ആന്റണി ചടയംമുറി
മമ്മൂട്ടി നായകനായ പഴയൊരു ബോക്‌സ് ഓഫീസ് ഹിറ്റാണ് മായാവി. 2007-ല്‍ പുറത്തിറങ്ങിയ സിനിമ. ഈ സിനിമയില്‍ സലിംകുമാര്‍ അവതരിപ്പിക്കുന്ന ഒരു കഥാപാത്രമുണ്ട്. കണ്ണന്‍സ്രാങ്ക് എന്ന ഈ കഥാപാത്രത്തോട് നാട്ടുകാര്‍ പെട്ടെന്ന് പതിവില്ലാതെ ബഹുമാനം കാണിച്ചപ്പോള്‍ സ്രാങ്കിന്റെ വക ഒരു ആത്മഗതമുണ്ട്: ''ഇതെനിക്ക് പ്‌രാന്തായതാണോ, അതോ നാട്ടുകാര്‍ക്ക് മൊത്തം പ്‌രാന്തായതാണോ സിനിമാക്കഥവിട്ട് നമുക്ക് വിഷയത്തിലേക്ക് വരാം.
കേരളത്തിന്റെ സമൂഹമനഃശാസ്ത്രം വിശകലനം ചെയ്യുമ്പോള്‍ നാട്ടില്‍ പടര്‍ന്നുപിടിച്ചിട്ടുള്ള നട്ടപ്‌രാന്ത് മറനീക്കി പുറത്തുവരുന്നുണ്ട്. ഈ വര്‍ഷം ഫെബ്രുവരിയില്‍ അര്‍ഫാന്‍ എന്ന ചെറുപ്പക്കാരന്‍ നടത്തിയത് അഞ്ചുപേരുടെ കൂട്ടക്കൊലയാണ്. വിവിധ സ്ഥലങ്ങളില്‍ വച്ച് വിവിധ രീതിയില്‍ ആ യുവാവ് നടത്തിയ കൂട്ടക്കൊലയ്ക്ക് കാരണം ഉറ്റവരുടെ സ്‌നേഹമില്ലായ്മയും പിന്തുണയില്ലായ്മയുമാണത്രെ. 60 ലക്ഷം രൂപയുടെ കടബാധ്യത തീര്‍ക്കാന്‍ അഫാനെ ആരും സഹായിച്ചില്ല.
മാത്രമല്ല, ഇക്കാര്യത്തില്‍ അഫാന് പണം കിട്ടാവുന്ന വഴികള്‍ ബന്ധുക്കള്‍ തടയുകയും ചെയ്തു. അര്‍ഫാന്‍ വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനില്‍ വന്നു കൂസലില്ലാതെ പറഞ്ഞത് താന്‍ അഞ്ചുപേരെ കൊന്നുവെന്നാണ്. ഇതേ രീതിയില്‍ 2025 ജനുവരി 1 / ഫെബ്രുവരി 28 കാലയളവില്‍ കേരളത്തില്‍ നടന്നത് എട്ട് കൂട്ടക്കൊലപാതകങ്ങളാണ്. കുറ്റവാളികളാകട്ടെ 20 മുതല്‍ 40 വയസ്സു വരെ പ്രായമുള്ളവരും. കൊല ചെയ്തവര്‍ക്ക് യാതൊരു ക്രിമിനല്‍ പശ്ചാത്തലവുമില്ല. കൂട്ടക്കൊല നടത്തിയതില്‍ കുറ്റബോധമോ മാനസാന്തരമോ ഇല്ലാത്ത ഇവര്‍ പെരുമാറുന്നത് ഒരു തരം യന്ത്രമനുഷ്യരെപോലെയാണ്.
ഒരു കൂട്ടക്കൊലയുടെ കാരണങ്ങള്‍ അക്കമിട്ടു പറയാമെങ്കിലും ജീവസന്ധാരണത്തിന്റെ തികച്ചും സാഹസികമായ ഭീതികളില്‍ എല്ലാവരും പിടിച്ചുപറിക്കാരാകുന്ന വിധം സമാധാനപരവും സൗഹാര്‍ദപരവുമായ സമൂഹജീവിതം ഇന്ന് അസാധ്യമാകുകയാണോ? കൊടികളും വടികളുമേന്തിയുള്ള ഗോത്രയാത്രയാണോ ഇന്നു നാം കണ്ടുകൊണ്ടിരിക്കുന്നത്?
