വിശുദ്ധ തിമോത്തി (32-97) & വിശുദ്ധ തിത്തൂസ് (2-96) : ജനുവരി 26

വിശുദ്ധ തിമോത്തി (32-97) & വിശുദ്ധ തിത്തൂസ് (2-96) : ജനുവരി 26

വിശുദ്ധ തിമോത്തി (32-97)

വി. പൗലോസിന്റെ 'ആദ്ധ്യാത്മികപുത്ര'നും ഏറ്റവും ആത്മാര്‍ത്ഥ ശിഷ്യനുമായിരുന്നു തിമോത്തി. ഏഷ്യാമൈനറിലെ (ടര്‍ക്കി) ലിസ്ട്രയില്‍ ജനിച്ചു. അമ്മ യഹൂദസ്ത്രീയും അച്ഛന്‍ വിജാതീയനുമായിരുന്നു. 47-ല്‍ പൗലോസ് നടത്തിയ ആദ്യത്തെ മിഷനറിയാത്രയ്ക്കിടയില്‍ തിമോത്തി ക്രിസ്തുവിലുള്ള വിശ്വാസം സ്വീകരിച്ചിരിക്കാനാണു സാധ്യത. അന്നു തിമോത്തിക്കു 15 വയസ്സാണ്. നാലു വര്‍ഷത്തിനുശേഷം പൗലോസ് വീണ്ടും കണ്ടുമുട്ടുമ്പോഴേക്കും തിമോത്തിയുടെ ഗുണഗണങ്ങള്‍ ആ നാട്ടിലെങ്ങും പ്രചാരം നേടിയിരുന്നു. അതുകൊണ്ട്, തിമോത്തിയെ തന്റെ സഹയാത്രികനും സഹായിയുമാക്കുവാന്‍ പൗലോസ് തീരുമാനിച്ചു. ജറൂസലത്തുനിന്ന് പൗലോസിനൊപ്പം ചേര്‍ന്ന സീലാസും അവരോടൊപ്പമുണ്ടായിരുന്നു. യഹൂദര്‍ക്കു കൂടുതല്‍ സ്വീകാര്യനാകാന്‍ വേണ്ടി പൗലോസ് തിമോത്തിയെ ഛേദനാചാരത്തിനു വിധേയനാക്കി.

അടുത്ത 13 വര്‍ഷക്കാലം പൗലോസിന്റെ മുഖ്യ മിഷനറിയാത്രകളിലെല്ലാം മുഖ്യസഹായിയായി തിമോത്തി ഉണ്ടായിരിക്കാനാണു സാധ്യത. റോമില്‍ തടവുകാരനായിരുന്നപ്പോഴും അതിനുശേഷം എഫേസൂസില്‍ തിരിച്ചെത്തിയപ്പോഴുമൊക്കെ-ഏകദേശം 4000 മൈല്‍ കരയിലും അത്രയും ദൂരം കടലിലും സഞ്ചരിച്ചുകഴിഞ്ഞിരുന്നു. ചിലപ്പോള്‍ തിമോത്തിയെ മുന്നോട്ടുവിടും. ചിലപ്പോള്‍ പുതിയ വിശ്വാസികളെ സഹായിക്കാ നായി തിമോത്തിയെ പിന്നില്‍ ഉപേക്ഷിച്ച് പൗലോസ് മുന്നോട്ടുപോകും. കൊറീന്ത്യയിലുണ്ടായിരുന്ന 18 മാസത്തിനിടയ്ക്ക്, മതപീഡനം അനുഭവിച്ചിരുന്ന തെസലോനിക്കയിലെ വിശ്വാസികള്‍ക്ക് ധൈര്യം പകരാനായി തിമോത്തിയെ അങ്ങോട്ടു തിരിച്ചുവിട്ടിരുന്നു.

തിമോത്തിക്ക് അയച്ചതും, അല്ലാത്തതുമായ കത്തുകളില്‍ യുവാവായ തിമോത്തിക്ക് പൗലോസ് പലപ്പോഴും ഉപദേശം നല്‍കുന്നുണ്ട്: ''ചെറുപ്പമാണെന്ന കാരണത്താല്‍ നിങ്ങളെ ആരും അവഗണിക്കാന്‍ ഇടയാകരുത്.'' കൂടാതെ, അന്നു പ്രചാരത്തിലിരുന്ന ചില അവിശ്വാസങ്ങള്‍ ക്കെതിരെ പൗലോസ് മുന്നറിയിപ്പു നല്‍കുന്നുമുണ്ട്.

