കാഴ്ചപ്പാടുകള്‍

കാട്ടാനകള്‍ക്ക് വള്ളി ട്രൗസറും കാട്ടുപന്നിക്ക് പ്രസവശുശ്രൂഷയും... പാവം കര്‍ഷകന് കൈവിലങ്ങും!

ആന്റണി ചടയംമുറി

കോതമംഗലത്തിനടുത്തുള്ള കുട്ടമ്പുഴയില്‍ വച്ച് എല്‍ദോസ് എന്ന മനുഷ്യനെ കാട്ടാന കൊലപ്പെടുത്തിയപ്പോള്‍, അതിനെതിരെയുള്ള പ്രതിഷേധ നിരയുടെ മുന്‍നിരയില്‍ നിന്നത് കോതമംഗലം രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തിലായിരുന്നു. അന്ന് ഏറെ സങ്കടത്തോടെ അദ്ദേഹം ഒരു കാര്യം പറഞ്ഞു: നമ്മുടെ ഭരണ വ്യവസ്ഥിതിയില്‍ ഇപ്പോള്‍ വനപാലകരും മൃഗപാലകരുമാണുള്ളത്! ജനപാലകര്‍ ഇല്ലേയില്ല!

ഈ വാക്കുകള്‍ക്ക് അടിവരയിടുന്നതാണ് 2024 നവംബര്‍ 1-ാം തീയതി സര്‍ക്കാര്‍ പുറത്തുവിട്ട കേരള വനം നിയമഭേദഗതി ബില്ലിന്റെ കരട് രൂപം. സംസ്ഥാനത്തെ വനാതിര്‍ത്തിയോടു ചേര്‍ന്ന് 430 പഞ്ചായത്തുകളാണുള്ളത്. വന്യമൃഗശല്യം രൂക്ഷമായ വയനാട്ടിലെ ജനസംഖ്യയില്‍ 30 ശതമാനവും ക്രൈസ്തവര്‍. ഇത്തരമൊരു ബില്ലിലെ ജനവിരുദ്ധ വ്യവസ്ഥകള്‍ ഭരണഘടനയില്‍ നമുക്ക് വാഗ്ദാനം ചെയ്തിട്ടുള്ള മനുഷ്യാവകാശങ്ങളെ എത്രത്തോളം ദോഷകരമായി ബാധിക്കുമെന്ന് ഭരണവര്‍ഗം ചിന്തിക്കാത്തതെന്തേ?

  • ജനത്തിന്റെ കണ്ണീര്‍ധാരയും രാഷ്ട്രീയ-ഭരണതലത്തിലെ അന്തര്‍ധാരകളും...

ഇന്ന് (ഡിസംബര്‍ 30) ഈ ചെറു കുറിപ്പ് തയ്യാറാക്കുമ്പോള്‍ പോലും, ഈ അക്ഷരക്കൂട്ടത്തിനുമേല്‍ വീഴുന്ന ചോരത്തുള്ളികള്‍ നമ്മെ അമ്പരപ്പിക്കുന്നു. മുള്ളരിങ്ങാട് വച്ച് അമീര്‍ എന്ന ചെറുപ്പക്കാരന്‍ കൊല്ലപ്പെട്ടതും, തൃശ്ശൂര്‍ ജില്ലയുടെ മലയോരമേഖലയില്‍ കാട്ടാനകള്‍ വാഴത്തോട്ടങ്ങള്‍ നശിപ്പിച്ചതും വയനാട്ടില്‍ ഒരു പുലി പശുവിനെ കൊന്നതുമെല്ലാം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഒരര്‍ഥത്തില്‍ പെരുകുന്ന റോഡപകടങ്ങളുടെ വാര്‍ത്തകള്‍ പോലെ കേരളീയര്‍ ഇപ്പോള്‍ വന്യജീവിയാക്രമണങ്ങളുടെ വാര്‍ത്തകളും നിസംഗതയോടെ കാണുകയും വായിക്കുകയും ചെയ്യുന്നു.

