ഇലഞ്ഞിപ്പൂ മണമുള്ള വീട്

A house with the scent of jasmine - elanjipoo manamulla veedu
Published on

അമ്മ മരിച്ച്, ഒരാണ്ട് തികയും മുന്നേ അച്ഛൻ വേറെ ഒരു പെൺകുട്ടിയുമായി വീട്ടിലേക്ക് വന്നതിൽ വലിയ അതിശയം ഒന്നും എനിക്ക് തോന്നിയില്ല.

ചെരുപ്പിടാതെ തഴമ്പിച്ച അയാളുടെ കാൽപാദം മുറ്റത്തെ മണൽത്തരികളെ ഞെരിച്ച് അടുത്തേക്ക് വന്നപ്പോഴേ എന്റെ ഹൃദയമിടിപ്പ് കൂടി തുടങ്ങിയിരുന്നു.

അയാളുടെ മുഖത്തേക്ക് നോക്കാൻ അശേഷം ആഗ്രഹം ഇല്ലാത്തതുകൊണ്ടാവണം എന്റെ തല താണു തന്നെയിരുന്നു. കൂടെ നിൽക്കുന്നവളുടെ നിഴൽ അയാളുടെ പിന്നിലേക്ക് നീങ്ങുന്നത് ഞാനറിഞ്ഞു.

ആരുമാരും മിണ്ടാതെയുള്ള കുറച്ച് നിമിഷങ്ങൾക്കൊടുവിൽ ഞാൻ അകത്തെ മുറിയിലേക്ക് ഓടി വാതിലടച്ചു കണ്ണുകൾ ഇറുകിയടച്ച് ചുവരിൽ ചാരി നിന്നു. ഇറ്റുവീഴാൻ ഒരുങ്ങിയ കണ്ണുനീർത്തുള്ളികൾ കൺപീലിയാൽ തടഞ്ഞു നിർത്തി ശീലമായിരിക്കുന്നു.

അമ്മ അകത്തുണ്ട്. കേട്ടു തഴങ്ങിയ ഒരു പാട്ടിന്റെ വരികൾ നേർത്ത് നേർത്തങ്ങനെ കേൾക്കുന്നുണ്ട്. ഊണ് ഒരുക്കലിനിടയിൽ അമ്മ മൂളുന്ന പതിവ് പാട്ടുകൾ. കുഞ്ഞൻ എവിടെയെന്ന് ചോദിച്ച് അടുത്തേക്ക് വരുന്ന അമ്മയുടെ സാരി ഞൊറിവുകൾ ഉലയുന്ന കുഞ്ഞൊച്ചകൾ. ഇവിടെ നിൽക്കയാണോ എന്ന് ചോദിച്ച് എന്നെ വന്ന് പൊതിഞ്ഞു പിടിക്കുന്ന അമ്മയുടെ ശരീരത്തിന് ഇലഞ്ഞിപ്പൂക്കളുടെ മണം. നെറ്റിയിൽ തന്ന ഉമ്മയ്ക്ക് അമ്മച്ചൂടിന്റെ സുഖം. കണ്ണുതുറക്കാൻ തോന്നിയില്ല. കണ്ണുതുറന്നാലാണ് ഞാൻ ഇരുട്ടിലാവുന്നതെന്ന് അമ്മ പോയപ്പോഴാണ് മനസ്സിലായത്.

പുതിയ ഒരാൾ വന്നതിന്റെ യാതൊരു ലക്ഷണങ്ങളും ഇല്ലാതെ ദിവസങ്ങൾ കൊഴിഞ്ഞു വീണുകൊണ്ടിരുന്നു. അമ്മയ്ക്ക് പകരം വന്നവളുടെ പേര് പോലും അറിയില്ല. ഒന്നും വിളിച്ചില്ല. ഒന്നും പറഞ്ഞില്ല. ആരുമാരും മിണ്ടി കേൾക്കാത്ത ഒരു വീട്.

ചോദിക്കാതെ ചോറ്റു പാത്രത്തിൽ ചോറും രുചിയുള്ള കറികളും ഒരുക്കി ബാഗിനടുത്തേക്ക് വെച്ച് മുഖം തരാതെ മാറിക്കളയുന്നവളുടെ കണ്ണിൽ എന്നും ഒരു നീർത്തിളക്കം ഉണ്ടായിരുന്നത് പലപ്പോഴും എന്നെ അസ്വസ്ഥതപ്പെടുത്തിയിരുന്നു.

ഏതോ പാവപ്പെട്ട വീട്ടിലെ 9 മക്കളിൽ ഒരുവൾ ആണെന്ന് ബന്ധുക്കൾ ആരോ പറയുന്നത് കേട്ടു. ഗതികേടിന്റെ പുറത്ത് ഇയാളുടെ കൂടെ പറഞ്ഞയച്ചതാണെന്ന്. പക്ഷേ അവർ എന്റെ അമ്മയ്ക്ക് പകരമാവാൻ എന്റെ മനസ്സിനെ ഞാൻ അനുവദിച്ചില്ല.

ദിവസങ്ങളും മാസങ്ങളും മാറ്റങ്ങൾ ഇല്ലാതെ കടന്നുപോയി. മീശ മുളച്ചിട്ടും അപ്പന്റെ തുരുമ്പിച്ച സൈക്കിളിന്റെ കറ കറ ശബ്ദം തരുന്ന ഞെട്ടലിൽ നിന്ന് ഞാൻ ഇപ്പോഴും മോചിതൻ അല്ല. അപ്പന്റെ കോലാഹലങ്ങൾ ഈയിടെയായി കൂടി വരുന്നുണ്ട്. അടക്കിപ്പിടിച്ച കരച്ചിലുകൾ കേട്ട് തുടങ്ങുമ്പോഴേക്കും ഞാൻ പുറത്തേക്ക് ഇറങ്ങും. കാവിനപ്പുറത്ത് ആരും കാണാത്ത ഒരിടത്തേക്ക് ഞാൻ ഒതുങ്ങും. പാട വരമ്പിലൂടെ അവസാന തിരിവെട്ടവും കടന്നിട്ടെ ഞാൻ വീടെത്തു.

അപ്പോഴേക്കും അയാളുടെ കൂർക്കം വലി കേട്ട് തുടങ്ങിയിരിക്കും. ദേഹവും മനസ്സും നീറി ഒരു പെണ്ണ് അകത്ത് എവിടെയോ ചുരുണ്ട് കിടപ്പുണ്ടാവുമെന്നറിയാം.

കുറച്ചു ദിവസങ്ങളായി കണ്ണടയ്ക്കുമ്പോഴൊന്നും എന്റെ അമ്മ അടുത്തു വരാറില്ല. അപ്പന്റെ അടിയും ചവിട്ടു മേറ്റ് ചുമച്ച് ചുമച്ച് ഒരു ദിവസം ഒടുങ്ങി പോയവളുടെ കണ്ണുനീരാണ് കുറച്ചു ദിവസങ്ങളായി വല്ലാതെ എന്നെ വലയ്ക്കുന്നത്.

എങ്ങനെയൊക്കെയോ പലരുടെയും സഹായത്താൽ കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കിയപ്പോഴും ഒറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ. നാടുവിട്ട് എങ്ങോട്ടെങ്കിലും പോകണം. ആരും അറിയാത്ത നാട്ടിൽ പോയി സന്തോഷമായി ജീവിക്കണം. ഉറക്കെ സംസാരിക്കണം. ഉറക്കെ ചിരിക്കണം. ഈ കനൽ ചൂടിൽ നിന്ന് ഒരു മോചനം വേണം.

ആഗ്രഹങ്ങൾ ഏറെക്കുറെ സാധിച്ചു. ഒരു സുഹൃത്തിന്റെ സഹായത്താൽ ദൂരെ ഒരു നാട്ടിലേക്ക് ജോലി തരപ്പെടുത്തി. യാത്ര പറച്ചിൽ ഒന്നുമില്ലാതെ വീട്ടിൽനിന്ന് ഇറങ്ങാൻ ആഗ്രഹിച്ചെങ്കിലും വാതിലിന് മറവിൽ നിന്ന ശോഷിച്ച ശരീരത്തിലേക്ക് കണ്ണൊന്നു പാളി. ഒന്നും മിണ്ടിയില്ല. അവരുടെ കണ്ണിലെ നീർ തിളക്കത്തിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നോ? അനുഗ്രഹത്തിന്റെ ഭാഷയായിരുന്നോ? അറിയില്ല.

