![കൊച്ചിയിലെ കപ്പലൊച്ചകള്‍ [21]](http://media.assettype.com/sathyadeepam%2F2026-01-07%2F8mqvoo19%2Fnovel21sahanakasa.jpg?w=480&auto=format%2Ccompress&fit=max)
![കൊച്ചിയിലെ കപ്പലൊച്ചകള്‍ [21]](http://media.assettype.com/sathyadeepam%2F2026-01-07%2F8mqvoo19%2Fnovel21sahanakasa.jpg?w=480&auto=format%2Ccompress&fit=max)
നോവലിസ്റ്റ്: എൻ ഹാലിയ
ചിത്രീകരണം : ബാവുൽ
കൊച്ചിയിലെ പള്ളികള്‍ക്കകത്ത് മാത്രമല്ല സഹനത്തിന്റെ കാസ ഉയര്‍ന്നിട്ടുള്ളത്. ചെറുതും വലുതുമായ എല്ലാ വീടുകളിലും, പാവപെട്ടവന്റെ ഇരുട്ട് മുറികളിലും, പണക്കാരന്റെ പ്രകാശം വമിച്ചിരുന്ന പാര്‍പ്പിടങ്ങളിലും സഹനത്തിന്റെ കാസകള്‍ നിരന്തരം ഉയര്‍ത്തപ്പെട്ടിരുന്നു. പക്ഷെ ദരിദ്രന്റെ ദുര്യോഗം എന്തായിരുന്നുവെന്ന് വച്ചാല്‍, അയാളുടെ ആ പാനപാത്രം നിറച്ചിരുന്നത് അയാളുടെ പ്രിയപ്പെട്ടവര്‍ തന്നെയായിരുന്നു എന്നതായിരുന്നു. വീടുകളിലെ ഗത്സമെനികളില്‍ മനുഷ്യരുടെ കണ്ണീരുപോലും ചോരയായി രൂപാന്തരപ്പെട്ടു, ഒരു മാലാഖ പോലും ആശ്വാസത്തിനെത്തിയതുമില്ല.
അധ്യായം 21
സഹനകാസ
'ശവം ജോണി' അയാളുടെ ഇരട്ടപ്പേരല്ല. ചെയ്തുകൊണ്ടിരുന്ന ജോലിയുടെ അടയാള മെന്ന വിധം പല മനുഷ്യരും ആ ദേശത്തെ നാട്ടുകാരുടെ നാമനിര്‍ ദേശങ്ങളനുസരിച്ച് സ്‌നാനം ചെയ്യപ്പെട്ടി രുന്നു. അഭിനന്ദന ത്തിന്റെയോ, അംഗീകരത്തിന്റെയോ അലങ്കാരങ്ങള്‍ കൊണ്ട് ഒരു കാലത്തും ഒരു മനുഷ്യനും ആ പ്രദേശത്ത് പുതിയ പേര് നല്കപ്പെട്ടിട്ടില്ല. ചെയ്തുകൂട്ടിയ തൊട്ടിത്തരങ്ങള്‍ക്കും, പിടിക്കപ്പെട്ടിട്ടുള്ള വഷളത്തരങ്ങള്‍ക്കും, തലമുറ കൈമാറി വന്ന പാരമ്പര്യ വേലകള്‍ക്കും പിന്നാലെ ആയിരുന്നു നാട്ടുകാരിലധികവും അവിടെ അറിയപ്പെട്ടിരു ന്നത്. കുളിക്കടവില്‍ ഒളിഞ്ഞുനോക്കുന്ന ശീലമുണ്ടായിരുന്നതിനാല്‍ പുത്തന്‍വീട്ടില്‍ ബാബു ബൈനോക്കുലര്‍ ബാബു വെന്നും, വിദേശയിനം പട്ടികളെ വില്‍ക്കുകയും വാങ്ങുകയും ചെയ്ത ജോസയെ, പട്ടിജോസ യെന്നും, അത്ര നല്ലതല്ലാ ത്ത ഭൂതകാലം പേറിയ ആനി അവറാനെ അപരാധം ആനിയെന്നും നാട്ടുകാര്‍ വിളിച്ചിരുന്ന ആ കാലത്ത്, അറക്കപ്പറ മ്പില്‍ ജോണി 'ശവം ജോണി'യായതിനും സമാനമായ കാരണം തന്നെയാണ്.
