ഫാ. ഡോ. സിജോണ്‍ കുഴിക്കാട്ടുമ്യാലില്‍
ക്ലിനിക്കല്‍ ഹെല്‍ത്ത് സൈക്കോളജിസ്റ്റ്
& പ്രൊഫ. മേരിമാതാ മേജര്‍ സെമിനാരി, തൃശ്ശൂര്‍
നാല്പതു വയസ്സുള്ള റീത്ത കുടുംബത്തോടൊപ്പം അല്‍പം സാമൂഹ്യ പ്രവര്‍ത്തനവുമായി എല്ലാവര്‍ക്കും പ്രിയങ്കരിയായി പോകുന്നതിന്റെ ഇടയിലാണ,് റീത്തയുടെ സ്വഭാവത്തിലും സംസാരത്തിലും കാര്യമായ മാറ്റങ്ങള്‍ പ്രകടമാകാന്‍ തുടങ്ങിയത്. അയല്‍പക്കക്കാരനുമായി വഴക്കിലായി. വീട്ടുജോലികളില്‍ ശ്രദ്ധ കുറഞ്ഞു. ആരോടും സംസാരിക്കാതെ എന്തോ ആലോചിച്ച് ഇരിക്കുന്നു. സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും താല്‍പര്യം കാണിക്കുന്നില്ല. ഇത്തരം പെരുമാറ്റങ്ങള്‍ ഭര്‍ത്താവിന്റെ ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് ഭര്‍ത്താവ് മനഃശാസ്ത്രജ്ഞനെ കാണിക്കുന്നത്. അയല്‍പക്കകാരന് അസൂയയാണ്, എന്റെ കുടുംബത്തിനെതിരെ പ്രവര്‍ത്തിക്കുന്നുണ്ട്, അവര്‍ എന്റെ വീട്ടില്‍ നടത്തുന്ന സംസാരങ്ങള്‍ ചിപ്പ് വച്ച് പിടിച്ചെടുക്കുന്നുണ്ട്, ഞാന്‍ അവരുടെ ഭവനത്തിനു മുമ്പില്‍ നടക്കുമ്പോള്‍ പരിഹസിച്ച് സംസാരിക്കുന്നതു കേള്‍ക്കാം... ഇങ്ങനെ റീത്ത സംസാരിച്ച് തുടങ്ങി. അവളുടെ മുഖമാകെ മാറി കുറേ കരഞ്ഞു. ഭര്‍ത്താവ് സൈക്കോളജിസ്റ്റിനോട് പറഞ്ഞു, കുറച്ചുനാളുകളായി ഇവള്‍ക്ക് ഉറക്കം വളരെ കുറവാണ്. വീട്ടിലെ കാര്യങ്ങളില്‍ ശ്രദ്ധയില്ലെന്നും സ്വസ്ഥതയില്ലാത്ത പെരുമാറ്റമാണെന്നും മണ്ടത്തരങ്ങളാണ് പറയുന്നതെന്നും തോന്നിയിരുന്നു. അടക്കും ചിട്ടയുമില്ലാത്ത, വ്യക്തിപരമായ ശുചിത്വമില്ലായ്മയും കാണിക്കുന്നു.
സ്‌കിസോഫ്രീനിയ എന്ന രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങളാണ് മുകളില്‍ കാണുന്നത്.
കാരണങ്ങള്‍
തലച്ചോറിലെ ജീവ-രാസ വ്യവസ്ഥയുടെ അസന്തുലിതാവസ്ഥയും നാഡീകോശങ്ങള്‍ തമ്മില്‍ സന്ദേശങ്ങള്‍ വിനിമയം ചെയ്യുന്നതിനുള്ള ഡോപാമീന്‍, ഗ്ലൂട്ടാമേറ്റ് എന്ന രാസപദാര്‍ഥങ്ങളുടെ അളവിലുള്ള കുറവും ഈ രോഗാവ സ്ഥയില്‍ കാണുന്നു. അതുപോലെ മറ്റ് രാസവസ്തുക്കളുടെ ഏറ്റക്കുറച്ചിലുകളും, തലച്ചോറിന്റെ ഘടനാപരമായ പ്രശ്‌നങ്ങളും, കാരണമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള നിരവധി കാരണങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമ്പോഴാണ് ഒരാള്‍ക്ക് രോഗം ഉണ്ടാകുന്നത്. ശാരീരികമായ പ്രതികൂലാവസ്ഥ, ജീവിതത്തിലെ പ്രതികൂല അനുഭവങ്ങള്‍ പ്രത്യേകിച്ച് കൗമാരത്തിലും യൗവനാരംഭത്തിലു മുണ്ടാകുന്ന അനാരോഗ്യകരമായ ജീവിതാനുഭവങ്ങള്‍ക്കൊപ്പം, ജൈവപരമായി മസ്തിഷ്‌കത്തിലുള്ള അസംതുലിതാവസ്ഥയും ഒരാളെ രോഗത്തിലേക്ക് തള്ളിവിടാം. പ്രിയപ്പെട്ടവരുടെ വേര്‍പ്പാട്, പരാജയം, നിരാശ, മയക്കുമരുന്നുകളുടെ ഉപയോഗം, കുടുംബപരവും സാമൂഹികപരവുമായ സംഘര്‍ഷങ്ങള്‍ തുടങ്ങിയവയും രോഗം ആരംഭിക്കുന്നതിലേക്ക് നയിക്കാം.
