കാഴ്ചപ്പാടുകള്‍

ഒരു ‘കൈ’ സഹായം പ്രതീക്ഷിച്ച് കാർഷിക കേരളം!

ആന്റണി ചടയംമുറി
കർഷകരെ കഴിയാവുന്നത്ര കരുതലോടെ ചേർത്തുപിടിക്കാൻ പുതിയ സർക്കാർ ശ്രമിക്കുന്നുണ്ട്. രാഷ്ട്രീയവൈരം മൂലം കർഷകരുടെ കണ്ണീരൊപ്പുന്ന ‘കൈ’കളെ പ്രതിപക്ഷം കാണാതെ പോകരുത്.

കാർഷിക കേരളം പ്രതീക്ഷയിലാണ്. പുതിയ ഭരണകൂടം അവരുടെ സങ്കടവേനലിന് തണൽ ഒരുക്കിത്തുടങ്ങി - സർക്കാരിന്റെ സാന്ത്വനവും സഹായവും കർഷകരിലേക്ക് എത്തേണ്ടത് ഉദ്യോഗസ്ഥരിലൂടെയാണ്. പക്ഷേ അവരിൽ ചിലരെങ്കിലും പുൽത്തൊട്ടിയിൽ ചീറിക്കിടക്കുന്ന ശ്വാനന്മാരാണെന്നാണ് ജനസംസാരം.

ഒരിക്കൽ സാഹിത്യകാരനായ സക്കറിയ തൃശ്ശൂരിലെ കാർഷിക സർവകലാശാലയെക്കുറിച്ച് മനോരമയിൽ എഴുതിയ ഒരു ലേഖനത്തിലെ പരാമർശം ഓർമ്മയിലുണ്ട്. ജനങ്ങൾക്കുവേണ്ടി കാർഷിക വാഴ്സിറ്റി വളപ്പിൽ ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച ഒരു പാർക്കിലേക്ക് സന്ദർശക പാസ് അച്ചടിക്കുന്നതിനെ ചൊല്ലി രണ്ട് ഉദ്യോഗസ്ഥ ഏമാൻമാർ തമ്മിലുണ്ടായ തർക്കമായിരുന്നു സക്കറിയ ലേഖനത്തിൽ ചൂണ്ടിക്കാട്ടിയത്. പാസ് ആര് അച്ചടിക്കുമെന്ന അധികാരത്തർക്കം മൂലം ആ പാർക്ക് ഇപ്പോഴും തുറന്നിട്ടില്ല. ഇപ്പോൾ പാർക്ക് ഫോറസ്റ്റായെന്ന് ചുരുക്കം. കേരളത്തിലെ തലയെടുപ്പുള്ള സക്കറിയ എന്ന എഴുത്തുകാരന്റെ ആ വിമർശനം ‘ചിഹ്നത്തിൽതന്നെ അരിവാളും നെല്ക്കതിരുമുള്ള പാർട്ടി’യുടെ കൃഷിമന്ത്രി അന്ന് കേട്ട മട്ട് നടിച്ചില്ല.

കഴിഞ്ഞ വിളവെടുപ്പ് കാലത്ത് നെൽസംഭരണത്തിന്റെ മേൽനോട്ടം വഹിക്കാനെത്തിയ കൃഷിവകുപ്പിലെ ഒരു ഉദ്യോഗസ്ഥയുടെ ധാർഷ്ട്യം അന്ന് ചാനലുകളിൽ വന്നിരുന്നു. ഭാര്യയുടെ കെട്ടുതാലിവരെ പണയം വച്ച് മലയാളിയെ ഊട്ടാനുള്ള നെല്ല് വിളയിക്കുന്ന കർഷകർക്കു മുമ്പിൽ ആ വനിതാ ഉദ്യോഗസ്ഥയുടെ ശരീരഭാഷ കർഷകനെ ഒരു ഭരണകൂടം നൽകേണ്ട ആദരവിന്റെ മറുപുറത്തെ കുത്തിക്കുറിപ്പായി ഇന്നും നമ്മുടെ ഓർമ്മയിലുണ്ട്.

  • ഉളുപ്പുണ്ടോ നേതാവേ ഇങ്ങനെ പറയാൻ?