എഫേസൂസിന്റെ ബിഷപ്പാകുമ്പോള്‍ തിമോത്തിക്ക് 32 വയസ്സില്‍ കൂടുതലില്ല. വി. ജോണ്‍ ക്രിസോസ്‌തോമിന്റെ അഭിപ്രായത്തില്‍, ഏഷ്യയിലെ റോമന്‍ പ്രൊവിന്‍സിന്റെ കീഴിലുള്ള എല്ലാ പള്ളികളുടെയും കൂട്ടായ്മയുടെ ഉത്തരവാദിത്വമായിരുന്നു തിമോത്തി ഏറ്റെടുത്തിരുന്നത്. തിമോത്തി എഫേസൂസിന്റെ ബിഷപ്പായിരിക്കുമ്പോഴാണ് പരിശുദ്ധ മാതാവിന്റെ സ്വര്‍ഗ്ഗാരോപണം നടന്നതെന്നും, അതു തിമോത്തിക്കു നേരില്‍ കാണാന്‍ ഭാഗ്യമുണ്ടായെന്നും വി. ജോണ്‍ ഡമാസീന്‍ രേഖപ്പെടുത്തുന്നു. ''എഫേസൂസിലെ സഭയുടെ കാവല്‍മാലാഖ'' എന്നാണ് സുവിശേഷകനായ വി. യോഹന്നാന്‍ തിമോത്തിയെക്കുറിച്ചു പറഞ്ഞത്.

തിമോത്തി മെലിഞ്ഞ് രോഗിയായിരുന്നെങ്കിലും സ്‌നേഹസമ്പന്നനായിരുന്നു. വി. പൗലോസ് എപ്പോഴും ഒരു പിതാവിന്റെ പരിഗണന അദ്ദേഹത്തിനു നല്‍കിയിരുന്നു. സ്‌നേഹസമ്പന്നനായ മകന്‍, വിധേയനായ സഹ പ്രവര്‍ത്തകന്‍, എപ്പോഴും കൂടെ നില്‍ക്കുന്ന പ്രിയ സുഹൃത്ത്-എല്ലാമായിരുന്നു തിമോത്തി. എങ്കിലും മരണത്തിനുമുമ്പ് പൗലോസിനൊപ്പമായി രിക്കാന്‍ സാധിച്ചോ എന്നു നിശ്ചയമില്ല. എവിടെ, എപ്പോള്‍ മരണമടഞ്ഞു വെന്നും നിശ്ചയമില്ല. എങ്കിലും പാരമ്പര്യമനുസരിച്ച്, ഡയാനദേവിയെ ആരാധിക്കുന്നവരെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ച തിമോത്തിയെ, നെര്‍വാ സീസര്‍ അഗസ്റ്റസിന്റെ ഭരണകാലത്ത് എഫേസൂസില്‍വച്ച് കല്ലെറിഞ്ഞു കൊല്ലുകയായിരുന്നു.

ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് ഇറ്റലിയിലെ തെര്‍മോളി കത്തീഡ്രലിന്റെ പുനരുദ്ധാരണം നടത്തിയപ്പോള്‍ വി. തിമോത്തിയുടെ നഷ്ടപ്പെ ട്ടെന്നു കരുതിയിരുന്ന ഭൗതികാവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്നും വാര്‍ത്തയുണ്ടായിരുന്നു.

വിശ്വാസസംരക്ഷണത്തിനുവേണ്ടി സ്വയം ബലികൊടുക്കാനുള്ള ആത്മധൈര്യം കിട്ടുന്നത് ഉറച്ച ബോധ്യത്തില്‍നിന്നാണ്. ഈ ബോധ്യം കിട്ടുന്നത് താന്‍ വിശ്വസിക്കുന്നത് സത്യമാണെന്നുള്ള ഉറപ്പില്‍നിന്നാണ്. അതുകൊണ്ട് വിശ്വാസി സത്യം അറിയണം, ബോധ്യപ്പെടണം, ആത്മധൈര്യം കൈവരിക്കണം, ബോധ്യമനുസരിച്ചു ജീവിക്കണം.

