

ആന്റണി ചടയംമുറി
വെരാപ്പൊലിത്താന (Verapolitane) എന്ന ലത്തീന്‍ പദത്തിന്റെ അര്‍ഥം സത്യത്തിന്റെ നഗരമെന്നാണ്. ഈ സത്യപ്രഘോ ഷണ ഭൂമിക ഇന്ന് ഏറെ പ്രശസ്തിയാര്‍ജിച്ചിട്ടുള്ളത് മദര്‍ ഏലീശ്വാ എന്ന സമര്‍പ്പിതയുടെ നാമപശ്ചാത്തലത്തിലാണ്. സ്വന്തം ജീവിതത്തിന്റെ ദൗത്യം കണ്ടെത്തി, അതൊരു ദൈവിക തീര്‍ഥാടനമാക്കി മാറ്റാന്‍ മദര്‍ ഏലീശ്വാ ഏറെ സഹനങ്ങളും അവഹേളനങ്ങളും സഹിക്കേണ്ടി വന്നുവെന്നത് ചരിത്രം. വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക് ഈ തപസ്വിനിയെ പരിശുദ്ധ സിംഹാസനം ഉയര്‍ത്തുന്നതോടെ കേരള സഭയ്ക്ക് മറ്റൊരു വിശ്വാസജീവിതമാതൃക കൂടി സംലഭ്യമാവുകയാണ്.
വൈപ്പിന്‍കര, കൂനമ്മാവ്, വരാപ്പുഴ എന്നീ തീരദേശങ്ങളില്‍ ക്രൈസ്തവ ചൈതന്യത്തില്‍ ജീവിച്ച വൈപ്പിശ്ശേരി കുടുംബത്തിലെ മൂന്ന് സഹോദരരില്‍ ഒരാള്‍ - മദര്‍ ഏലീശ്വാ വാകയില്‍ - 2025 നവംബര്‍ 8 ന് വാഴ്ത്തപ്പെട്ടവരുടെ പദവിയിലേക്ക് ഉയര്‍ത്തപ്പെടുകയാണ്. ഈ ചരിത്ര നിമിഷത്തിന്റെ മിഴിയോരങ്ങളില്‍ ക്രൂശിതനായ യേശുവിനെ അനുയാത്ര ചെയ്ത സന്യസ്തജീവിതത്തിന്റെ കണ്ണീര്‍ത്തിളക്കങ്ങളുണ്ട്.
ടി ഒ സി ഡി യുടെയും (Third Order of Theresian Carmelites Discalced) പില്‍ക്കാലത്ത് സി ടി സി (Congregation of Theresian Carmelites) യുടെയും സ്ഥാപിക എന്ന വിശേഷണമാണ് മദര്‍ ഏലീശ്വായ്ക്ക് ഇപ്പോള്‍ ആഗോള കത്തോലിക്കാ സഭ നല്‍കിയിട്ടുള്ളത്. ദൈവദാസിയായി വിശ്വാസികള്‍ പ്രാര്‍ഥനയില്‍ സ്മരിച്ച മദര്‍ ഏലീശ്വായുടെ മാധ്യസ്ഥ്യം വഴി സംഭവിച്ച ഒരു ഗര്‍ഭസ്ഥശിശുവിന്റെ അദ്ഭുതസൗഖ്യം പരിശുദ്ധ സിംഹാസനം അംഗീകരിച്ചതോടെ യാണ് വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക് മദര്‍ ഉയര്‍ത്തപ്പെടുന്നത്.
മദര്‍ ഏലീശ്വായുടെ ഹ്രസ്വമായ ഒരു ജീവിതരേഖ ഇങ്ങനെ: 1831 ഒക്‌ടോബര്‍ 15 ന് വൈപ്പിന്‍കരയിലെ ഓച്ചന്തുരുത്തില്‍ വൈപ്പിശ്ശേരി കുടുംബത്തില്‍ ജനനം. മാതാപിതാക്കള്‍ തൊമ്മനും താണ്ടയും. ആറ് സഹോദരങ്ങള്‍. ഇവരില്‍ ലൂയീസ് വൈദികനായി. ത്രേസ്യ സമര്‍പ്പിതയും. ഭര്‍ത്താവ് കൂനമ്മാവ് വാകയില്‍ വത്തരു 1851-ല്‍ മരിച്ചു. തുടര്‍ന്നുള്ള 11 വര്‍ഷങ്ങളില്‍ ധ്യാനലീനമാര്‍ന്ന ജീവിതം.
