സീയെന്നായിലെ വിശുദ്ധ
 കാതറൈന്‍ (1347-1380) : ഏപ്രില്‍ 29

സീയെന്നായിലെ വിശുദ്ധ കാതറൈന്‍ (1347-1380) : ഏപ്രില്‍ 29

നമ്മുടെ ഭൂതകാലത്തെ തെറ്റുകളെപ്പറ്റി ദൈവത്തിന്റെ അനന്തകാരുണ്യത്തിന്റെ വെളിച്ചത്തിലേ അന്വേഷിക്കാവൂ. അല്ലെങ്കില്‍, നിങ്ങള്‍ നിരാശയ്ക്ക് അടിപ്പെട്ടുപോകും. രക്ഷകനിലുള്ള വിശ്വാസം കൈമോശം വരാന്‍ അനുവദിക്കരുത്.
വി. കാതറൈന്‍

ഇറ്റലിയിലെ സീയെന്നായില്‍ 1347 മാര്‍ച്ച് 25-ന് കാതറൈന്‍ ജനിച്ചു. 25 മക്കളുള്ള ഒരു വലിയ കുടുംബത്തിലെ അവസാനത്തെ കുട്ടിയായിരുന്നു. ചെറുപ്പത്തിലെതന്നെ ആദ്ധ്യാത്മിക കാര്യങ്ങളോടായിരുന്നു ആഭിമുഖ്യം. പതിനാറാമത്തെ വയസ്സില്‍ ഡൊമിനിക്കന്‍ മൂന്നാം സഭയില്‍ ചേര്‍ന്നെങ്കിലും മൂന്നുവര്‍ഷം കുടുംബത്തിന്റെ ചുമതലകള്‍ മുഴുവന്‍ ഏറ്റെടുത്ത് വീട്ടില്‍ തന്നെ കഴിഞ്ഞു. കാന്‍സറും കുഷ്ഠരോഗവും നിമിത്തം കഷ്ടപ്പെടുന്ന രോഗികളുടെ ശുശ്രൂഷയും ഈ സമയത്ത് കാതറൈന്‍ ഏറ്റെടുത്തിരുന്നു. മറ്റുള്ളവര്‍ ചെയ്യാന്‍ അറയ്ക്കുന്ന ഈ ജോലി ഏറ്റെടു ത്തതിന് ധാരാളം വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടിവന്നു. എങ്കിലും ആ രോഗികളുടെ ആത്മാക്കളെ രക്ഷിക്കാന്‍ സാധിച്ചതില്‍ അവള്‍ അതീവ സംതൃപ്തയായിരുന്നു.

ദീര്‍ഘകാലത്തേക്ക് തിരുവോസ്തി മാത്രം ഉള്‍ക്കൊണ്ട്, മറ്റു ഭക്ഷണമൊന്നും കഴിക്കാതെ, മാനസാന്തരപ്പെടാന്‍ താല്പര്യമില്ലാത്ത പാപികള്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചും ഉപവസിച്ചും കഴിഞ്ഞുകൂടി. കാതറൈന്റെ പ്രാര്‍ത്ഥനയുടെ ഫലമായി അത്ഭുതകരമായി സുഖം പ്രാപിച്ച പ്ലേഗു ബാധിച്ചിരുന്ന രണ്ടു ഡൊമിനിക്കന്‍ സന്ന്യാസിമാര്‍, പോപ്പിന്റെ നിര്‍ദ്ദേശ മനുസരിച്ച്, കാതറൈന്‍ മാനസാന്തരപ്പെടുത്തിയവരുടെ കുമ്പസാരം കേള്‍ക്കാന്‍ തയ്യാറായി. മാനസാന്തരപ്പെട്ടവരുടെ ബാഹുല്യം നിമിത്തം കുമ്പസാരം രാപകല്‍ ദിവസങ്ങളോളം നീണ്ടുപോയി. അടുത്തുനിന്നും അകലെനിന്നുപോലും ധാരാളംപേര്‍ കാതറൈന്റെ ഉപദേശം കേള്‍ക്കാന്‍ ഓടിക്കൂടി. ഭൗതികവും ആത്മീയവുമായ എല്ലാ പ്രശ്‌നങ്ങള്‍ക്കും ഉചിതമായ പരിഹാരം നിര്‍ദ്ദേശിക്കാന്‍ അവള്‍ക്കു കഴിഞ്ഞിരുന്നു. ആകര്‍ഷകമായ വ്യക്തിത്വവും പ്രായോഗികജ്ഞാനവും പ്രകൃത്യതീത കാര്യങ്ങളിലുള്ള അവഗാഹവുമാണ് മറ്റുള്ളവരെ കാതറൈനിലേക്ക് ആകര്‍ഷിക്കാന്‍ കാരണമായത്. മിക്കപ്പോഴും വിവിധ പ്രശ്‌നങ്ങളാല്‍ കഷ്ടപ്പെട്ടിരുന്നെങ്കിലും എല്ലാം കര്‍ത്താവായ യേശുവില്‍ സമര്‍പ്പിച്ച് എപ്പോഴും പ്രസന്നയായിരിക്കാന്‍ അവള്‍ ശ്രദ്ധിച്ചിരുന്നു. 28-ാമത്തെ വയസ്സില്‍ ശരീരത്തില്‍ തിരുമുറിവുകള്‍ പ്രത്യക്ഷപ്പെട്ടു. എങ്കിലും, നിരന്തരം പ്രാര്‍ത്ഥിച്ച് തിരുമുറിവുകള്‍ ബാഹ്യമായി ദൃശ്യമല്ലാതായിരുന്നു.

താന്‍ ജീവിച്ചിരുന്ന ലോകത്ത് ശാന്തിയും സമാധാനവും പുലര്‍ന്നു കാണുവാന്‍ അവള്‍ പ്രാര്‍ത്ഥിക്കുക മാത്രമല്ല, പുറത്തിറങ്ങി പ്രവര്‍ത്തിക്കുകയും ചെയ്തു. രാഷ്ട്രീയ പ്രശ്‌നങ്ങള്‍ക്കുവരെ പരിഹാരം കാണുവാന്‍ അവള്‍ മദ്ധ്യസ്ഥയായി പ്രവര്‍ത്തിച്ചു. മാര്‍പാപ്പാമാര്‍, രാജാക്കന്മാര്‍, സമൂഹത്തിലെ സ്വാധീനമുള്ള മറ്റു വ്യക്തികള്‍-എല്ലാവരെയും നേരില്‍ ക്കണ്ട് അവള്‍ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുകയും സമാധാനത്തിനുള്ള നിര്‍ ദ്ദേശങ്ങള്‍ മുമ്പോട്ടുവയ്ക്കുകയും ചെയ്തു. മാര്‍പാപ്പായുമായി ഇടഞ്ഞുനിന്നിരുന്ന ഫ്‌ളോറന്‍സിനെ നേര്‍വഴിക്കു കൊണ്ടുവരാന്‍ മാര്‍പാപ്പാ കാതറൈന്റെ സഹായം അഭ്യര്‍ത്ഥിച്ചു. ആറുമാസത്തെ നിരന്തര പരിശ്രമ ഫലമായി കാതറൈന്‍ പ്രശ്‌നങ്ങള്‍ക്ക് സമാധാനപരമായ പരിഹാരം കണ്ടെത്തി. അങ്ങനെ 1377-ല്‍ പ്രവാസത്തില്‍ കഴിഞ്ഞിരുന്ന പോപ്പ് ഗ്രിഗരി XI അവിഞ്ഞോണില്‍നിന്ന് റോമില്‍ തിരിച്ചെത്തി. പോപ്പ് ഗ്രിഗരിയുടെ പിന്‍ഗാമി അര്‍ബന്‍ ആറാമന്റെ ആഗ്രഹപ്രകാരം കാതറൈന്‍ തന്റെ അവസാനത്തെ ആറുവര്‍ഷം നിത്യനഗരത്തില്‍ ചെലവഴിക്കുവാന്‍ തീരുമാനിച്ചു. സഭകളുടെ ഐക്യത്തിനും പരിവര്‍ത്തനത്തിനും വേണ്ടിയുള്ള അവിശ്രമ പ്രവര്‍ത്തനങ്ങളുടെ ഫലമായി രോഗിയായിത്തീര്‍ന്ന കാതറൈന്‍ മൂന്നുമാസം രോഗത്തോടു മല്ലടിച്ച് ഏപ്രില്‍ 29-ന് 33-ാമത്തെ വയസ്സില്‍ പരിപൂര്‍ണ്ണമായി കീഴടങ്ങി.

കാതറൈന്റെ രചനകളില്‍ ഏറ്റവും പ്രസിദ്ധമായത് "Dialogue" ആണ്. പിതാവായ ദൈവവുമായി കാതറൈന്‍ ആത്മീയജീവിതത്തെപ്പറ്റി നടത്തുന്ന ചര്‍ച്ചയാണ് ഈ കൃതിയുടെ ഉള്ളടക്കം. "ജീവിതത്തില്‍ അനര്‍ത്ഥങ്ങള്‍ ഉണ്ടാകുമ്പോള്‍ ചെറുക്കുന്നവര്‍, സ്വാര്‍ത്ഥത നിമിത്തം അന്ധരാണ്. അവരോടുള്ള സ്‌നേഹത്തെപ്രതി അവരുടെ നന്മയ്ക്കായി എന്തെങ്കിലും ഞാന്‍ ചെയ്താല്‍, അതു വലിയ നിര്‍ഭാഗ്യമായിട്ടാണ് കരുതുന്നത്."

1461-ല്‍ പോപ്പ് പയസ് രണ്ടാമന്‍ കാതറൈനെ വിശുദ്ധയായി പ്രഖ്യാപിച്ചു. പോപ്പ് പോള്‍ ആറാമന്‍ 1970-ല്‍ അവരെ "Doctor of the Church" ആയി അംഗീകരിച്ചു. ഇറ്റലിയുടെ സ്വര്‍ഗ്ഗീയമദ്ധ്യസ്ഥയാണ് സീയെന്നായിലെ വി. കാതറൈന്‍.

Related Stories

No stories found.