പൊതുബോധത്തിന്റെ ഉള്ളില്‍ കര്‍ഷകര്‍ക്കെതിരെയുള്ള കരിമരുന്ന് നിറച്ചതും, അവരെ പരിസ്ഥിതി ദ്രോഹികളായി ചിത്രീകരിച്ചതും ഒരു ഗൂഢതന്ത്രത്തിന്റെ ഭാഗമാണ്. ഏതൊരു ഭരണകൂടമായാലും യാതൊരുവിധ ഓഡിറ്റിംഗിനും വിധേയമാക്കാതെ ലഭിക്കുന്ന ഫണ്ട് വനസംരക്ഷണത്തിനും നക്‌സല്‍വേട്ടയ്ക്കുമാണ്. 'കണക്കു ചോദിക്കാത്ത' പണമാണ് ഈ രണ്ടു വകുപ്പുകളിലുമായി സംസ്ഥാന ഭരണകൂടങ്ങള്‍ക്ക് കേന്ദ്രം നല്‍കുന്നത്.

കേന്ദ്രത്തിന് ഈ ഫണ്ട് എവിടെ നിന്ന് കിട്ടുന്നു? പറയാം: കേന്ദ്രസര്‍ക്കാര്‍ വനസംരക്ഷണത്തിനും വന്യജീവി സംരക്ഷണത്തിനുമായി ഒപ്പുവച്ചിട്ടുള്ളത് പത്തോളം അന്താരാഷ്ട്ര കരാറുകളാണ്. ഈ കരാറുകളെല്ലാം നടപ്പാക്കാന്‍ വിദേശഫണ്ട് ലഭിക്കുന്നുവെന്നത് രഹസ്യമേയല്ല.

വനങ്ങളില്‍ ക്വോറി നടത്താം, എന്നാല്‍ വനത്തിലെ പുഴകളില്‍ പോയി ചൂണ്ടയിടരുത്. റിസോര്‍ട്ടുകള്‍ പണിയാം, പക്ഷേ പാവപ്പെട്ടവര്‍ക്കും സാധാരണക്കാര്‍ക്കും ഒരു കൊച്ചു വീട് നിര്‍മ്മിക്കാന്‍ പോലും നിരവധി നിയന്ത്രണങ്ങള്‍... തുടങ്ങിയ വിചിത്രമായ കാടന്‍ നിയമങ്ങളാണ് വനം വകുപ്പിന്റെ നിര്‍ദേശങ്ങളില്‍ ഉള്ളത്. പുതിയ കരട് നിയമത്തില്‍ വാറന്റില്ലാതെ ആരെയും അറസ്റ്റ് ചെയ്യാന്‍ വനപാലകരെ അനുവദിക്കുവാനാണ് നിര്‍ദ്ദേശമുള്ളത്.

രാജഭരണ കാലത്ത് (1822) തിരുവിതാംകൂര്‍ റീജന്റ് റാണി ഗൗരി പാര്‍വതി ബായി കര്‍ഷക സംരക്ഷണത്തിനായി ഒരു വിളംബരം പ്രഖ്യാപിക്കുകയുണ്ടായി. 1865-ല്‍ പണ്ടാരപ്പാട്ട വിളംബരവും പുറത്തുവന്നു. (pandarappatta_vilambaram എന്ന പേരിലുള്ള ഈ വിളംബരം പി എസ് സി യുടെ വെബ്‌സൈറ്റില്‍ ലഭ്യമാണ്.) 1920 കളിലെ കുടിയേറ്റ നാളുകളില്‍ ഭരണകൂടത്തിന്റെ പ്രോത്സാഹനത്തോടെ, കാടുകള്‍ വെട്ടിത്തെളിച്ച് മലയോരങ്ങളില്‍ കൃഷി തുടങ്ങിയവരില്‍ ഭൂരിഭാഗവും ക്രൈസ്തവരായിരുന്നു. ഒന്നും രണ്ടും ലോകമഹായുദ്ധങ്ങള്‍ (1914-18, 1939-44), ആഗോള സാമ്പത്തികത്തകര്‍ച്ച (1930), വസൂരി, കോളറ തുടങ്ങിയ മഹാവ്യാധികളുടെ വ്യാപനം തുടങ്ങിയ കാരണങ്ങളാല്‍ പട്ടിണിമരണങ്ങള്‍ വ്യാപകമായപ്പോള്‍, ഭരണകൂടം ആവിഷ്‌കരിച്ച Grow more food എന്ന പേരിലുള്ള ഭക്ഷ്യോല്‍പ്പാദന പദ്ധതിയുടെ പതാകവാഹകരായിരുന്നു അന്നത്തെ കുടിയേറ്റ കര്‍ഷകര്‍. ഇന്നാകട്ടെ, ഭരണകൂടവും ചില രാഷ്ട്രീയ പ്രസ്ഥാനങ്ങളും ചേര്‍ന്ന് കര്‍ഷകരെ വനംകൈയേറ്റക്കാര്‍ എന്ന മുദ്രചാര്‍ത്തി അപമാനിക്കുന്നു!

