വിശുദ്ധ ആഞ്ചെല മെരീസി (1474-1540) : ജനുവരി 27

വിശുദ്ധ ആഞ്ചെല മെരീസി (1474-1540) : ജനുവരി 27
നിങ്ങള്‍ക്കാവശ്യമുള്ളത് ബലം പ്രയോഗിച്ച് നേടാന്‍ ശ്രമിക്കുന്നത് ശരിയല്ല. ദൈവം ഏവര്‍ക്കും സ്വതന്ത്രമായ ഒരു മനസ്സ് നല്‍കിയിട്ടുണ്ട്; തന്നെ അനുസരിക്കാന്‍ ആരെയും അവിടുന്ന് നിര്‍ബന്ധിക്കുന്നില്ല.
വിശുദ്ധ ആഞ്ചെല
ഉത്തര ഇറ്റലിയിലെ ഗാര്‍ഡ തടാകത്തിന്റെ തീരപ്രദേശത്തായിരുന്നു ആഞ്ചെലയുടെ വീട്. പക്ഷേ, പത്താമത്തെ വയസ്സില്‍ അനാഥയായി.
ചെറുപ്പത്തില്‍ത്തന്നെ മാനസികപക്വത നേടിയെടുത്ത ആഞ്ചെലയെ വിശുദ്ധ കുര്‍ബാന സ്വീകരിക്കുവാന്‍ സഭ അനുവദിച്ചിരുന്നു. അത് അക്കാലത്തെ ഒരു അസാധാരണ സംഭവമായിരുന്നു.

വി. ഫ്രാന്‍സീസിന്റെ മൂന്നാം സഭയില്‍ ചേര്‍ന്നു പെണ്‍കുട്ടികള്‍ക്കു സന്മാര്‍ഗ്ഗപാഠങ്ങള്‍ പറഞ്ഞുകൊടുക്കുകയും രോഗികളായ സ്ത്രീകളെ ശുശ്രൂഷിക്കുകയും ചെയ്തുകൊണ്ടിരുന്നു അവള്‍. 1495-ല്‍ ആഞ്ചെലയ്ക്കു ലഭിച്ച ദര്‍ശനത്തില്‍ കണ്ടത്, പെണ്‍കുട്ടികളെ ബോധവതികളാക്കാന്‍ ഒരു മതസ്ഥാപനം തുടങ്ങുന്നതിനേക്കുറിച്ചായിരുന്നു. പെണ്‍കുട്ടികളിലൂടെ കുടുംബങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുകയായിരുന്നു ലക്ഷ്യം. പക്ഷേ, പ്രതികൂല സാഹചര്യങ്ങള്‍ നിമിത്തം ഈ ദര്‍ശനം സഫലമാകാന്‍ നാലു ദശകം കഴിയേണ്ടിവന്നു.
1525-ല്‍ വിശുദ്ധ വര്‍ഷാചരണത്തിന്റെ ഭാഗമായി ആഞ്ചെല റോമിലെത്തി. അവരുടെ വിശുദ്ധ ജീവിതത്തെപ്പറ്റിയും പ്രവര്‍ത്തനങ്ങളെപ്പറ്റിയും കേട്ടറിഞ്ഞിരുന്ന പോപ്പ് ക്ലമന്റ് XII, ആഞ്ചെലയോട് റോമില്‍ തങ്ങാന്‍ നിര്‍ബന്ധിച്ചു. എന്നാല്‍, സ്ത്രീകളുടെ വിദ്യാഭ്യാസ പദ്ധതികളെപ്പറ്റിയുള്ള വിശദീകരണം കേട്ട പാപ്പാ അവരെ പ്രോത്സാഹിപ്പിച്ച് അനുഗ്രഹിച്ച് തിരിച്ചയച്ചു.
രോഗവും യുദ്ധവും നിമിത്തം തന്റെ പദ്ധതികള്‍ ആരംഭിക്കാന്‍ വീണ്ടും വൈകി. പത്തുവര്‍ഷത്തിനുശേഷം വി. ഉര്‍സുലയുടെ സഹകരണത്താല്‍ ബ്രെഷിയായില്‍ താന്‍ സ്വപ്നം കണ്ട സ്ഥാനത്തിന് അടിത്തറയിട്ടു. തന്നോടൊപ്പം 28 കന്യകകള്‍ ദൈവത്തിന്റെ മുമ്പില്‍ വ്രതമെടുത്തു. ഒരു മാസംകൊണ്ട് അന്തേവാസികളുടെ എണ്ണം 72 ആയി. അദ്ധ്യാപനത്തോടൊപ്പം ആശുപത്രികള്‍ സന്ദര്‍ശിക്കുന്നതും ജയിലുകള്‍ സന്ദര്‍ ശിക്കുന്നതും അവരുടെ ദിനചര്യയുടെ ഭാഗമായി. ബ്രെഷിയായിലെ ജനങ്ങള്‍ അഭിനന്ദനത്തിന്റെ പൂക്കള്‍കൊണ്ട് അവരെ മൂടി. പക്ഷേ, വി. ആഞ്ചെല അഞ്ചുവര്‍ഷം കൂടിയേ ജീവിച്ചുള്ളു.
വി. ആഞ്ചെലയുടെ പ്രസ്ഥാനം വിദ്യാഭ്യാസമേഖലയില്‍ സഭ തുടങ്ങാനിരിക്കുന്ന പ്രവര്‍ത്തനങ്ങളുടെ മുന്നോടിയായിരുന്നു. അസാധാരണമായ ശ്രദ്ധയും ദീര്‍ഘവീക്ഷണവും ധീരതയുമുണ്ടായിരുന്ന വി. ആഞ്ചെല, കാലത്തിന്റെ ആവശ്യമനുസരിച്ച് തന്റെ പ്രസ്ഥാനത്തിന്റെ നിയമങ്ങളിലും പ്രവര്‍ത്തനങ്ങളിലും ഉചിതമായ പരിഷ്‌കരണങ്ങള്‍ നടത്തേണ്ടതാണെന്ന് എഴുതിച്ചേര്‍ത്തു.
1540 ജനുവരി 27-ന് വി. ആഞ്ചെല ദിവംഗതയായി. 1807 മെയ് 24-ന് വിശുദ്ധയായി പ്രഖ്യാപിക്കപ്പെടുകയും ചെയ്തു.

അറിവ് വെളിച്ചമാണ്. അജ്ഞതയാണ് മനുഷ്യന്റെ ഏറ്റവും ദയനീയമായ അവസ്ഥ. വിജ്ഞാനമുള്ളവനേ അംഗീകാരവും യശ്ശസ്സുമുള്ളു. അറിവിന്റെ ലോകം തുറന്നുകൊടുക്കുന്നത് ദൈവികമായ പ്രവൃത്തിയാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org