നവംബര്‍ 28 നായിരുന്നു ലോക അനുകമ്പാദിനം. അഹിംസയുടെ സന്ദേശം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് മനുഷ്യര്‍ മനുഷ്യരോടു മാത്രമല്ല സകല ജീവിജാലങ്ങളോടും മുഴുവന്‍ പ്രപഞ്ചത്തോടും കരുതലും കാരുണ്യവും കാണിക്കണമെന്നു പഠിപ്പിക്കുന്ന ദിനം. അതിനു രണ്ടു ദിവസം മുമ്പ് നവംബര്‍ 26-നായിരുന്നു മദ്യപിച്ച് ലോറിയോടിച്ച ഒരു ക്ലീനറും അയാള്‍ക്ക് വളയം ഏല്പിച്ചു കൊടുത്ത ഡ്രൈവറും കൂടി നാട്ടികയില്‍ അഞ്ചു മനുഷ്യജീവനുകള്‍ കെടുത്തിക്കളഞ്ഞത്. വിലയേറിയ ജീവനോട് ഒട്ടും അനുകമ്പയില്ലാതെ യന്ത്രം കൈകാര്യം ചെയ്തവരാണവര്‍.
അനുകമ്പാദിനത്തിന്റെ പ്രാധാന്യം വ്യക്തമാക്കിക്കൊണ്ട് ദലായ് ലാമ പറഞ്ഞു: ''ജീവന്‍ ഇന്ന് മുമ്പില്ലാത്ത വിധം ആഗോള ഉത്തരവാദിത്വം അര്‍ഹിക്കുന്നുണ്ട്. രാജ്യങ്ങള്‍ക്കു രാജ്യങ്ങളോടും മനുഷ്യന് മനുഷ്യനോടും മാത്രമല്ല, മനുഷ്യന് മറ്റു ജീവജാലങ്ങളോടും ഉത്തരവാദിത്വമുണ്ട്.'' ചുറ്റിലും നോക്കുമ്പോള്‍ നമുക്കിതു കാണാനാകുന്നില്ല എന്നത് ഖേദകരമായ സത്യമാണ്.
രാജ്യം രാജ്യത്തെ ആക്രമിക്കുമ്പോള്‍ നീണ്ടു നില്‍ക്കുന്ന യുദ്ധമാകുന്നു. ഈ യുദ്ധം എന്തിനെന്നറിയാത്ത അനേകായിരങ്ങള്‍ മരിക്കുന്നു. കാട്ടിലെ മാന്‍കുട്ടിയുടെ ജീവിതം ഭക്ഷണമാകാന്‍ മാത്രമുള്ളതാണോ? ഇരുമ്പുകൂട്ടിലെ ഇറച്ചിക്കോഴിയുടെ സ്ഥാനമാണോ കാട്ടില്‍ മാന്‍കുട്ടിക്കുള്ളത്. റഷ്യയുടെ മിസൈലേറ്റ് മരിക്കാനുള്ളവരാണോ ഉക്രെയ്‌നിലെ കുഞ്ഞുങ്ങള്‍.... ഇസ്രായേലിന്റെ ബോംബുകള്‍ പൊട്ടിത്തെറിച്ച് തകരാനുള്ളതാണോ ഗാസയിലെ ശിശുക്കള്‍...
കാട്ടില്‍ സിംഹത്തിനെതിരെ മറ്റു മൃഗങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയാത്തതുപോലെ ലോകത്ത് അക്രമികളായ രാജ്യങ്ങള്‍ക്കെതിരെ ഫലപ്രദമായി ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. ലോക പൊലീസെന്ന് ആക്ഷേപിക്കപ്പെട്ടിരുന്നെങ്കിലും അമേരിക്കന്‍ ഐക്യനാടുകളുടെ പല ഇടപെടലുകളും ലോകത്തിന് ആശ്വാസം പകരുന്നതായിരുന്നു; തീവ്രവാദികളില്‍ ഭീതി ഉണര്‍ത്തുന്നതായിരുന്നു.
കാട്ടില്‍ സിംഹത്തിനെതിരെ മറ്റു മൃഗങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയാത്തതുപോലെ ലോകത്ത് അക്രമികളായ രാജ്യങ്ങള്‍ക്കെതിരെ ഫലപ്രദമായി ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. ലോക പൊലീസെന്ന് ആക്ഷേപിക്കപ്പെട്ടിരുന്നെങ്കിലും അമേരിക്കന്‍ ഐക്യനാടുകളുടെ പല ഇടപെടലുകളും ലോകത്തിന് ആശ്വാസം പകരുന്നതായിരുന്നു; തീവ്രവാദികളില്‍ ഭീതി ഉണര്‍ത്തുന്നതായിരുന്നു. എല്ലാറ്റിലും വലുത് പണമുണ്ടാക്കലാണെന്നു കരുതുന്ന ട്രംപിന്റെ കീഴില്‍ അമേരിക്കയില്‍ സംഭവിച്ചേക്കാവുന്ന മാറ്റങ്ങള്‍ ലോക സമാധാനത്തിനു ദൂരവ്യാപകമായ ഫലങ്ങള്‍ ഉളവാക്കുമെന്നു വ്യക്തമാണ്.