രോഗലക്ഷണങ്ങള്‍
സാവധാനത്തിലാണ് സ്‌കിസോ ഫീനിയ തുടങ്ങുന്നത്. രോഗലക്ഷണ ങ്ങള്‍ക്ക് ഒരുപാട് മുഖങ്ങളുണ്ട്. ഇതില്‍ പ്രധാനമായവയാണ് ഇവിടെ പ്രതിപാദി ക്കുന്നത്. ഒന്നിലും താല്‍പര്യമില്ലായ്മയും, മറ്റുള്ളവരില്‍ നിന്ന് ഒഴിഞ്ഞുമാറലും, ജോലി, പഠനം, കുടുംബകാര്യങ്ങള്‍, വൃത്തി, ആഹാരം എന്നിവയില്‍ അലസത കാണിക്കുക. സാമൂഹിക കാര്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറി അന്തര്‍മുഖനായിരി ക്കുക. മിഥ്യാധാരണ (Delusion) സംഭവി ക്കാന്‍ സാധ്യതയില്ലാത്തതും തെറ്റായതു മായ ചിന്തകളില്‍ ഉറച്ചു വിശ്വസിക്കുക.
കുടുംബാംഗങ്ങള്‍ രോഗിയുടെ ചികിത്സാ നിര്‍ദേശങ്ങള്‍ അതേപടി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക, രോഗിയോട് പ്രത്യേക താല്‍പര്യം കാണിക്കുക, ചെറിയ ജോലികള്‍ ഏല്‍പ്പിക്കുക, രോഗിക്ക് പ്രോത്സാഹനവും പിന്തുണയും കൊടുക്കുക, അംഗീകരിക്കുക, ഇത്തരം രീതികള്‍ വലിയ പ്രാധാന്യമര്‍ഹിക്കുന്നു. അമിത വിമര്‍ശനം, നിരുത്സാഹപ്പെടുത്തല്‍, അമിതമായ സാമൂഹ്യ സമ്മര്‍ദം എന്നിവ പൂര്‍ണ്ണമായി ഒഴിവാക്കുക.
അതുപോലെ മിഥ്യാദര്‍ശനവും മിഥ്യാനുഭവങ്ങളും (Hallucination) രോഗിക്ക് തന്നോട് ആളുകള്‍ സംസാരിക്കുന്നതായോ അല്ലെങ്കില്‍ തന്റെ പേര് ഉച്ചരിക്കുന്നതായോ തോന്നുന്നു. അതുപോലെ ശരീരശുചിത്വത്തില്‍ ശ്രദ്ധയില്ലായ്മ കാണിക്കുന്നു. രോഗിയില്‍ പെടുന്നനെയുള്ള വൈകാരിക മാറ്റങ്ങള്‍ സംഭവിക്കുന്നു. അമിതമായ ഉല്‍ക്കണ്ഠ, ഭയം, കോപം, സംശയം, ദേഷ്യം ഇവ രോഗി പ്രകടിപ്പിച്ചേക്കും. എല്ലാ കാര്യങ്ങളില്‍ നിന്നും പിന്‍വലിയുന്നതു മൂലം ചുറ്റും നടക്കുന്നത് രോഗി അറിയുന്നില്ല.
രോഗിയെ പരിചരിക്കുമ്പോള്‍
ആരംഭ ദശയിലുള്ള ചികിത്സ വളരെ പ്രാധാന്യമര്‍ഹിക്കുന്നു. ഔഷധചികിത്സ, മനഃശാസ്ത്ര ചികിത്സ, അസുഖത്തെക്കുറിച്ച് കുടുംബത്തെ ബോധവല്‍ക്കരിക്കല്‍, പുനരധിവാസം എന്നിവ വളരെ പ്രാധാന്യമര്‍ഹിക്കുന്നു. ഇവിടെ മസ്തിഷ്‌കത്തിലെ ജൈവരാസ സന്തുലിതാവസ്ഥ വീണ്ടെടുക്കുന്നതിന് ഔഷധചികിത്സ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നു. മനോരോഗ ചികിത്സകന്റെ കീഴില്‍ കൃത്യമായി ഇത്തരം ചികിത്സ തുടരേണ്ടതുണ്ട്.