കർഷകർക്കുവേണ്ടി ഇപ്പോൾ ചില പ്രതിപക്ഷ നേതാക്കൾ മുതലക്കണ്ണീരൊഴുക്കുന്നു എന്ന് പോലും എഴുതാൻ ഇന്ന് ഭയമാണ്. കാരണം മുതലകൾക്കുമുണ്ടാകുമല്ലോ യൂണിയനുകൾ. ആ സംഘടിത ശക്തി മാനനഷ്ട കേസ് കൊടുത്താൽ കുടുങ്ങിപ്പോവില്ലേ നമ്മൾ?

കർഷകർക്ക് 5000 രൂപ പ്രതിമാസ പെൻഷൻ നൽകുമെന്ന് 2020-ൽ അന്നത്തെ ഇടതു സർക്കാർ പ്രഖ്യാപിച്ചിരുന്നു. കേരള കർഷക ക്ഷേമനിധി ബോർഡ് എന്ന പേരിൽ സർക്കാർ ഒരു സംരംഭവും ഓഫീസും തുറന്നു. ബോർഡിന് ചെയർമാൻ, ബോർഡംഗങ്ങൾ, ചെയർമാന് സർക്കാർ കാറും ഡ്രൈവറുമെല്ലാം പിന്നാലെ ‘പാർട്ടി ചാനലി’ലൂടെ ഒരുങ്ങി. അംശാദായമായി കർഷകരിൽ നിന്ന് അഞ്ചു കോടി രൂപയും പിരിച്ചു. പക്ഷേ കർഷകന് പെൻഷൻ മാത്രം നൽകാൻ കഴിഞ്ഞ അഞ്ചുവർഷം ഭരിച്ചിട്ടും പിണറായി സർക്കാരിന് കഴിഞ്ഞില്ല.

2015-ലെ കൃഷി നാശത്തിന്റെ നഷ്ടപരിഹാരമോ, വേനൽക്കാലത്ത് വിളകൾ നശിച്ചവർക്കായി 14 ജില്ലകൾക്ക് ഓരോ കോടി രൂപ വീതം അനുവദിച്ച പണമോ മുൻ സർക്കാർ നൽകിയതേയില്ല. കൃഷിനാശം സംഭവിച്ചവർക്കായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ചെലവഴിച്ച 2500 കോടി രൂപയും പദ്ധതി വിഹിതമായി ധനവകുപ്പ് ‘പറ്റ് പുസ്തക’ത്തിൽ എഴുതി വച്ചതല്ലാതെ ആ പണം ഇപ്പോഴും അവർക്ക് ലഭിച്ചിട്ടില്ല. സർക്കാരിന്റെ ഔദ്യോഗിക രേഖയിൽ അന്നത്തെ ഭരണകൂടം കർഷകർക്കുണ്ടായ നഷ്ടം കൃത്യമായി എഴുതി വച്ചിട്ടുണ്ട്. 2026 ഏപ്രിൽ 24-ലെ മാധ്യമ വാർത്തകൾ പ്രകാരം മൂന്നു മാസത്തിനിടയിൽ ഉണ്ടായ പേമാരിയിൽ 17 കോടി രൂപയുടെ കൃഷി നശിച്ചതായും, ഹെക്ടർ കണക്കനുസരിച്ച് കൃഷിഭൂമിയുടെ വിസ്തീർണ്ണം 339.3 ആണെന്നും അതേ റിപ്പോർട്ടിലുണ്ട്. ഈ കണക്കിൽ തന്നെ വരൾച്ച മൂലമുണ്ടായ കെടുതികളും എഴുതിവച്ചിട്ടുണ്ട്. 292.4 ഹെക്ടറിലെ കൃഷി നശിച്ചതു മൂലം 10.9 കോടി രൂപയുടെ നഷ്ടമുണ്ടായത്രെ. സൂര്യന്റെ വക പണിയും കർഷകന് അന്ന് കിട്ടിയിരുന്നു. സൂര്യാതപത്തിൽ 42.64 ഹെക്ടറിലെയും ഉഷ്ണതരംഗത്തിൽ 4.28 ഹെക്ടറിലെയും കൃഷി നശിച്ചു. 2026 ജനുവരി ഒന്നു മുതൽ 22 വരെയുള്ള ദിവസങ്ങളിലെ ഈ കണക്കെടുപ്പിന്റെ താളുകളിൽ 2804 കർഷകരുടെ കണ്ണീർ നനവുണ്ട്. ഈ കർഷക ദുരിതങ്ങളോടുള്ള മുൻ സർക്കാരിന്റെ സമീപനമെന്തായിരുന്നു?

  • പുരസ്കാരത്തോടൊപ്പം റീത്തും ഫ്രീയോ?

മുൻ സർക്കാരിന്റെ കാലത്ത് 2026 ഫെബ്രുവരി 13-ന് ഒരു കർഷക ആത്മഹത്യയുടെ വാർത്തയുണ്ടായിരുന്നു. സർക്കാരിന്റെ 2016-17 ലെ ഏറ്റവും നല്ല പച്ചക്കറി കർഷകനുള്ള പുരസ്കാരം ലഭിച്ച കണ്ണൂർ ജില്ലയിലെ ചെറുപുഴ അമ്പാട്ട് ഏലിയാസ് എന്ന 62 കാരനായിരുന്നു അന്ന് മരിച്ചത്. കൃഷിവകുപ്പിൽ നിന്ന് ലഭിക്കാനുണ്ടായിരുന്ന 1,12,000 രൂപ വൈകിയതായിരുന്നു ആത്മഹത്യയ്ക്കുള്ള കാരണം. കർഷകൻ മരിച്ചതിന്റെ പിറ്റേദിവസം 1,03,000 രൂപ ഏലിയാസിന്റെ ബാങ്കിൽ നിക്ഷേപിച്ച് ഉദ്യോഗസ്ഥർ തലയൂരി. പച്ചക്കറി നടത്താനായി ഏലിയാസ് 40 ലക്ഷത്തോളം രൂപ കടമെടുത്തിട്ടുണ്ടായിരുന്നു വെന്ന ‘ന്യായീകരണ കുറിപ്പ്’ സോഷ്യൽ മീഡിയയിൽ രണ്ട് ദിവസം കഴിഞ്ഞപ്പോൾ കണ്ടു. ഒരു മന്ത്രിയും ഒരു സെലിബ്രിറ്റിയും ആ വീട് തേടിപ്പോയില്ല. ഇടത് സർക്കാരിന്റെ പൊലീസ് ആചാരവെടിയുതിർത്തതുമില്ല. ആരോ കൊണ്ടുവച്ച കൃഷിവകുപ്പിലെ ഒരു പ്രാദേശിക ഉദ്യോഗസ്ഥന്റെ റീത്ത് മാത്രമാണ് അന്ന് മൃതദേഹത്തിനുമുകളിൽ കണ്ടത്. പാലക്കാട്ടും മറ്റുമുണ്ടായ നെൽ കർഷകരുടെ ആത്മഹത്യയും എന്തുകൊണ്ടോ ചാനലുകൾ ആഘോഷിച്ചില്ല. കർഷകരോട് പൊതുസമൂഹത്തിന് ഉണ്ടായിരിക്കേണ്ട ബഹുമാനമോ ഹൃദയൈക്യമോ ഊട്ടി വളർത്തുന്നതിൽ പലപ്പോഴും മാധ്യമങ്ങൾ ഉത്സാഹം കാണിക്കാറുമില്ല. കാർഷികമേഖലയെക്കുറിച്ച് 2026 ആഗസ്റ്റ് 16 മുതൽ 21 വരെ മനോരമ പ്രസിദ്ധീകരിച്ച പരമ്പര ഏതായാലും അഭിനന്ദനമർഹിക്കുന്നുണ്ട്.

  • വിപണിയിൽ ഇടപെട്ടോ, ഇടങ്കോലിട്ടോ?

മുൻമുഖ്യൻ തൃശ്ശൂരിൽ കഴിഞ്ഞയാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ തന്റെ ഭരണകാലത്ത് ഹോർട്ടികൾച്ചർ കോർപ്പറേഷൻ വഴി കാർഷിക വിഭവങ്ങൾ ശേഖരിച്ചുവെന്നും ഇത്തവണ അതുണ്ടായില്ലെന്നും സർക്കാരിനെ കുറ്റപ്പെടുത്തുമ്പോൾ അതേ പ്രസ്ഥാനത്തിന് ഈ ‘കാരണഭൂതൻ’ വരുത്തിവച്ച കുടിശ്ശികയെപ്പറ്റി ആരുമൊന്നും പറയാത്തതെന്ത്? ഉല്പന്നങ്ങൾക്കുള്ള വിലയായി മുൻസർക്കാർ കർഷകർക്ക് കുടിശ്ശിക വരുത്തിയത് 2.73 കോടി രൂപയാണ്. പച്ചക്കറി വ്യാപാരികൾക്ക് 3.93 കോടിയായിരുന്നു കുടിശ്ശിക. രണ്ടും പുതിയ സർക്കാർ ഇതിനകം കൊടുത്തുതീർത്തു കഴിഞ്ഞു.

അട്ടപ്പാടിയിലെ ഒരു ആദിവാസി വനിതയുടെ വാഴക്കുലകൾ ഈ സർക്കാർ വാങ്ങിയിട്ട് വില നൽകിയില്ലെന്ന വാർത്ത വന്നു. 2.93 ലക്ഷം രൂപയായിരുന്നു നല്കേണ്ടിയിരുന്നത്. ഏതായാലും കൃഷിമന്ത്രി ടി. സിദ്ദിഖ് ഇടപെട്ട് ആ തുക കഴിഞ്ഞദിവസം നല്കി. കർഷക ക്ഷേമത്തിന് കഴിയാവുന്ന വിധം തടയണ തീർക്കുകയും, സ്വന്തം കീശ നിറയ്ക്കുവാൻ എല്ലാ അടവുകളും പയറ്റുകയും ചെയ്യുന്ന കൃഷിവകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ ‘നെറ്റ് വർക്ക്’ പൊളിച്ചടുക്കാൻ സർക്കാർ ശ്രദ്ധിച്ചേ പറ്റൂ. നെൽക്കർഷകർക്ക് പഴയ സർക്കാർ നല്കാനുണ്ടായിരുന്ന 104 കോടിയും 150 കോടിയും ഓണത്തിനു മുമ്പ് തന്നെ വിതരണം ചെയ്യാൻ പുതിയ ഭരണകൂടം ശ്രമിക്കുന്നുണ്ട്. 2017-18 മുതൽ നെല്ല് സംഭരിച്ച വകയിൽ കേന്ദ്രം സപ്ലൈകോയ്ക്ക് കുടിശ്ശികയാക്കിയിട്ടുള്ളത് 1343.53 കോടി രൂപയാണെന്ന കാര്യം കൂടി ഇവിടെ ഓർമ്മിക്കേണ്ടതുണ്ട്. കേന്ദ്രം നൽകാനുള്ള തുക ലഭിക്കാത്തതിന്റെ കാരണം 2022-23 മുതലുള്ള സപ്ലൈകോയുടെ കണക്കുകൾ ഓഡിറ്റ് ചെയ്യാത്തതാണെന്ന് പറയുന്നുണ്ട്. ഈ ഓണം സപ്ലൈകോയും കൺസ്യൂമർഫെഡും കുശാലാക്കിയിട്ടുണ്ട്. കൺസ്യൂമർഫെഡ് ഓണവിപണിയിൽ ഇടപെടാൻ സർക്കാരിനോട് ചോദിച്ച 25 കോടി രൂപയും അവർക്ക് നൽകിയെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞതും കേരള ജനത കേട്ടു.

  • വല്ലാർപാടം: ആരും നന്ദി പറഞ്ഞില്ലല്ലോ?

വരാപ്പുഴ അതിരൂപത ആർച്ചുബിഷപ് മോസ്റ്റ് റവ. ഡോ. ജോസഫ് കളത്തിപ്പറമ്പിൽ വല്ലാർപാടം പദ്ധതിക്കുവേണ്ടി മൂലമ്പിള്ളിയിൽ നിന്ന് കുടിയൊഴിപ്പിച്ചവരുടെ പ്രശ്നം മനുഷ്യത്വപരമായി പരിഹരിക്കണമെന്ന് മുൻ മുഖ്യമന്ത്രിക്ക് കത്തയച്ചത് ഓർമിക്കുന്നു. എറണാകുളം-അങ്കമാലി സഹായമെത്രാനായിരുന്ന ബിഷപ്പ് മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് മൂലമ്പിള്ളിയില്‍ നിന്ന് കുടിയിറക്കിയവരോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് പരസ്യമായി രംഗത്തെത്തിയതും പത്രനാൾവഴികളിലുണ്ട്.

കുടിയിറക്കിയവരെ പുനഃരധിവസിപ്പിക്കാൻ ചില റവന്യൂ ഉദ്യോഗസ്ഥർ കണ്ടെത്തിയ ചതുപ്പും മറ്റുമായ പ്രദേശം മണ്ണിട്ട് നികത്താനും, അവിടെ താമസയോഗ്യമായ വീടുകൾ നിർമ്മിക്കാനും പുതിയ സർക്കാർ തീരുമാനമെടുത്തു കഴിഞ്ഞു. നമ്മുടെ മാധ്യമങ്ങൾ ചിലപ്പോഴെങ്കിലും ദോഷൈകദൃക്കുകളാകാറുണ്ട്. പുതിയ സർക്കാർ ചെയ്യുന്ന ‘നല്ല കാര്യങ്ങൾ’ ജനശ്രദ്ധ കിട്ടുന്ന വിധം ഒന്നുകൂടി പൊലിപ്പിച്ചു നൽകിക്കൂടേ?

സർക്കാരിന് എത്ര ഭൂമിയുണ്ടെന്നോ ജീവനക്കാരുണ്ടെന്നോ അറിയില്ലെന്നും, സർക്കാർ പദ്ധതികളുടെ നിർമ്മാണത്തിന്റെ പുരോഗതിയോ സ്തംഭനാവ സ്ഥയോ സെക്രട്ടറിയേറ്റിൽ എത്താറില്ലെന്നും ഇതേ പ്രസിദ്ധീകരണത്തിൽ ഈ ലേഖകൻ എഴുതിയിരുന്നു. ഡിജിറ്റലായി വളരെയെളുപ്പം ശേഖരിക്കാവുന്ന അടിസ്ഥാന വിവരങ്ങൾ രേഖപ്പെടുത്താനും, സർക്കാരിന്റെ പദ്ധതികളുടെ തൽസ്ഥിതി റിപ്പോർട്ട് പ്രൊജക്റ്റ് റിപ്പോർട്ടായി ഓരോ വകുപ്പു കളും ശേഖരിക്കുമെന്നും കഴിഞ്ഞ മാസത്തെ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി വി. ഡി. സതീശൻ പ്രഖ്യാപി ക്കുകയുണ്ടായി. സുപ്രധാനമായ ആ സർക്കാർ തീരുമാനങ്ങൾ മലയാളത്തിലെ ‘നമ്പർ വൺ’ പത്രം പോലും വിഴുങ്ങുകയാണു ണ്ടായത്. ആരെയും വിമർശിക്കാ മെങ്കിലും, ഒരു സർക്കാർ ജനക്ഷേമകരമായ പദ്ധതികൾ പ്രഖ്യാപിക്കുമ്പോഴും, ജനങ്ങൾക്ക് മുമ്പിൽ സുതാര്യമായ ഭരണം കാഴ്ചവയ്ക്കാൻ ശ്രമിക്കുമ്പോഴും ഒന്ന് ‘കൈ’യടിച്ചു കൂടെ? അറിയാതെ ‘കൈ’ എന്ന് പറഞ്ഞു പോയതാണ്. സോറി. എന്തെങ്കിലും അടിച്ചാൽ മതിയെന്നേയ്!

ഇലഞ്ഞിപ്പൂ മണമുള്ള വീട്

വചനമനസ്‌കാരം: No.231

മാംസത്തിനുള്ളിലെ ഞാൻ

വിത്ത്

സമാധാനസ്ഥാപനത്തിനായി നയതന്ത്രവും ചര്‍ച്ചകളും: ആർച്ചുബിഷപ് ഗാല്ലഗര്‍ മോസ്‌കോയിലേക്ക്