ഓര്‍മ്മവച്ച നാള്‍ മുതല്‍ ചാരായഷാപ്പിലും, കൂലിപ്പണിക്കും, മീന്‍ പിടുത്തത്തിനും പോയി അവസാനം പെയിന്റ് പണിവരെ എത്തിനിന്ന ജോണി, 'ശവം'ജോണി യെന്ന സ്‌നാനജലത്തി ലേക്ക് മുങ്ങിയത്, കിണറ്റിലും കുളത്തിലും ആറ്റിലും പൊഴയിലു മൊക്കെ താഴ്ന്നും പൊങ്ങിയും കിടന്നിരുന്ന ശവശരീരങ്ങള്‍ ജലത്തില്‍ നിന്നും കരയിലേക്ക് പൊക്കിക്കൊണ്ടുവരാന്‍ വേണ്ടി തന്നെയാണ്.
100 ഡയല്‍ ചെയ്താല്‍ പൊലീസും 101 ഡയല്‍ ചെയ്താല്‍ ഫയര്‍ ഫോഴ്‌സും പാഞ്ഞെത്തുന്ന ഇന്നത്തെ കാലത്തിനു പകരം, അറക്കപ്പറമ്പില്‍ ജോണിയെന്ന ഒറ്റയാനായിരുന്നു ആ ഓട്ടപ്പാച്ചില്‍ പണ്ട് ഒറ്റയ്ക്കു നടത്തിയിരു ന്നത്. അറപ്പും, വെറുപ്പും, ഭയവും തീണ്ടിയിരുന്ന ആ കൊള്ളരുതാത്ത ജോലി ചെയ്യാന്‍ ജോണി ഉറപ്പിച്ചതു തന്നെ കൂലിപ്പണിക്കും, പെയിന്റ് പണിക്കും, ചാരായഷാപ്പിലും കിട്ടാത്തയത്ര കനമുള്ള സംഖ്യ ചീഞ്ഞ ശവങ്ങളെടുത്തിരുന്നപ്പോള്‍ അയാള്‍ക്കു കിട്ടിയിരുന്നതിനാലാണ്.
ആത്മഹത്യകളുടെ എണ്ണത്തിന് സര്‍ക്കാര്‍ കണക്കുകള്‍ പോലും സൂക്ഷിച്ചു വയ്ക്കാന്‍ താല്‍പര്യപ്പെടാതിരുന്ന ആ കാലത്ത് ജോണി വലിച്ച് കരയിലേക്കിട്ട ശവശരീരങ്ങള്‍ക്കും യാതൊരു കണക്കുമില്ലാ യിരുന്നു.