സി ടി സി സന്യാസിനീ സമൂഹത്തില്‍ ഇന്ന് 1350 സന്യസ്തരുണ്ട്. ഇന്ത്യ, ഇറ്റലി, ജര്‍മ്മനി, ഓസ്ട്രിയ, യു എസ്, റുവാണ്ട, സാംബിയ, ടാന്‍സാനിയ എന്നീ രാജ്യങ്ങളിലെ 77 രൂപതകളില്‍ സാന്നിധ്യം. 11 പ്രോവിന്‍സുകളിലായി 223 മഠങ്ങള്‍. ഇപ്പോഴത്തെ സുപ്പീരിയര്‍ ജനറല്‍ മദര്‍ ഷഹീല സി ടി സി.
ഫാ. ലെയോപോള്‍ഡുമായുള്ള (1862) ആദ്യ കണ്ടുമുട്ടലോടെ, ഏലീശ്വാ സന്യസ്ത ജീവിതത്തില്‍ ആകൃഷ്ട യാകുന്നു. 1866 ഫെബ്രുവരി 12-ന് കര്‍മ്മലീത്താ മൂന്നാം സഭയുടെ സന്യാസിനീ വിഭാഗം സ്ഥാപിക്ക പ്പെടുന്നു. 1867 മാര്‍ച്ച് 27-ന് സഭാവസ്ത്ര സ്വീകരണം. 1868 ജൂലൈ 16-ന് നിത്യവ്രതവാഗ്ദാനം. 1868 ജൂലൈ 20-ന് വിദ്യാഭ്യാസ പ്രേഷിതത്വ ത്തിന് തുടക്കം. 1871 മെയ് 24-ന് മകള്‍ അന്നയുടെ മരണം, റീത്തു വിഭജന ത്തിന്റെ ധാരണപ്രകാരം കൂനമ്മാവ് മഠത്തില്‍ നിന്ന് വിടവാങ്ങുന്നു.
1890 നവംബര്‍ 10-ന് വരാപ്പുഴ മഠം ആശീര്‍വദിക്കുന്നു. 1892 ഫെബ്രുവരി മുതല്‍ നൊവിസ് മിസ്ട്രസായി സേവനം. 1902 ജനുവരി 26-ന് സഹോദരി മദര്‍ ത്രേസ്യയുടെ മരണം. 1902 ല്‍ രണ്ടാം വട്ടവും മദര്‍ സുപ്പീരിയര്‍ സ്ഥാനപദവി.
1913 ജൂലൈ 18-ന് 81-ാം വയസ്സില്‍ മരണം. 1913 ജൂലൈ 19-ന് വരാപ്പുഴയില്‍ കബറടക്കം. 1971 ജൂണ്‍ 28-ന് സി ടി സി ക്ക് പൊന്തിഫിക്കല്‍ പദവി. 2008 മാര്‍ച്ച് 6-ന് ദൈവദാസി യായി പ്രഖ്യാപിക്കപ്പെടുന്നു. 2023 നവംബര്‍ 8-ന് ധന്യപദവി. 2025 ഏപ്രില്‍ 14-ന് മദര്‍ ഏലീശ്വാ യുടെ മാധ്യസ്ഥ്യത്തില്‍ അദ്ഭുത രോഗശാന്തി. 2025 നവംബര്‍ 8-ന് വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക്.
നാള്‍വഴിയുടെ നാഴികക്കല്ലില്‍ സഹനത്തിന്റെ അടയാള ലിഖിതങ്ങള്‍...
കൊച്ചി പുതിയ കൊച്ചിയായി മാറുന്നതിനു വര്‍ഷങ്ങള്‍ക്കു മുമ്പേ, നഗര പ്രാന്തങ്ങളില്‍ കണ്ണീര്‍ത്തുള്ളി കള്‍പോലെ കായലില്‍ കുറെ ദ്വീപുകളുണ്ടായിരുന്നു. ഗോശ്രീ പാലങ്ങളോ, വരാപ്പുഴ പാലമോ, കണ്ടെയ്‌നര്‍ റോഡോ, ദ്വീപുകളെ ബന്ധിപ്പിക്കുന്ന ചെറുപാലങ്ങളോ അന്നില്ല. ഈ തീരദേശ ഗ്രാമങ്ങളിലെ കുടുംബങ്ങള്‍ മിക്കതും കഷ്ടപ്പാടുകളുടെ കരകാണാക്കായലുകള്‍ക്കരികെ വേലിയേറ്റത്തില്‍ മുങ്ങിയും വേലിയിറക്കത്തില്‍ വരണ്ടും കിടന്നിരുന്ന ആ പഴയ കാലഘട്ടത്തില്‍, മദര്‍ ഏലീശ്വാ സ്ത്രീവിദ്യാഭ്യാസത്തിലൂടെ ആ ഗ്രാമങ്ങള്‍ക്ക് സാംസ്‌കാരികമായും സാമ്പത്തികമായും മുന്നേറാന്‍ കഴിയുമെന്ന് കണ്ടെത്തി. കൂനമ്മാവ് ദേവാലയത്തിലെ ദിവ്യകാരുണ്യ സന്നിധിയില്‍ നിന്ന് ദൈവം നല്‍കിയ വെളിപാടുകള്‍ക്ക് പരിശുദ്ധാത്മാവിന്റെ സ്പര്‍ശമുണ്ടാവുക സ്വാഭാവികം മാത്രം.
