വചനമനസ്‌കാരം

വചനമനസ്‌കാരം: No.110

എസ്. പാറേക്കാട്ടില്‍
ധാത്രി കുഞ്ഞുങ്ങളെ പരിചരിക്കുന്നതുപോലെ ഞങ്ങള്‍ നിങ്ങളുടെയിടയില്‍ സൗമ്യമായി പെരുമാറി.
1 തെസലോനിക്കാ 2:7

'മനുഷ്യരെ സൃഷ്ടിക്കുകയും അവര്‍ക്ക് ആരോഗ്യം നല്‍കുക യും ചെയ്യുന്ന ദൈവമേ, ഞങ്ങള്‍ അങ്ങയെ വാഴ്ത്തുന്നു. രോഗ ത്താലും വേദനയാലും കഷ്ടപ്പെടുന്നവരുടെ ആശ്വാസവും ആശാ കേന്ദ്രവുമായ യേശുവേ, രോഗശാന്തിക്കായി ഈ സ്ഥാപനത്തില്‍ അഭയം തേടിയിരിക്കുന്ന എല്ലാവരേയും കാത്ത് പരിപാലിക്കണമേ. വേദനകളും അസ്വസ്ഥതകളും ദൈവതിരുമനസ്സിന് കീഴ്‌വഴങ്ങി യും നിരാശ കൂടാതെയും സ്വാഗതം ചെയ്യുവാന്‍ ഈ രോഗികളെ സഹായിക്കണമേ. ശാരീരികമായി നാനാവിധ രോഗങ്ങള്‍ ബാധിച്ച വരെയും മനോരോഗികളെയും പിശാചുബാധിതരെപ്പോലും ഒറ്റ വാക്കാല്‍ സൗഖ്യമാക്കിയ യേശുവേ, മരിച്ചവരെ ഉയിര്‍പ്പിച്ച സര്‍വ ശക്താ, വിവിധ രോഗങ്ങളാല്‍ ഈ വാര്‍ഡില്‍ കഴിയുന്ന ഞങ്ങളു ടെ രോഗികള്‍ക്ക് അങ്ങയുടെ സൗഖ്യദായകമായ കരസ്പര്‍ശം നല്‍കണമേ. സര്‍വശക്തനായ ദൈവമേ, എളിയവരായ ഞങ്ങളു ടെ കരങ്ങളെ ആശ്വാസദായകങ്ങളായ ഉപകരണങ്ങളാക്കണമേ. രോഗശാന്തിക്കായി നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന ഈ സ്ഥാപനത്തെ നയിച്ചുകൊണ്ടിരിക്കുന്ന ഓരോരുത്തരെയും ഇതിന്റെ ഉപകാരിക ളെയും അനുഗ്രഹിക്കണമേ. രോഗീശുശ്രൂഷയ്ക്കായി ഞങ്ങള്‍ക്ക് ലഭിച്ചിരിക്കുന്ന ഈ സന്ദര്‍ഭത്തിന്റെ സ്വര്‍ഗീയതയും മൂല്യവും മന സ്സിലാക്കി ഉത്സാഹപൂര്‍വം നിസ്വാര്‍ത്ഥമായി സേവനം ചെയ്യുവാന്‍ ഞങ്ങളെ സഹായിക്കുകയും ചെയ്യണമേ. ഇന്നേദിവസം ഓപ്പറേ ഷനു വിധേയരാവുന്നവര്‍ക്ക് ആത്മധൈര്യവും രോഗശാന്തിയും പ്രദാനം ചെയ്യണമേ. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവു മായ സര്‍വേശ്വരാ, ആമ്മേന്‍.'

