വചനമനസ്‌കാരം: No.202

വചനമനസ്‌കാരം: No.202
Published on

സ്വര്‍ഗത്തില്‍ നിന്ന് ഒരു സ്വരമുണ്ടായി: നീ എന്റെ പ്രിയപുത്രന്‍, നിന്നില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു.

മര്‍ക്കോസ് 1:11

നമ്മുടെ കര്‍ത്താവിന്റെ ദനഹാത്തിരുനാള്‍ എന്നാണ് ബൈബിള്‍ കലണ്ടറില്‍ ജനുവരി 6 അടയാളപ്പെടുത്തി യിരിക്കുന്നത്. എപ്പിഫനി അഥവാ ദനഹ എന്നാല്‍ പ്രത്യക്ഷീകരണം എന്നാണര്‍ത്ഥം. ആര്‍ക്കാണ് പ്രത്യക്ഷീകരിക്കാനുള്ളത്? ക്രിസ്തുവിന് എന്നതാണ് ലളിതമായ ഉത്തരം. എന്നാല്‍, അതുമാത്രമല്ല ഉത്തരം.

ആ ഉത്തരത്തിന്റെ നാനാര്‍ത്ഥങ്ങളാണ് ധ്യാനിക്കുന്നത്.

ക്രിസ്തുവിന്റെ ജനനം ആദ്യം വെളിപ്പെട്ടത് ആട്ടിടയന്മാര്‍ക്കും പൗരസ്ത്യ ദേശത്തെ ജ്ഞാനികള്‍ക്കു മാണ്. ആട്ടിടയന്‍മാര്‍ക്കു ലഭിച്ച സന്ദേശം വിവരിക്കുന്നത് ലൂക്കാ സുവിശേഷകന്‍ മാത്രമാണ്. ജ്ഞാനികളുടെ സന്ദര്‍ശനം വിവരിക്കുന്നത് മത്തായി സുവിശേഷകന്‍ മാത്രവും. പുല്‍ത്തൊട്ടിക്ക് സമീപമെത്തിയ ആട്ടിടയന്‍മാരും 'ഭവനത്തില്‍' പ്രവേശിച്ച ജ്ഞാനികളും എന്താണ് കണ്ടത്? ദുര്‍ബലനായ ഒരു ശിശുവിനെ!

മനുഷ്യവംശത്തിന്റെ ചരിത്രത്തില്‍ അന്നോളം ജനിച്ചിട്ടുള്ള ഏതൊരു ശിശുവിനെയും പോലെ ഒരു സാധാരണ ശിശുവിനെ! എന്നാല്‍, അതൊരു അസാധാരണ ശിശുവാണെന്ന് അവര്‍ അറിഞ്ഞിരുന്നു. അതായിരുന്നു അവര്‍ക്കുള്ള സവിശേഷകൃപ. ആട്ടിടയന്‍മാര്‍ക്ക് ജ്ഞാനികളുടേതിന് സമാനമായ ജ്ഞാനവും ജ്ഞാനികള്‍ക്ക് ആട്ടിടയന്മാരുടേതിന് സമാനമായ എളിമയും ഹൃദയനൈര്‍മല്യവും ഉണ്ടായിരുന്നതിനാല്‍, അതൊരു സാധാരണ ശിശുവല്ലെന്ന് അവര്‍ക്ക് മനസ്സിലായി. അതിനാല്‍ അവര്‍ ആ ശിശുവിനെ കുമ്പിട്ട് ആരാധിച്ചു; രക്ഷകനും രാജാവും ദൈവവുമായി ആരാധിച്ചു. നിക്ഷേപപാത്രങ്ങള്‍ തുറന്ന് കാഴ്ചകള്‍ അര്‍പ്പിച്ചു. ആനന്ദത്തോടെ തിരികെ പോയി.

പരസ്യജീവിതത്തിന്റെ ആരംഭത്തില്‍ യേശു സ്വീകരിച്ച ജ്ഞാനസ്‌നാനത്തിന്റെയും പ്രതീകമാണ് എപ്പിഫനി. യേശുവിന്റെ ജ്ഞാനസ്‌നാനം സമാന്തരസുവിശേഷകര്‍ മൂവരും വിവരിക്കുന്നുണ്ടെങ്കിലും സ്‌നാപകയോഹന്നാനും യേശുവും തമ്മിലുള്ള സംഭാഷണം രേഖപ്പെടുത്തിയിരിക്കുന്നത് മത്തായി സുവിശേഷകന്‍ മാത്രമാണ്. ആട്ടിടയന്‍മാരുടെയും ജ്ഞാനികളുടെയും അതേ മനോനിലയിലാണ് സ്‌നാപകനും! സാധാരണ ശിശുവല്ലെന്ന് അവര്‍ അറിഞ്ഞതു പോലെ, സാധാരണ സ്‌നാനാര്‍ത്ഥി അല്ലെന്ന് സ്‌നാപകനും അറിഞ്ഞിരുന്നു. 'ഞാന്‍ നിന്നില്‍നിന്ന് സ്‌നാനം സ്വീകരിക്കേണ്ടിയിരിക്കെ