കൂനമ്മാവ് സെന്റ് ഫിലോമിനാസ് ദേവാലയത്തിലെ അള്‍ത്താര കാണാനാകുന്ന ദൂരത്തിലായിരുന്നു സി ടി സി സന്യാസിനീ സമൂഹത്തിന്റെ പ്രഥമ മഠം (പനമ്പുമഠം) ഉണ്ടായിരുന്നത്. പിന്നീട് സന്യാസിനീ സമൂഹത്തിന്റെ ആസ്ഥാനം വരാപ്പുഴയിലേക്ക് മാറ്റി. മരണം വരെയുള്ള 23 വര്‍ഷങ്ങള്‍ മദര്‍ ഏലീശ്വാ വരാപ്പുഴയില്‍ തന്നെ താമസിച്ചു.
വൈപ്പിന്‍കരയുടെ സാമൂഹിക പിന്നാക്കാവസ്ഥയിലും ആത്മീയമായ മുന്നേറ്റങ്ങള്‍ക്ക് ആ ദ്വീപ് സാക്ഷിയായി രുന്നുവെന്ന് ചരിത്രത്തിലുണ്ട്, വൈപ്പിന്‍കരയിലെ പ്രഥമ ക്രിസ്തീയ ദേവാലയം 1560 ല്‍ സ്ഥാപിക്കപ്പെട്ടു. ഈശോസഭക്കാരനായ ഫാ. ഗാസ്പര്‍ ടോടിറോയുടെ ഒരു കത്തിലാണ് ഈ പരാമര്‍ശമുള്ളത്. പ്രത്യാശ മാതാവിന്റെ നാമധേയത്തിലായിരുന്നു ഫോര്‍ട്ട് വൈപ്പിനിലെ ഈ ദേവാലയം. രണ്ടാമത്തെ ദേവാലയം നിര്‍മ്മിക്കപ്പെടാന്‍ 36 വര്‍ഷമെടുത്തു. 1596 ല്‍ ഇപ്പോഴത്തെ വൈപ്പിന്‍ ദൈവാലയത്തിന്റെ സെമിത്തേരിയുടെ വടക്കുകിഴക്കു ഭാഗത്തായിരുന്നു ഈ ദേവാലയമുണ്ടായിരുന്നത്. 1573-ല്‍ കപ്പിത്താന്‍ കുരിശുപള്ളി സ്ഥാപിക്കപ്പെട്ടു. 1676 ലും 1854 ലും ഉണ്ടായ കടലാക്രമണങ്ങളില്‍ ഈ ദൈവാലയങ്ങള്‍ തകര്‍ന്നുവെങ്കിലും 1857 ല്‍ ഇന്നുള്ള ക്രൂസ് മിലാഗ്രിസ് പള്ളി വീണ്ടും നിര്‍മ്മിക്കപ്പെട്ടു. അദ്ഭുതമെന്നോണം കടലില്‍ ഒഴുകി വന്ന കുരിശ്, പഴയ പള്ളിയുടെ തീരത്തടിയുകയായിരുന്നു.
ഈ ദേവാലയത്തിന്റെ ചുറ്റുവട്ടത്താണ് മദര്‍ ഏലീശ്വാ പിറന്നുവീണ വൈപ്പിശ്ശേരി തറവാട്. ഒരു പൗരാണിക ദേവാലയത്തിന്റെ വിശ്വാസ പ്രഭാവെളിച്ചത്തില്‍ ജനനവും ബാല്യവും കൗമാരവും കടന്നുപോയി. വിവാഹത്തോടെ മദറിന് കടന്നുചെല്ലേണ്ടി വന്ന കൂനമ്മാവ് മറ്റൊരു സത്യവിശ്വാസ ഭൂമികയായിരുന്നു. വരാപ്പുഴയിലെ മൗണ്ട് കാര്‍മ്മല്‍ - സെന്റ് ജോസഫ് ദേവാലയത്തിനു ചുറ്റിലുമുണ്ടാ യിരുന്ന മൂലമ്പിള്ളി സെന്റ് അഗസ്റ്റിന്‍ (1875), കുറ്റിക്കാട്ടുകര സെന്റ് തോമസ് (1880), കോതാട് തിരുഹൃദയം (1882), ചേരാനെല്ലൂര്‍ സെന്റ് ജെയിംസ് (1884), കോട്ടുവള്ളി സെന്റ് സെബാസ്റ്റിയന്‍സ് (1893) എന്നീ ദേവാലയങ്ങള്‍ ദ്വീപുകളില്‍ ജ്വലിച്ചുനിന്ന വിശ്വാസദീപങ്ങളുടെ പ്രകാശത്തിലായിരുന്നു.
