ഭാവിദിശ നിശ്ചയിക്കുന്നതില്‍ നിര്‍ണ്ണായകമായിരിക്കും.

വര്‍ഗീയഭൂരിപക്ഷം രാഷ്ട്രീയഭൂരിപക്ഷത്തെ മറികടന്ന് മഹത്തായ ഈ ജനാധിപത്യത്തെ, ഒരു സാങ്കേതികത്വം മാത്രമായി തരംതാഴ്ത്തി കഴിഞ്ഞിരിക്കുന്ന ഈ ഘട്ടത്തില്‍, ക്രൈസ്തവസഭ സ്വന്തം അസ്തിത്വത്തെയും ദൗത്യത്തെയും എപ്രകാരം മുന്നോട്ടു കൊണ്ടുപോകും എന്നതാണ് അടിയന്തരമായി ഉത്തരം കാണേണ്ട ചോദ്യം. വര്‍ഗീയ ഫാസിസ്റ്റ് സ്വേച്ഛാധികാരത്തിന്റെ വിരുന്നുമേശയില്‍ നിന്ന് അവരെറിഞ്ഞു തരുന്ന എച്ചില്‍ക്കഷണങ്ങള്‍ വാങ്ങി, അവര്‍ തെളിക്കുന്ന വഴിയേ വിനീതവിധേയരായി മുട്ടിലിഴയുകയാണോ, ആത്മാഭിമാനത്തിന്റെയും ആത്മബോധത്തിന്റെയും പാതയിലൂടെ ധീരമായി ചുവടു വയ്ക്കുകയാണോ വേണ്ടത് എന്ന ചോദ്യം.

ഛത്തീസ്ഗഡില്‍ രണ്ടു കന്യാസ്ത്രീകളെ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടച്ചപ്പോള്‍ കേരളസഭ ഭൂരിപക്ഷവര്‍ഗീയതയുടെ കെടുതികള്‍ ക്കെതിരെ മുമ്പില്ലാത്തവിധം ജാഗ്രത്തായിട്ടുണ്ട്. സംസ്ഥാനമൊട്ടാകെ പ്രതിഷേധ പരിപാടികള്‍ നടന്നു. മതേതര പൊതുസമൂഹത്തിന്റെ പരിധികളില്ലാത്ത പിന്തുണയും ഇതിനു ലഭിച്ചു. അഥവാ, സമൂഹം സ്വന്തം പ്രശ്‌നമായി ഇതിനെ കണ്ടു. കാരണം, ഛത്തീസ്ഗഡില്‍ രണ്ടു ക്രിസ്ത്യന്‍ മിഷണറിമാരുടെ പ്രവര്‍ത്തനം തടയുകയല്ല ഉണ്ടായത്, രണ്ട് ഭാരതപുത്രിമാരുടെ മൗലികാവകാശങ്ങള്‍ പട്ടാപ്പകല്‍ കുത്തിക്കവരുകയായി രുന്നു. ഭരണകൂട പിന്തുണയുള്ള സംഘടിതശക്തി നേരിട്ടു നടത്തിയ ഈ ഭരണഘടനാധ്വംസനം ജനാധിപത്യബോധമുള്ള ആര്‍ക്കും കണ്ടില്ലെന്നു നടിക്കാനാവുന്നതല്ല.

സഭയില്‍, ഉത്തരവാദപ്പെട്ട പലരും പതിവില്ലാത്ത തെളിമയോടെയാണ് ഈ വിഷയം അഭിസംബോധന ചെയ്തത്. കുറ്റവാളികളുടെ പ്രസ്ഥാനത്തിനും പ്രത്യയശാസ്ത്രത്തിനുമെതിരെ വിരല്‍ ചൂണ്ടി സംസാരിക്കാന്‍ അവര്‍ മടി കാണിച്ചില്ല. അത് പ്രത്യേകം പരാമര്‍ശിക്കേണ്ടി വരുന്നതു പക്ഷേ, ഇതിനു മുമ്പു സമാനസന്ദര്‍ഭങ്ങളില്‍ അവര്‍ കുറ്റകരമായ മൗനം പാലിച്ചതുകൊണ്ടാണ് എന്നതു മറക്കാനും വയ്യ.

സഭ എന്താണു ചെയ്യുന്നതെന്ന് ഉറക്കെ പറയാനും ആരൊക്കെ ആക്രോശിച്ചാലും ആക്രമിച്ചാലും അതില്‍ നിന്നു പിന്നോട്ടില്ലെന്ന് അസന്ദിഗ്ധമായി പ്രഖ്യാപിക്കാനും ഇതാണ് അവസരം. സഭയ്ക്ക് അതിന്റെ ദൗത്യം ഒരു രഹസ്യമല്ല. ആയിരിക്കേണ്ടതുമില്ല. സമൂഹത്തിലേക്ക്, വിശേഷിച്ചും അതിന്റെ അതിരുകളിലും അരികുകളിലും കഴിയുന്നവരിലേക്ക് ഒളിവും മറവുമില്ലാതെ, നിരന്തരം കടന്നുചെല്ലുകയാണ് സഭയുടെ ദൗത്യം.

