പാസ്റ്റര്‍ക്കെതിരായ അക്രമത്തില്‍ കത്തോലിക്കാ മെത്രാന്മാര്‍ ശക്തിയായി പ്രതിഷേധിച്ചു

പാസ്റ്റര്‍ക്കെതിരായ അക്രമത്തില്‍ കത്തോലിക്കാ മെത്രാന്മാര്‍ ശക്തിയായി പ്രതിഷേധിച്ചു
Published on

ഒഡിഷയില്‍ പ്രൊട്ടസ്റ്റന്റ് പാസ്റ്റര്‍ക്കെതിരെ ഹിന്ദുത്വ വര്‍ഗീയവാദികള്‍ നടത്തിയ ഹീനമായ അക്രമത്തില്‍ ഭാരത കത്തോലിക്കാ മെത്രാന്‍ സംഘം ശക്തമായ പ്രതിഷേധം പ്രകടിപ്പിച്ചു. ഇരയ്ക്കു നീതി ലഭ്യമാക്കണമെന്നും അക്രമികള്‍ക്കെതിരെ അടിയന്തരമായ നടപടിയെടുക്കണമെന്നും സിബിസിഐ വക്താവ് ഫാ. റോബിന്‍സണ്‍ റൊഡ്രിഗ്‌സ് ആവശ്യപ്പെട്ടു.

കഴിഞ്ഞ ജനുവരി നാലിനാണ് ഒഡിഷയിലെ പ്രൊട്ടസ്റ്റന്റ് പാസ്റ്റര്‍ ആയ ബിപിന്‍ നായിക്കിനെ ഒരു സംഘം അക്രമികള്‍ ബലം പ്രയോഗിച്ച് ചാണകം തീറ്റിച്ചത്. ജയശ്രീ റാം വിളിപ്പിക്കുകയും ചെയ്തു. പാസ്റ്ററുടെ മുഖത്ത് കുങ്കുമം വാരി തേക്കുകയും ചെരുപ്പ് മാല അണിയിക്കുകയും ചെയ്ത ആക്രമികള്‍ അദ്ദേഹത്തെ ഗ്രാമത്തിലൂടെ നടത്തിക്കുകയും മലിനജലം കുടിപ്പിക്കുകയും ഒരു ഹിന്ദു ക്ഷേത്രത്തിനു മുമ്പില്‍ തലകുനിപ്പിക്കുകയും ചെയ്തു.

നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നു എന്ന് ആരോപിച്ചാണ് കുറ്റവാളികള്‍ പാസ്റ്ററെ ആക്രമിച്ചത്. ഒരു ക്രിസ്ത്യന്‍ ഭവനത്തില്‍ വീട്ടുടമയുടെ ആരോഗ്യത്തിനായി പ്രാര്‍ത്ഥന നടത്തുന്നതിന് വീട്ടുകാരുടെ ക്ഷണപ്രകാരം എത്തിയതായിരുന്നു പാസ്റ്റര്‍.

കഴിഞ്ഞവര്‍ഷം ബിജെപി അധികാരത്തില്‍ എത്തിയതിനുശേഷം ഓഡിഷായില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്. പുതിയ സര്‍ക്കാര്‍ അധികാരമേറ്റ് രണ്ട് ദിവസത്തിനുള്ളില്‍ തന്നെ അക്രമങ്ങള്‍ ആരംഭിച്ചു.

കഴിഞ്ഞ ആഗസ്റ്റില്‍ എഴുപതോളം പേരടങ്ങുന്ന സംഘം രണ്ട് കത്തോലിക്ക വൈദികരെയും രണ്ട് കന്യാസ്ത്രീകളെയും ഒരു മതാധ്യാപകനെയും ബാലസോര്‍ ജില്ലയില്‍ ആക്രമിച്ചിരുന്നു. ചരമ വാര്‍ഷികത്തോടനുബന്ധിച്ചുള്ള ദിവ്യബലിയില്‍ പങ്കെടുക്കുകയായിരുന്ന ഇവരെ മതപരിവര്‍ത്തനം ആരോപിച്ചാണ് ആക്രമിച്ചത്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org