നീ എന്റെ അടുത്തേക്ക് വരുന്നുവോ' എന്നു ചോദിച്ചുകൊണ്ട് അദ്ദേഹം യേശുവിനെ തടയുന്നതിന്റെ കാരണമതാണ്. ശേഷം നടന്നതിന്റെ വിവരണം സമാനമാണ്. സ്വര്‍ഗം തുറക്കപ്പെടുന്നു; പരിശുദ്ധാത്മാവ് പ്രാവിന്റെ രൂപത്തില്‍ ഇറങ്ങി വരുന്നു; സ്വര്‍ഗത്തില്‍ നിന്ന് സ്വരം കേള്‍ക്കുന്നു. ഇതാണ് എപ്പിഫനിയുടെ സുവിശേഷാത്മകമായ മാനങ്ങള്‍. രണ്ടിലും ക്രിസ്തു വെളിപ്പെടുകയാണ്.

എന്നാല്‍, എപ്പിഫനി ധ്യാനിക്കുമ്പോള്‍ യേശുവിന്റെ വെളിപ്പെടല്‍ മാത്രമല്ല; യേശു വെളിപ്പെടുത്തിയവയെയും ധ്യാനിക്കണം. എന്താണ് യേശു പ്രത്യക്ഷപ്പെടുത്തിയത്? അതുവരെയും ആരും വെളിപ്പെടുത്തിയിട്ടില്ലാത്ത മഹത്തായ ചില കാര്യങ്ങള്‍ യേശു വെളിപ്പെടുത്തി. അതിനുശേഷവും ആരും വെളിപ്പെടുത്തിയിട്ടില്ലാത്ത മനോഹരമായ ചില കാര്യങ്ങള്‍ യേശു വെളിപ്പെടുത്തി. ദൈവം പിതാവാണെന്ന് വെളിപ്പെടുത്തിയത് യേശുവല്ലേ? താന്‍ വിളിക്കുന്നത് പോലെ 'ആബാ' എന്ന് ദൈവത്തെ വിളിക്കാം എന്ന് വെളിപ്പെടുത്തിയത് യേശുവല്ലേ? ദൈവം സ്‌നേഹമുള്ള അപ്പനാണെന്ന് വെളിപ്പെടുത്തിയത് യേശുവല്ലേ ? ഈ ചെറിയവരില്‍ ഒരുവന്‍ പോലും നശിച്ചുപോകാന്‍ പിതാവ് ഇഷ്ടപ്പെടുന്നില്ലെന്ന് വെളിപ്പെടുത്തിയത് യേശുവല്ലേ ?

എല്ലാം പഠിപ്പിക്കുകയും യേശു പഠിപ്പിച്ചതൊക്കെ ഓര്‍മ്മിപ്പിക്കുകയും സത്യം ഉള്‍പ്പെടെ എല്ലാറ്റിന്റെയും പൂര്‍ണ്ണതയിലേക്ക് നയിക്കുകയും ചെയ്യുന്ന പരിശുദ്ധാത്മാവ് എന്ന സഹായകനെ വെളിപ്പെടുത്തിയത് യേശുവല്ലേ? നമ്മുടെ ജീവിതവയലുകളില്‍ ഒളിപ്പിച്ചു വച്ചിരിക്കുന്ന നിധിയാണ് സ്വര്‍ഗരാജ്യം എന്ന് വെളിപ്പെടുത്തിയത് യേശുവല്ലേ? ഒടുങ്ങാത്ത നിക്ഷേപം കരുതിവയ്‌ക്കേണ്ട ഇടമാണ് സ്വര്‍ഗം എന്ന് വെളിപ്പെടുത്തിയത് യേശുവല്ലേ? നുണയനും വഞ്ചകനും കൊലപാതകിയും പ്രലോഭകനുമായ ഒരു പ്രതിയോഗി നമുക്കുണ്ടെന്ന് വെളിപ്പെടുത്തിയത് യേശുവല്ലേ? ഈ പട്ടിക എത്ര വേണമെങ്കിലും നീട്ടാം! കാരണം യേശു വെളിപ്പെടുത്താത്ത ഒന്നും നമ്മുടെ ആത്മാവിന്റെ അയനത്തിലില്ല. അവന്‍ വെളിപ്പെടുത്തിയ നിത്യസത്യങ്ങള്‍ക്കു ചുറ്റുമുള്ള ഭ്രമണമാണ് നമ്മുടെ ആത്മാവിന്റെ ജീവനും ജീവിതവും.

(തുടരും)

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org