സമൂഹം ചരിക്കുന്ന വന്യപാതകള്‍...
സമൂഹത്തിന്റെ മനഃശാസ്ത്രം എന്ന വിഷയം കേരളം ഇനിയും ആഴത്തില്‍ പഠിക്കാന്‍ തുടങ്ങിയിട്ടില്ല. നാട്ടില്‍ ഇങ്ങനെയെല്ലാം സംഭവിക്കുന്നത് 'സ്വാഭാവികം' എന്ന ഒഴുക്കന്‍ മട്ടാണ് ഭരിക്കുന്നവര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും. ചില മതങ്ങളുടെ ചര്‍ച്ചാവേദികളില്‍ പോലും ഇതൊരു 'പ്രാര്‍ഥനാ നിയോഗ'മാക്കിയാല്‍ മതിയെന്ന ഒരു നിസ്സംഗ നിലപാടു പോലും കാണുന്നുണ്ട്.
പ്രധാനമായും ഭരണകര്‍ത്താക്കളാണ് ഇത്തരം 'സാമൂഹിക സുനാമി'കളുടെ ഉറവിടങ്ങളെ കണ്ടെത്തേണ്ടതും നിയന്ത്രിക്കേണ്ടതും. നിര്‍ഭാഗ്യകരമെന്നു പറയട്ടെ, മുഖ്യഭരണകക്ഷിയുടെ സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച, 'നവകേരളത്തിന്റെ പുതുവഴികള്‍' എന്ന പാര്‍ട്ടിവക മാര്‍ഗരേഖയില്‍ ജനങ്ങളുടെ മാനസികാരോഗ്യത്തെക്കുറിച്ച് വിശദീകരണമൊന്നുമില്ല. ഈ വര്‍ഷത്തെ സംസ്ഥാന ബജറ്റിലും 'മാനസികാരോഗ്യം' എന്നൊരു പദം തന്നെ കാണാന്‍ കഴിഞ്ഞില്ല.
ഞാന്‍ ചാകുമെന്നത്, നിന്നേം കൊല്ലും ഞാനും ചാകുമെന്ന അവസ്ഥയിലേക്ക് എത്തിയ സമൂഹമനഃശാസ്ത്രം ഇപ്പോള്‍ 'നിങ്ങളെ കൊല്ലും ഞാന്‍ ചാവില്ല' എന്ന കൊടും തിന്മയുടെ വഴിയിലേക്കു നീങ്ങിക്കഴിഞ്ഞു, 'ഞാന്‍', 'എന്റെ', 'എന്റേതുമാ്ര്രതം, എന്ന സ്വാര്‍ഥതയുടെ കെണിക്കൂട്ടില്‍ വീണുപിടയുന്നവര്‍ക്കാകട്ടെ, സന്മാര്‍ഗത്തിലേക്കും സദ്‌സമൂഹത്തിലേക്കുമുള്ള തിരിച്ചുവരവിന് അനുകൂലമല്ല നമ്മുടെ സാമൂഹികവ്യവസ്ഥിതി. കുറ്റവാളികളെ സമൂഹത്തില്‍ നിന്ന് മാറ്റിനിര്‍ത്തി, നന്മയിലേക്ക് തിരികെ കൊണ്ടുവരാന്‍ ഇന്ന് നമ്മുടെ തടവറകള്‍ പര്യാപ്തവുമല്ല. പകരം വെറും കള്ളനില്‍ നിന്ന് കാല്‍ക്കള്ളനിലേക്കല്ല ഹൃദയശൂന്യനായ പെരുങ്കള്ളനിലേക്ക് വളരാനുള്ള 'വെള്ളവും വളവും' ഇന്ന് മിക്ക രാഷ്ട്രീയ പാര്‍ട്ടികളും ജയിലുകളിലെ കുറ്റവാളികള്‍ക്ക് നല്‍കിവരികയാണ്.
