പാപ്പ പറയുന്നു

വ്യത്യസ്തതകള്‍ സ്‌നേഹിക്കാനുള്ള അവസരമാണ്, അസൗകര്യമല്ല

Sathyadeepam

മറ്റുള്ളവരുമായുള്ള ശാരീരികവും സാമൂഹ്യവുമായ വ്യത്യസ്തതകള്‍ അവരെ സ്‌നേഹിക്കാനുള്ള അവസരമാക്കുകയാണ്, അസൗകര്യമായി കാണുകയല്ല വേണ്ടത്. യേശു അന്ധനു അത്ഭുതകരമായ സൗഖ്യം നല്‍കിയപ്പോള്‍ ആളുകള്‍ അതിനെ പല രീതികളില്‍ കണ്ടു. അത്തരമൊരു സാഹചര്യത്തില്‍ നമ്മുടെ പ്രതികരണം എന്താകുമായിരുന്നു എന്നു വിചിന്തനം ചെയ്യുക.

അപരന്റെ ബുദ്ധിമുട്ടുകളെയും വ്യത്യസ്തതകളെയും നാം എങ്ങനെയാണു സ്വീകരിക്കുക? ജീവിതത്തില്‍ അനേകം പരിമിതികളുള്ള മനുഷ്യരെ നാം എങ്ങനെയാണ് കാണുക? അന്ധനെ പോലെ ശാരീരികമോ തെരുവിലെ യാചകരെ പോലെ സാമൂഹ്യമോ ആയ പരിമിതികളുള്ളവരെ എടുക്കുക. അവരെ നാം അസൗകര്യമായിട്ടാണോ കാണുക, അതോ സ്‌നേഹത്തോടെ സമീപിക്കാനുള്ള അവസരമായിട്ടോ?

അന്ധനെ സുഖപ്പെടുത്തിയപ്പോള്‍ ചിലര്‍ സംശയാലുക്കളായി. ചിലര്‍ക്ക് അത് അംഗീകരിക്കാനായില്ല. പല കാരണങ്ങളാലുള്ള ഈ വ്യത്യസ്ത പ്രതികരണങ്ങളില്‍ നാം കാണുന്നത് യേശുവിന്റെ മുമ്പില്‍ അടച്ചു വച്ച ഹൃദയങ്ങളെയാണ്. അവര്‍ക്കൊരു കുറ്റവാളിയെ വേണമായിരുന്നു. അത്ഭുതം കൊള്ളുന്നതെങ്ങനെയെന്ന് അവര്‍ക്കറിയില്ലായിരുന്നു. കാരണം, അവര്‍ക്കു മാറാന്‍ താത്പര്യമില്ലായിരുന്നു. ഭയം കൊണ്ടു സ്തംഭിച്ചു നില്‍ക്കുന്നവരായിരുന്നു അവര്‍. ഇന്നും ഇത്തരം സാഹചര്യങ്ങളുണ്ടാകുന്നുണ്ട്. യേശുവില്‍ നിന്നുള്ള ഒരു സന്ദേശം, ഒരു വ്യക്തിയുടെ സാക്ഷ്യം നാം കാണുമ്പോള്‍ നാമതിനു മറ്റൊരു വിശദീകരണം തിരയുന്നു. കാരണം നമുക്കു മാറാന്‍ താത്പര്യമില്ല. സത്യത്തെ സ്വീകരിക്കുന്നതിനു പകരം കൂടുതല്‍ മാന്യമായ വേറൊരു മാര്‍ഗം നാം തേടുന്നു.

അന്ധനായിരുന്ന മനുഷ്യനാകട്ടെ ഏറ്റവും ലളിതമായി അതിനെ സ്വീകരിക്കുകയും സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു, ''ഞാന്‍ അന്ധനായിരുന്നു, ഇപ്പോള്‍ എനിക്കു കാഴ്ചയുണ്ട്.'' ഇപ്രകാരമായിരിക്കണം നമ്മുടെ പ്രതികരണവും. അന്ധനെ പോലെ നന്മകളെ കാണാനും സ്വീകരിച്ചിരിക്കുന്ന ദാനങ്ങളോടു കൃതജ്ഞതയുള്ളവരാകാനും നമുക്കു സാധിക്കുന്നുണ്ടോ? നിഷേധാത്മകചിന്തകളും പരദൂഷണവും പരത്താനാണോ നാം താത്പര്യപ്പെടുന്നത്?

(സെ.പീറ്റേഴ്‌സ് അങ്കണത്തില്‍ പൊതുദര്‍ശനവേളയില്‍ നടത്തിയ പ്രഭാഷണത്തില്‍ നിന്ന്)

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം