

കൊച്ചി: ജനസേവ തെരുവുനായ വിമുക്ത കേരള സംഘത്തിൻറെ ആഭിമുഖ്യത്തിൽ തെരുവ് നായയുടെ ആക്രമണത്തിന് ഇരയായവരുടെ സംസ്ഥാന സമ്മേളനവും പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചു. കേരളപ്പിറവി ദിനത്തിൽ എറണാകുളം വഞ്ചി സ്ക്വയറിലാണ് പരിപാടി സംഘടിപ്പിച്ചത്. തെരുവ് പട്ടിയുടെ ആക്രമണത്തിൽ ഉണ്ടായ പേവിഷബാധയെ തുടർന്ന് കഴിഞ്ഞ മെയ് മാസം ജീവൻ നഷ്ടപ്പെട്ട ഏഴ് വയസ്സുകാരി കൊല്ലം സ്വദേശിനിയായ നിയാ ഫൈസലിന്റെ മാതാവ് എൻ. ഹബീറ സംഗമം ഉദ്ഘാടനം ചെയ്തു.
എൻ്റെ പൊന്നുമോളെ എനിക്ക് നഷ്ടമായതുപോലെ ഇനി ആർക്കും സംഭവിക്കാതിരിക്കട്ടെ എന്ന അവരുടെ വിങ്ങിപ്പൊട്ടിയുള്ള പ്രാർത്ഥന ഏവരുടെയും മിഴികളെ ഈറനണിയിച്ചു.
തെരുവ് നായ വിമുക്ത കേരളസംഘം സംസ്ഥാന ചെയർമാൻ ജോസ് മാവേലി അധ്യക്ഷത വഹിച്ചു. ജനസേവ ശിശുഭവൻ പ്രസിഡൻ്റ് അഡ്വ. ചാർളി പോൾ മുഖ്യപ്രഭാഷണം നടത്തി.
വിവിധ സംഘടനകളുടെ പ്രതിനിധികളായ ബെന്നി ജോസഫ്, പി.എ. ഹംസകോയ, കുരുവിള മാത്യൂസ്, ജോണി ജേക്കബ്, സി. വൈ. മാത്യു, പി. എ. പോൾ, പി. എം. ഹസൈനാർ, ജയിനി ഏലിയാസ് ടീച്ചർ, എ.പി.ജി. നായർ, മേരി കോരത്, പി. കെ. മോഹനൻ, എ. ആർ. ഷൈൻ, തുടങ്ങിയവർ പ്രസംഗിച്ചു
തെരുവ് നായയുടെ ആക്രമണത്തിൽ പേവിഷബാധയേറ്റ് മരണപ്പെട്ടവരുടെ ബന്ധുക്കളും കടിയേറ്റവരും വാഹനാപകടത്തിലും മറ്റും പരിക്ക് പറ്റിയവരും അടക്കം നിരവധി പേർ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സമ്മേളനത്തിൽ പങ്കെടുത്തു.
സമരവേദിയിൽ തെരുവുനായ വിമുക്ത സന്ദേശവുമായി വടുതല സാരംഗി ഡാൻസ് ഗ്രൂപ്പിൻ്റെ കൈകൊട്ടിക്കളിയും തെരുവുനാടകവും നടന്നു