വിശ്വാസം വെറും ആഭരണമായി കൊണ്ടു നടക്കാനുള്ളതല്ല, ജീവിക്കാനുള്ളതാണ്. ജീവിക്കുന്ന വിശ്വാസമേ ഫലവത്താവൂ.

വിശുദ്ധ തിത്തൂസ് (2-96)

വി. പൗലോസിന്റെ മറ്റൊരു പ്രിയശിഷ്യനായിരുന്നു വി. തിത്തൂസ്. അദ്ദേഹത്തിന്റെ ജന്മനാട് അന്ത്യോക്യയാണെന്നു കരുതുന്നു. ഈശോയുടെ അത്ഭുതപ്രവൃത്തികളെപ്പറ്റിയുള്ള വിവരങ്ങള്‍ ശേഖരിച്ച് റിപ്പോര്‍ട്ടുചെയ്യാന്‍ ജറൂസലത്തേക്ക് അയയ്ക്കപ്പെട്ട ഒരു അവിശ്വാസിയായിരുന്നു തിത്തൂസ്. പക്ഷെ, അദ്ദേഹം ഈശോയുടെ 72 ശിഷ്യന്മാരില്‍ ഒരാളായിത്തീര്‍ന്നു.

പൗലോസിന്റെ കൊറീന്ത്യര്‍ക്കുള്ള ലേഖനങ്ങളില്‍നിന്നു നമുക്കു മനസ്സിലാകുന്നത്, തിത്തൂസ് പൗലോസിന്റെ സെക്രട്ടറിയും വ്യാഖ്യാതാവും മാത്രമായിരുന്നില്ല, സഹപ്രവര്‍ത്തകനും വിശ്വാസതീക്ഷ്ണതയുള്ള മിഷനറിയും ആയിരുന്നെന്നാണ്. പിന്നീട്, അദ്ദേഹത്തെ പൗലോസ് കൂടുതല്‍ ആശ്രയിക്കുന്നതായും നാം കാണുന്നുണ്ട്. 51-ല്‍ കൗണ്‍സിലില്‍ സംബന്ധിക്കാന്‍ ജറൂസലത്തേക്കു പോയപ്പോള്‍ തിത്തൂസിനെയും കൂടെക്കൂട്ടിയിരുന്നു. അഞ്ചുവര്‍ഷം കഴിഞ്ഞ് സഭയിലെ ഏതോ ആഭ്യന്തരപ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണുവാന്‍ എഫേസൂസില്‍നിന്ന് തിത്തൂസിനെ കോറിന്തിലേക്ക് അയയ്ക്കുന്നതും ജറൂസലത്തെ പാവങ്ങള്‍ക്കു സഹായം എത്തിക്കാനുള്ള ഉത്തരവാദിത്വം ഏല്പിക്കുന്നതും നാം വായിക്കുന്നു.

64-ല്‍ തിത്തൂസിന്റെ അളിയനായിരുന്നു ക്രീറ്റ് എന്ന ദ്വീപിന്റെ ഗവര്‍ണര്‍. അവിടത്തെ മിഷനറി ജോലികള്‍ ഏറ്റെടുത്തു നടത്താന്‍ പൗലോസ് തിത്തൂസിനെയാണ് നിയോഗിച്ചത്. 65-ല്‍ ഇന്നത്തെ യുഗോസ്ലാവിയായായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനമേഖല. എന്നാല്‍ അടുത്തവര്‍ഷം തന്നെ അദ്ദേഹം ക്രീറ്റിലേക്കു തിരിച്ചുപോകുകയും 94-ാം വയസ്സില്‍ സമാധാനമായി മരിക്കുകയും ചെയ്‌തെന്നാണ് ചരിത്രം.

ഗോര്‍ട്ടിന കത്തീഡ്രലിലാണ് അദ്ദേഹത്തിന്റെ ഭൗതികശരീരം അടക്കം ചെയ്തിരിക്കുന്നത്. 828-ല്‍ ആ നഗരം ആക്രമിക്കപ്പെട്ടപ്പോള്‍ വി. തിത്തൂസിന്റെ ശിരസ് മാത്രം വെനീസിലെ സെ. മര്‍ക്കോസ് കത്തീഡ്രലിലേക്കു മാറ്റപ്പെട്ടു. ഇന്നും അതവിടെ ഭദ്രമായി സൂക്ഷിക്കുകയും വണങ്ങുകയും ചെയ്യുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org