കുടുംബവഴക്കുകള്‍ ക്കിടയില്‍ നിന്നും കയര്‍ത്തിറങ്ങിപ്പോയ കാരണവന്മാരില്‍ ചിലരും, കുടിയന്മാരായ കെട്ടിയോന്മാരുടെ കൈവാങ്ങി കൂട്ടി മടുത്ത് മനസ്സ് മരവിച്ച കുറെ പെണ്ണുങ്ങളും, കെട്ടിക്കോളാമെന്നും പറഞ്ഞ് കൂടെ പാര്‍പ്പിച്ച് ഒടുവില്‍ കൊച്ചുണ്ടാകു മെന്നറിഞ്ഞപ്പോള്‍ വഞ്ചിക്കപ്പെട്ട കുറെ ഗര്‍ഭിണികളും ജീവനൊടുക്കാന്‍ ചാടിയിറങ്ങിയ അതേ കുളത്തില്‍ നിന്നും കിണറില്‍ നിന്നും ആറ്റില്‍ നിന്നുമാണ് അറക്കപ്പറമ്പില്‍ ജോണി ജീവിക്കാനായി ഉടലുകള്‍ വലിച്ച് കരയ്ക്ക് കയറ്റി യത്. രണ്ടും മൂന്നും നാലും ദിവസങ്ങള്‍ പഴക്കമുള്ള ശവശരീര ങ്ങള്‍ അഴുകിയൊലി ക്കുന്ന രീതിയില്‍ മറ്റുള്ളവര്‍ക്ക് അറപ്പുളവാക്കിയപ്പോള്‍ ജോണിക്കത് തീരെ ബാധിച്ചിരുന്നില്ല എന്നാണ് നാട്ടുകാര്‍ കരുതിയത്. അറക്ക പ്പറമ്പില്‍ ജോണിയെന്ന ആഢ്യനാമത്തില്‍ നിന്നും, ശവം ജോണി യെന്ന ജഡനാമത്തിലേ ക്കുള്ള ജ്ഞാനസ്‌നാന മായിരുന്നു ജോണിയുടെ ശിഷ്ടകാലം.
ഒരു മനുഷ്യന്റെ അന്തസ്സും, ഒരു കുടംബ ത്തിന്റെ അഭിമാനവും, ഒരാണിന്റെ നാണവും ഒരു പെണ്ണിന്റെ അഭയവും ഒരു മകന്റെ പ്രതീക്ഷയു മായിരുന്നു ആ ഉച്ഛിഷ്ട ക്കുഴിയില്‍ നഗ്‌നനായി കിടന്നിരുന്നത്. മേശയ്ക്കരികില്‍ ഉതിര്‍ന്ന് വീണുകിടന്ന കൈലി മുണ്ടെടുത്ത് കൂട്ടുകാരി ലൊരുവന്‍ ജോണിക്ക് നേരെ നീട്ടി. മുണ്ടില്‍ പിടിമുറുക്കി മുകളിലേക്ക് കയറാന്‍ ജോണി നോക്കിയ നേരത്ത് മുണ്ടിന്റെ അപ്പുറത്തെ അറ്റം വിട്ട് കളഞ്ഞ കൂട്ടുകാരന്‍ ജോണിയെ വീണ്ടും തള്ളിയിട്ടത്, നിരാശയുടെയും അപമാനത്തിന്റെയും പടുകുഴിയിലേക്കായിരുന്നു. പടുകുഴിയില്‍ കിടക്കുന്ന ആ നിസ്സാര പ്രാണനെ നോക്കി കൂട്ടുകാര്‍ വീണ്ടും പൊട്ടിച്ചിരിച്ചു.
കയ്യിലുണ്ടായിരുന്ന ജഗ് താഴത്തേക്കിട്ടു കൊണ്ട് കെവിന്‍ കയറി പ്പോയി. ഉടുതുണിക്ക് മറുതുണിയില്ലാതെ മാന്യത ചോര്‍ന്ന് നില്‍ക്കുന്ന തന്റെ പുരുഷനെയും, അയാളെ ഒരലിവും കൂടാതെ പരിഹസിക്കുന്ന കൂട്ടുകാരെയും കണ്ടു നില്‍ക്കാനാകാതെ റീത്ത ഒച്ചയില്ലാതെ നിലവിളിച്ച് കൊണ്ട് അകത്തേക്കോടി. അടിവസ്ത്രം ധരിച്ച്, ദേഹമാസകലം അഴുക്കും ചേറും പുതഞ്ഞ് നില്‍ക്കുന്ന ജോണി ഒരു കണക്കിന് ആ കുഴിയില്‍ നിന്നും നിരങ്ങി കയറി വന്നു നിന്നു. കാലങ്ങ ളോളം കദനത്തെ മാത്രം കെട്ടിപ്പിടിച്ച് ജീവിച്ച ഒരു കിളവിത്തള്ള മാത്രം സ്വന്തം മകന്റെ അര്‍ദ്ധ നഗ്‌ന മേനിയില്‍ മിഴി ഉടക്കാതെ, കണ്ണീരു കൊണ്ട് കലങ്ങി കുതിരുന്ന ജോണിയുടെ മിഴികളെ മാത്രം ഉറ്റുനോക്കിക്കൊണ്ടിരുന്നു.