അതുകൊണ്ടു തന്നെ വൈപ്പിന്‍കരയും വരാപ്പുഴയും ചുറ്റുമുള്ള ചെറുദ്വീപുകളും ആത്മീയത യുടെ ദിവ്യരുചി നുണഞ്ഞിരുന്നുവെന്നു കരുതാം. എന്നാല്‍, ഈ ദ്വീപുകളുടെ സാമൂഹിക, സാമ്പത്തിക പിന്നാക്കാവസ്ഥ യില്‍ ഏറെ വലഞ്ഞിരുന്നത് സ്ത്രീകളായി രുന്നു. പ്രാഥമിക വിദ്യാഭ്യാസം ആര്‍ജിക്കാനോ സ്വന്തമായി തൊഴില്‍ കണ്ടെത്താനോ കഴിയാതിരുന്ന സ്ത്രീകളെയും തീരദേശ ഗ്രാമങ്ങളിലെ പെണ്‍കുട്ടികളെയും കണ്ടെത്തി, അവര്‍ക്കായി ബോര്‍ഡിംഗ് സ്‌കൂള്‍ (1868 ജനുവരി 2) തുടങ്ങിയതും അനാഥമന്ദിരം തുടങ്ങിയതും തൊഴില്‍ പരിശീലനകേന്ദ്രങ്ങള്‍ തുടങ്ങിയതും മദര്‍ ഏലീശ്വായെ ദൈവം ഉപകരണമാക്കിയതിനു തെളിവ്. കേരളത്തില്‍ ആദ്യമായി സ്ഥാപിക്കപ്പെട്ട പെണ്‍കുട്ടികള്‍ക്കായുള്ള ബോര്‍ഡിംഗ് സ്‌കൂളില്‍ കൊല്ലത്തുനിന്നു പോലും പെണ്‍കുട്ടികള്‍ താമസിച്ച് പഠിക്കാനെത്തിയെന്നത് ചരിത്രരേഖ.
സഭാചരിത്രത്തിലെ സന്യാസജീവിതം
പതിമൂന്നാം നൂറ്റാണ്ടിലാണ് കത്തോലിക്കാസഭയില്‍ സന്യാസ ജീവിതം പരിപൂര്‍ണ്ണതയിലേക്കുള്ള ഒരു സവിശേഷ വിളി എന്ന രീതിയില്‍ നിര്‍വചിക്കപ്പെട്ടത്. ദൈവവിളിയുടെ സുവര്‍ണ്ണദല കാഴ്ചകളില്‍ നമുക്ക് ക്രിസ്തുവചനങ്ങളുടെ വര്‍ണ്ണചാരുത കാണാന്‍ കഴിയും. ഉടമ്പടിയുടെ മക്കള്‍ നിദ്രവിട്ട് ഉണര്‍ന്നിരിക്കേണ്ടവരും (മത്താ. 25:11), മണവാളനെ എതിരേല്‍ക്കാന്‍ ഒരുങ്ങിയിരിക്കുന്നവരും (മത്താ. 24:42, 25:2, 22:12), പ്രാര്‍ഥനയില്‍ സ്ഥിരതയുള്ളവരും (മത്താ. 5:8), അനുകമ്പയുള്ളവരും (മത്താ. 5:9), നീതിക്കുവേണ്ടി വിശക്കുന്നവരും (മത്താ. 5:6) ആയിരിക്കണമെന്നുമുള്ള സുവിശേഷ വചനങ്ങളില്‍ ഊന്നിയുള്ള ദൈവോന്മുഖ ജീവിതമാണ് ദൈവവിളിയുടെ കാതല്‍. മദര്‍ ഏലീശ്വായുടെ ജീവിതത്തിന്റെ ഓരോ നിമിഷങ്ങളിലും തിരുവചനങ്ങളോടുള്ള വിനീതമായ വിധേയത്വം നമുക്ക് വായിച്ചെടുക്കാന്‍ കഴിയുന്നുണ്ട്.
