കാലവും കണ്ണാടിയും

സഭ പരിശുദ്ധമോ?

ഫാ. ജിമ്മി പൂച്ചക്കാട്ട്

സഭ പരിശുദ്ധയാണ്. ഇതു സഭാ പ്രബോധനം. സഭയുടെ നാലു ലക്ഷണങ്ങളില്‍ ഒന്ന് അവള്‍ പരിശുദ്ധയാണ് എന്നതുതന്നെ. അപ്പോള്‍ പിന്നെ എങ്ങനെയാണ് സഭയില്‍ പാപമുണ്ടാകുന്നത്. സഭയിലെ പോരായ്മകള്‍ സഭക്ക് കളങ്കമല്ലേ? അശുദ്ധി പ്രവര്‍ത്തിക്കുന്ന അശുദ്ധരായ ആളുകളുടെ കൂട്ടായ്മയായ സഭ വിശുദ്ധയാകുന്നതെങ്ങനെ?

പരിശുദ്ധനായ ദൈവത്താല്‍ സ്ഥാപിക്കപ്പെടുകയും പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുകയും എന്നും പരി ശുദ്ധിയിലേക്ക് നടന്നടുക്കുകയും ചെയ്യുന്ന സഭ പരിശുദ്ധയാണ് (cf. കത്തോലിക്കാസഭയുടെ മതബോധന ഗ്രന്ഥം 823). അപ്പോള്‍ വിശുദ്ധയായ സഭയില്‍ അശുദ്ധിയുണ്ടെന്നോ!! രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പറഞ്ഞു ഭൂമിയിലെ സഭയ്ക്ക് അപൂര്‍ണതകളുണ്ട് (തിരു സഭ 48/3). കത്തോലിക്കാസഭയുടെ മതബോധന ഗ്രന്ഥം പറയുന്നു: സഭയുടെ അംഗങ്ങളില്‍ പൂര്‍ണമായ വിശുദ്ധി ഇനിയും കൈവരിക്കേണ്ടതുണ്ട് (825). അതുകൊണ്ടാണ് പോള്‍ ആറാമന്‍ പാപ്പ പറഞ്ഞത് സഭ, അവ ളില്‍ പാപികളുണ്ടെങ്കിലും വിശുദ്ധയാണ്. കാരണം അവള്‍ക്ക് കൃപാവരത്തിന്‍റെ ജീവനല്ലാതെ മറ്റു ജീവനില്ല (Pope Paul VI, Solemn Profession of Faith: CREDO of the people of God, 19).

വിശുദ്ധ ഗ്രന്ഥവും ഇതുതന്നെയാണ് അവതരിപ്പി ക്കുന്നത്. ദുഃഖവെളളിയാഴ്ച നാം സുവിശേഷം കേള്‍ക്കുമ്പോള്‍, ഒരു രാത്രി മുഴുവന്‍ പ്രാര്‍ത്ഥനാനിരതനായ ശേഷം താഴേക്കിറങ്ങി വന്ന് (ലൂക്കാ 6:12) ഏറെ ചിന്തിച്ച് തിരഞ്ഞെടുത്ത ഏറ്റവും ഇഷ്ടപ്പെട്ടവരില്‍ (മര്‍ക്കോസ് 3:13) ഒരുവന്‍റെ ഒറ്റിക്കൊടുക്കലും മറ്റൊരുവന്‍റെ തള്ളിപ്പറയലും പന്ത്രണ്ടുപേരുടെ ഉപേക്ഷിച്ചുപോകലും അക്രമാസക്തനായി വേറൊരുവന്‍റെ വാളെടുക്കലും എല്ലാം നാം ഭക്തിയോടെ അനുസ്മരിക്കുന്നു. ഇതെല്ലാം കൂടുന്നതാണ് യേശുക്രിസ്തുവിന്‍റെ സഭ. അവിടെയാണ് സഭയില്‍ പാപികളുണ്ടെങ്കിലും വിശുദ്ധയാണ് എന്ന പോള്‍ ആറാമന്‍ പാപ്പായുടെ വാക്കുകള്‍ ഓര്‍മ്മിക്കേണ്ടത്.

സഭാചരിത്രം നമ്മുടെ മുന്നില്‍ വയ്ക്കുന്ന ചിത്രവും മറ്റൊന്നല്ല. നിങ്ങള്‍ സഭയായി സമ്മേളിക്കുമ്പോള്‍ നിങ്ങളുടെയിടയില്‍ ഭിന്നിപ്പുകളുണ്ടെന്നു ഞാന്‍ കേള്‍ക്കുന്നു. നിങ്ങളില്‍ യോഗ്യരെ തിരിച്ചറിയാന്‍ ഭിന്നിപ്പുകള്‍ ഉണ്ടാകുകയെന്നതും ആവശ്യമാണ് (1 കൊറീന്തോസ് 11:18). ശക്തമായ അഭിപ്രായ ഭിന്നതമൂലം വേര്‍പിരിയുന്ന ബാര്‍ണബാസ്, പൗലോസ് എന്നീ വിശുദ്ധാത്മാക്കള്‍ മുതല്‍ (അപ്പ. പ്രവ. 15:36ളള) കേരള സഭയിലെ വ്യാകുലങ്ങള്‍ എന്നു വിളിച്ചവരില്‍ വിശുദ്ധനും മെത്രാനും വരെ വന്ന ചരിത്രമാണ് സഭയ്ക്കുള്ളത്.