ജന്മം നല്കിയ ആ സ്ത്രീയെ ഒരേ ഒരു തവണ നോക്കിയ ജോണി, ഈ ഭൂമിയിലി ന്നുവരെ ആരും ചിരിക്കാത്ത രീതിയില്‍ ഒന്നു ചിരിച്ചു.
പൊട്ടിച്ചിരികള്‍ക്കും, ശവം ജോണി വിളികള്‍ ക്കും പരിസമാപ്തി കുറിച്ചപ്പോള്‍ ആന്റപ്പന്‍ വന്ന് ജോണിയുടെ കയ്യിലേക്ക് കൈലി മുണ്ട് കൊടുത്തു. അത് കുടഞ്ഞെടുത്ത് അരയില്‍ ചുറ്റി വന്നിട്ട് ആരുടെയോ ഗ്ലാസില്‍ ഒഴിച്ച് വച്ചിരുന്ന ചാരായം ജോണി ഒറ്റവലി ക്ക് കുടിച്ചു തീര്‍ത്തു.
ഉടുമുണ്ടിന്റെ അറ്റം കൊണ്ട് ചുണ്ട് തുടച്ചിട്ട് ജോണി പറഞ്ഞു, ''ബാക്കി നമുക്ക് അടുത്ത യാഴ്ച, ഓക്കേ!'' എല്ലാവരും അവരവരുടെ ഗ്ലാസിലുള്ളത് വലിച്ച് കുടിച്ചതിനുശേഷം ജോണിയുടെ വീട്ടുവള പ്പില്‍ നിന്നും വെളിയിലേ ക്കിറങ്ങിപ്പോയി.
ആന്റപ്പന്‍ എന്ന അശ്ലീലം അമ്മയെ കയറി പ്പിടിച്ച അതേ അടുക്കള യില്‍ കെവിന്‍ അനങ്ങാതെ നിന്നു.
കിടപ്പ് മുറിയിലെ കട്ടിലില്‍ റീത്ത കണ്ണീരെ ണ്ണി കുത്തിയിരുന്നു. നാണം കെട്ടിരിക്കുന്ന ജോണിയെ എന്ത് പറഞ്ഞാശ്വസിപ്പിക്കണം എന്നറിയാതെ ആ വൃദ്ധ സ്ത്രീ വാതില്‍ക്കലും.
''എന്നെക്കൊണ്ട് പറ്റൂല്ലമ്മേ ഈ ശവം ചുമക്കല്, എത്ര കാശ് കിട്ടിയാലും വേണ്ടീല്ല എനിക്ക് വയ്യ ഈ പണി ചെയ്യാന്‍... ചോറ് തിന്നാന്‍ പോലും പറ്റൂല്ലമ്മേ... ഉള്ളിലിങ്ങ നെ ചീഞ്ഞ മണം തികട്ടി വരാവാ... കിടക്കാന്‍ നോക്കുമ്പോള്‍ പോലും കണ്ണില് കാണാം പുഴുക്കളും കൊടലും പണ്ടോമൊക്കെ... അമ്മയ്ക്കറിയാന്‍ പാടില്ലാഞ്ഞിട്ടാണ്... ഞാന്‍ നിര്‍ത്തി ഈ പണി''
ഒരായിരം വട്ടം ജോണി അടക്കം പറഞ്ഞിട്ടുള്ള ഈ സങ്കടങ്ങള്‍ കേട്ടിട്ടുള്ള ഭൂമിയിലെ ഏകസ്ത്രീ അവര്‍ മാത്രമാണ്.