ജനം മരിക്കട്ടെ, ഞങ്ങള്‍ക്ക് ഭരിച്ചാല്‍ മതി
കേരളത്തില്‍ മാത്രമല്ല, ലോകമൊട്ടാകെ അധികാരത്തിനായുള്ള പോരാട്ടങ്ങള്‍ അരങ്ങേറുമ്പോള്‍, നമ്മുടെ സാമൂഹികജീവിതത്തിലേക്കും ഈ കാളപ്പോരിന്റെ ചെളിയും ചോരയും തെറിച്ചുവീഴുന്നുണ്ട്. അര്‍ഫാന്‍ 60 ലക്ഷത്തിനുവേണ്ടി അഞ്ചുപേരെ കൊന്നുവെങ്കില്‍, അധികാരത്തിലിരുന്ന് അഴിമതിയിലൂടെ നേടാവുന്ന സഹസ്ര കോടികളിലാണ് മിക്ക രാഷ്ട്രീയപാര്‍ട്ടികളുടെയും കള്ളക്കണ്ണ്, ധാര്‍മ്മികം, ആദര്‍ശം തുടങ്ങിയ പദങ്ങളെല്ലാം ഇന്ന് ക്ലാവ് പിടിച്ചതും മൂല്യമില്ലാത്തതും അഴുക്ക് പൊതിഞ്ഞതുമായ ആര്‍ക്കും വേണ്ടാത്ത നാണയത്തുട്ടുകള്‍ മാത്രം. ഈ അനീതികള്‍ക്കെതിരെയും അഴിമതിക്കെതിരെയും പൊരുതാനിറങ്ങുന്നവരെ ഏതെങ്കിലുമൊരു 'ചാപ്പ' കുത്തി നിഷ്‌ക്രിയരാക്കുകയോ നിരായുധരാക്കുകയോ മാത്രമല്ല നാം ഇവിടെ കാണുന്നത്.
മാല പൊട്ടിച്ചതിന് അറസ്റ്റ് ചെയ്ത് തടവിലാക്കുമെങ്കിലും പിന്നീട് അവന്‍ പുറത്തിറങ്ങുന്നത് ബാങ്ക് കൊള്ളയടിക്കാനോ തല കൊയ്യാനോ പറ്റിയ രൂപമാറ്റം കൈവരിച്ചുകൊണ്ടാണ്. രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതാക്കളുടെയും സംശുദ്ധിയുടെ ശുഭ്രവേഷത്തില്‍ കറപുരുളാതെ ചെറുക്രിമിനലുകളെപോലും വലിയ കമ്മട്ടക്കള്ളന്മാരാക്കുന്ന രാഷ്ട്രീയപരവും ഭരണപരവുമായതുമായ വിള്ളലുകള്‍ ഇന്ന് സമൂഹത്തില്‍ ദൃശ്യമാണ്.
ജനങ്ങള്‍ ദുരിതമനുഭവിക്കുകയോ, ഭരണഘടന ഉറപ്പു നല്‍കിയിട്ടുള്ള പല അവകാശങ്ങളും പൗരന്മാര്‍ക്ക് നിഷേധിക്കുകയോ ചെയ്യുമ്പോള്‍, അവിടെയെല്ലാം സൈ്വരമായ സമൂഹജീവിതം തന്നെ തകിടം മറിക്കപ്പെടുന്നു.
നവകേരളത്തിന്റെ രാസലഹരിവഴികള്‍...