പാപമോ പാപത്തിനു ഹേതുവാകുന്നതോ വിശുദ്ധി ക്കു നിരക്കാത്തതോ ആയ എന്തുകണ്ടാലും ഉടനെ സഭ തട്ടിപ്പാണെന്നും ഇതിലുള്ളതൊന്നും ശരിയല്ല എന്നും വിലയിരുത്തി വികാരം കൊള്ളുന്നവരെ നാം കാണുന്നുണ്ട്. സഭയെ താറടിക്കുക, പുരോഹിതരെ തെറിവിളി ക്കുക, അധികാരികള്‍ക്കെതിരെ അലമുറയിടുക ഇതെല്ലാം ചിലരുടെ മാനസിക സംതൃപ്തിക്കു കാരണവും അവരുടെ അസൂയയ്ക്കു മുതല്‍ക്കൂട്ടുമാണെന്നു പറയുന്നവരുമുണ്ട്. സ്വര്‍ഗീയസഭയുടെ വിശുദ്ധി ഇവിടെയും ഉണ്ടാകണമെന്ന ആഗ്രഹവുമാകാം ഇതിനു പിന്നില്‍. ഇതെല്ലാം ഓരോരുത്തരുടെയും വ്യക്തിത്വത്തിനും വിശുദ്ധിക്കും മാന്യതയ്ക്കും വിടാം.

എന്നാല്‍ സഭയില്‍ തിന്മയേയില്ല… തിന്മ സംഭവിക്കി ല്ല.. തിന്മയുണ്ട് എന്ന് ആരെങ്കിലും പറഞ്ഞാല്‍ അവന്‍ മഹാമണ്ടനാണ് എന്നെല്ലാം കരുതുന്നതു ഭോഷത്വവും സഭാ പ്രബോധനത്തിനുതന്നെ വിരുദ്ധവുമാണ്. കാല ത്തിന്‍റെ ആരംഭം മുതല്‍ പാപികളുടെയും സഭയായിതന്നെയാണ് സഭ വളര്‍ന്നു വന്നത്. ഇതിനര്‍ത്ഥം സഭ സംരക്ഷിക്കപ്പെടരുത് എന്നല്ല. കാരണം സഭ അമ്മയാണ്. അവളെ ഹൃദയത്തോടു ചേര്‍ത്തുവയ്ക്കേണ്ടതും സംരക്ഷിക്കേണ്ടതും സഭാമക്കളാണ്. യാഥാര്‍ത്ഥ്യബോധം കൈവെടിയരുത് എന്നു മാത്രം.

എന്താണ് വിശുദ്ധിക്കായി സഭാംഗങ്ങള്‍ ചെയ്യേണ്ടത്. സഭയിലെ വ്യക്തികളുടെ പാപങ്ങള്‍ സഭയുടെ വിശുദ്ധിക്കു ഭംഗമല്ലെങ്കിലും അവളുടെ ഭംഗിക്ക് ഒരു കുറവുതന്നെയാണ്. കാരണം എല്ലാവരെയും വിശുദ്ധിയിലേക്കു നയിക്കുക എന്നത് അവളുടെ കടമയത്രേ. എല്ലാവരും വിളിക്കപ്പെട്ടിരിക്കുന്നതും വിശുദ്ധിയിലേക്കാണ്. ഓരോ ദിവസവും വിശുദ്ധയായിക്കൊണ്ടിരിക്കുന്ന സഭ സംജാതമാകണമെങ്കില്‍ ഓരോ ദിവസവും ഓരോ സഭാംഗവും കൂടുതല്‍ വിശുദ്ധിയിലേക്ക് കടന്നുവരണം. അതു സാധിക്കാതെ വരുന്നത് എന്നും സഭയ്ക്ക് കളങ്കം തന്നെയാണ്. ലോകത്തിലെങ്കിലും ലോകത്തിന്‍റേതല്ലാതെ ജീവിക്കാന്‍ വിളിക്കപ്പെട്ടവര്‍ ലോകത്തിന്‍റേതുപോലെ ആയിത്തീരുമ്പോള്‍ സഭ വേദനിക്കും.. അവളുടെ ഭംഗിക്കു മങ്ങലേല്‍ക്കും. എന്നാല്‍ അവള്‍ അശുദ്ധയാകും എന്നു കരുതരുത്. കാരണം അവള്‍ എന്നും പരിശുദ്ധയാണ്. സഹോദരരെല്ലാം അവരെ കര്‍ത്താവിന്‍െറ കൃപയ്ക്കു ഭരമേല്‍പിച്ചപോലെ (അപ്പ.പ്രവ. 15:40) എല്ലാറ്റിനെയും നമുക്ക് സഭയുടെ ദാതാവായ ദൈവത്തില്‍ സമര്‍പ്പിക്കാം.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം