ഏഴാമത്തെ കുട്ടി!

ഏഴാമത്തെ കുട്ടി!
Published on
  • ജിന്‍സണ്‍ ജോസഫ് മുകളേല്‍ CMF

അത് അന്നത്തെ ഏഴാമത്തെ കുട്ടിയായിരുന്നു. അവന് ഒരു പതിനേഴ് വയസ് പ്രായമേ ഉണ്ടായിരുന്നുള്ളൂ.

അവനെ കണ്ടതേ അവള്‍ക്ക് ദേഷ്യം തോന്നി.

'നീ എന്തിനിവിടെ വന്നു?'

'തള്ളേ, നീയാരാ എന്നെ ഉപദേശിക്കാന്‍! മുഴുവന്‍ രൂപയും കൊടുത്തിട്ടാണ് ഞാന്‍ ഇവിടെ വന്നത്! വേഗം തുടങ്ങ്' അവന്‍ ഷര്‍ട്ടിന്റെ ബട്ടണ്‍സ് അഴിച്ച് എറിഞ്ഞു.

'നിന്റെ പണം ഞാന്‍ തിരിച്ച് തരാം. തിരിച്ച് പോ!' അവള്‍ അലറി.

'ഞാന്‍ ഇവിടെ വരുന്നത് ആദ്യമല്ല. ഇതിന് മുന്‍പും ഇതൊക്കെ ചെയ്തിട്ടുണ്ട്.' അവന്‍ അവളുടെ അപ്രതീക്ഷിത പെരുമാറ്റം കണ്ടു പറഞ്ഞു.

'വേശ്യയുടെ ചാരിത്ര പ്രസംഗം എന്നൊരു ചൊല്ലില്ലേ! അത് ആണെന്ന് തന്നെ കൂട്ടിക്കോളൂ.... ഒരാളെയെങ്കില്‍ ഒരാളെ എനിക്ക് രക്ഷപ്പെടുത്തണം. നീ ഇപ്പോള്‍ പോകണം.'

'നീ വേറെ വല്ലോരെയും രക്ഷിക്ക്! എന്തിന് എന്നെ രക്ഷിക്കണം? ഞാന്‍ നിങ്ങളുടെ മകന്‍ ഒന്നും അല്ലല്ലോ!' അവന്‍ കുറെ പൊടിയെടുത്ത് വായില്‍ ഇട്ടു കൊണ്ടു പറഞ്ഞു.

'നിനക്ക് ബോറടിച്ചാലും വേണ്ടില്ല. ഞാന്‍ ഒരു കാര്യം പറയട്ടെ. പതിനെട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് എന്റെ ഗ്രാമത്തില്‍ നിന്ന് എന്നെ തട്ടിക്കൊണ്ടു വന്ന് ഇവിടെ പാര്‍പ്പിച്ചതാണ്. അതിനുശേഷം ഞാന്‍ പുറം ലോകം കണ്ടിട്ടില്ല.'

'തള്ളേ... ഇത്തരം കഥകള്‍ ഞാന്‍ കേട്ടിട്ടുണ്ട്. എനിക്ക് വേണ്ടത് കഥയല്ല. നിങ്ങളുടെ ശരീരം മാത്രമാണ്.' അവന്‍ അവളെ നോക്കിപ്പറഞ്ഞു.

'ഞാന്‍ ഒന്നു ചോദിച്ചോട്ടെ, നിന്റെ ഈ ജീവിതത്തെക്കുറിച്ച് ഒന്നു പറ! നീ ഇതിനു മുന്‍പ് ഇത്തരം ബന്ധനത്തില്‍ പെട്ടത് എങ്ങനെ?'

'ഞാന്‍ പറഞ്ഞില്ലേ! എനിക്ക് സമയമില്ല. വൈകിട്ട് ആറിന് മുന്‍പ് ഹോസ്റ്റലില്‍ കയറണം!' അവന്‍ തന്റെ മുടികളില്‍ തഴുകിക്കൊണ്ട് പറഞ്ഞു.

'മോനെ... നീ കേട്ടിട്ടില്ലേ! നല്ല ബന്ധം സംഭവിക്കുന്നതിന് മുന്‍പ് പങ്കാളിയായി സംസാരിക്കണമെന്ന്!'

'അത് പങ്കാളിയായിട്ടല്ലേ? വേശ്യയുമായിട്ട് അല്ലല്ലോ? അതുപോലെ ഇനി എന്നെ മോനെ എന്നെ വിളിച്ചാല്‍ നിങ്ങളെ ഞാന്‍ കൊല്ലും.'

'ഇവിടെ വരുന്നവര്‍ എല്ലാം ഞങ്ങളെ അപ്‌സരസുകള്‍ എന്നാണ് വിളിക്കുക. ആരും നിന്നെപ്പോലെ മോശം വാക്കുകള്‍ ഉപയോഗിക്കാറില്ല. കാരണം അങ്ങനെ ഉപയോഗിച്ചാല്‍ അവര്‍ അവരെത്തന്നെ മോശമാക്കുകയല്ലേ ചെയ്യുന്നത്?' അവള്‍ പുഞ്ചിരിയോടെ പറഞ്ഞു.

'എന്നാല്‍ ശരി അപ്‌സരസ്! ഞാന്‍ പറയാം. എനിക്ക് അപ്പനും അമ്മയും പെങ്ങളും ഉണ്ട്. ഈ സമയത്തിനകം ആരും എന്നെ ഉപയോഗിച്ചിട്ടില്ല. പക്ഷേ ഞാന്‍ മോശം സിനിമകള്‍ കാണുന്നു. മാസ്റ്റര്‍ബേഷന്‍ നടക്കുന്നു. പിന്നെ ബന്ധുക്കള്‍, സുഹൃത്തുക്കള്‍ അങ്ങനെ പലരുമായും ബന്ധപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ ആദ്യമായിട്ടാണ് ഒരു ബ്രോതലില്‍ വരുന്നത്.'

'ഇവിടെ എങ്ങനെ വന്നു?'

'ഇപ്പോള്‍ വിവരങ്ങള്‍ കിട്ടാനാണോ പാട്? അങ്ങനെ സേര്‍ച്ച് ചെയ്തു കിട്ടി. ഇന്ന് എനിക്ക് എന്നെത്തന്നെ കണ്‍ട്രോള്‍ ചെയ്യാന്‍ പറ്റുന്നില്ല. അതുകൊണ്ട് ഞാന്‍ വന്നു. നമുക്ക് വേഗം തുടങ്ങാം!'

'നീ നന്നായി സംസാരിക്കുന്നു. ഇനി ഞാന്‍ ചില ചോദ്യങ്ങള്‍ ചോദിക്കട്ടെ. കാരണം എനിക്ക് അല്പം റസ്റ്റ് വേണം. ഇന്ന് കുറെപ്പേര്‍ ഉണ്ടായിരുന്നു. അതിനുശേഷം നമുക്ക് തുടങ്ങാം.'

'സമ്മതിച്ചു. നിങ്ങളുടെ സമ്മതം ഉണ്ടെങ്കിലേ നല്ല ബന്ധം നടക്കുകയുള്ളൂ എന്ന് അനുഭവം എന്നെ പഠിപ്പിച്ചിട്ടുണ്ട്.'

'നല്ല കുട്ടി! എന്നാല്‍ ഞാന്‍ ചോദിക്കട്ടെ! നീ എന്തിന് ഇവിടെ വന്നു?''

'ഞാന്‍ പറഞ്ഞില്ലേ, എനിക്ക് നിയന്ത്രിക്കാന്‍ പറ്റുന്നില്ല.'

'മോനെ... നിന്റെ ഉള്ളിലുള്ളത് കാമാസക്തിയാണ്. അത് നിന്നെ കൊല്ലും. ചാണക്യ നീതിയില്‍ ചാണക്യന്‍ പറയുന്നത് നീ ഓര്‍ക്കണം: ഒരാളെ നശിപ്പിക്കുന്ന ഏറ്റവും വലിയ ആസക്തിയാണ് കാമാസക്തി! അത് കയറിയാല്‍ അമ്മ സ്വന്തം പിഞ്ചുകുഞ്ഞിനെ വരെ കൊല്ലും. അതുകൊണ്ട് അതിനെ വഴിതിരിച്ചു വിടുക.'

'എന്താണ് ആ വഴി?'

