പാപ്പ പറയുന്നു

സ്ത്രീയുടെ ധൈര്യത്തെയും ജ്ഞാനത്തെയും വില കുറച്ച് കാണരുത്

sathyadeepam

ഡോ. കൊച്ചുറാണി ജോസഫ്

എല്ലാ ബുധനാഴ്ചയും വത്തിക്കാനില്‍ കൂടുന്ന തീര്‍ത്ഥാടകര്‍ക്ക് ഫ്രാന്‍സിസ് പാപ്പ നല്‍കുന്ന പ്രത്യാശയുടെ മതബോധനത്തിന് ഇത്തവണ പഴയ നിയമത്തിലെ ഏറ്റവും ധീരയായ സ്ത്രീയെന്ന് വിശേഷിപ്പിക്കുന്ന യൂദിത്തിനെയാണ് തിരഞ്ഞെടുത്തത്. ഹോളോഫര്‍ണസിനെയും സൈന്യം മുഴുവനെയും വിളിച്ചു വരുത്തി നഗരം അടിയറ വയ്ക്കുക. അവര്‍ കൊള്ളയടിക്കട്ടെ എന്ന് തീരുമാനിച്ചുകൊണ്ട് ദൈവത്തിന്‍റെ ജനം ശത്രുവിന്‍റെ മുമ്പില്‍ കീഴടങ്ങാന്‍ തയ്യാറായി (യൂദി ത്ത് 7:25-26). നമ്മളെ ആരും സഹായിക്കാനില്ല എന്ന് ജനം ദയനീയമായി വിളിച്ചുപറഞ്ഞു. അപ്പോള്‍ യൂദിത്ത് അവരുടെ ചഞ്ചലിതമായ മനസ്സിനെ ബലപ്പെടുത്തി. നമ്മുടെ കര്‍ത്താവിന്‍റെ ലക്ഷ്യങ്ങളെ നിയന്ത്രിക്കാന്‍ ശ്രമിക്കരുതെന്ന് പറഞ്ഞു. ദൈവത്തില്‍ പ്രത്യാശയര്‍പ്പിച്ച് അവിടുത്തെ വിളിച്ചപേക്ഷിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് യൂദിത്ത് അവരെ ധൈര്യപ്പെടുത്തി. ശത്രുവിന്‍റെ മേല്‍ വിജയം കൊയ്യുവാനുള്ള പദ്ധതിയും നിര്‍ദേശിച്ചു. ഇവിടെ ഒരു സ്ത്രീയുടെ ധൈര്യം ജനത്തിന്‍റെ മുഴുവന്‍ ധൈര്യമായി മാറുന്നു.
ദൈവജനത്തെ അതുവരെ വഴി നടത്തിയ ദൈവത്തിന്‍റെ കാരുണ്യം, പ്രതികൂലസാഹചര്യമുണ്ടായപ്പോള്‍ ജനം മറന്നു. അവര്‍ ദൈവത്തിന്‍റെ മുന്നില്‍ നിബന്ധനകള്‍ വയ്ക്കുവാന്‍ തുടങ്ങി. അപ്പോള്‍ യൂദിത്ത് ജ്ഞാനത്തിന്‍റെ വചസ്സുമായി അവരുടെ അടുത്ത് എത്തി. പ്രത്യാശയെന്നത് പ്രാര്‍ത്ഥനയിലൂടെയും അനുസരണത്തിലൂടെയും ദൈവത്തിന്‍റെ ഹിതം വിവേചിക്കുവാനും വെല്ലുവിളികളെ നേരിടുവാനുള്ള ശക്തിയാര്‍ജിക്കലാണ്. നമ്മുടെ വ്യവസ്ഥകളിലേക്ക് ദൈവത്തെ വലിച്ചുകൊണ്ടുവരരുത്. മറിച്ച് ക്രൈസ്തവപ്രത്യാശകൊണ്ട് ഭയത്തെ തോല്‍പിക്കുവിന്‍. കാരണം അവിടുത്തെ വഴികള്‍ വ്യത്യസ്തമാണ്. അതുകൊണ്ട് ദൈവത്തെ പഠിപ്പിക്കാന്‍ പോകരുത് എന്ന് യൂദിത്തിന്‍റെ പുസ്തകത്തില്‍നിന്ന് നമ്മള്‍ മനസ്സിലാക്കുന്നു. ജ്ഞാനത്തിന്‍റെയും ധൈര്യത്തിന്‍റെയും ഉറവിടമായ യൂദിത്ത് നമ്മളെ പഠിപ്പിക്കുന്നത് ദൈവികപരിപാലനയില്‍ ആശ്രയം വയ്ക്കുവാനാണ്.
