പാപ്പ പറയുന്നു

ലക്ഷ്യസ്ഥാനത്തേക്ക് എത്തികൊണ്ടിരിക്കുകയാണെന്ന ബോധ്യത്തില്‍ നടക്കുന്നതാണ് പ്രത്യാശ

sathyadeepam

ഡോ. കൊച്ചുറാണി ജോസഫ്

ക്രൈസ്തവപ്രത്യാശയെക്കുറിച്ചുള്ള തന്‍റെ മതബോധനത്തി ന് ഫ്രാന്‍സിസ് പാപ്പ കഴിഞ്ഞ ബുധനാഴ്ച തിരഞ്ഞെടുത്തത് വി. പൗലോസ് അപ്പസ്തോലന്‍ തെസലോനിയക്കാര്‍ക്ക് എഴുതിയ 1-ാം ലേഖനം 5-ാം അദ്ധ്യായം 4 മുതല്‍ 11 വരെയുള്ള വാക്യങ്ങളാണ്. തെസലോനിയായിലെ ആദിമക്രൈസ്തവസമൂഹം ക്രിസ്തുവിന്‍റെ മരണത്തിലും ഉത്ഥാനത്തിലും അടിയുറച്ച് വിശ്വസിച്ചു. എന്നാല്‍ ക്രിസ്തുവിനോടൊപ്പം തങ്ങളും ഒരിക്കല്‍ ഉയിര്‍ക്കുമെന്ന സത്യം ഉള്‍ക്കൊള്ളുവാനും മനസ്സിലാക്കുവാനും അവര്‍ക്ക് അല്‍പം ബുദ്ധിമുട്ടായിരുന്നു. ഇന്ന് പലരും ഇതേ അവസ്ഥയിലൂടെ കടന്നുപോവുന്നതുകൊണ്ടാണ് മരണത്തെ ഭയപ്പെടുന്നത്.
ക്രൈസ്തവപ്രത്യാശ ഒരേ സമയം നമ്മുടെ ജീവിതരീതിയും ശൈലിയുമാണ്. ഉത്ഥാനം പ്രതീക്ഷിച്ചാണ് നമ്മള്‍ ജീവിക്കുന്നത്. നമുക്കുമുന്നേ മരണം മൂലം കടന്നുപോയവര്‍ സഭാവിശ്വാസികളുടെ കൂട്ടായ്മയില്‍ ഒരേ വിശ്വാസത്തില്‍ ക്രിസ്തുവില്‍ എന്നും ജീവിക്കുമെന്നതാണ് നമ്മുടെ പ്രത്യാശ. ജീവിച്ചിരിക്കുന്നവരും മരിച്ചവരും ഒരിക്കല്‍ ഉത്ഥാനത്തിന്‍റെ ആനന്ദത്തില്‍ ക്രിസ്തുവില്‍ ഒന്നിക്കുമെന്ന ഉറപ്പായ പ്രതീക്ഷയിലും പ്രത്യാശയിലുമാണ് നമ്മളെല്ലാവരും ജീവിക്കേണ്ടത്. ശാരിരികവൈകല്യമുള്ള ഒരു വ്യക്തിയെ ആലിംഗനം ചെയ്തുകൊണ്ട് ഉത്ഥാനദിവസം നമ്മള്‍ ഇതുപോലെ ദൈവത്തെ മുഖാമുഖം കണ്ട് ആലിംഗനം ചെയ്യുന്ന ദിനത്തെക്കുറിച്ച് പാപ്പ ഓര്‍മ്മപ്പെടുത്തി. അതുകൊണ്ട് നാളത്തെ സുന്ദരമായ പ്രഭാതത്തിനായി പ്രത്യാശയില്‍ നമുക്ക് മുന്നോട്ട് നടക്കാം. അതിന് വിശ്വാസത്തിന്‍റെ പടച്ചട്ടയും പ്രത്യാശയുടെ തൊപ്പിയും അണിയണം.
ഇനിയുള്ള ദിനങ്ങളില്‍ നല്ല കാലാവസ്ഥയാണെന്ന് നമ്മള്‍ പറയുമ്പോഴും വ്യത്യസ്ഥമായ രീതിയിലുള്ള അനുഭവങ്ങളുണ്ടാവാറുണ്ട്. എന്നാല്‍ ക്രൈസ്തവവിശ്വാസമെന്നത് കാലാവസ്ഥാ പ്രവചനം പോലെയല്ല. അത് ഉറപ്പായ യാഥാര്‍ത്ഥ്യമാണ്. നമ്മുടെ പ്രത്യാശ ക്രിസ്തുവിന്‍റെ ഉത്ഥാനത്തിലും നിത്യജീവനെക്കുറിച്ചുള്ള വാഗ്ദാനത്തിലും അടിയുറച്ചതാണ്. പോപ്പ് പോള്‍ ആറാമന്‍ ഹാളിലെ ഒരു വാതിലിനു നേരെ കൈചൂണ്ടിക്കാണ്ട് പാപ്പ പറഞ്ഞു. ആ വാതിലിലൂടെ കടക്കണമെങ്കില്‍ നമ്മള്‍ ആദ്യം അവിടെയെത്തണം. അതിനായി ആദ്യം അങ്ങോട്ട് നടക്കണം.
ക്രൈസ്തവപ്രത്യാശയെന്നത് ഗര്‍ഭിണിയായ ഒരു സ്ത്രീ തന്‍റെ കുഞ്ഞിനെ പ്രതീക്ഷയോടെ കാത്തിരിക്കുന്നതുപോലെയാണ്. തന്‍റെ കുഞ്ഞിനെക്കുറിച്ചുള്ള ചിന്തകള്‍ ഓരോ ദിവസവും അവളെ പ്രതീക്ഷാനിര്‍ഭരയാക്കുന്നു. അതുപോലെ കര്‍ത്താവില്‍ ദൃഷ്ടിയുറപ്പിച്ച് അവിടുത്തെ മുഖാമുഖം കണ്ടെത്തുന്ന ദിനമായിരിക്കണം എന്നും മനസ്സില്‍ ഉണ്ടാവേണ്ടത്. ഉറപ്പായ പ്രതീക്ഷയില്‍ ജീവിക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പക്ഷെ എളിമയുള്ള ഹൃദയത്തിന് ഇത് സാധ്യമാണ്. സ്വാര്‍ത്ഥതയില്‍ സ്വയം ഒതുങ്ങി ജീവിക്കുന്നവര്‍ക്ക് ഇത് വളരെ പ്രയാസവുമാണ്. ജീവിച്ചിരിക്കുന്നവര്‍ കര്‍ത്താവിനെ എതിരേല്‍ക്കുവാനായി മേഘങ്ങളില്‍ സംവഹിക്കപ്പെടുമെന്നും നാം എപ്പോഴും കര്‍ത്താവിനോടുകൂടി ആയിരിക്കുമെന്നുള്ള ലേഖനവാക്യം (1 തെസലോനി. 4.17) പാപ്പ എല്ലാവരെയും കൊണ്ട് ഉച്ചത്തില്‍ ഏറ്റുപറയിപ്പിച്ചു.
നാളെ ഉണരുമെന്ന പ്രത്യാശയിലാണല്ലോ നമ്മള്‍ അലാറം ശരിയാക്കിവച്ചിട്ട് ഉറങ്ങുന്നത്. നിത്യതയിലേക്കുള്ള അലാറവും പ്രത്യാശയില്‍ സെറ്റ് ചെയ്തുവക്കാന്‍ ശ്രമിക്കാം.

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം

കുര്‍ബാന മുടക്കുന്നവര്‍