മദര്‍ ഏലീശ്വായുടെ ജീവിതം ക്രൂശിതനോടൊപ്പം സഞ്ചരിക്കലായിരുന്നു. ഈ തപസ്വിനിയുടെ ജീവിതത്തിലേക്ക് കണ്ണോടിക്കുമ്പോള്‍ മാര്‍ അപ്രേമിന്റെ (306-373) സന്യാസജീവിതവേളയില്‍ ആ വിശുദ്ധന്‍ രചിച്ച ചില ഈരടികള്‍ ഓര്‍മ്മ വരും. മാര്‍ അപ്രേം സന്യാസജീവിതത്തിന്റെ പ്രസക്തിയെക്കുറിച്ച് പറയുമ്പോള്‍ നാല് കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. നിശ്ശബ്ദത, ധ്യാനം, പരിത്യാഗം, കുരിശിന്റെ ജീവിതം. മദര്‍ ഏലീശ്വാ സ്വന്തം ദൗത്യം നിറവേറ്റാന്‍ ക്രിസ്തുവുമായുള്ള സഹവാസത്തിലേക്കും സ്വര്‍ഗീയ ഇടങ്ങളിലുള്ളവരോടുള്ള സൗഹൃദത്തിലേക്കും പ്രവേശിക്കുന്നതായി നാം കാണുന്നു. മാര്‍ അപ്രേമിന്റെ ചില ഈരടികള്‍ കേള്‍ക്കുക: കുരിശിന്റെ മഹത്വം അന്വേഷിക്കുക / കുരിശിന്റെ അപമാനവും നിന്ദയും ഏറ്റെടുക്കുക / കുരിശിന്റെ ഐശ്വര്യവും വിലയും സമൃദ്ധിയും സ്‌നേഹിക്കുക / കുരിശിന്റെ വേദനകള്‍ വഹിക്കുക / ഇതാണ് ക്രിസ്തുവിനെ അനുകരിക്കല്‍ (Ephrem, Commentary on Diatesseron).
കര്‍മ്മലീത്താസിദ്ധിക്ക് അംഗീകാരം
മദര്‍ ഏലീശ്വായുടെ ജീവിതനാള്‍ വഴികളും ആ മഹിതവ്യക്തിത്വത്തിന്റെ സന്യാസജീവിതവും ചരിത്രത്തില്‍ നിന്ന് തിരഞ്ഞെടുക്കാനും അത് വിശ്വാസികളുമായി പങ്കുവയ്ക്കാനുമുള്ള ശ്രമങ്ങള്‍ നിരവധിയുണ്ടായിട്ടുണ്ട്. കൂനമ്മാവിലും ചുറ്റുമുള്ള ദേവാലയങ്ങളുടെ സ്മരണികകളിലും മദര്‍ ഏലീശ്വായെക്കുറിച്ചുള്ള ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചത് ഓര്‍മ്മിക്കുന്നു. ചരിത്രകാരനായ പ്രൊഫ. പി എം ജ്യുസെ, കൂനമ്മാവ് സെന്റ് ഫിലോമിനാസ് ദേവാലയത്തിന്റെ 150-ാം വാര്‍ഷികത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച സ്മരണികയിലെ 'കൂനമ്മാവും കേരള ക്രൈസ്തവസഭയും' എന്ന ലേഖനത്തില്‍ മദര്‍ ഏലീശ്വായുടെ ആത്മീയരൂപാന്തരീകരണത്തിന്റെ സവിസ്തരമായ പ്രതിപാദനമുണ്ടായിരുന്നു. പരേതനായ ജോസ് തോമസ് കാനപ്പിള്ളിയും മദര്‍ ഏലീശ്വാമ്മയെയും വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചനെയും കുറിച്ചുള്ള ലേഖനങ്ങളും മറ്റും തയ്യാറാക്കാനും പല പ്രസിദ്ധീകരണങ്ങളില്‍ അവ ഉള്‍പ്പെടുത്തുവാനും ഏറെ പരിശ്രമിച്ചിരുന്നുവെന്നതിന് ഈ ലേഖകന്‍ സാക്ഷിയാണ്.
അതോടൊപ്പം മദറിനെ സംബന്ധിച്ച ചരിത്രരേഖകള്‍ വത്തിക്കാന്‍ ലൈബ്രറിയിലും മറ്റും നേരിട്ടുപോയി പരിശോധിച്ച സി. ഡോ. സൂസി കിണറ്റിങ്കല്‍ സി ടി സി യെയും സ്‌നേഹപൂര്‍വം അനുസ്മരിക്കുന്നു. മദറിന്റെ രചനകളെക്കുറിച്ച് വിശദമായ വിവരണം തയ്യാറാക്കിയ സി എം പ്രസില്ല, വൈപ്പിന്‍കരയിലെ വൈപ്പിശ്ശേരി തറവാട്ടിലെ മൂന്ന് ശ്രേഷ്ഠ വ്യക്തിത്വങ്ങളെക്കുറിച്ച് ചരിത്രഗ്രന്ഥം തയ്യാറാക്കിയ സി. ഗ്രേഷ്യസ് കൂടല്ലൂര്‍, വരാപ്പുഴ അതിരൂപത സ്മരണികയിലൂടെ മദര്‍ ഏലീശ്വായെക്കുറിച്ചും സി ടി സി സന്യാസസഭയെക്കുറിച്ചും ലേഖനങ്ങള്‍ തയ്യാറാക്കിയ സ്മരണികയുടെ എഡിറ്റര്‍ ഫാ. ജോര്‍ജ് വെളിപ്പറമ്പില്‍, വരാപ്പുഴ അതിരൂപതയുടെ ആസ്ഥാനം എറണാകുളത്തേക്കു മാറ്റിയതിന്റെ 325-ാം വാര്‍ഷികത്തോടനുബന്ധിച്ച് തയ്യാറാക്കിയ സ്മരണികയുടെ എഡിറ്റര്‍ ഷെവ. ഡോ. പ്രിമൂസ് പെരിഞ്ചേരി എന്നിവരും, ഫാ. ജോണ്‍ പള്ളത്ത്, ഫാ. അഗസ്റ്റിന്‍ മുള്ളൂര്‍ തുടങ്ങിയ കര്‍മ്മലീത്താ വൈദികരും മദര്‍ ഏലീശ്വായുടെ സമര്‍പ്പിത ജീവിതചൈതന്യം അക്ഷരങ്ങളിലൂടെ അനുവാചകര്‍ക്ക് പകര്‍ന്നു നല്‍കിയവരാണ് (ഈ പട്ടികയില്‍ ഏതെങ്കിലും എഴുത്തുകാരുടെ പേരുകള്‍ വിട്ടുപോയിട്ടുണ്ടെങ്കില്‍ അതിനു കാരണം എന്റെ വായനാപരിമിതിയാണ്).
സ്ഥാപിത ചൈതന്യവും സിദ്ധിയുടെ സവിശേഷതകളും
സി. ഡോ. സൂസി കിണറ്റിങ്കല്‍ സി ടി സി എഴുതുന്നു: ഒരു വ്യക്തിക്ക് സഭയില്‍ ഒരു പ്രത്യേക ദൗത്യത്തിനായി പരിശുദ്ധാത്മാവിലൂടെ ലഭിക്കുന്ന സവിശേഷമായ ദൈവികദാനമാണ് ഒരു സന്യാസ സമൂഹത്തിന്റെ കാരിസം അഥവാ സിദ്ധി. ഓരോ സഭയുടെയും സിദ്ധിക്ക് അനുസൃതമായി ഒരു സമര്‍പ്പിതവ്യക്തി ദൈവത്തിനായുള്ള സമ്പൂര്‍ണ്ണ സമര്‍പ്പണത്തിലേക്ക് നയിക്കപ്പെടുന്നു. അതായത് എല്ലാ സിദ്ധിയും ത്രിത്വാത്മക സ്‌നേഹത്തിലേക്ക് നയിക്കപ്പെടുന്നു. പരിശുദ്ധാത്മാവിന്റെ സ്വരത്തിനു കാതോര്‍ക്കുന്ന സമര്‍പ്പിത ജീവിതമാണ് മദര്‍ ഏലീശ്വാ നയിച്ചുവന്നത് [ടി ഒ സി ഡി (സി ടി സി - സി എം സി) അടിസ്ഥാന ചരിത്രം പേജ് 116].
ഒരു പുതിയ ആത്മീയസമൂഹത്തിന്റെ ദൗത്യം ഏറ്റെടുത്തതോടെ സ്വജീവിതം യേശുനാഥന്‍ ആഹ്വാനം ചെയ്ത സ്‌നേഹസാക്ഷ്യത്തിലേക്ക് ഈ തപസ്വിനി ഉയര്‍ത്തി. ആത്മീയമായ ഈ സ്ഥൈര്യഭാവത്തിലേക്കുള്ള പ്രയാണത്തില്‍ മദര്‍ ഏലീശ്വായുടെ സഹോദരന്‍ ഫാ. ലൂയീസ് വൈപ്പിശ്ശേരിയുടെ സ്‌നേഹോപദേശങ്ങളും, കേരളത്തിലെ പ്രഥമ വനിതാ വിദ്യാലയത്തിന്റെ പ്രഥമ പ്രധാനാധ്യാപികയുമായ സി. ത്രേസ്യയുടെ സാമീപ്യവും സാന്നിധ്യവും ദൈവഹിതപ്രകാരമുള്ള ആ സമര്‍പ്പിത ജീവിതത്തിന്റെ ആത്മീയ ഭൂപടം വരച്ചിട്ടു.