ഛത്തീസ്ഗഡില്‍ നിന്നെത്തിയ വാര്‍ത്ത, ഉറങ്ങിയും ഉറക്കം നടിച്ചും കിടന്നവരെ ഈ മട്ടില്‍ ഉണര്‍ത്തിയത് അവിടെ ഇരകളാക്കപ്പെട്ട സിസ്റ്റര്‍ പ്രീതി മേരിയും സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസും മലയാളികളായതു കൊണ്ടാണോ? സീറോ മലബാര്‍ സഭാംഗങ്ങളായതു കൊണ്ടാണോ? ഉത്തരേന്ത്യയിലെ രണ്ട് ആദിവാസി സന്യസ്തര്‍ക്കെതിരെയാണ് ഈ അധിക്ഷേപം നടന്നതെങ്കില്‍ നമ്മുടെ പ്രതികരണം എന്താകുമായിരുന്നു? അകത്തോലിക്കര്‍ക്കെതിരെ ആയിരുന്നുവെങ്കില്‍ നമ്മുടെ സ്വരം ഉയരുമായിരുന്നോ ? ഈ ചോദ്യങ്ങള്‍ക്കു മുമ്പില്‍ സ്വന്തം മനഃസാക്ഷിയെ നാം കൊണ്ടുനിറുത്തേണ്ടതുണ്ട്. മൗനവും നിസംഗതയും നിഷ്‌ക്രിയത്വവും പ്രയോജനം ചെയ്യില്ല എന്ന തിരിച്ചറിവ് കാലം ആവശ്യപ്പെടുന്നു.

സഭ എന്താണു ചെയ്യുന്നതെന്ന് ഉറക്കെ പറയാനും ആരൊക്കെ ആക്രോശിച്ചാലും ആക്രമിച്ചാലും അതില്‍ നിന്നു പിന്നോട്ടില്ലെന്ന് അസന്ദിഗ്ധമായി പ്രഖ്യാപിക്കാനും ഇതാണ് അവസരം. സഭയ്ക്ക് അതിന്റെ ദൗത്യം ഒരു രഹസ്യമല്ല. ആയിരിക്കേണ്ടതുമില്ല. സമൂഹത്തിലേക്ക്, വിശേഷിച്ചും അതിന്റെ അതിരുകളിലും അരികുകളിലും കഴിയുന്നവരിലേക്ക് ഒളിവും മറവുമില്ലാതെ, നിരന്തരം കടന്നുചെല്ലുകയാണ് സഭയുടെ ദൗത്യം.

സകലര്‍ക്കും സഭ സുവിശേഷം നല്‍കും. നല്ല വിശേഷം, വിശക്കുന്നവര്‍ക്ക് ആഹാരവും നിരക്ഷരര്‍ക്ക് അക്ഷരവും രോഗികള്‍ക്ക് ആരോഗ്യവും അടിമകള്‍ക്കു മോചനവും ആണെന്ന പ്രഥമപാഠം സഭ മറന്നിട്ടില്ല. മതംമാറ്റലും എണ്ണം കൂട്ടലും സഭയുടെ പ്രാഥമിക ലക്ഷ്യമല്ല. ക്രൈസ്തവികതയെ മനസ്സിലാക്കി അതിനെ ആശ്ലേഷിക്കാന്‍ ആഗ്രഹിക്കുന്നവരെ തിരസ്‌കരിക്കുകയു മില്ല. മതപ്രചാരണവും മതം മാറ്റവും ഇന്ത്യയില്‍ കുറ്റകൃത്യമല്ല. ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിര്‍ബന്ധിത മതംമാറ്റത്തിനെതിരെ നിയമങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നതും ഉള്ളവ പരിഷ്‌കരിച്ചിരിക്കുന്നതും ക്രൈസ്തവരെയും ന്യൂനപക്ഷങ്ങളെയും ദ്രോഹിക്കുന്നതിനു പശ്ചാത്തലമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണെന്നും ആ കരിനിയമങ്ങള്‍ ലക്ഷ്യസാധ്യത്തിനായി ഉപയോഗിക്കപ്പെടുന്നുണ്ടെന്നും വ്യക്തമാണെങ്കിലും ആ നിയമങ്ങള്‍ വച്ചുപോലും നിയമവിരുദ്ധത ആരോപിക്കാവുന്ന യാതൊന്നും ക്രിസ്ത്യന്‍ മിഷണറിമാര്‍ ചെയ്യുന്നില്ലെന്നിരിക്കെ സഭ ആരേയും ഭയപ്പെടുകയില്ല എന്നുറക്കെ പറയേണ്ടിയിരിക്കുന്നു.

രാജ്യം മതാധിഷ്ഠിത സ്വേച്ഛാധിപത്യത്തിലമര്‍ന്നേക്കു മെന്ന ഭീഷണി മുന്നിലുയര്‍ന്നു നില്‍ക്കെ, അതിനെതിരെ ജനാധിപത്യപരമായ മാര്‍ഗങ്ങളിലൂടെ പ്രതികരിക്കുക, പോരാടുക എന്നതും ഇന്ത്യയില്‍ ഇന്നു സഭയുടെ സുപ്രധാനമായ മിഷന്‍ ആണ്. ഈ മിഷന്റെ നിര്‍വഹണ ത്തില്‍ സമാനമനസ്സുള്ളവരെ ഒപ്പം കൂട്ടാനും സഭയ്ക്കു ബാധ്യതയുണ്ട്. അക്രമികളുടെ മുമ്പില്‍ മുട്ടുകുത്തി ഔദാര്യത്തിനായി യാചിക്കുകയല്ല, ആക്രമിക്കപ്പെടുന്ന വരോട് അണി ചേര്‍ന്ന് ഭയമെന്യേ മുന്നേറുക.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org