പണത്തെ ദൈവമായി കരതുന്ന കോര്‍പ്പറേറ്റുകള്‍ ഒന്നിനൊന്നു ശക്തമാകുമ്പോള്‍ അനുകമ്പയെന്ന വികാരം കാലഹരണപ്പെട്ടതായി മാറും. ശ്രീനാരായണ ഗുരു അനുകമ്പാദശകമെന്ന കൃതി എഴുതിയിട്ടുണ്. അനുകമ്പയെക്കുറിച്ചുള്ള പത്ത് ശ്ലോകങ്ങളാണതില്‍.
അതിലെ ഒന്നാമത്തെ ശ്ലോകം ഏറെ പ്രശസ്തമാണ്.
''ഒരുപീഡയെറുമ്പിനും വരു-
ത്തരുതെന്നുള്ളനുകമ്പയും സദാ
കരുണാകര! നല്കുകുള്ളില്‍ നിന്‍-
തിരുമെയ്‌വിട്ടകലാതെ ചിന്തയും.''
ഉറുമ്പിനു പോലും ഉപദ്രവം ചെയ്യാത്ത തരത്തിലുള്ള കാരുണ്യവും ഈശ്വരനില്‍ നിന്ന് ഒരിക്കലം വ്യതിചലിക്കാത്ത മനസ്സും നല്കണമേയെന്ന പ്രാര്‍ത്ഥനയാണ് ഈ ശ്ലോകം.
അനുകമ്പാദശകത്തിലെ ഏഴാമത്തെ ശ്ലോകത്തില്‍ ക്രിസ്തുവിനെ അനുസ്മരിക്കുന്നുണ്ട്.
''പുരുഷാകൃതി പൂണ്ട ദൈവമോ?
നരദിവ്യാകൃതി പൂണ്ട ധര്‍മ്മമോ?
പരമേശപവിത്രപുത്രനോ?
കരുണാവാന്‍ നബി മുത്തുരത്‌നമോ?''
അനുകമ്പ നിറഞ്ഞ മനുഷ്യന്റെ ദിവ്യത്വത്തെക്കുറിച്ചുള്ള ചിന്തയാണീ ശ്ലോകം. അനുകമ്പ നിറഞ്ഞവന്‍ മനുഷ്യരൂപത്തില്‍ പ്രത്യക്ഷപ്പെടുന്ന ഈശ്വരനാണോ? അതോ ദിവ്യത്വമുള്ള മനുഷ്യനില്‍ പ്രകടമാകുന്ന ധര്‍മ്മമാണോ? ദൈവത്തിന്റെ പരിശുദ്ധനായ പുത്രനാണോ? (യേശുവിനെയാണ് ഇവിടെ സൂചിപ്പിക്കുന്നത്). അതോ കരുണാമയനായ പ്രവാചകനോ? (മുഹമ്മദ് നബിയെയാണ് സൂചിപ്പിക്കുന്നത്).
അനുകമ്പ എല്ലാ മതങ്ങളുടെയും അടിസ്ഥാനദര്‍ശനമാണെന്ന സത്യം ഉദ്‌ഘോഷിക്കുന്ന ശ്രീനാരായണ ഗുരു മനുഷ്യനോട് ആ സത്യം ഉള്‍ക്കൊണ്ട് ജീവിക്കാന്‍ ആഹ്വാനം ചെയ്യുകയുമാണ് അനുകമ്പാദശകത്തിലൂടെ. ശ്രീനാരായണ ഗുരുവിന്റെയും വിശുദ്ധ ചാവറയച്ചന്റെയും ദര്‍ശനങ്ങള്‍ സ്വാധീനം ചെലുത്തിയ സാമൂഹിക മാറ്റത്തിലൂടെ കടന്നുവന്ന കേരളം, ഇന്നു നല്ല അനേകം കാര്യങ്ങള്‍ മാലിന്യം വഴിയില്‍ എറിയുന്ന ലാഘവത്തോടെ ഉപേക്ഷിച്ചിരിക്കുന്നു.
റഷ്യയിലെ പുടിനെയും ഇസ്രായേലിലെ നെതന്യാഹുവിനെയും അനുകമ്പയുടെ പാഠം പഠിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇന്റര്‍നാഷണല്‍ ക്രിമിനല്‍ കോര്‍ട്ട് (ഐ സി സി). യുദ്ധക്കുറ്റത്തിന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും മുന്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനുമെതിരെ വാറന്റ് പുറപ്പെടുവിച്ചിരിക്കുകയാണ് ഐ സി സി. ഹമാസ് നേതാക്കളായ യഹ്യ സിന്‍വാര്‍, മൊഹമ്മദ് ദീഫ് എന്നിവര്‍ക്കെതിരേയും അറസ്റ്റ് വാറന്റ് ഉണ്ട്. എന്നാല്‍ ഇവര്‍ കൊല്ലപ്പെട്ടതിനാല്‍ അതിനു പ്രസക്തി നഷ്ടമായി.