മനഃശാസ്ത്ര ചികിത്സയില്‍ സൈക്കോളജിസ്റ്റുമായി പതിവായി നടത്തുന്ന വ്യക്തിപരമായ സംഭാഷണങ്ങള്‍ രോഗിയുടെ മാനസിക ക്ലേശങ്ങള്‍ക്കും മ്ലാനതയ്ക്കും ഗണ്യമായ സാന്ത്വനം നല്‍കുന്നു. രോഗിക്ക് നല്‍കുന്ന നിര്‍ദ്ദേശങ്ങളില്‍ കൂടി (Psychoeducation) തന്റെ അസുഖത്തെപ്പറ്റി മനസ്സിലാക്കാന്‍ കഴിയുന്നു. ഇപ്രകാരം ചെയ്യുന്നതു വഴി പൂര്‍ണ്ണമായും അപ്രത്യക്ഷമാകാത്ത ലക്ഷണങ്ങളോട് ഒത്തുചേര്‍ന്നു പോകാനും ജീവിത ഗുണനിലവാരം വര്‍ധിപ്പിക്കാനും സാധിക്കുന്നു. അതുപോലെ ഒരു കൂട്ടായ്മയിലുള്ള മനഃശാസ്ത്ര ചികിത്സ (Group Therapy) വളരെ പ്രയോജനപ്പെടുന്നതാണ്.
സ്‌കിസോഫ്രീനിയ രോഗികളില്‍ കുടുംബ ചികിത്സ (Family Therapy) വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നു. ഇവിടെ രോഗിയുടെ കുടുംബത്തിലെ അംഗങ്ങള്‍ക്ക് രോഗത്തെപ്പറ്റിയും, രോഗലക്ഷണങ്ങളെപ്പറ്റിയും, രോഗിയോട് പുലര്‍ത്തേണ്ട മനോഭാവങ്ങളെക്കുറിച്ചും, പെരുമാറ്റ രീതികളെക്കുറിച്ചും, ആഴത്തില്‍ പഠിപ്പിക്കുന്നു. ഇവിടെ കുടുംബാംഗങ്ങള്‍ രോഗിയുടെ ചികിത്സാ നിര്‍ദേശങ്ങള്‍ അതേപടി പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുക, രോഗിയോട് പ്രത്യേക താല്‍പര്യം കാണിക്കുക, ചെറിയ ജോലികള്‍ ഏല്‍പ്പിക്കുക, രോഗിക്ക് പ്രോത്സാഹനവും പിന്തുണയും കൊടുക്കുക, അംഗീകരിക്കുക, ഇത്തരം രീതികള്‍ വലിയ പ്രാധാന്യമര്‍ഹിക്കുന്നു. അമിത വിമര്‍ശനം, നിരുത്സാഹപ്പെടുത്തല്‍, അമിതമായ സാമൂഹ്യ സമ്മര്‍ദം എന്നിവ പൂര്‍ണ്ണമായി ഒഴിവാക്കുക.
പുനരധിവാസ ചികിത്സയില്‍ രോഗിക്ക് സാധാരണ ജോലികള്‍ ചെയ്യുന്നതിനും സമൂഹത്തിന് പ്രയോജനം ചെയ്യുന്ന ഒരാളായി മാറ്റുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. രോഗിയെ അയാളുടെ കഴിവിനൊത്ത് ചെറിയ ഒരു വരുമാനം ഉണ്ടാകുവാനും വീണ്ടും ജീവിതം ആരംഭിക്കുവാനും ഒരുക്കുകയാണ് പ്രധാനം. ഇവിടെ ഒക്യുപേഷണല്‍ തെറാപ്പിസ്റ്റ്, സൈക്യാട്രിസ്റ്റ,് സൈക്യാട്രിക് സോഷ്യല്‍വര്‍ക്കര്‍ എന്നിവര്‍ക്ക് രോഗിയെയും കുടുംബത്തെയും ധാരാളം സഹായിക്കാനാകും. സ്‌കിസോഫ്രീനിയ ചികിത്സയില്‍ കൂടുതല്‍ സുരക്ഷിതമായ ഔഷധങ്ങള്‍ ഇന്ന് നിലവിലുണ്ട്. മാത്രമല്ല പരീക്ഷണഘട്ടങ്ങളിലൂടെ കടന്നു പോകുന്ന 'ജീന്‍തെറാപ്പി' സ്‌ക്രിസോഫ്രീനിയ ചികിത്സയില്‍ വലിയ മാറ്റങ്ങള്‍ക്കു വഴി തെളിയിക്കാം.