തീര്‍ത്ഥാടനം

യാബെഷ്ഗിലയാദ് : മരണത്തെ മറികടന്ന കൃതജ്ഞത

തീര്‍ഥാടനം ഒന്നാം ഭാഗം : ഏദേന്‍ മുതല്‍ പറുദീസ വരെ

ഫാ. ഡോ. മൈക്കിള്‍ കാരിമറ്റം

ജോര്‍ദാന്‍ നദിയുടെ കിഴക്കുള്ള ഗിലയാദിലെ ഒരു പട്ടണമാണ് യാബെഷ്. പ്രദേശത്തിന്റെ പേരും കൂട്ടിച്ചേര്‍ത്ത് യാബെഷ് ഗിലയാദ് എന്നു പറയുന്നു. ഗലീലി തടാകത്തില്‍ നിന്ന് ഏകദേശം 30 കി.മീ തെക്ക്, സാവൂളിന്റെ ശരീരം മതിലില്‍ തൂക്കിയ ബേത്ഷാനില്‍ നിന്ന് 15 കി.മീ. തെക്കു കിഴക്കായി സ്ഥിതി ചെയ്യുന്ന, കുന്നിന്‍ മുകളിലുള്ള ഒരു ചെറിയ പട്ടണമാണിത്. ഇന്ന് ടെല്‍ അബുഖാരാസ് എന്ന പേരില്‍ അറിയപ്പെടുന്ന ഗ്രാമമാണ് പഴയനിയമത്തിലെ യാബെഷ് ഗിലയാദ് എന്നു കരുതപ്പെടുന്നു.

ന്യായാധിപന്മാരുടെ പുസ്തകത്തിലാണ് (ന്യായാ 21), യാബെഷ് ഗിലയാദ് ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. ഗിബെയായിലെ മ്ലേച്ഛതയുടെ പേരില്‍ ബെഞ്ചമിന്‍ ഗോത്രത്തോടു പ്രതികാരം ചെയ്യാന്‍ മിസ്പായില്‍ വിളിച്ചുകൂട്ടിയ ഇസ്രായേല്‍ സൈന്യത്തിന്റെ കൂടെ യാബെഷ് ഗിലയാദില്‍ നിന്ന് ആരും ഉണ്ടായിരുന്നില്ല. പ്രതികാര നടപടിയില്‍ പങ്കുചേരാന്‍ വിസമ്മതിച്ച അവര്‍ക്കെതിരേ ഇസ്രായേല്‍ ഗോത്രങ്ങള്‍ ഒത്തൊരുമിച്ചു പ്രതികാരം ചെയ്തു. അതിന് ഭാവാത്മകമായ ഒരു ലക്ഷ്യവുമുണ്ടായിരുന്നു.

ഗിബെയായിലെ യുദ്ധത്തില്‍ ബെഞ്ചമിന്‍ ഗോത്രത്തിലെ സ്ത്രീകളെല്ലാം കൊല്ലപ്പെട്ടു; ഓടി രക്ഷപ്പെട്ട അറുന്നൂറു പുരുഷന്മാര്‍ മാത്രം അവശേഷിച്ചു. അവര്‍ക്ക് ഭാര്യമാരായി തങ്ങളുടെ പുത്രിമാരെ കൊടുക്കരുത് എന്ന് ഇസ്രായേല്‍ ജനം ശപഥം ചെയ്തിരുന്നു. പ്രതികാരചിന്തയുടെ തീവ്രത അസ്തമിച്ചപ്പോള്‍ തങ്ങളുടെ ഒരു ഗോത്രം അറ്റുപോകുമല്ലോ എന്നു കരുതി ജനം അനുതപിച്ചു.

ശപഥം ലംഘിക്കാതെ തന്നെ ബെഞ്ചമിന്‍ ഗോത്രജര്‍ക്കു ഭാര്യമാരെ കണ്ടെത്താന്‍ വേണ്ടിയാണ് യാബെഷ് ഗിലയാദിനെതിരേ പ്രതികാര നടപടി എന്ന പേരില്‍ യുദ്ധം ചെയ്തത്. അവിടെ നിന്ന് 400 കന്യകമാരെ തടവുകാരാക്കി ബെഞ്ചമിന്‍ സൈനികര്‍ക്കു നല്കി. ശേഷിച്ച 200 പേര്‍ ഷീലോയിലെ ഉത്സവാവസരത്തില്‍ തങ്ങള്‍ക്കുവേണ്ടി ഭാര്യമാരെ കണ്ടെത്തി.

അങ്ങനെ ബലപ്രയോഗത്തിലൂടെയാണെങ്കിലും യാബെഷ് ഗിലയാദും ബെഞ്ചമിന്‍ ഗോത്രവും തമ്മില്‍ ബന്ധുത നിലവില്‍ വന്നു.

ഈ ബന്ധത്തെ അനുസ്മരിച്ചുകൊണ്ടു കൂടിയാവണം ബെഞ്ചമിന്‍ ഗോത്രജനായ സാവൂള്‍ അവരുടെ സഹായത്തിനെത്തിയത് (1 സാമു 11). അമ്മോന്യ രാജാവായ നാഹാഷ് യാബെഷ് ഗിലയാദിന് ഉപരോധമേര്‍പ്പെടുത്തി. നഗരവാസികളുടെ മുഴുവന്‍ വലത്തു കണ്ണ് ചൂഴ്‌ന്നെടുക്കും എന്ന നിബന്ധനയില്‍ സന്ധി ചെയ്യാന്‍ സമ്മതിച്ചെങ്കിലും അതിനു മുമ്പ് തങ്ങളെ സഹായിക്കാന്‍ ആളുണ്ടോ എന്ന് യാബെഷ് ഗിലയാദുകാര്‍ അന്വേഷിച്ചു.

അമ്മോന്യര്‍ അനുവദിച്ച ഏഴു ദിവസത്തെ അവുധി അവസാനിക്കുന്നതിനുമുമ്പേ, അതിസാഹസികമായ വിധത്തില്‍ സാവൂള്‍ സഹായത്തിനെത്തി, അമ്മോന്യരെ പരാജയപ്പെടുത്തി. രാജാവായി അഭിഷേകം ചെയ്യപ്പെട്ടതിനുശേഷം സാവൂള്‍ ചെയ്ത ആദ്യത്തെ യുദ്ധമായിരുന്നു അത്. തന്റെ കഴിവും ധീരതയും തെളിയിക്കാന്‍ അതുവഴി സാവൂളിനു സാധിച്ചു.

യാബെഷ് ഗിലയാദുകാര്‍ സാഹസികമായ ഈ കാരുണ്യം മറന്നില്ല. സാവൂളിന്റെയും പുത്രന്മാരുടെയും ശിരസ്സറ്റ ശരീരങ്ങള്‍ ഫിലിസ്ത്യര്‍ പട്ടണമതിലില്‍ തൂക്കി അവഹേളിച്ചത് അവര്‍ക്കു സഹിച്ചില്ല. ഇസ്രയേല്‍ സൈന്യം മുഴുവന്‍ ഭയന്നോടിയപ്പോള്‍ യാബെഷ് ഗിലയാദിലെ ധീരസേനാനികള്‍ രാത്രിയില്‍ വന്ന് ശരീരം മതിലില്‍ നിന്നെടുത്തു കൊണ്ടുപോയി തങ്ങളുടെ പട്ടണത്തില്‍ സംസ്‌ക്കരിച്ചു. അങ്ങനെ തങ്ങള്‍ക്കുള്ള കൃതജ്ഞത വര്‍ഷങ്ങള്‍ക്കു ശേഷവും അവര്‍ പ്രകടിപ്പിച്ചു.

ആവശ്യം സാധിച്ചു കഴിയുമ്പോള്‍ ഉപകാരികളെ മറക്കുന്ന സ്വാര്‍ത്ഥതയും, എല്ലാറ്റിനും വില പറയുകയും എല്ലാ ജീവിത വ്യാപാരങ്ങളെയും ലാഭമെന്ന ഏകമാനദണ്ഡം വച്ചു വീക്ഷിക്കുകയും ചെയ്യുന്നിടത്ത് യാബെഷ് ഗിലയാദ് വലിയൊരു മാതൃകയാണ് - നഷ്ടം സഹിച്ചും നന്ദി കാട്ടുന്നതിന്റെ, മരണത്തെയും മറികടക്കുന്ന കൃതജ്ഞതയുടെ മാതൃക.

മംഗളം സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ദേശീയ അവാര്‍ഡ് കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിക്ക്

വിശുദ്ധ ഇന്നസെന്റ് ഒന്നാമന്‍  (417)  : ജൂലൈ 27

അന്ധബധിര പുനരധിവാസ പദ്ധതി പേരന്റ്‌സ് നെറ്റ്‌വര്‍ക്ക് മീറ്റിംഗ് സംഘടിപ്പിച്ചു

ഛത്തീസ്ഗഡില്‍ രണ്ടു സിസ്റ്റര്‍മാരെ ജയിലിലാക്കി

കാറ്റിക്കിസം ക്വിസ് [നമ്പര്‍ 49]