
ലോകമെങ്ങും നടക്കുന്ന ക്രൈസ്തവ വിരുദ്ധ പീഡന ത്തിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നു കത്തോലിക്കാമെത്രാന്മാരുടെ യൂറോപ്യന്‍ കമ്മീഷന്‍ യൂറോപ്യന്‍ യൂണിയനോട് ആവശ്യപ്പെട്ടു. മതസ്വാതന്ത്ര്യത്തിനുള്ള പ്രത്യേകസ്ഥാനപതിയെ വീണ്ടും നിയമിക്കണമെന്നും മെത്രാന്മാര്‍ നിര്‍ദേശിച്ചു.
ചിന്തയുടെയും മനഃസാക്ഷിയുടെയും മതത്തിന്റെയും സ്വാതന്ത്ര്യം യൂറോപ്യന്‍ യൂണിയന്‍ ചാര്‍ട്ടറിന്റെ മൗലികസ്വാതന്ത്ര്യങ്ങളുടെ പട്ടികയില്‍ ആലേഖനം ചെയ്തിട്ടുള്ള ഒഴിവാക്കാനാകാത്ത മനുഷ്യാവകാശങ്ങളി ലുള്‍പ്പെടുന്നതാണെന്നും ലോകത്തിന്റെ പല ഭാഗങ്ങളിലും അതു ഗുരുതരമായ ഭീഷണി നേരിടുകയാണെന്നും മെത്രാന്മാര്‍ ചൂണ്ടിക്കാട്ടി.
വ്യക്തികളും മതന്യൂനപക്ഷങ്ങളും - കൂടുതലും ക്രൈസ്തവര്‍ - നേരിടുന്ന മര്‍ദനങ്ങളും വിവേചനവും വര്‍ധിച്ചുവരുന്നതില്‍ മെത്രാന്മാര്‍ കടുത്ത നിരാശ രേഖപ്പെടുത്തി. യൂറോപ്യന്‍ യൂണിയന്‍ അതിന്റെ വൈദേശികവിഷയങ്ങളില്‍ മുഖ്യസ്ഥാനം നല്‍കുന്നത് മനുഷ്യാവകാശങ്ങള്‍ക്കാണെന്ന് പലപ്പോഴും വ്യക്തമാക്കി യിട്ടുള്ളതു തന്നെയാണ്. എന്നിരുന്നാലും, കൂടുതല്‍
ദൃഢവും സമര്‍പ്പിതവും സ്ഥാപനപരവുമായ പ്രതികരണം ആവശ്യപ്പെടുന്നതാണ് ഇപ്പോഴത്തെ സാഹചര്യങ്ങളുടെ ഗൗരവം. മതസ്വാതന്ത്ര്യ സ്ഥാനപതിയുടെ സ്ഥാനം ഏറെ കാലമായി ഒഴിഞ്ഞുകിടക്കുന്നത് ലോകമെങ്ങുമുള്ള മര്‍ദിത സമൂഹങ്ങള്‍ക്കു തെറ്റായ സന്ദേശമാണു നല്‍കുന്നത് - മെത്രാന്മാര്‍ വിശദീകരിച്ചു.