പഠനം ഭംഗിയായി പൂര്‍ത്തിയാക്കിയാല്‍ നല്ലൊരു ജോലി. പിന്നീട് വിവാഹം. സമാധാനവും സന്തോഷവും നിറഞ്ഞ കുടുംബജീവിതം. ഇങ്ങനെ ഒരു ശരാശരി കേരളീയന്‍ സ്വപ്നം കാണുന്നതില്‍ ഏതാണ് യുവജനങ്ങള്‍ക്കായി ഇപ്പോള്‍ നാം വാഗ്ദാനം ചെയ്യുന്നത്? കലാലയങ്ങളെല്ലാം കലാപാലയങ്ങള്‍, പഠനം കഴിഞ്ഞാല്‍ സര്‍ക്കാര്‍ ജോലി വട്ടപ്പൂജ്യം, റാങ്ക് ലിസ്റ്റിന്റെ 'പാമ്പും കോണിയും' കളിയില്‍ ചുവപ്പന്മാര്‍ മുമ്പന്മാരും മറ്റുള്ളവര്‍ പിമ്പന്മാരുമാകുന്ന ദുരവസ്ഥ. ഒടുവില്‍ വിദേശ പഠനത്തിനും തൊഴിലിനുമായി ലക്ഷങ്ങള്‍ മുടക്കി നമ്മുടെ യുവജനം കടല്‍ കടക്കുന്നു. അവിടെ വിസയുടെ നിയമങ്ങള്‍ അവന്റെ ഉറക്കം കെടുത്തുന്നു. കേരളത്തില്‍ പെട്ടുപോകുന്നവര്‍ കുറുക്കുവഴിയിലൂടെ പണം കണ്ടെത്താന്‍ കൂലിത്തല്ലുകാരനോ, നിവൃത്തികേടുകൊണ്ട് വേശ്യയോ ആയി മാറുന്നു. മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് ചാവക്കാട് കടലോരത്തെ 18 സ്ത്രീകളാണ് അവയവ മാഫിയകളുടെ പിടിയില്‍പ്പെട്ടത്. അന്വേഷണഗതി ആരെങ്കിലും തിരക്കിയോ? സഹകരണ മേഖലയില്‍ മാത്രം 50,000 കോടിയുടെ കിട്ടാക്കടമുണ്ടത്രെ. അതായത് 'സമൂഹമനസ്സി'ന്റെ നിലതെറ്റാവുന്ന പലതും സംഭവിക്കുമ്പോള്‍, ആ സുനാമിത്തിരകള്‍ തകര്‍ത്തുകളയുന്നത് കുടുംബങ്ങളെയാണെന്ന കാര്യം നാം ചിന്തിക്കുന്നില്ല.
അമേരിക്കന്‍ മനഃശാസ്ത്രജ്ഞന്മാരുടെ സംഘടന(APA)യുടെ കണക്കനുസരിച്ച് സമൂഹമനഃശാസ്ത്രത്തിന് 15-ഓളം ഉപവിഭാഗങ്ങളുണ്ട്. കിംവദന്തികളുടെയും പരസ്യങ്ങളുടെയും മനഃശാസ്ത്രം വരെ ഇവയില്‍പ്പെടും. ജനങ്ങളുടെ മനസ്സറിയാത്ത അധികാരിവര്‍ഗമാണ് ഇന്നിന്റെ ശാപം. രാഷ്ട്രീയത്തില്‍ മാത്രമല്ല, ചില മതങ്ങളിലും പ്രസ്ഥാനങ്ങളിലുമെല്ലാം 'നന്മ' ചെയ്യുന്ന കള്ളന്മാരുണ്ട്. ഈ കളങ്കിത രൂപങ്ങളെ ഇടമുറിയാതെ പെയ്യുന്ന സത്ചിന്താ പ്രവാഹത്തിലേക്ക് നീക്കിനിര്‍ത്താന്‍ കഴിയണം നമുക്ക്. അവരുടെ ഉള്ളിലും പുറത്തുമുള്ള കരിനിറമത്രെയും ആ ജലധാരകളിലൂടെ കുത്തിയൊലിച്ചുപോകുമ്പോഴാണ്, നമുക്ക് നാടിന്റെയും നാട്ടാരുടെയും 'നന്മനിറഞ്ഞ മനസ്സുകള്‍' കാണാന്‍ കഴിയുക.
ഭാഗ്യസ്മരണാര്‍ഹനായ ഫ്രാന്‍സിസ് പാപ്പ നിരന്തരം എഴുതിവച്ച പദമാണ് 'പൊതുനന്മ'. ദഹിപ്പിച്ചാലും മണ്ണില്‍ മറവ് ചെയ്താലും 'പൊതുനന്മ' ഉയിര്‍ത്തെഴുന്നേല്‍ക്കും. കാരണം, സിദ്ധാര്‍ത്ഥന്റെ അമ്മയെപോലുള്ളവര്‍ 'പൊതുനന്മ'യുടെ ജീവനറ്റശരീരം സ്വന്തം മടിത്തട്ടില്‍ കിടത്തി കണ്ണീര്‍ തൂവിയിരുപ്പുണ്ട്. ഏത് 'നീതിരഹിതനായ ന്യായാധിപനും' കണ്ണ് തുറക്കേണ്ടി വരുന്ന ആ നാളുകളിലേക്കുള്ള തീനാളക്കാഴ്ചകള്‍ അകലെയല്ലെന്ന് മനസ്സ് പറയുന്നു.