

റൈറ്റ് റവ. ഡോ. ആന്റണി വാലുങ്കല്‍
സഹായമെത്രാന്‍, വരാപ്പുഴ അതിരൂപത
കേരളത്തിലെ ആദ്യ സന്യാസിനിയും കേരളത്തിലെ ആദ്യ സന്യാസിനീ സഭയുടെ സ്ഥാപകയുമായ മദര്‍ ഏലീശ്വായുടെ വാഴ്ത്തപ്പെട്ടവള്‍ എന്ന നാമകരണം വലിയ പ്രത്യാശയോടെയാണ് കേരളസഭ സ്വീകരിക്കുന്നത്. ഭാരതസഭ രണ്ടായിരത്തില്‍പ്പരം വര്‍ഷം വിശ്വാസ പാരമ്പര്യമുള്ളതാണ്. പരിശുദ്ധാത്മാവിന്റെ പ്രേരണയാല്‍ സ്ത്രീസന്യാസം എന്ന ഒരു ഉള്‍പ്രേരണ നല്കപ്പെട്ടപ്പോള്‍ ആ പ്രചോദനം അക്കാലത്ത് നിലനിന്നിരുന്ന സാമുദായികമായ തടസ്സങ്ങള്‍ മറികടന്ന് ഏറ്റെടുക്കുവാന്‍ തയ്യാറായി എന്നുള്ളത് ആത്മാവിന്റെ പ്രേരണകള്‍ക്ക് സര്‍വാത്മനാ ഒരു വ്യക്തിവിധേയമാകേണ്ടതിന്റെ ഉത്തമസാക്ഷ്യമാണ്.
സഭയും സഭാസംവിധാനങ്ങളും നിരന്തരം ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരി ക്കുന്ന ഈ കാലയളവില്‍ തനിക്കും മകള്‍ക്കും അവകാശപ്പെടുമായിരുന്ന 25 ഏക്കര്‍ സ്ഥലം നിരുപാധികമായി ഉപേക്ഷിക്ക വഴിയായി 'ദൈവം മാത്രം തനിക്കുമതിയായവന്‍' എന്ന സന്യാസ ചൈതന്യത്തെ പുനര്‍ജീവിപ്പിക്കുവാന്‍ സഭയ്ക്കു സാധിക്കുമെന്നാണ് ഈ വാഴ്ത്തപ്പെട്ടവള്‍ എന്ന പ്രഖ്യാപനത്തിലൂടെ സാധിതമാകുന്നത്.
സ്ത്രീവിദ്യാഭ്യാസം കേട്ടുകേള്‍വിയല്ലാതിരുന്ന കാലത്ത് ഉന്നതകുല ജാതയായതിനാല്‍ തനിക്കു ലഭിച്ച അക്ഷരജ്ഞാനം അതിനു സ്വാഭാവികമായും സാധ്യമല്ലാതെയിരുന്ന പെണ്‍കുട്ടികള്‍ക്ക് തുറന്നു കൊടുക്കുവാന്‍ പെണ്‍പള്ളിക്കൂടം സ്ഥാപിക്കുകയും അവര്‍ക്കായി ഹോസ്റ്റല്‍ തുടങ്ങുകയും, അനാഥമന്ദിരമാരംഭിക്കുകയും ചെയ്തുകൊണ്ട് വിപ്ലവാത്മകമായ സമൂഹനവോത്ഥാനത്തിനു തുടക്കമിടാന്‍ മദര്‍ ഏലീശ്വായ്ക്കു സാധിച്ചു.
സഹജരുടെ ഉന്നമനത്തിനായി, പ്രത്യേകിച്ച് സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ക്ഷേമത്തിനായി പരിശുദ്ധ ലെയോ പാപ്പയുടെ അപ്പസ്‌തോലിക ലേഖനം 'ഡിലെക്‌സി തേ' സഭയോടു വീണ്ടും ആഹ്വാനം ചെയ്തിരിക്കെ ഇക്കാര്യങ്ങള്‍ക്കായി പുനരര്‍പ്പണം ചെയ്യാന്‍ കേരള സഭയെ പ്രചോദിപ്പിക്കുകയാണ് ഈ പ്രഖ്യാപനം.