വിശുദ്ധ പൗലോസിന്റെ മാനസാന്തരം : ജനുവരി 25

വിശുദ്ധ പൗലോസിന്റെ മാനസാന്തരം : ജനുവരി 25
Published on
സിലീസിയായുടെ തലസ്ഥാനമായ ടാര്‍സൂസില്‍, യാഥാസ്ഥിതിക യഹൂദ മാതാപിതാക്കളില്‍നിന്ന് സാവൂള്‍ ജനിച്ചു. ഗലീലിയില്‍, ബഞ്ചമിന്റെ വംശപരമ്പരയില്‍പ്പെട്ടവരായിരുന്നു ഇവരെന്നു സെ. ജെറോം പറയുന്നു. ഛേദനാചാരസമയത്ത് ആദ്യത്തെ യഹൂദരാജാവിന്റെ പേരായ സാവൂള്‍ എന്നും അതിന്റെകൂടെ പോള്‍ എന്ന റോമന്‍ നാമവും ചേര്‍ത്ത് കുട്ടിയ്ക്ക് പേരിട്ടു. റോമന്‍ പൗരന്മാരായിരുന്ന യഹൂദരുടെ ഇടയിലെ ആചാരം അതായിരുന്നു.

സാവൂളിന്റെ മാതൃഭാഷ അറമായ ആയിരുന്നെങ്കിലും ഗ്രീക്കു ഭാഷയും നല്ലപോലെ വശമായിരുന്നു. ചെറുപ്പത്തിലെതന്നെ സാവൂളിന്റെ വിദ്യാഭ്യാസം ജറൂസലത്തായിരുന്നു. നിയമപണ്ഡിതനായിരുന്ന ഗമാലിയേലിന്റെ സ്‌കൂളില്‍ പഠിക്കാനാണു സാധ്യത. ഗമാലിയേല്‍ അന്ന് സാന്‍ ഹെദ്രീനിലെ പ്രശസ്തനായ വ്യക്തിയായിരുന്നു. ഗമാലിയേലും നിക്കദേമോസും പിന്നീട് വി. പത്രോസിന്റെയും വി. യോഹന്നാന്റെയും സ്വാധീന ത്താല്‍ മാനസാന്തരപ്പെട്ടെന്നും ആ വിവരം പുറത്തറിയിക്കാതെ, ക്രിസ്ത്യന്‍ സഹോദരങ്ങളെ സഹായിക്കാനായി അവര്‍ യഹൂദ സുപ്രീംകോടതിയില്‍ത്തന്നെ കഴിച്ചുകൂട്ടിയെന്നും പറയപ്പെടുന്നുണ്ട്.
ഏതായാലും, പിന്നീട് നാം സാവൂളിനെപ്പറ്റി കേള്‍ക്കുന്നത് വി. സ്റ്റീഫന്റെ രക്തസാക്ഷിത്വവുമായി ബന്ധപ്പെട്ടാണ്. അന്ന് യുവാവായ സാവൂള്‍ തീക്ഷ്ണനായ ഫരിസേയനാണ്. ക്രിസ്ത്യാനികളെ നിര്‍ദ്ദാക്ഷിണ്യം പീഡിപ്പിക്കുന്നതില്‍ മുമ്പന്തിയിലായിരുന്നു. അന്യസംസ്ഥാനങ്ങളിലെ ക്രിസ്ത്യാനികളെപ്പോലും തിരഞ്ഞുപിടിച്ച് പീഡിപ്പിക്കാനുള്ള അനുവാദം പ്രധാന പുരോഹിതനില്‍നിന്ന് വാങ്ങിക്കൊണ്ടായിരുന്നു സാവൂളിന്റെ പ്രകടനം.
അങ്ങനെ ഡമാസ്‌കസിലേക്കു പോകുമ്പോഴാണ് കര്‍ത്താവ് ഇട പെട്ടത്. "സാവൂള്‍, സാവൂള്‍, നീ എന്തിനാണ് എന്നെ പീഡിപ്പിക്കുന്നത്? "അങ്ങ് ആരാണ്" സാവൂള്‍ ചോദിച്ചു. "നീ പീഡിപ്പിക്കുന്ന നസ്രായനായ ഈശോ" കണ്ണുകള്‍ക്കു കാഴ്ച നഷ്ടപ്പെട്ട സാവൂള്‍ വിനയപൂര്‍വ്വം ചോദിച്ചു: "ഞാന്‍ എന്തു ചെയ്യണം?" "പട്ടണത്തിലേക്കു ചെല്ലുക. എന്തു ചെയ്യണ മെന്ന് അവിടെവച്ച് നിന്നോടുപറയും."
കാഴ്ച നഷ്ടപ്പെട്ട സാവൂളിനെ സുഹൃത്തുക്കള്‍ ഡമാസ്‌കസിലെത്തിച്ചു. അവിടെ അദ്ദേഹം മൂന്നുദിവസം ഭക്ഷിക്കാതെയും പാനം ചെയ്യാതെയും കഴിച്ചുകൂട്ടി. ഈശോ അനന്യാസുവഴി സാവൂളുമായി ബന്ധപ്പെട്ടു. അദ്ദേഹത്തിനു കാഴ്ച ലഭിക്കുകയും ഈശോയെപ്പറ്റി പ്രസംഗിക്കാന്‍ തുടങ്ങുകയും ചെയ്തു. യഹൂദന്മാര്‍ അദ്ദേഹത്തെ വധിക്കാന്‍ ഗൂഢാലോ ചന ചെയ്യുന്നെന്നു മനസ്സിലാക്കിയ ശിഷ്യന്മാര്‍ രാത്രിയില്‍ അദ്ദേഹത്തെ ഒരു കുട്ടയില്‍ ഒളിപ്പിച്ച് കാവല്‍ക്കാര്‍ കാണാതെ രക്ഷപ്പെടുത്തി. അങ്ങനെ മഹാനായ "പുറജാതിക്കാരുടെ അപ്പസ്‌തോല"ന്റെ സാഹസികയാത്ര ആരംഭിച്ചു.
"സത്യം നിന്നെ സ്വതന്ത്രനാക്കും" എന്നാണ് ക്രിസ്തു ഉപദേശിച്ചത്. അതിനു സത്യം എന്താണെന്ന് അറിയണം. സത്യം അറിയാന്‍ മനസ്സിനെയും ശരീരത്തെയും ഒരുക്കി, നിഷ്പക്ഷമായി അന്വേഷിക്കണം. മുന്‍വിധികള്‍ ഉപേക്ഷിക്കണം. കെട്ടുപാടുകളില്‍നിന്ന് അകലണം. സത്യം ഗ്രഹിച്ചാല്‍ ആത്മധൈര്യവും ശാന്തിയും സമാധാനവും കൈവരും.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org