ത്യജിക്കലിന്റെ ജീവിതവും സന്യാസവും
ത്യജിക്കലിന്റെയും ത്യാഗത്തിന്റെയും നൊമ്പരച്ചാലുകള്‍ തനിക്കു മുമ്പില്‍ രൂപപ്പെട്ടപ്പോഴും, മദര്‍ ഏലീശ്വായുടെ കണ്ണുകള്‍ ദൈവത്തെ മാത്രം തേടി. സ്വയം ശൂന്യവല്‍ക്കരണത്തിന്റെ ആത്മീയവഴികളില്‍ ത്യാഗത്തിന്റെയും എളിമപ്പെടലിന്റെയും രംഗങ്ങള്‍ ദൃശ്യമാണ്. അഹത്തെ ഉപേക്ഷിച്ച് അവിടെ യേശുവിനെ പ്രതിഷ്ഠിക്കുമ്പോള്‍ വിശുദ്ധ പൗലോസ് അപ്പസ്‌തോലന്റെ പ്രഖ്യാതമായ വാക്കുകള്‍ - ഇനി ഞാനല്ല യേശു ജീവിക്കുന്നു - എന്ന ദൈവവചനം സാര്‍ത്ഥകമാവുകയായിരുന്നു.
രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ സമര്‍പ്പിത ജീവിതം (Perfecte Caritatis) എന്ന ഡിക്രിയുടെ നിര്‍ദേശങ്ങള്‍ വര്‍ഷങ്ങള്‍ക്കു മുമ്പേ സ്വന്തം സന്യാസജീവിതത്തില്‍ മദര്‍ ഏലീശ്വാ എഴുതിച്ചേര്‍ത്തിരുന്നു. തിരുസഭയുടെ ജീവിതത്തില്‍ പങ്കുചേര്‍ന്നും സഭയോടൊത്തും മനുഷ്യനന്മയ്ക്കായി പ്രവര്‍ത്തിക്കുക, ആദ്ധ്യാത്മിക നവീകരണത്തിന് പ്രഥമസ്ഥാനം നല്‍കുക എന്നീ പ്രധാനപ്പെട്ട നിര്‍ദേശങ്ങള്‍ സ്വന്തം ജീവിതത്തില്‍ മാത്രമല്ല, സ്വന്തം സന്യാസിനീ സമൂഹത്തിനുള്ള നിര്‍ദേശങ്ങളില്‍ എഴുതിച്ചേര്‍ത്ത മദറിന്റെ പുസ്തകങ്ങളുടെ കൈയെഴുത്തുപ്രതികള്‍ (പ്രബോധനങ്ങള്‍, കുസുമവല്ലരികള്‍) ഇന്നും സി ടി സി സന്യാസിനീസമൂഹത്തിന്റെ ആര്‍ക്കൈവ്‌സില്‍ സൂക്ഷിച്ചിട്ടുണ്ട്.
ആശീര്‍വാദ സാന്നിധ്യങ്ങള്‍ ഒരുക്കിയ സന്യാസവഴികള്‍
ഫാ. ലിയോപോള്‍ഡ് ഒ സി ഡിയുടെ മാര്‍ഗനിര്‍ദേശങ്ങളും ആര്‍ച്ചുബിഷപ് ബര്‍ണര്‍ദീന്‍ ബച്ചിനെല്ലിയുടെ പ്രവാചകസദൃശമായ സാമൂഹിക നവോത്ഥാന ചിന്തകളും മദര്‍ ഏലീശ്വായുടെ മിഷണറി പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്നിരുന്നു. ശ്രേഷ്ഠ വൈദികരുടെ ഉപദേശങ്ങള്‍ സ്വീകരിച്ച് സ്വന്തം ജീവിതത്തെ കൂടുതല്‍ ക്രിസ്തുവിനോട് സാദൃശ്യപ്പെടുത്തിയതിന്റെ പ്രതീകാത്മകമായ തെളിവുകള്‍ മദറിന്റെ ആത്മഗതകുറിപ്പുകളിലുണ്ട്.