സ്ത്രീക്കാണോ പുരുഷനാണോ ധൈര്യം? സ്ത്രീക്കാണ് എന്ന് സ്ത്രീകളും പുരുഷനാണ് എന്ന് പുരുഷന്മാരും വാദിക്കും. സ്ത്രീക്കാണ് പുരുഷനേക്കാള്‍ ധൈര്യം എന്ന മാര്‍പാപ്പയുടെ വാക്കുകള്‍ കരഘോഷം മുഴക്കിയാണ് വത്തിക്കാനില്‍ എത്തിച്ചേര്‍ന്ന ജനം ഏറ്റുവാങ്ങിയത്. നമ്മുടെ വല്യമ്മമാരുടെ വാക്കുകള്‍ ജ്ഞാനത്തിന്‍റെയും ജീവിതാനുഭവങ്ങള്‍ നല്‍കിയ ദൈവാശ്രയത്തിന്‍റെയും സഹനങ്ങളുടേയും ഫലമാണ്. വിശ്വാസത്തില്‍ നിലനില്‍ക്കാനുള്ള വരം ദൈവം അവര്‍ക്ക് നല്‍കി. അതിനാല്‍ സ്ത്രീയുടെ ധൈര്യത്തെയും ജ്ഞാനത്തെയും വിലകുറച്ച് കാണരുത് എന്നും പാപ്പ ഓര്‍മ്മിപ്പിക്കുന്നു.
ദൈവത്തില്‍ ആശ്രയിക്കുക എന്നു പറഞ്ഞാല്‍ ഉപാധികളില്ലാതെ അവിടുത്തെ പദ്ധതിയിലേക്ക് പ്രവേശിക്കുക എന്നാണ്. ദൈവത്തിന്‍റെ ദൂരക്കാഴ്ചയില്‍ ശരിയെന്ന് തോന്നുന്ന പലതും നമ്മുടെ ഹൃസ്വദൃഷ്ടിയില്‍ മനസ്സിലാവണമെന്നില്ല. അതുകൊണ്ട് ദൈവത്തെ ആശ്രയിക്കുകയാണ് പരമപ്രധാനം. കല്ലറയിങ്കലേക്ക് ഓടിയ മഗ്ദലനമറിയത്തിന്‍റെ ധൈര്യവും കുരിശിന്‍ ചുവട്ടില്‍ ദൈവേഷ്ടം നിറവേറുന്നത് കണ്ട് സായൂജ്യമടയുന്ന മാതാവിന്‍റെ ധൈര്യവും സുവിശേഷത്തിലെ സ്ത്രീകളുടെ ധൈര്യത്തിന് മറ്റ് ഉദാഹരണങ്ങളാണ്. ഈ രണ്ട് സംഭവത്തിലും പുരുഷന്മാര്‍ അസ്വസ്ഥരായി മാറി നില്‍ക്കുകയായിരുന്നു. എന്നാലും മാതാവ് കരഞ്ഞുകൊണ്ട് നില്‍ക്കുകയായിരുന്നു എന്ന് നമ്മള്‍ ഇപ്പോഴും പ്രസംഗിച്ചുകൊണ്ടേയിരിക്കുകയാണ്. യഹൂദപാരമ്പര്യങ്ങള്‍ക്കതീതമായി ഗുരുപാദത്തിങ്കലിരുന്ന് വചനം ശ്രവിക്കാന്‍ മറിയം കാണിച്ച വിവേകത്തെ യേശുവും വാഴ്ത്തുന്നുണ്ട്. അതുകൊണ്ട് ആധുനികസ്ത്രീകളോട്, വി ശ്വാസം നല്‍കുന്ന ധൈര്യത്തെയും ആര്‍ജ്ജവത്തെയും അവരുടെ കരുത്തിനെയും കുറിച്ച് നമുക്ക് പ്രതിപാദിക്കാം.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം