മരിയന്‍ ആധ്യാത്മികത ദൈവത്തിന്റെ ആര്‍ദ്രത വെളിപ്പെടുത്തുന്നു

മരിയന്‍ ആധ്യാത്മികത ദൈവത്തിന്റെ ആര്‍ദ്രത വെളിപ്പെടുത്തുന്നു
Published on

സുവിശേഷത്തിലും സഭാ പാരമ്പര്യത്തിലും വേരൂന്നിയ മരിയന്‍ ആധ്യാത്മികത, ദൈവത്തിന് ഓരോ മനുഷ്യരോടുമുള്ള വ്യക്തിപരമായ സ്‌നേഹത്തിന്റെ അഗാധ സൗന്ദര്യത്തെയാണ് വെളിപ്പെടുത്തുന്നത്. പരിശുദ്ധ മറിയത്തിന്റെ പാത ഈശോയുടെ പാദങ്ങളെ തന്നെയാണ് പിന്തുടരുന്നത്. അത് നമ്മെ എല്ലാ മനുഷ്യരുമായുള്ള സമാഗമത്തിലേക്ക് നയിക്കുന്നു. വിശേഷിച്ചും, പാവപ്പെട്ടവരും മുറിവേറ്റവരും പാപികളുമായവരിലേക്ക്. ഈ കാരണത്താല്‍ യഥാര്‍ഥമായ മരിയന്‍ ആധ്യാത്മികത, ദൈവത്തിന്റെ ആര്‍ദ്രത നമുക്ക് വെളിപ്പെടുത്തുന്നു. ദൈവം സഭയ്ക്ക് അമ്മയായും പ്രകാശമായും വര്‍ത്തിക്കുന്നു.

ദൈവമാതാവിനോടുള്ള ഭക്തി ഭൂമുഖത്തെ എന്നേക്കുമായി പരിവര്‍ത്തിപ്പിച്ചു. ജനകീയ ഭക്താഭ്യാസങ്ങളിലൂടെ അതിനെ പുനരുജ്ജീവി പ്പിക്കണം. നീതിയും സമാധാനവും തേടുന്ന ലോകത്തിന് അത് വിശേഷിച്ചും ആവശ്യമായിരിക്കുന്നു.

നവീകരണത്തിനും പരിവര്‍ത്തനത്തിനുമുള്ള ചാലകശക്തിയായി മരിയന്‍ ഭക്തിയെ നമുക്ക് ഉപയോഗിക്കാം. മറ്റുള്ളവരെ ശത്രുക്കളായി മുദ്രയടിക്കുന്നതിലേക്കു നയിക്കാവുന്ന തരത്തില്‍ വിശ്വാസത്തെ ചൂഷണം ചെയ്യുന്നത് നമുക്ക് ഒഴിവാക്കാം.

സ്‌നേഹത്തിന്റെയും ആര്‍ദ്രതയുടെയും വിപ്ലവകരമായ സ്വഭാവം മറിയത്തിന്റെ മാതൃകയിലൂടെ നമുക്ക് കാണാം. ചരിത്ര സംഭവങ്ങളെയും ഓരോ വ്യക്തിയുടെയും അനുദിനജീവിതത്തെയും ഇത് സ്വാധീനിച്ചിട്ടുണ്ട്. എളിമയും ആര്‍ദ്രതയും ബലഹീനരുടെ ഗുണങ്ങള്‍ അല്ല, മറിച്ച് കരുത്തുള്ളവരുടെതാണ് എന്ന് മറിയം നമുക്ക് കാണിച്ചു തരുന്നു. സ്വയം പ്രാധാന്യമുള്ളവരാകാന്‍ പാവപ്പെട്ടവരെ മോശമായി പരിഗണിക്കേണ്ടതില്ല.

ശക്തരെ സിംഹാസനങ്ങളില്‍ നിന്ന് താഴെ ഇറക്കുകയും സമ്പന്നരെ വെറും കൈയ്യോടെ പറഞ്ഞയയ്ക്കുകയും ചെയ്ത ദൈവത്തെ വാഴ്ത്തുന്നവളാണ് മറിയമെന്ന് അവളെ ധ്യാനിക്കുമ്പോള്‍ നമുക്ക് മനസ്സിലാകുന്നു.

  • (ഒക്‌ടോബര്‍ 12 ന് സെന്റ് പീറ്റേഴ്‌സ് അങ്കണത്തില്‍ മരിയന്‍ ആധ്യാത്മികതകളുടെ ജൂബിലി ആഘോഷത്തിനായി എത്തിയവരോട് നടത്തിയ പ്രഭാഷണത്തില്‍ നിന്നും)

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org