  • റിസോര്‍ട്ടുകളാവാം, കൃഷിപ്പണിയരുത്, എന്തൊരു വൈപരീത്യം!

വനങ്ങളില്‍ ക്വോറി നടത്താം, എന്നാല്‍ വനത്തിലെ പുഴകളില്‍ പോയി ചൂണ്ടയിടരുത്. റിസോര്‍ട്ടുകള്‍ പണിയാം, പക്ഷേ പാവപ്പെട്ടവര്‍ക്കും സാധാരണക്കാര്‍ക്കും ഒരു കൊച്ചു വീട് നിര്‍മ്മിക്കാന്‍ പോലും നിരവധി നിയന്ത്രണങ്ങള്‍... തുടങ്ങിയ വിചിത്രമായ കാടന്‍ നിയമങ്ങളാണ് വനം വകുപ്പിന്റെ നിര്‍ദേശങ്ങളില്‍ ഉള്ളത്. പുതിയ കരട് നിയമത്തില്‍ വാറന്റില്ലാതെ ആരെയും അറസ്റ്റ് ചെയ്യാന്‍ വനപാലകരെ അനുവദിക്കുവാനാണ് നിര്‍ദ്ദേശമുള്ളത്.

വന്‍തോതില്‍ മരങ്ങള്‍ മുറിച്ചു കടത്താന്‍ ഒത്താശ ചെയ്തു കൊടുത്തുകൊണ്ട് നാടിനെ വഞ്ചിച്ചവരാണ് പല വനം വകുപ്പ് ഉദ്യോഗസ്ഥരും. കുറ്റാരോപിതരായ ഈ ഉദ്യോഗസ്ഥരെ കാട്ടില്‍ ഫലവൃക്ഷത്തൈകള്‍ നട്ടു പിടിപ്പിക്കാനുള്ള പദ്ധതിയുടെ ചുമതലയേല്‍പ്പിച്ചത് ഒരു വര്‍ഷം മുമ്പ് വലിയ വാര്‍ത്തയായി. പക്ഷേ ആ വാര്‍ത്ത സര്‍ക്കാര്‍ ഗൗനിച്ചതേയില്ല.

വനസംരക്ഷണവും വന്യജീവി സംരക്ഷണവും നടപ്പാക്കേണ്ട ഔദ്യോഗിക സംവിധാനവും വലിയ കോമഡിയാണ്. വന്യജീവി സംരക്ഷണ ബോര്‍ഡ് എന്നൊരു സംവിധാനമുണ്ട്. അതിന്റെ ചെയര്‍മാന്‍ മുഖ്യമന്ത്രിയാണ്. ഇത്രയേറെ വന്യജീവി ആക്രമണങ്ങള്‍ വര്‍ധിച്ചിട്ടും ഈ ബോര്‍ഡ് യോഗം ചേര്‍ന്നോ എന്നു ചോദിച്ചാല്‍ ആരും മറുപടി തരില്ല. ഭീമന്‍ രഘുവുള്ളിടത്ത്, കൊടക്കമ്പി ഇന്ദ്രന്‍സിനെന്തു കാര്യം അല്ലേ?

  • നെല്ലിക്കാ കൊട്ട ചൊരിയും വിധം നിയമങ്ങള്‍ അനവധി ?

ഏലം, കുരുമുളക്, കാപ്പി, തേയില, റബര്‍ തുടങ്ങിയ പല നാണ്യവിളകളിലൂടെയും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് ഈടാര്‍ന്ന സംഭാവനകള്‍ നല്‍കിയ കര്‍ഷകര്‍ക്കായി ഒരൊറ്റ ഭരണകൂടവും ചെറുവിരലനക്കിയിട്ടില്ല. വന്യജീവികള്‍ക്കായും വനസംരക്ഷണത്തിനുമായുള്ള നിയമങ്ങള്‍ കൊട്ടക്കണക്കിനാണ്. വന്യജീവി സംരക്ഷണ നിയമം (1972), വന സംരക്ഷണ നിയമം (1980), നാഷണല്‍ എന്‍വയണ്‍മെന്റല്‍ ട്രൈബ്യൂണല്‍ ആക്ട് (1995), ജൈവവൈവിധ്യ നിയമം (2002), ദേശീയ ഹരിത ട്രൈബ്യൂണല്‍ നിയമം (2010) എന്നിങ്ങനെയുള്ള നിയമങ്ങളുടെ പട്ടികയില്‍ പെടുത്താവുന്ന ഏറ്റവും പുതിയ നിയമ ഭേദഗതിയുടെ കരട് രൂപമാണ് നവംബര്‍ ഒന്നിന് മന്ത്രിസഭായോഗത്തില്‍ വനംവകുപ്പ് മന്ത്രി അവതരിപ്പിച്ചത്. പിന്നീട് ദേശീയോദ്യാനങ്ങളുടെ വരവായി. വിവിധ ദേശീയോദ്യാനങ്ങള്‍ക്കായി 5360 ഹെക്ടര്‍ സര്‍ക്കാര്‍ ഏറ്റെടുത്തതിനും നാം സാക്ഷ്യം വഹിക്കേണ്ടിവന്നു. അതിനൊന്നും ആരും എതിരല്ല. പക്ഷേ കേരളം തയ്യാറാക്കി കേന്ദ്രത്തിന് നല്‍കിയ വിവിധ റിപ്പോര്‍ട്ടുകളിലും മലയോരജനത പ്രതിപ്പട്ടികയിലായതെങ്ങനെ എന്നതാണ് ചോദ്യം. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് (2011), കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് (2013), ഉമ്മന്‍ വി ഉമ്മന്‍ റിപ്പോര്‍ട്ട് (2014) എന്നിവ കര്‍ഷക വിരുദ്ധമായിരുന്നുവെന്ന പരാതികളുണ്ട്. പി എച്ച് കുര്യന്‍ ഐ എ എസ് 2018-ല്‍ കേന്ദ്രത്തിനെഴുതിയ വിശദമായ ഒരു കത്ത് മാത്രമേ മലയോര കര്‍ഷകരോട് അല്പമെങ്കിലും നീതി പുലര്‍ത്തിയിട്ടുള്ളൂ.

  • പണം കായ്ക്കുന്ന മരങ്ങളും കരാര്‍ ജീവനക്കാരും !

ലോകബാങ്കില്‍ നിന്ന് എന്ത് കിട്ടിയാലും, ഗുണദോഷങ്ങള്‍ നോക്കാതെ വാങ്ങി കീശയിലിടുന്ന നാളുകളിലാണ് യൂക്കാലി, അക്കേഷ്യ എന്നീ ഗണത്തില്‍പ്പെടുന്ന മരങ്ങള്‍ നമ്മുടെ വനങ്ങളില്‍ ഭരണകൂടം നട്ടുപിടിപ്പിച്ചത്. ജലസ്രോതസ്സുകള്‍ പോലും നക്കിത്തോര്‍ത്തുന്ന ഈ മരങ്ങള്‍ നമ്മുടെ വനങ്ങളുടെ ആവാസവ്യവസ്ഥ തന്നെ തകിടം മറിച്ചു. ആ മരങ്ങള്‍ പിഴുതുകളഞ്ഞ് 1970-80 കാലഘട്ടത്തില്‍ ഫലവൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കാനുള്ള ടോങ്കിയ (taungia) കള്‍ട്ടിവേഷന്‍ പദ്ധതിയുടെ ഇപ്പോഴത്തെ സ്ഥിതിയെന്താണ്? കടലില്‍ കല്ലിടുന്നതു പോലെ, കാട്ടില്‍ ഫലവൃക്ഷത്തൈകള്‍ നടുന്നതും പരിപാലിക്കുന്നതും നമ്മുടെ ഉദ്യോഗസ്ഥ വൃന്ദം ആത്മാര്‍ത്ഥമായി നടപ്പാക്കിയിരുന്നെങ്കില്‍ വന്യമൃഗങ്ങള്‍ 'പശി'യടക്കാന്‍ നാട്ടിലിറങ്ങുമായിരുന്നോ?