പക്ഷേ പടിയിറങ്ങുമ്പോഴും വിലപ്പെട്ടതെന്തോ വിട്ടുകളഞ്ഞത് പോലെ മനസ്സിടറുന്നുണ്ടായിരുന്നു. വേറെ നാട്, പലതരത്തിലുള്ള മനുഷ്യർ, കാണാത്ത കാഴ്ചകൾ, ജോലിത്തിരക്ക് അങ്ങനെ ജീവിതം പുതിയ ദിശയിലേക്ക് ഒഴുകി തുടങ്ങിയെങ്കിലും ഇടയ്ക്കൊക്കെ ശബ്ദമില്ലാതെ കരയാൻ വെമ്പുന്നവളുടെ തേങ്ങലൊച്ചകൾ എന്നെ അലോസരപ്പെടുത്തി കൊണ്ടേയിരുന്നു. വീട് വിട്ട് ഇറങ്ങുമ്പോൾ അവളുടെ മുഖത്ത് കണ്ട വേദനയും കണ്ണീർത്തിളക്കവും മാസങ്ങൾക്കിപ്പുറവും വേട്ടയാടുന്നു.

ഒരിക്കൽ കൂടി നാട്ടിലേക്ക് ഒരു യാത്ര ആഗ്രഹിച്ചിരുന്നില്ല. ഒരിക്കലും തിരിച്ചു വരരുതെന്ന് ആഗ്രഹിച്ച് പടിയിറങ്ങിയ വീട്ടിലേക്ക് അടുക്കുംതോറും ഒരു വല്ലാത്ത അസ്വസ്ഥത പൊതിയുന്നതുപോലെ. പടിപ്പുര വാതിലിൽ ഇലകൾക്ക് മേലെ ഇലകൾ വീണു കിടക്കുന്നു. മുറ്റത്തെ കൂറ്റൻ അശോകമരം പൂത്ത് നിറഞ്ഞുനിൽക്കുന്നു. അശോകം ശോകം ഇല്ലാതാക്കും എന്ന് ആരോ പണ്ട് പറഞ്ഞത് ഓർത്തു. ഒരിക്കലും ശോകം ഒഴിയാത്ത വീട്ടിലേക്ക് കാലു വച്ചപ്പോൾ ഒരു ഭയം വന്നു മൂടി.

മുറ്റം നിറയെ ഇലകൾ.വാടിവീണ ചെമ്പരത്തിപ്പൂക്കൾ മണ്ണിൽ അഴുകി കിടക്കുന്നു. അപ്പന്റെ സൈക്കിൾ കണ്ടില്ല. അയാൾ ഇവിടെ ഇല്ലെന്ന് സാരം.

ചാരി ഇട്ടിരുന്ന വാതിൽ പാളി തുറന്ന് അകത്തേക്ക് കയറുമ്പോൾ ഹൃദയം വല്ലാതെ മിടിച്ചു.

എന്തു വിളിക്കും,

ഇതുവരെ സംസാരിച്ചിട്ടില്ല.

ഒന്നും വിളിച്ചിട്ടുമില്ല.

ഒരുപാട് വിളമ്പി തന്നവൾ, എനിക്കിഷ്ടമുള്ള ഭക്ഷണം എന്തെന്ന് ഞാൻ പറയാതെ അറിഞ്ഞവൾ, അത് ഉണ്ടാക്കിത്തന്നവൾ, പുതിയ നഗരത്തിൽ എത്തിയപ്പോൾ ഡ്രസ്സിന്റെ മടക്കിൽ അവൾ ഒളിപ്പിച്ചുവെച്ചിരുന്ന നൂറിന്റെ അഞ്ചു നോട്ടുകൾ,

അവരെയാണ് ഞാൻ എന്തു വിളിക്കും എന്നറിയാതെ അന്തിച്ചു നിൽക്കുന്നത്.