വാര്‍ഡുകളിലേക്ക് സേവനത്തിനായി പോകുന്നതിനു മുന്‍പ് നേഴ്‌സുമാര്‍ ചൊല്ലുന്നതാണ് മനോഹരമായ ഈ പ്രാര്‍ത്ഥന. അക്ഷരാര്‍ത്ഥത്തില്‍ ഈ പ്രാര്‍ത്ഥന ജീവിച്ച ഒരു സഹപ്രവര്‍ത്തക കഴിഞ്ഞ ദിവസം വിടവാങ്ങി. 49 എന്നത് മരിക്കാനുള്ള പ്രായമല്ല. അല്ലെങ്കില്‍ത്തന്നെ മരിക്കാനും ജീവിക്കാനുമൊക്കെയുള്ള പ്രായം നിര്‍ണ്ണയിക്കാന്‍ ആര്‍ക്കു കഴിയുമല്ലേ? 'സംവത്സരങ്ങള്‍ക്ക് അവ സാനമില്ലാത്ത' (സങ്കീ. 102:27) സര്‍വശക്തന്റെ വിധിയും ഹിതവു മാണ് അതില്‍ അന്തിമമായിരിക്കുന്നത്. നീണ്ട 26 വര്‍ഷങ്ങള്‍ അവര്‍ ആശുപത്രിയില്‍ ശുശ്രൂഷ ചെയ്തു. രോഗീശുശ്രൂഷയ്ക്കാ യി ലഭിച്ച സന്ദര്‍ഭത്തിന്റെ സ്വര്‍ഗീയതയും മൂല്യവും മനസ്സിലാക്കി അത്യുത്സാഹപൂര്‍വം സേവനം ചെയ്തു. അനേകര്‍ക്ക് സമാശ്വാസവും ആത്മധൈര്യവുമേകി. സൗമ്യമായ ആ സാന്നിധ്യം അനേക രുടെ സൗഖ്യം വേഗത്തിലാക്കി. നൂറുകണക്കിന് സഹപ്രവര്‍ത്ത കര്‍ക്ക് പ്രായോഗിക പരിശീലനത്തിന്റെ പാഠപ്പുസ്തകമായി. ഇട വേളകളില്‍ ചാപ്പലില്‍ പ്രാര്‍ത്ഥനാനിരതയായി. ഒടുവില്‍, പതിറ്റാ ണ്ടുകള്‍ താന്‍ പകര്‍ന്നു നല്‍കിയതൊക്കെ സ്വന്തം ശരീരത്തിലും ഹൃദയത്തിലും തിരികെ സ്വീകരിച്ച് അവര്‍ മടങ്ങി. നിര്‍ണ്ണയിക്ക പ്പെട്ട് എട്ടു മാസങ്ങള്‍ക്കുള്ളില്‍ കാന്‍സര്‍ ജീവനെടുത്തു. രണ്ടു വലിയ ശസ്ത്രക്രിയകളും കീമോതെറപ്പികളും അനേകരുടെ ഹൃദയപൂര്‍വകമായ പ്രാര്‍ത്ഥനകളും വിഫലമായി. 'തന്റെ വിശുദ്ധ രുടെ മരണം കര്‍ത്താവിന് അമൂല്യമാണ്' എന്ന് വചനമുണ്ട് (സങ്കീ. 116:15). അമൂല്യമായ ആ ആത്മാവിനെ മരണത്തിലൂടെ കര്‍ത്താവ് സ്വന്തമാക്കി. നേഴ്‌സ് എന്നതിന് പോറ്റമ്മ, ഉപമാതാ, ധാത്രി എന്നൊക്കെ നാനാര്‍ത്ഥങ്ങളുണ്ട്. എല്ലാ അര്‍ത്ഥങ്ങളെയും സാക്ഷാത്ക്കരിക്കുകയും Care with Love എന്ന ആശുപത്രിയുടെ ആപ്തവാക്യത്തിന്റെ മുഖമായി മാറുകയും ചെയ്ത ആ സഹോദരി അനശ്വരയായി. ഭൂമിയിലെ 'വാര്‍ഡുകളില്‍' നന്നായി ഓടിയ ആ 'മാലാഖ' സ്വര്‍ഗത്തില്‍ കര്‍ത്താവിന്റെ സ്‌നേഹാരാമത്തില്‍ സ്വച്ഛമായി വിശ്രമിക്കട്ടെ. പ്രണാമം.

വിശുദ്ധ പന്തേനൂസ് (216) : ജൂലൈ 7

ദിവ്യവചന സഭയുടെ 150 വര്‍ഷത്തെ സേവനത്തിന്റെ സ്മരണയില്‍ കത്കരി ഗോത്രവര്‍ഗക്കാര്‍ക്കായി ജനസേവാ സൊസൈറ്റി വികസന കേന്ദ്രം തുറന്നു

ആയുര്‍വേദത്തിന് പ്രാധാന്യം നല്‍കണം : പ്രഫ. എം കെ സാനു

വിശുദ്ധ മരിയ ഗൊരേത്തി (1890-1902) : ജൂലൈ 6

മിസ്പാ : കാവല്‍ ഗോപുരം