പാപ്പ പറയുന്നു

ലോകത്തില്‍ നിന്ന് വേര്‍പ്പെട്ട ഒരു സംശുദ്ധ സഭ ഇല്ല

Sathyadeepam

ലോകത്തില്‍ നിന്ന് വേര്‍പെടുത്തപ്പെട്ട ആദര്‍ശാത്മകവും സംശുദ്ധവുമായ ഒരു സഭ നിലനില്‍ക്കുന്നില്ല. ചരിത്രത്തില്‍ അവതീർണ്ണമാ കുന്ന ക്രിസ്തുവിന്റെ സഭയാണ് ഉള്ളത്. തീര്‍ത്തും മാനുഷികമായ വീക്ഷണത്തിലൂടെ സഭയെ മനസ്സിലാക്കാനാവില്ല. ക്രിസ്തുവില്‍ സാക്ഷാത്കരി ക്കപ്പെട്ട, മാനവരാശിയോടുള്ള സ്‌നേഹത്തിന്റെ ദൈവിക പദ്ധതിയുടെ ഫലമാണ് സഭ. സഭാംഗ ങ്ങള്‍ക്ക് ആത്മീയമായി എന്തെങ്കിലും മേധാവിത്വം മറ്റുള്ളവരെക്കാള്‍ ഉണ്ട് എന്നല്ല ഇതിനർഥം.

സഭയുടെ മാനുഷിക മാനം എളുപ്പത്തില്‍ മനസ്സിലാക്കാവുന്നതാണ്. കാരണം, ക്രൈസ്തവരായിരിക്കുക എന്നതിന്റെ ആനന്ദവും സഹനവും പരസ്പരം പങ്കുവെക്കുന്ന സ്ത്രീ പുരുഷന്മാരുടെ ഒരു കൂട്ടായ്മയാണ് അവര്‍. സുവിശേഷം പ്രഘോഷിക്കുകയും ജീവിതത്തില്‍ ഉടനീളം നമ്മെ അനുഗമിക്കുന്ന ക്രിസ്തുവിന്റെ സാന്നിധ്യത്തിന് അടയാളമായി മാറുകയും ചെയ്യുന്നു, സഭ. പക്ഷേ ഇത് സഭയുടെ യഥാര്‍ത്ഥ സ്വഭാവം മനസ്സിലാക്കുന്നതിന് പര്യാപ്തമല്ല.

കാരണം സഭയ്ക്ക് ഒരു ദൈവികമാനവും ഉണ്ട്. സഭയ്ക്ക് ആദര്‍ശാത്മകമായ ഒരു പൂര്‍ണ്ണതയോ സഭാംഗങ്ങള്‍ക്ക് ആത്മീയമായ മേധാവിത്വമോ ഉണ്ട് എന്നതിലല്ല ഈ ദൈവികത കാണാന്‍ കഴിയുക. മറിച്ച് മനുഷ്യവംശത്തിനുവേണ്ടിയുള്ള ദൈവിക പദ്ധതിയില്‍ നിന്നാണ് സഭ ഉണ്ടായത് എന്ന വസ്തുതയിലാണ് ഈ ദൈവികമാനം ഉള്ളത്. അതിനാല്‍ സഭ ഒരേ സമയം ഒരു ലൗകിക സമൂഹവും ക്രിസ്തുവിന്റെ മൗതിക ശരീരവും ആണ്. ദൃശ്യമായ ഒരു കൂട്ടായ്മയും ആത്മീയമായ ഒരു രഹസ്യവും ആണ്. ചരിത്രത്തില്‍ സന്നിഹിതമായ ഒരു യാഥാര്‍ത്ഥ്യവും സ്വർഗത്തിലേക്ക് തീർഥാടനം ചെയ്യുന്ന ഒരു ജനതയും ആണ്.

സഭയുടെ മാനുഷികവും ദൈവികവുമായ മാനങ്ങള്‍, ഒന്ന് മറ്റൊന്നിനെ ബാധിക്കാതെ, പരസ്പരം നന്നായി ഇഴുകി ചേരുന്നു. മാനുഷികവും ദൈവികവുമായ ഒരു യാഥാര്‍ത്ഥ്യമാണ് സഭ. പാപിയായ മനുഷ്യനെ അവള്‍ സ്വീകരിക്കുകയും ദൈവത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.

സുവിശേഷത്തിനും സഭ എന്ന സ്ഥാപനത്തിനുമിടയില്‍ യാതൊരു വൈരുദ്ധ്യവും ഇല്ല. നമ്മുടെ കാലഘട്ടത്തില്‍ സുവിശേഷത്തിന്റെ സാക്ഷാത്കാരത്തിനും അതിന് മൂര്‍ത്തരൂപം നല്‍കുന്നതിനുമായി പ്രവര്‍ത്തിക്കുന്നവയാണ് സഭയുടെ സംവിധാനങ്ങള്‍. ക്രിസ്തു സഭക്കുള്ളില്‍ വസിക്കുന്നു എന്ന വസ്തുതയിലാണ് സഭയുടെ വിശുദ്ധി അടങ്ങിയിരിക്കുന്നത്. സഭാംഗങ്ങളുടെ എളിമയിലൂടെയും ബലഹീനതയിലൂടെയും അവിടുന്ന് സ്വയം നല്‍കിക്കൊണ്ടിരിക്കുന്നു.

  • (മാര്‍ച്ച് 4-ന് സെന്റ് പീറ്റേഴ്‌സ് അങ്കണത്തില്‍ പൊതു ദര്‍ശന വേളയില്‍ നല്‍കിയ സന്ദേശത്തില്‍ നിന്നും)

ലോകത്തിലെ ഏറ്റവും പ്രായമേറിയ വൈദികനു മാര്‍പാപ്പയുടെ പിറന്നാളാശംസ

യുദ്ധം നിര്‍ത്തണമെന്ന് ലോകമെങ്ങുമുള്ള മെത്രാന്‍ സംഘങ്ങള്‍

സി. റാണി മരിയയുടെ ജീവചരിത്ര സിനിമ സ്പെയിനിലെ 40-ൽപ്പരം തിയേറ്ററുകളിൽ

പ്രതിരോധ യുദ്ധത്തിന്റെ യുക്തി അപകടകരമെന്ന് വത്തിക്കാന്‍

വനിത ദിനാചരണം നടത്തി കത്തോലിക്ക കോൺഗ്രസ്സ്