''എളിമയില്‍ നിനക്ക് ക്ഷമയുണ്ടാ കണം. സ്വര്‍ണ്ണത്തിന്റെ മാറ്റ് തെളിയി ക്കപ്പെടുന്നത് അഗ്നിയിലാണല്ലോ... ആകയാല്‍ ലോകത്തെ ഉപേക്ഷിച്ച് ഈശോമിശിഹായോട് ഐക്യപ്പെട്ടു കൊണ്ട് കര്‍ത്താവാണ് എന്റെ ഓഹരി എന്ന് പാടുക'' എന്നായിരുന്നു മദര്‍ ഏലീശ്വാ നവസന്യാസിനിമാര്‍ക്ക് നല്‍കിയിരുന്ന പ്രധാന ഉപദേശം. വെളിപാട് ഗ്രന്ഥത്തിലെ ദിവ്യകുഞ്ഞാടിനെ ധ്യാനിക്കാന്‍ മദര്‍ ഏലീശ്വാ ഏറെ ഇഷ്ടപ്പെട്ടിരുന്നു. ''ദിവ്യകുഞ്ഞാട് ഈ ഭൂമിയില്‍ ചരിച്ചത് സന്തോഷങ്ങളുടെയും ബഹുമാന ത്തിന്റെയും വഴിയിലല്ല, മറിച്ച് ദുഃഖങ്ങളുടെയും വ്യാകുലങ്ങളുടെയും നിന്ദാപമാനങ്ങളുടെയും വഴിയിലൂടെ യാണ്!'' (മദര്‍ ഏലീശ്വായുടെ കൈയെഴുത്തുപ്രതി, പേജ് 14).
ഓസ്ട്രിയന്‍ മനഃശാസ്ത്രജ്ഞനായ വിക്ടര്‍ ഫ്രാങ്ക്ല്‍ (Viktor Frankl - 1905-1997) ജീവിതത്തില്‍ മൂന്നുതരം മൂല്യങ്ങളുണ്ടെന്ന് പറയുന്നു. ഒന്ന്: അനുഭവാധിഷ്ഠിതമൂല്യങ്ങള്‍. ഇവ നമ്മുടെ ജീവിതത്തിലൂടെ നാം നേടിയെടുക്കുന്ന മൂല്യങ്ങളാണ്. രണ്ട്: സര്‍ഗാത്മകമായ മൂല്യങ്ങള്‍. നമ്മുടെ ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളിലൂടെ നേടിയെടുക്കുന്നവയാണവ. മൂന്ന് : ദര്‍ശനപരമായ മൂല്യങ്ങള്‍. പ്രതികൂല ജീവിതസാഹചര്യങ്ങളോടുള്ള നമ്മുടെ ഭാവാത്മകമായ പ്രതികരണങ്ങളിലൂടെ നാം സ്വായത്തമാക്കുന്നതോ ഉളവാക്കുന്നതോ ആയ മൂല്യങ്ങള്‍. ഒരര്‍ഥത്തില്‍, മദര്‍ ഏലീശ്വായുടെ ജീവിത നിമിഷങ്ങളില്‍ ഈ മൂല്യങ്ങളുടെ കനകക്കസവുകള്‍ കാണാന്‍ കഴിയും.
സാഹസികമായ ആ ഭൗമവിശ്വാസതീര്‍ഥാടനം 81 വര്‍ഷങ്ങള്‍ നീണ്ടു. ആ ജീവിതം സ്വര്‍ഗം പൂകിയിട്ട് 112 വര്‍ഷങ്ങള്‍ കഴിഞ്ഞു. ഇനി ആ സ്വര്‍ഗീയ സാന്നിധ്യത്തിന്റെ കര്‍ത്തൃസന്നിധിയിലുയരുന്ന ആഹ്ലാദഗീതങ്ങള്‍ക്ക് കാതോര്‍ക്കുക എന്നതു മാത്രമാണ് ഒരു വിശ്വാസിയെന്ന നിലയില്‍ നമുക്ക് ചെയ്യാന്‍ കഴിയുക. മദര്‍ ഏലീശ്വാ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക് ഉയര്‍ത്തപ്പെടുമ്പോള്‍ സന്യസ്ത ജീവിതത്തിലേക്ക് നവാഗതര്‍ക്ക് കടന്നുവരാന്‍ കഴിയുന്ന ജീവിതമാതൃകയുടെ ഒരു പ്രകാശപാത ഒരുക്കപ്പെടുകയാണ്. വിശ്വാസത്തോടെ ഒന്ന് കണ്ണടച്ച് പ്രാര്‍ഥിച്ചാല്‍ കേരളത്തിലെ സന്യസ്തരുടെ നിരയിലെ പ്രഥമ നാമധാരിയുടെ സ്മരണ നമ്മുടെ മനസ്സില്‍ നിറയും.