'മനുഷ്യര്‍ക്ക് ഉപകാരം ഉള്ള പ്രവൃത്തികള്‍ ചെയ്യുക. വെറുതെ ഇരിക്കാതിരിക്കുക. ഇത് ഒരു കെമിക്കല്‍ റിയാക്ഷന്‍ മാത്രം ആണെന്ന് ചിന്തിക്കുക. അതിന് ഉത്തേജിപ്പിക്കുന്ന വീഡിയോസ് കണ്ടാല്‍ അത് മയക്കു മരുന്നിനെക്കാളും വലിയ അഡിക്ഷന്‍ ആയി അനേകം ജന്മങ്ങളെ നീ നശിപ്പിക്കും.'

'അനേകരെ നശിപ്പിച്ച നീ തന്നെ ഇത് പറയണം. നിന്റെ റസ്റ്റ് കഴിഞ്ഞാല്‍ തുടങ്ങായിരുന്നു.'

'ഉം... തുടങ്ങാം! ഒന്നു കണ്ണടയ്ക്ക്!'

ജീവല്‍ കണ്ണടച്ചു.

'മോനെ'

'തള്ളേ... ഞാന്‍ പറഞ്ഞില്ലേ, എന്നെ അങ്ങനെ വിളിക്കരുത് എന്ന്!'

'സ്വന്തം തള്ളയാടാ വിളിക്കുന്നത്.'

ആ സ്വരം കൃത്യമായി അവന് മനസിലായി.

'അമ്മേ! എന്റെയമ്മ!' അവന്‍ അറിയാതെ പറഞ്ഞു പോയി. അവന്‍ കണ്ണു തുറന്ന് കണ്ടപ്പോള്‍ കണ്ടത് സ്വന്തം അമ്മയെ!

അവന്‍ അലറി നിലവിളിച്ച് അവന്റെ അമ്മയെ കെട്ടിപ്പിടിച്ചു.

'ജീവല്‍ നീ സ്വയം ഇവിടെ വരില്ല എന്ന് ഞങ്ങള്‍ക്കറിയാം. അതുകൊണ്ടാണ് ഞങ്ങള്‍ക്ക് ഈ നാടകം കളിക്കേണ്ടി വന്നത്. ഞാന്‍ ഡോ. ജ്യോതിര്‍മയി! സൈക്കോളജിസ്റ്റാണ്.

നിന്റെ കൂടെ വന്ന നിന്റെ ഉറ്റ സുഹൃത്ത് ഹരിദാസ് നിന്നെ കൊണ്ടു വന്നിരിക്കുന്നത് ഒരു വേശ്യാലയത്തിലേക്ക് അല്ല. ഒരു സൈക്കോളജി ക്ലിനിക്കില്‍ ആണ്. ഇനി മൂന്നു മാസം നമുക്ക് ഇവിടെ കൂടാം... കാരണം നിന്റെ ലൈംഗിക വൈകൃതങ്ങള്‍ സഹിക്കുന്നതിന് അപ്പുറമായതു കൊണ്ട് നിന്റെ ഉത്തരവാദിത്വപ്പെട്ടവരെ അറിയിച്ച് ഞങ്ങള്‍ നടത്തിയ അഭിമുഖമാണ് ഇപ്പോള്‍ കഴിഞ്ഞത്.'

എന്നാല്‍ ഡോക്ടര്‍ സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ അവന് പുറത്തേക്ക് ഓടണം എന്ന് തോന്നി. എന്നാല്‍ അപ്പോള്‍ അമ്മയുടെ കണ്ണീര്‍ ഒരു മഴ പോലെ അവന്റെ ശരീരത്തിലേക്ക് പെയ്ത് ഇറങ്ങിയപ്പോള്‍ അവന് ആ മഴയില്‍ കുളിക്കാന്‍ മാത്രമേ നിര്‍വാഹം ഉണ്ടായിരുന്നുള്ളൂ. ഒന്നും പറയാതെ ആ അമ്മ അവനെ കെട്ടിപ്പിടിച്ചു നിന്നു.

പുറത്ത്

'അവള്‍' എന്ന മനഃശാസ്ത്ര ക്ലിനിക്കിന്റെ വെളിയില്‍ ഹരിദാസ് തന്റെ സുഹൃത്തിന്റെ വിശേഷങ്ങള്‍ അവന്റെ അപ്പനുമായി പങ്കുവയ്ക്കുകയായിരുന്നു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org