അകത്തുനിന്ന് ചെറിയൊരു അനക്കം കേട്ടതുപോലെ. പതറി പതറി ഒരു നിഴലനക്കം അടുത്തേക്ക് വന്നു. വല്ലാതെ ക്ഷീണിച്ചു ഒരു രോഗിയെ പോലെ അവർ. അടികൊണ്ട് കവിളിൽ നീലിച്ച പാടുകൾ. നിർത്താതെ ചുമച്ചുകൊണ്ട് അവർ അടുത്തേക്ക് വരുമ്പോൾ ഞാൻ ഉറക്കെ കരയാൻ കൊതിച്ചു.

എന്തെങ്കിലും സംസാരിച്ചാൽ നിലവിളിച്ചു പോകും എന്ന് ഭയന്നിട്ടാവണം അവരും ഒന്നും മിണ്ടിയില്ല.

ഒടുവിൽ ആയാസപ്പെട്ട് ഞാൻ ചോദിച്ചു എന്താണ് ഇങ്ങനെ?

അവർ ഒന്നും മിണ്ടിയില്ല. അകത്തേക്ക് പോയി എനിക്ക് ഏറെ ഇഷ്ടമുള്ള സംഭാരവുമായി വന്നു. എന്റെ അമ്മയുടെ വെളുത്ത കൈ തണ്ടയിലുണ്ടായിരുന്ന പൊള്ളിയ പാടുകൾ ഇന്ന് അവരുടെ കൈകളിലും. എനിക്ക് ശ്വാസം മുട്ടുന്നത് പോലെ തോന്നി.

“വീണ്ടും ഇങ്ങോട്ട് വരും എന്ന് കരുതിയില്ല” അവരുടെ ക്ഷീണിച്ച ശബ്ദത്തിൽ അത് കേൾക്കുമ്പോൾ എന്റെ ശരീരം വിറയ്ക്കുന്നുണ്ടായിരുന്നു.

“അവിടെ നിനക്ക് സുഖമാണോ “എന്ന് ചോദിക്കുമ്പോഴേക്കും ഞാൻ ഉറക്കെ കരഞ്ഞു.

സുഖമാണ്. എനിക്കവിടെ സുഖമാണ്. എനിക്ക് എല്ലാം ഉണ്ട്. പക്ഷേ എനിക്കൊരു കുറവുണ്ട്. എനിക്കൊരു അമ്മയുടെ കുറവുണ്ട്.

ആ കുറവ് നികത്താതെ എനിക്ക് അവിടെ ജീവിക്കാൻ ആകില്ല. അതിനാണ് ഞാൻ വന്നത്. എന്റെ കൂടെ വരണം. എന്റെ അമ്മയായി എന്റെ കൂടെ എന്നും ഉണ്ടാവണം. ഞാനാ കൈകൾ ചേർത്തുപിടിച്ചപ്പോൾ അവർ പൊട്ടിക്കരഞ്ഞു. അമ്മേ എന്ന് ഞാൻ ഉറക്കെ വിളിച്ചു .

അമ്മ എന്ന വാക്കിൽ അവർ ആടിയുലഞ്ഞത് പോലെ എന്നെ ഇറുകെ പുണർന്നു.

മടക്കയാത്രയിൽ എന്നോട് ചേർന്നിരിക്കുന്ന അമ്മ മുഖത്തിന് നിറനിലാവിന്റെ ശോഭ. പുറം കാഴ്ചകളിലേക്ക് കണ്ണെറിഞ്ഞ് ശാന്തമായി പുഞ്ചിരിക്കുന്നവളുടെ കൈകളിൽ ഞാൻ എന്റെ കൈകോർത്തിരുന്നു കണ്ണടച്ചു.

ഇപ്പോൾ അമ്മ പാടുന്ന പാട്ടിന്റെ വരികൾ ഉണരുന്നു.

നെറ്റിയിൽ അമ്മ ചൂട് അറിയുന്നുണ്ട്. എന്റെ കുഞ്ഞൻ എന്ന് കാതിൽ മന്ത്രിക്കുന്നുണ്ട്.

ഇലഞ്ഞി പൂമണം ഞങ്ങളെ പൊതിയുന്നുണ്ട്.

logo
Sathyadeepam Online
www.sathyadeepam.org