റഷ്യ ഉക്രെയ്‌നില്‍ നടത്തുന്ന ആക്രമണങ്ങളുടെ പേരില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനെതിരെ ഐ സി സി മുമ്പ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചെങ്കിലും ഒന്നും നടന്നില്ല. നെതന്യാഹുവിന്റെ കാര്യത്തിലും ഇതുതന്നെയാകും ഫലം. വിധി വന്നശേഷം പുടിന്‍ മറ്റു രാജ്യങ്ങളിലേക്കുള്ള യാത്ര കുറച്ചു. 2023 ജൂലൈയില്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ബ്രിക്‌സ് (ആഞകഇട) ഉച്ചകോടിയില്‍ പുടിന്‍ പങ്കെടുത്തിരുന്നില്ല. പുടിനു നയതന്ത്ര സംരക്ഷണം ലഭിക്കുമെന്ന് ദക്ഷിണാഫ്രിക്ക വ്യക്തമായിട്ടുപോലും. അങ്ങോട്ടു പോയില്ല.
ഐ സി സി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച വ്യക്തികള്‍ക്കു നയതന്ത്ര സംരക്ഷണത്തിന് അര്‍ഹതയുണ്ടോയെന്ന ചോദ്യം 2017-ല്‍ ഉയര്‍ന്നിരുന്നു. ഐ സി സി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച സുഡാന്‍ പ്രസിഡന്റ് ഒമര്‍ അല്‍-ബഷീര്‍ ജോര്‍ദാന്‍ സന്ദര്‍ശിച്ചപ്പോള്‍ നയതന്ത്ര സംരക്ഷണത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്തില്ല. ഇങ്ങനെ നയതന്ത്ര സംരക്ഷണം ലഭിക്കുവാന്‍ അര്‍ഹതയില്ലെന്നാണ് ഐ സി സി അപ്പീല്‍സ് ചേംബര്‍ 2019-ല്‍ നല്കിയ റൂളിംഗ്. അതിനാല്‍ ഐ സി സി യുടെ അംഗരാജ്യങ്ങളിലൊന്നില്‍ എത്തിപ്പെട്ടാല്‍ പുടിനും നെതന്യാഹുവും അറസ്റ്റ് ചെയ്യപ്പെടാം. പക്ഷേ, അത് അസംഭവ്യമാണ്. കാരണം ലോകത്ത് അതിന്റെ പ്രത്യാഘാതങ്ങള്‍ അതിഭയങ്കരമായിരിക്കും.
അധികാരം കൈയാളുന്നവര്‍ക്ക് അനുകമ്പയും കാരുണ്യവും നഷ്ടമായാല്‍ സമത്വചിന്തയും മാനവികതയും ഇല്ലാതാകും. ഉക്രെയ്ന്‍കാരുടെ ജീവന് പുടിനും ഗാസയിലുള്ളവരുടെ ജീവന് നെതന്യാഹുവിനും വിലയില്ലാത്തതാകുന്നത് അങ്ങനെയാണ്.
ഇതുപോലെയാണ് വലിയ നിയന്ത്രണം വേണ്ട തടിലോറി മദ്യപിച്ച് ഓടിക്കുന്ന ക്രിമിനലുകള്‍ക്ക് സ്വന്തം ജീവനും മറ്റു മനുഷ്യരുടെ ജീവനും പുല്ലുവിലയാകുന്നത്.
ഒരു ലോറി (ട്രക്ക്) ഡ്രൈവര്‍ക്ക് വേണ്ട പല ഗുണങ്ങളുണ്ട്. സുരക്ഷിതമായ ഡ്രൈവിംഗിനുള്ള കഴിവ് അതില്‍ പ്രധാനപ്പെട്ടതാണ്. റോഡില്‍ ശരിയായ തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ സാധിക്കണം. വളവുകള്‍ സുരക്ഷിതമായി എടുക്കണം. ലെയ്‌നുകള്‍ കൃത്യമായി മാറണം. മുമ്പിലുള്ള വണ്ടിയുമായി സുരക്ഷിതമായ അകലം പാലിക്കണം, വഴിയിലെ സൂചനകള്‍ മനസ്സിലാക്കാനാകണം. മദ്യപിച്ച് വണ്ടിയോടിക്കുന്ന ഡ്രൈവര്‍ക്ക് ഇവ ഉറപ്പാക്കാന്‍ കഴിയാതെ വരുമ്പോള്‍ അപകടം സംഭവിക്കുന്നു. അതിനാല്‍ ഡ്രൈവിംഗും മദ്യവും കൂടിക്കലരാതിരിക്കുവാന്‍ കര്‍ശനമായ നടപടികള്‍ വേണം. കുറ്റവാളികള്‍ക്കു പരമാവധി ശിക്ഷ കൊടുക്കണം.
manipius59@gmail.com