സ്വന്തം മകന്‍ കടന്നു പോകുന്ന ഈ ദുര്യോഗ ങ്ങള്‍ കേട്ടപ്പഴൊക്കെ അവര്‍ ഒരൊറ്റ കാര്യമേ പറഞ്ഞുള്ളൂ,
''നിനക്ക് വയ്യെങ്കില്‍ നീ ചെയ്യണ്ടേ ജോണി, എന്തിനാ ഈ പണി ചെയ്യണേ.''
ആ അമ്മയ്ക്കു കൊടുക്കാന്‍ ജോണിക്ക് ഒരേ ഒരു മറുപടിയേ ഉണ്ടാര്‍ന്നുള്ളൂ,
''കെവിന്‍ പഠിച്ചിറങ്ങു ന്നതുവരെ ഞാന്‍ ചെയ്യാല്ലേ അമ്മേ... അല്ലാതെയെങ്ങനെയാ?
എല്ലാം കൂടി നടക്കൂലമ്മേ... ഇതിപ്പോള്‍ ഞാന്‍ മാത്രം സഹിച്ചാല്‍ പോരേ... അല്ലേ അമ്മേ?''
കെട്ടികൊണ്ട് വന്ന പെണ്ണിന്റെ പീഡകള്‍ക്ക് മേല്‍ മരുന്നാകാനും, ജന്മം നല്കിയ മകന് ഒരു ഉദ്യോഗം കിട്ടാന്‍ പഠിപ്പി ച്ചെടുക്കാനും ജോണി യെന്ന ഒരു മനുഷ്യന്‍ സഹിക്കാനൊരുമ്പെട്ട കഥയുടെ ക്ലൈമാക്‌സാ ണ് ശവം ജോണിയെന്ന മാമ്മോദീസ പേര്.
ആരെ പ്രതിയാണോ മകന്‍ സഹിക്കാനിറങ്ങി പുറപ്പട്ടത്, ആ ആള് തന്നെ സഹനകാസ ഒരുക്കിക്കൊടുത്തല്ലോ എന്നോര്‍ത്ത് മറിയത്തെ പോലെ ഒരു സ്ത്രീ ഖേദിക്കുകയാണ്. വരാന്തയിലിരിക്കുന്ന അമ്മയുടെ തലയില്‍ കൈകൊണ്ട് ഒന്നു തൊട്ടതിനുശേഷം ജോണി അഴയില്‍ കിടന്നിരുന്ന ഷര്‍ട്ടെടുത്ത് കൊട്ടി കുടഞ്ഞിട്ടു. മേശപ്പുറത്ത് നിന്നും താഴെ വീണ് കിടന്നിരുന്ന തോര്‍ത്തെടുത്ത് മുഖം തുടച്ചിട്ട് ജോണി സൈക്കിളിന്റെ അരികിലേക്ക് നടന്നു. സൈക്കിളിന്റെ സീറ്റില്‍ രണ്ടു തട്ടുതട്ടി സ്റ്റാന്‍ഡ് മാറ്റി ജോണി രണ്ട് കൈകള്‍ കൊണ്ടും സൈക്കിള്‍ തിരിച്ചുവച്ചു.
ഊര്‍ന്ന് പോരാന്‍ സാധ്യതയുണ്ടാര്‍ന്ന മുണ്ട് ഒരിക്കല്‍ കൂടി വലിച്ച് കെട്ടി ജോണി സൈക്കിള്‍ ചവിട്ടിക്കൊണ്ട് ഇരുട്ടിലേക്ക് പോയി.
അല്പമകലെയായി ജോണിയുടെ സൈക്കിള്‍ ബല്ല് സങ്കടസ്വരത്തില്‍ മുഴങ്ങികേട്ടു.
(തുടരും)