കരട് നിയമത്തില്‍ ആരെയും വാറന്റില്ലാതെ അറസ്റ്റ് ചെയ്യാന്‍ അധികാരമുള്ള സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരില്‍ 30 ശതമാനവും യോഗ്യതയില്ലാത്തവരാണെന്ന് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ഈ വിഭാഗത്തിലുള്ളത് 947 പേര്‍. ഇവരില്‍ നിര്‍ബന്ധിത ഡിപ്പാര്‍ട്ട്‌മെന്റുതല പരീക്ഷ പാസാകാത്തവര്‍ 284! പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താന്‍ 2010, 2014 വര്‍ഷങ്ങളില്‍ നടപ്പാക്കിയ സ്‌പെഷ്യല്‍ റൂള്‍ ഭേദഗതിയും ഇനിയും വനം വകുപ്പില്‍ നടപ്പായിട്ടില്ല.

കണ്ണൂര്‍ ജില്ലയിലുള്ള ചൊവ്വാ സ്വദേശി തന്നെ വനംവകുപ്പ് ഭരിച്ചാല്‍ മതിയെന്ന് ആരെങ്കിലും ശഠിക്കുന്നുണ്ടോ? പൊതുമരാമത്ത്-ടൂറിസം മന്ത്രി എക്‌സ് ഒഫീഷ്യോ അംഗമായുള്ള സെലക്ട് കമ്മിറ്റിയില്‍ എല്‍ദോസ് കുന്നപ്പള്ളി, സി കെ ഹരീന്ദ്രന്‍, കെ യു ജനീഷ് കുമാര്‍, എം മുകേഷ്, നജീബ് കാന്തപുരം, എ രാജ, സണ്ണി ജോസഫ്, പി എസ് സുപാല്‍ എന്നിവരും അംഗങ്ങളാണ്. മന്ത്രിസഭായോഗത്തില്‍ വടി വിഴുങ്ങിയിരുന്ന മാണി ഗ്രൂപ്പിന്റെ പ്രതിനിധിയായ മന്ത്രിയുടെ പാര്‍ട്ടി 'കരടുബില്‍' മാധ്യമങ്ങളും പ്രതിപക്ഷവും വാര്‍ത്തയാക്കിയപ്പോള്‍ ഉണര്‍ന്നത് ഏതായാലും 'ഞഞ്ഞായി.' കാട്ടാനയ്ക്ക് വള്ളി ട്രൗസറും കാട്ടുപന്നിക്ക് പ്രസവശുശ്രൂഷയും (കാട്ടുപന്നിയെ വെടിവയ്ക്കണമെങ്കില്‍ അത് ഗര്‍ഭിണിയായിരിക്കരുതത്രെ) എന്ന മട്ടിലുള്ള വന നിയമങ്ങള്‍ക്കു പകരം, ജനസംരക്ഷണ നിയമങ്ങളും നടപടികളും ആവിഷ്‌കരിക്കാന്‍ ഭരിക്കുന്നവര്‍ വൈകരുത്. ഇല്ലെങ്കില്‍ ജനം 'പടയപ്പ' വേഷമണിയേണ്ടി വരാം.

ജീവിതകഥ

ക്രിസ്തുവിന്റെ സുഹൃത്തുക്കളായതിനാല്‍ വൈദികര്‍ സന്തോഷമുള്ളവരായിരിക്കണം : ലിയോ മാര്‍പാപ്പ

ദമാസ്‌കസ്: കൂട്ട മൃതസംസ്‌കാരത്തിന് പാത്രിയര്‍ക്കീസുമാര്‍ നേതൃത്വം നല്‍കി

ക്ഷമയും പരസ്പര വിശ്വാസവും സഭയില്‍ ഐക്യം വളര്‍ത്തുന്നു

ഗ്രഹാം സ്റ്റെയിന്‍സ് കേസിലെ പ്രതി ക്രൈസ്തവവിശ്വാസം സ്വീകരിച്ചു